‘ഇടത്പക്ഷ മതേതരവും മുസ്ലിം യാഥാസ്ഥിതികതയും ഒരു നാണയത്തിന്റെ വശങ്ങള്‍’ ചര്‍ച്ചയായി എസ്എല്‍ ഭൈരപ്പയുടെ നോവല്‍

 

‘സര്‍വ്വവും ത്യജിച്ച് കൂടെ ജീവിക്കാനായി ഇറങ്ങി വന്ന സ്ത്രീ
തന്നെ അസ്വസ്ഥയാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നു എന്ന കാരണത്താല്‍
വളരെ നിസ്സാരമായി തലാക്ക് ചൊല്ലാന്‍ അമീറിന് കഴിഞ്ഞത് അയാളുടെ മതം അതിനുള്ള സ്വാതന്ത്ര്യം
കൊടുക്കുന്നത് കൊണ്ടാണ്…
സാര്‍..ഞാന്‍ ഇനി എന്ത് ചെയ്യണം?
അങ്ങക്ക് എന്റെ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുമോ
..’

‘ആവരണ്‍’ എന്ന നോവലില്‍ നിന്ന്

 

കന്നഡ സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ ഒരെഴുത്തുകാരനായ എസ് എല്‍ ഭൈരപ്പയുടെ ‘ആവരണ്‍’ എന്ന നോവലിന്റെ മലയാള പരിഭാഷ ചര്‍ച്ചയാകുന്നു. ഇടതുപക്ഷത്തിന്റെ കപടമതേതരത്വവും മുസ്ലിം യാഥാസ്ഥിതികത്വവും എങ്ങനെ പരസ്പരം കൈകോര്‍ക്കുന്നു എന്നത് വിഷയമാക്കുന്ന നോവലിന് കന്നഡയില്‍ ഇതുവരെ 33 പതിപ്പുകളിറങ്ങിയിരുന്നു. ഇടത്പക്ഷ സാഹുത്യകാര്യന്മാരില്‍ നിന്നും ബുദ്ധിജീവികളില്‍ നിന്നും ഏറെ എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്ന നോവല്‍ കേരളത്തിലും ചര്‍ച്ചകള്‍ക്ക് വഴിവച്ചു കഴിഞ്ഞു. നേരത്തെ ഇംഗ്ലീഷിലേക്ക് നോവല്‍ പരിഭാഷപ്പെട്ടതോടെ രാജ്യമൊട്ടുക്ക് നോവല്‍ ചര്‍ച്ചയായിരുന്നു
നിര്‍ബന്ധിത മതപരിവര്‍ത്തനം, ലൗവ് ജിഹാദ് , ഐഎസ് റിക്രൂട്ട്മെന്റ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉയര്‍ന്നുവരുന്ന കേരളീയ പരിസരങ്ങളില്‍ ‘ആവരണ്‍’ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കും. പുരോഗമനം എന്ന് മുദ്രകുത്തപ്പെട്ട ഇടത്പക്ഷ ചിന്താഗതിക്കാരിയായ ഹിന്ദു പെണ്‍കുട്ടി ലഷ്മി, അന്യമതക്കാരനായ അമീറുമായി വിവാഹം കഴിക്കുന്നതും തുടര്‍ന്ന് ഇസ്ലാമിക യാഥാസ്ഥിതികത്തിലേക്ക് ബലമായി എത്തിപ്പെടുന്നതുമാണ് നോവലിന്റെ പ്രമേയം. ഒരു സ്വതന്ത്ര വ്യക്തി എന്ന നിലയില്‍ ലഷ്മി എന്ന റസിയ നടത്തുന്ന അന്വേഷണം ആവരണിനെ ഇതുവരെ ആധുനിക സാഹിത്യം കൊണ്ടാടിയ ചിലതുകള്‍ പുറത്ത് കൊണ്ട് വരുന്നതില്‍ എത്തിക്കുന്നുണ്ട്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അമീറും ലക്ഷ്മിയും ഈ നോവലിലെ പ്രധാനകഥാപാത്രങ്ങള്‍. അഹിംസയാണ് ഈശ്വരന്‍ എന്നുവിശ്വസിക്കുന്ന ഗാന്ധിയന്റെ മകളാണ് ലക്ഷ്മി. സംഭാഷണ ചാതുരിയും അസാധാരണമായ വ്യക്തിത്വവും നിറഞ്ഞ അമീറില്‍ ലക്ഷ്മി തന്റെ ജീവിതപങ്കാളിയെ കണ്ടെത്തുന്നു. ഇതോടെ അമ്മയില്ലാത്ത ദുഃഖം അറിയിക്കാതെ വളര്‍ത്തിയ പിതാവിന്റെ യാഥാസ്ഥിതിക നിലപാടുകളോട് ലക്ഷ്മിക്ക് വിയോജിക്കേണ്ടി വന്നു. സമകാലികങ്ങളിലെ പുരോഗമനത്തിന്റെ ശബ്ദമായി മാറിയ ലക്ഷ്മി, റസിയയായതോടെ പര്‍ദ്ദ ധരിക്കാനും ബീഫ് കഴിക്കാനും നിര്‍ബന്ധിതയാകുന്നു.

പുരോഗമനവാദിയായ അമീറിനും വിപ്ലവകരമായി റസിയയായി മാറിയ ലക്ഷ്മിക്കും ഇടതുപക്ഷ ബുദ്ധികേന്ദ്രങ്ങള്‍ വന്‍സ്വീകരണങ്ങള്‍ ഒരുക്കി. കന്നഡസാഹിത്യത്തിലെ ഇടതുബുദ്ധിജീവി പ്രഫ. ശേഷശാസ്ത്രിയാണിതിനു നേതൃത്വം നല്‍കിയത്. സര്‍വ്വകലാശാലകളിലെയും മറ്റു സാഹിത്യവേദികളിലെയും ഉജ്വല വാഗ്‌ധോരണി ശാസ്ത്രിയെ ദേശീയതലത്തില്‍ പ്രശസ്തനാക്കി. ശാസ്ത്രിയുടെ ഭാര്യ ഉറച്ച കത്തോലിക്കാമതവിശ്വാസിയായ ഒരു ബ്രിട്ടീഷുകാരിയായിരുന്നു. എന്നാല്‍ വിജയനഗര സാമ്രാജ്യത്തിന്റെ തകര്‍ച്ച ചലച്ചിത്രമാക്കാനുള്ള യാത്ര റസിയയുടെ മതേതരസങ്കല്‍പത്തില്‍ വലിയ പൊളിച്ചെഴുത്തിന് കാരണമാകുന്നു. ഹംപിയിലെ ക്ഷേത്രങ്ങള്‍ എങ്ങനെയാണ് തകര്‍ന്നത്? വിജയനഗരസാമ്രാജ്യം മണ്ണടിയാന്‍ എന്താണ് കാരണം? വിജയനഗരത്തിലെ വൈഷ്ണവക്ഷേത്രങ്ങള്‍ ശൈവവിഭാഗക്കാര്‍ തകര്‍ത്തതാണെന്ന പ്രഫ. ശാസ്ത്രിയുടെ പ്രചരണം കല്ലുവച്ചനുണയാണെന്നവള്‍ തിരിച്ചറിഞ്ഞു. ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിച്ച് കഥയെഴുതാന്‍ ആവശ്യപ്പെട്ടതും അവളിലെ സത്യസന്ധയായ എഴുത്തുകാരിക്കൊരു വെല്ലുവിളിയായിരുന്നു. അതിനിടെയുണ്ടായ അച്ഛന്റെ മരണവാര്‍ത്ത റസിയയിലെ ലക്ഷ്മിയെ ഉണര്‍ത്തി. അമീറിന്റെ അനുവാദം ലഭിച്ചില്ലെങ്കിലും അച്ഛന്റെ സ്മരണ നിറഞ്ഞു നില്‍ക്കുന്ന ‘നാരസപുരി’യിലവളെത്തി. ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്കുശേഷം. തന്റെ വേര്‍പിരിയലിനു ശേഷം ഒറ്റപ്പെട്ടുപോയ അച്ഛന്‍ ആരെയും പഴിക്കാതെ ചരിത്രപഠനം തുടര്‍ന്നുവെന്ന് അവള്‍ മനസ്സിലാക്കുന്നു. വിജയനഗരസാമ്രാജ്യത്തിനും കാശിവിശ്വനാഥക്ഷേത്രത്തിനും നേരെ നടന്ന നിഷ്ഠൂരമായ ആക്രമണങ്ങളെക്കുറിച്ചുള്ള അച്ഛന്റെ കുറിപ്പുകള്‍ അവള്‍ക്ക് പുതിയ അറിവുകള്‍ നല്‍കി. ഔറംഗസേബു ഹിന്ദുക്കള്‍ക്ക് ‘ജസിയ’ ചുമത്തിയതും ആയുധബലത്തിലുള്ള മതപരിവര്‍ത്തനവും ലഷ്മി തിരിച്ചരിഞ്ഞു. ബാബര്‍ തകര്‍ത്ത അയോധ്യയും, കാശിയിലെ വിശ്വനാഥക്ഷേത്രം തകര്‍ത്ത് ഔറംഗസേബ് അതിനു മുകളില്‍ പണിത ഗ്യാന്വാകപി പള്ളിയും റസിയയെ ഞെട്ടിച്ചു.

ഇതിനിടെ സ്വമാതാവിന്റെ അന്ത്യക്രിയകള്‍ നാട്ടില്‍ ചെയ്യാന്‍ മടിച്ച പ്രഫ. ശാസ്ത്രി, അതിനായി കാശിയിലും പ്രയാഗയിലും ആരോരുമറിയാതെ ചുറ്റിക്കറങ്ങിയ വിവരം അറിയുന്നത് ലഷ്മി എന്ന റസിയയില്‍ വലിയ നടുക്കമുണ്ടാക്കി. അക്രമകാരിയെ വെള്ളപൂശുന്നതല്ല ആവിഷ്‌കാര സ്വാതന്ത്ര്യമെന്നവള്‍ തിരിച്ചറിഞ്ഞു. തന്റെ പുതിയ നോവല്‍. വസ്തുതകളും സര്‍ഗശക്തിയും സമ്മേളിച്ച ഭാവാത്മകരചനയാകും. ഇതോടെ പുരോഗമനക്കാര്‍ സടകുടഞ്ഞു. വലിയ വിദ്വാന്മാര്‍ നിരൂപണം എഴുതി. നോവല്‍ വര്‍ഗീയ ലഹള ഉണ്ടാക്കും. ന്യൂനപക്ഷവികാരം വ്രണപ്പെട്ടിരിക്കുന്നു. പുസ്തകം നിരോധിക്കണം. റസിയയുടെ പുസ്തകവും ഗ്രന്ഥരചനയ്ക്ക് കാരണമായ അച്ഛന്റെ ഗ്രന്ഥശേഖരവും പോലീസ് വലയത്തിലായി. ഇടത്പക്ഷത്തിന്റെ തീട്ടുരമില്ലാ്ത്ത സാഹുത്യകൃതികളെ അവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് നോവല്‍ പറഞ്ഞു തരുന്നു. ഒപ്പം ഏതെല്ലാം മേഖലകളില്‍ മുസ്ലിം യാഥാസ്ഥിതികത്വവും ഇടത്പക്ഷ നിലപാടുകളും സംഗമിക്കുന്നുവെന്ന് പറഞ്ഞ് തരികയും ചെയ്യുന്നു.

എസ്.എല്‍.ഭൈരപ്പയുടെ നോവല്‍ ‘ആവരണ്‍’ കര്‍ണാടകത്തില്‍ വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ലവ് ജിഹാദും തീവ്രവാദവുമായി ബന്ധപ്പെട്ടും നോവല്‍ ചര്‍ച്ചയാക്കപ്പെട്ടു. മതം മാറാതെ ജീവിതപങ്കാളിയെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ശഠിക്കുന്ന നായക കഥാപാത്രം പുരോഗമനക്കാരനാകുന്നതിലെ പരിഹാസ്യത നോവല്‍ ചര്‍ച്ച ചെയ്യുന്നു. തികച്ചും സംഘടിതമായ മതപരിവര്‍ത്തന നീക്കങ്ങളെ അറിഞ്ഞും അറിയാതെയും പിന്തുണക്കുന്ന ഇടതുപക്ഷ ബുദ്ധിജീവികളുടെ ആവരണം പലയിടത്തും അഴിഞ്ഞു വീഴുന്നുമുണ്ട്.

മലയാളത്തിലെ പ്രമുഖ പ്രസാധകരായ കുരുക്ഷേത്ര ബുക്സാണ് നോവലിന്റെ പരിഭാഷ പുറത്തിറക്കിയത്. ഗീതാ ജയരാമനാണ് പരിഭാഷ 300 രൂപയാണ് പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷന്‍ വില.
പുസ്തകം വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ – ഈ ലിങ്ക് സന്ദര്‍ശിക്കുക 

 

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.