ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും; പിണറായി ഗൂഡാലോചനയില്‍ പങ്കാളിയെന്ന് വാദം

എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കി വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ സിബിഐ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. പ്രതികള്‍ അല്ലെന്ന് കാണിച്ച് പട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവര്‍ ലാവലിന്‍ കമ്പനിയുമായുള്ള കരാറിലെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നാണ് സിബിഐയുടെ വാദം. ജസ്റ്റിസുമാരായ എന്‍.വി രമണ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക.

കുറ്റവിമുക്തരാക്കിയവര്‍ക്ക് നോട്ടീസ് അയച്ച ശേഷം ആദ്യമായാണ് ഹര്‍ജി കോടതി പരിഗണിക്കുന്നത്. സിബിഐയുടെ ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ ഇവരോട് കോടതി ആവശ്യപ്പെട്ടിരുന്നു. വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരായ മുന്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജികളിലും കോടതി ഇന്ന് വാദം കേള്‍ക്കും.

2017 ആഗസ്റ്റിലാണ് ലാവലിന്‍ കേസില്‍ പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. മുഴുവന്‍ പ്രതികളെയും വിട്ടയച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ വിധിക്കെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.