വാഗമണ്‍ സിമി തീവ്രവാദ ക്യാമ്പില്‍ പങ്കെടുത്തത് ആറ് എഞ്ചിനീയര്‍മാരും മൂന്നു ഡോക്ടര്‍മാരും, നേതൃത്വം നല്‍കിയത് ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ്, ആയുധങ്ങള്‍ എത്തിയത് കൊച്ചിയില്‍ നിന്ന്

 

കൊച്ചി: ഇന്ത്യന്‍ മുജാഹിദ്ദീനെ ശക്തിപ്പെടുത്താനായിരുന്നു വാഗമണിലെ തങ്ങള്‍പാറയില്‍ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) ആയുധപരിശീലന ക്യാമ്പ് നടത്തിയതെന്ന് വ്യക്തമായി. 2007-ലെ ക്യാമ്പ് നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ക്കു നേതൃത്വം നല്‍കിയത് ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് അബ്ദുല്‍ സുബ്ഹാന്‍ ഖുറേഷി. ക്യാമ്പിന്റെ ബുദ്ധികേന്ദ്രമായ ഖുറേഷി ഇന്ത്യന്‍ മുജാഹിദീന്റെ സ്ഥാപകാംഗമാണ്. തീവ്രവ്രാദ പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കാനായി ഖുറേഷി ഒട്ടേറെത്തവണ കേരളത്തില്‍ വന്നുപോയിരുന്നതായും എന്‍.ഐ.എ. കണ്ടെത്തി.

ക്യാമ്പിന്റെ നടത്തിപ്പു ചുമതല മലയാളിയായ മൂവാറ്റുപ്പുഴ സ്വദേശി ഷാദുലിക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ക്യാമ്പുകളില്‍നിന്നും തെരഞ്ഞെടുത്ത സിമി പ്രവര്‍ത്തകരാണ് വാഗമണ്‍ ക്യാമ്പിലെത്തിയത്. വിദഗ്ധപരിശീലനമാണു വാഗമണ്‍ ക്യാമ്പില്‍ ലക്ഷ്യമിട്ടിരുന്നത്. ആറ് എന്‍ജിനീയര്‍മാരും മൂന്നു ഡോക്ടര്‍മാരും ക്യാമ്പില്‍ പങ്കെടുത്തിരുന്നു. കൊച്ചിയില്‍നിന്നാണു തോക്കുകള്‍ ഉല്‍പ്പെടെയുള്ള ആയുധങ്ങള്‍ വാങ്ങിയത്. വെടിവയ്പ് പരിശീലനം നല്‍കിയത് ഗുജറാത്ത് സ്വദേശി പര്‍വേഷ് എന്നയാളാണ്.

ബെക്ക് റേസ്, വെടിവയ്ക്കാന്‍ പരിശീലനം, ബോംബ് നിര്‍മാണം, ആധുനിക ഉപകരണങ്ങളുടെ പരിശീലനം എന്നിവയാണു ക്യാമ്പില്‍ നടന്ന പരിശീലന പരിപാടികള്‍ . ആയുധ നിയമം, ക്രിമിനല്‍ ഗൂഢാലോചന, സ്ഫോടകവസ്തു നിരോധന നിയമം എന്നിവയാണ് എന്‍.ഐ.എ. പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്.

എറണാകുളം സ്പെഷല്‍ ബ്രാഞ്ച് എസ്.പിയായിരുന്ന എ.വി. ജോര്‍ജാണ് അന്വേഷണം ആവശ്യപ്പെട്ടത്. ഡിവൈ.എസ്.പിയായിരുന്ന ആര്‍.കെ. കൃഷ്ണകുമാര്‍ അന്വേഷണം ആരംഭിച്ചു. 2008 ജൂണ്‍ ആറിനു കൃഷ്ണകുമാര്‍ വാഗമണ്‍ സന്ദര്‍ശിച്ചു. പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ ”സിമി” എന്ന് എഴുതിയതു കണ്ടെത്തി. തുടര്‍ന്ന് മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശ പ്രകാരം 2009 ഡിസംബര്‍ 24 ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ഏറ്റെടുത്തു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.