കുമാരസ്വാമിക്ക് പേടി ബി.എസ് യെദ്യൂരപ്പ 2008ല്‍ പ്രയോഗിച്ച ബ്രഹ്മാസ്ത്രം, പത്മവ്യൂഹം തകര്‍ത്ത തുടക്കത്തില്‍ പതറി സിദ്ധരാമയ്യയും സംഘവും

''വൊക്കലിംഗക്കാരനായ കുമാരസ്വാമിയെ പിന്തുണച്ച് ലിംഗായത്തുകാരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മണ്ഡലത്തിലേക്ക് ചെല്ലാനാവില്ല'', ''അവര്‍ക്ക് ബിജെപിക്കൊപ്പം നില്‍ക്കാതെ ഗത്യന്തരമില്ല''

ബംഗളൂരു:11 എംഎല്‍എമാരെ മറുപക്ഷത്ത് നിന്ന് അടര്‍ത്തിയെടുത്ത് ഭരണം നേടാനുള്ള ബിജെപി നീക്കത്തിനെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനും, ജെഡിഎസിനും പേടി യെദ്യൂരപ്പ 2008ല്‍ പ്രയോഗിച്ച ബ്രഹ്മാസ്ത്രത്തെ. അധികാരത്തിലെത്താന്‍ യെദ്യൂരപ്പ 2008 -ല്‍ നടപ്പാക്കിയ ‘ഓപ്പറേഷന്‍ ലോട്ടസ് വീണ്ടും നടപ്പാക്കുമോ എന്നാണ് എതിര്‍പക്ഷത്തിന്റെ പേടി. മറ്റുകക്ഷികളുടെ എം.എല്‍.എ.മാരെയും താഴെത്തട്ടിലുള്ള നേതാക്കളെയും ബി.ജെ.പി.യില്‍ എത്തിക്കുന്നതാണ് ഓപ്പറേഷന്‍ ലോട്ടസ്. അരുണാചലിലും, ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും അമിത് ഷാ വിജയകരമായി നടപ്പാക്കിയ തന്ത്രം ആദ്യം ഫലം കൊയ്തത് കര്‍ണാടകയിലാണ് ബി.ജെ.പി. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായ ബി.എസ്. യെദ്യൂരപ്പതന്നെയായിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രതിപക്ഷ പാര്‍ട്ടികളുടെ താഴെത്തട്ടിലുള്ള ശൃംഖലതന്നെ തകര്‍ക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

പ്രതിപക്ഷ എംഎല്‍എമാരെ രാജിവെപ്പിച്ച് വീണ്ടും ജനവിധി തേടി ഭൂരിപക്ഷം ഉറപ്പാക്കുകയാണ് ചെയ്യുക. കൂറുമാറ്റനിരോധനം മറികടക്കാനുള്ള ഈ നീക്കം എല്ലായിടത്തും വിജയം കൊയ്തിരുന്നു. 2008-ല്‍ പ്രതിപക്ഷത്തെ ഏഴ് എം.എല്‍.എ.മാരെയാണ് ഇത്തരത്തില്‍ ബി.ജെ.പി. പാര്‍ട്ടിയിലെത്തിച്ചത്. ഇതില്‍ അഞ്ചുപേര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ സീറ്റും നല്‍കി. അങ്ങനെയാണ് 224 അംഗസഭയില്‍ ബി.ജെ.പി. 115 സീറ്റുമായി ഭൂരിപക്ഷം ഉറപ്പാക്കിയത്.
സംസ്ഥാനഘടകത്തിന്റെ പദ്ധതിയെ പിന്തുണച്ച കേന്ദ്രനേതൃത്വം പിന്നീടു ദേശീയ തലത്തില്‍ തന്നെ നടപ്പാക്കുകയായിരുന്നു. 104 എംഎല്‍എമാരാണ് ഇത്തവണ ബിജെപിക്കുള്ളത്. 222 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 112 അംഗങ്ങളുണ്ടങ്കില്‍ തല്‍ക്കാലം സഭയില്‍ ഭൂരിപക്ഷമായി. രണ്ട് സ്വതന്ത്രന്മാരുടെ അടക്കം 106 പേരുടെ പിന്തുണ ഇപ്പോള്‍ ബിജെപിക്കുണ്ട്. ആറ് പേര്‍ കൂടി പിന്തുണച്ചാല്‍ മാത്രമേ യെദ്യൂരപ്പക്ക് ഭൂരിപക്ഷം തികക്കാനാകു. അത് എളുപ്പമല്ല എന്നിരിക്കെ സഭയില്‍ പതിനൊന്ന് എതിര്‍പക്ഷ എംഎല്‍എമാര്‍ വോട്ടെടുപ്പ് സമയത്ത് ഹാജരാവാതിരുന്നാലും മതി. ഈ 11 എംഎല്‍എമാരെ രാജിവെപ്പിച്ച് പിന്നീട് ഉപതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിക്കുകയായിരിക്കും ആ തന്ത്രം. ചില കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ കുമാരസ്വാമിയ്ക്ക് പിന്തുണ നല്‍കി കൊണ്ടുള്ള കത്തില്‍ ഒപ്പുവെക്കാതിരുന്നതോടെ സിദ്ധരാമയ്യ തന്ത്രം യാഥാര്‍ത്ഥ്യമാവുകയാണോ എന്ന ആശങ്ക എതിര്‍പക്ഷത്തിനുണ്ട്. ബെല്ലാരിയില്‍ നിന്ന് റെഡ്ഡി സഹോദരന്മാരോട് അടുപ്പ് പുലര്‍ത്തുന്ന രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പടെ നാല് പേര്‍ ഇതിനകം ബിജെപി ക്യാമ്പിലെത്തി എന്ന അഭ്യൂഹം ശക്തമാണ്. ലിംഗായത്ത് ശക്തിമേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരും യെദ്യൂരപ്പക്ക് ഒപ്പം നില്‍ക്കാനുള്ള സാധ്യതയും തള്ളികളയാനാവില്ല.

കോണ്‍ഗ്രസിലെ ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ട എംഎല്‍എമാര്‍ക്ക് എച്ച്.ഡി.കുമാരസ്വാമിയെ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നതില്‍ ”അസന്തുഷ്ടിയുണ്ട്”.എന്നാണ് റിപ്പോര്‍ട്ടുകള്‍. വൊക്കലിഗ വിഭാഗത്തില്‍പ്പെട്ട ഒരാളെ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പിന്തുണച്ചുകൊണ്ട് അവര്‍ക്ക് വീണ്ടും അവരുടെ മണ്ഡലങ്ങളിലേയ്ക്ക് എങ്ങനെ പോകാന്‍ സാധിക്കുമെന്നാണ് ബിജെപി നേതാക്കളുടെ ചോദ്യം. കുമാരസ്വാമിയെ പിന്തുണക്കുന്ന നിലപാട് മാറ്റാതെ അവര്‍ക്ക് ഗത്യന്തരമില്ല എന്നാണ് വാദം

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.