കടലാടിയുടെ ഔഷധ ഗുണങ്ങള്‍

kadaladi
നാട്ടിന്‍ പുറങ്ങളിലും വഴിയോരങ്ങളിലും കണ്ടു വരുന്ന കുറ്റിച്ചെടിയായി വളര്‍ന്ന് മനുഷ്യന് എക്കാലവും രോഗശാന്തിയേകുന്ന ഔഷധസസ്യമാണ് കടലാടി. അപാമാര്‍ഗ്ഗ, അധശല്യം, മയൂരകം, മര്‍ക്കടി, ദുര്‍ഗ്രഹ, കിണിഹി, ഖരമഞ്ജരി, എന്നീ അനേക നാമങ്ങളില്‍ സംസ്‌കൃത പണ്ഡിതാചാര്യന്‍മാര്‍ കടലാടിയെ വിവരിച്ചിരിക്കുന്നു. സിദ്ധവൈദ്യത്തില്‍, സിറുകടലാടി, നായ്ക്കരുവി, എന്നും വിളിക്കുന്നു.

കടലാടി വേരും, ഉങ്ങിന്‍ തൊലിയും, കടുക്കത്തോടും സമത്തൂക്കത്തില്‍ കഷായമാക്കി സേവിക്കുന്നത് രക്താര്‍ശസ്സിന് വളരെ വേഗം ശമനമുണ്ടാക്കും. ഇല അരച്ച് പിഴിഞ്ഞ നീരില്‍ സമം കറുക നീരും, ഇരട്ടി തേനും ചേര്‍ത്ത് സേവിക്കുന്നത് രക്തസ്രാവങ്ങളേതിനും, വിശേഷിച്ച് രക്ത പീനസത്തിന് ക്ഷിപ്ര ബന്ധനവുമാണ്.

സമൂലം കഷായമാക്കി കോലരക്ക് മേമ്പൊടി ചേര്‍ത്ത് സേവിക്കുന്നത് ത്വക് രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുകയും, മൂത്രാശയ രോഗികള്‍ക്ക് ആശ്വാസമുണ്ടാവുകയും ചെയ്യും. ഗര്‍ഭാവസ്ഥയിലും കുട്ടികള്‍ക്കും കടലാടി പ്രയോഗങ്ങള്‍ നിഷിദ്ധമാണ് എന്നറിയുകയും വേണം.

വിത്ത് ഒഴികെ മറ്റു ഭാഗങ്ങള്‍ ഉണക്കി പൊടിച്ചതും, സമം ചിറ്റമൃതിന്‍ നൂറും വയല്‍ച്ചുള്ളിയും, ഞെരിഞ്ഞിലും പൊടിച്ച് കുറഞ്ഞ അളവില്‍ ശര്‍ക്കര ചേര്‍ത്ത് പല പ്രാവശ്യമായി സേവിക്കുന്നത് പഴകിയ ജ്വരങ്ങള്‍ക്കും, കഫാധിക്യത്തിനും, ശമനമുണ്ടാക്കും. മലമൂത്ര വേഗങ്ങള്‍ക്ക് തടസ്സമുണ്ടാവുകയുമില്ല, സന്ധിവേദനകള്‍ ശമിക്കുകയും ചെയ്യും.

കടലാടി സമൂലം ഇടിച്ചു പിഴിഞ്ഞ നീരില്‍ പൂവാങ്കുരുന്ന്, കരിനൊച്ചി, കൂവളത്തില, പച്ച വയമ്പ്, ഇവകള്‍ അരച്ച് ചേര്‍ത്ത് എള്ളെണ്ണയില്‍ കാച്ചിയരിച്ച തൈലം, കര്‍ണ്ണ രോഗങ്ങളെ അകറ്റുവാന്‍ വിശേഷം. തേള്‍, പഴുതാര, കടന്നല്‍ വിഷങ്ങള്‍ക്ക് ഇലയും വിത്തും, നിലം തൊടാമണ്ണും, അരച്ച് പുരട്ടുന്നത് നന്ന്.

വലിയ കാലാടിവേര്, ഇരട്ടി മധുരം, തിപ്പലി, കല്ലൂര്‍ വഞ്ചിവേര്, മുരിങ്ങ വേരിന്‍ തോല്‍, പ്ലാശിന്‍ തോല്‍ ഇവ സമത്തൂ ക്കത്തില്‍ എടുത്ത് കഷായമാക്കിയതില്‍, ചര്‍ക്കാരവും, ഇന്തുപ്പും സമത്തൂക്കത്തില്‍ പൊടിച്ചത്, രണ്ടു നുള്ള് ചേര്‍ത്ത് സേവിക്കുന്നത് മൂത്രാശയ കല്ലുകള്‍ പൊടിഞ്ഞു പോകുവാന്‍ വളരെ നല്ലതാണ്.

അഭിപ്രായങ്ങള്‍

You might also like More from author