”ഓര്‍മ്മയുണ്ടോ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ചെയര്‍മാനായിരിക്കെ ഇ ശ്രീധരനെതിരെ വിളിച്ച മുദ്രാവാക്യങ്ങളും പടിയിറക്കിയ നീക്കങ്ങളും..? അന്നും, ഇന്നും രാഷ്ട്രീയ വൈതാളികരെ തോല്‍പിച്ച കര്‍മ്മയോഗി..

ബിന്ദു ടി 

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഐഎന്‍ടിയുസി സംഘടനയ്ക്ക് അംഗീകാരം നല്‍കാത്തതിനാല്‍ കെ കരുണാകരന്‍ ഇടഞ്ഞു. അംഗീകാരം ആവശ്യപ്പെട്ട് ഇനി നിങ്ങള്‍ പുതിയ ചെയര്‍മാനെ കണ്ടാല്‍ മതി എന്നായിരുന്നു നേതാക്കളോട് കെ കരുണാകരന്‍ അന്ന് പറഞ്ഞത്.
കപ്പല്‍ എഞ്ചിനുകള്‍ വാങ്ങാന്‍ സമര്‍ദ്ദം മറികടന്ന് ജര്‍മ്മന്‍ കമ്പനിയെ ഒഴിവാക്കി പോളണ്ട് ആസ്ഥാനമായ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത് കേന്ദ്രമന്ത്രിയേയും എതിരാക്കി..ഏത് സമര്‍ദ്ദമുണ്ടായാലും ക്രമക്കേടിന് കൂട്ടുനില്‍ക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അച്ചടക്കം ശക്തമാക്കിയത് മുതല്‍ യൂണിയനുകള്‍ നിരന്തരം ഇ ശ്രീധരന് എതിരായിരുന്നു..
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്ന് ഇ ശ്രീധരനെ മാറ്റാന്‍ മുന്‍ കൈ എടുത്തവര്‍ക്ക് തന്നെ പിന്നീട് അദ്ദേഹത്തെ വിളിച്ച് ആദരിക്കേണ്ടി വന്നു എന്നത് ചരിത്രത്തിന്റെ കാവ്യനീതി…

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ചെര്‍മാനായിരിക്കെ ഇ ശ്രീധരനെതിരെ പണ്ട് മുദ്രാവാക്യം വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കഥയൊക്കെ മറന്നോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല, രാഷ്ട്രീയം മറവികള്‍ക്കുള്ളതാണ് എന്ന പൊതുബോധത്തിലാണല്ലോ ഇപ്പോള്‍ രാഷ്ട്രീയ കേരളം പുലരുന്നതും, അസ്തമിക്കുന്നതും. ഇപ്പോള്‍ മുമ്പ് തള്ളിപറഞ്ഞവരുള്‍പ്പടെ പലരും അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തുമ്പോള്‍  ചിലത് പറയാതെ വയ്യ..

അത്ര പഴയ ചരിത്രമൊന്നുമല്ല. ഇ ശ്രീധരന്‍ കേരളത്തിന്റെ വികസന നായകനായി എത്തുന്നതിനും വളരെ മുമ്പാണ്. ഏതാണ്ട് 38 വര്‍ഷം മുമ്പ്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലോഞ്ചിംഗിലേക്ക് അടുക്കുന്ന  കാലത്ത് ഇ ശ്രീധരന്‍ ഷിപ്പയാര്‍ഡിന്റെ ചെയര്‍മാനായിരുന്നു. മലബാറുകാരനായ ഇ ശ്രീധരന്‍ എന്ന എഞ്ചിനീയര്‍ക്ക് ഷിപ്പ് യാര്‍ഡിന്റെ ചെയര്‍മാനായി 13 മാസത്തോളം മാത്രമാണ് സേവനം അനുഷ്ഠിക്കാനായത്.  കുറച്ച് കാലത്തെ ചുമതലയ്ക്ക് ശേഷം അദ്ദേഹത്തിന് ഷിപ്പ് യാര്‍ഡിന്റെ പടിയിറങ്ങേണ്ടി വന്ന അനുഭവം കൊച്ചി മെട്രോ ഉദ്ഘാടന സമയത്ത് പ്രസക്തമാണ്. മാതൃകാപരമായ നടപടികളിലൂടെ മുന്നേറിയ ശ്രീധരനെ ഷിപ്പ് യാര്‍ഡില്‍ നിന്ന് പുറത്താക്കാന്‍ നടത്തിയ ശ്രമങ്ങളും അത് വിജയിച്ചതും ആരെല്ലാം മറന്നാലും ഇ ശ്രീധരനും, അദ്ദേഹത്തോടൊപ്പം ഷിപ്പ് യാര്‍ഡില്‍ സേവനം അനുഷ്ഠിച്ചവരും മറക്കില്ല. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനെ തൊഴിലാളി യൂണിയനുകളും രാഷ്ട്രീയ അധികാര വര്‍ഗ്ഗവും ഇ ശ്രീധരനെ ഒതുക്കാന്‍ ശ്രമിച്ചതും, അത് നടപ്പാകില്ല എന്ന് വന്നതോടെ അദ്ദേഹത്തെ ചുമതലയില്‍ നിന്ന് മാറ്റിയതും രാഷ്ട്രീയ കേരളം പഠിക്കേണ്ടതുണ്ട്.

അച്ചടക്കം, കൃത്യനിഷ്ഠത, അര്‍പ്പണം ഇതായിരുന്നു എന്നും ഇ ശ്രീധരന്റെ ശൈലി.  എട്ട് മണിയ്ക്ക് തന്നെ എല്ലാവരും ഡ്യൂട്ടിക്കെത്തണമെന്നും, കൃത്യമായി വര്‍ക്ക് സൈറ്റുകളില്‍ എത്തണമെന്നും ഇ ശ്രീധരന് നിര്‍ദ്ദേശം നല്‍കിയതോടെ മനസ് കൊണ്ട് പലരും എതിരായി. ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ക്ക് വരെ അദ്ദേഹത്തിന്റെ താക്കിത് ലഭിച്ചു.എസ്സി.എസ് മേനോന്റെ നേതൃത്വത്തിലുള്ള എംപ്ലോയിസ് യൂണിയനായിരുന്നു സജീവം.അവരുടെ പൊതുമനോഭാവവും ശ്രീധരന് എതിരായി. ഈ സമയത്ത് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഐഎന്‍ടിയുസി യൂണിയന് അംഗീകാരം ലഭിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇ ശ്രീധരനെതിരെ അവരും സമരരംഗത്തിറങ്ങി. മറ്റ് പരിപാടികള്‍ എല്ലാം മാറ്റിവച്ച് കൃത്യമായ സമത്ത് ഷിപ്പ് യാര്‍ഡിന്റെ ലോഞ്ചിംഗ് നടത്താനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. ഇ ശ്രീധരനെതിരെ പിന്നീട് ദിവസേന എന്നോണം ഷിപ്പ് യാര്‍ഡിന് പുറത്ത് പ്രകടനവും പ്രതിഷേധവും നടന്നിരുന്നുവെന്ന് അന്ന് അവിടെ പ്രവര്‍ത്തിച്ചിരുന്നവര്‍ പറയുന്നു. മറ്റാരായാലും മനം മടുക്കുന്ന അവസ്ഥ. എന്നാല്‍ ഇ ശ്രീധരനെ ഇതൊന്നും ബാധിച്ചില്ല. ഷിപ്പ് യാര്‍ഡിന്റെ സമര്‍പ്പണവുമായി അദ്ദഹം മുന്നോട്ട് പോയി.

 

ഐഎന്‍ടിയുസി യൂണിയന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് ലീഡര്‍ കെ കരുണാകരന്‍ രണ്ട് തവണ ഇ ശ്രീധരനെ നേരിട്ട് വിളിച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല എന്നായിരുന്നു അന്ന് പുറത്ത് വന്ന വാര്‍ത്തകള്‍. ചെയര്‍മാന്റെ നിസ്സഹകരണം ചൂണ്ടിക്കാട്ടാന്‍ കെ കരുണാകരനെ ബോധിപ്പിക്കാനെത്തിയ നേതാക്കളോട് ഇനി അയാളെ കണേണ്ട, പുതിയ ചെയര്‍മാനെ കണ്ടാല്‍ മതി എന്നായിരുന്നു ലീഡര്‍ നല്‍കിയ മറുപടിയെന്നും വാര്‍ത്തയുണ്ടായി.

അധികകാലം അദ്ദേഹം പിന്നെ ഷിപ്പ് യാര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നില്ല. അതിന്കാരണം കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഇ ശ്രീധരന്‍ തയ്യാറാവാത്തതായിരുന്നു എന്നായിരുന്നു സൂചന. കപ്പല്‍ എഞ്ചിന്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ജര്‍മ്മന്‍ കമ്പനിയായ മെന്‍ എഞ്ചിനീയേഴ്‌സും, പോളണ്ട് കമ്പനിയായ സെല്‍വസ്‌റും കരാര്‍ ക്വോട്ട് ചെയ്തിരുന്നു. ഇതില്‍ ലാഭകരമെന്ന് വ്യക്തമായ പോളണ്ട് കമ്പനിയുമായി കരാറില്‍ ഒപ്പുവെക്കാനായിരുന്നു ശ്രീധരന്റെ തീരുമാനം. എന്നാല്‍ ജര്‍മ്മന്‍ കമ്പനിയുമായി കരാര്‍ ഒപ്പ് വെക്കാന്‍ കേന്ദ്രമന്ത്രിയില്‍ നിന്ന് സമര്‍ദ്ദമുണ്ടായി. ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ വഴങ്ങിയില്ല.രണ്ട് എഞ്ചിനുകള്‍ എങ്കിലും ജര്‍മ്മന്‍ കമ്പനിയില്‍ നിന്ന് വാങ്ങാന്‍ കേന്ദ്രം സമര്‍ദ്ദം ചെലുത്തിയെന്നും ശ്രീധരന്‍ അതിന് വഴങ്ങിയില്ലെന്നും ഉള്ള അഭ്യൂഹങ്ങള്‍ പുറത്ത് വന്നു. എ.പി ശര്‍മ്മയായിരുന്നു അന്ന് കേന്ദ്രമന്ത്രി. ഇതോടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഇ ശ്രീധരനെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് മാറ്റുകയായിരുന്നു. റെയില്‍വെയില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ് അദ്ദേഹം കൊച്ചിന്‍ഷിപ്പ് യാര്‍ഡില്‍ എത്തിയിരുന്നത്. അവിടേക്ക് തന്നെ അദ്ദേഹം തിരിച്ചുപോകേണ്ടി വന്നു. ജന്മനാട്ടിലെ ആദ്യാനുഭവം അങ്ങനെ ഇ ശ്രീധരന് അത്ര സുഖകരമായില്ല.

 

അതുവരെ അദ്ദേഹത്തെ എതിര്‍ത്തിരുന്ന എസ്സി.എസ് മേനോന്റെ  നേതൃത്വത്തിലുള്ള എംപ്ലോയിസ് യൂണിയന്‍ ഈ സമയത്ത് പിന്തുണയുമായി എത്തിയതും ചര്‍ച്ചയായി.

കൊച്ചി മെട്രോ കരാറിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ ഡിഎംആര്‍സിയ്ക്ക് നല്‍കുന്നതിനെ അട്ടിമറിക്കാന്‍ കേരളത്തിലെ ഉദ്യോഗസ്ഥ ലോബിയും, രാഷ്ട്രീയക്കാരും ശ്രമിച്ചു. അവസാനം നിമിഷം അത് പരാജയപ്പെടുകയായിരുന്നു. ഇ ശ്രീധരനില്ലെങ്കില്‍ വിദേശസഹായവും മറ്റും ലഭിക്കില്ല എന്ന ആശങ്കയായിരുന്നു ഇവരുടെ പിന്മാറ്റത്തിന് കാരണമായത്. തുടര്‍ന്നും കെഎംആര്‍എല്ലിനെ ഉപയോഗിച്ച് ഡിഎംആര്‍സിയെ എതിരിടാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും വിജയിച്ചില്ല.

പക്ഷേ ഇവിടെ നിന്നേറ്റ മുദ്രാവാക്യം വിളിയും എതിര്‍പ്പും കൊച്ചി മെട്രോയുമായി എത്തുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നിരിക്കണം. ജന്മാനാടിനായി വലിയ പദ്ധതി ഒരുക്കാന്‍ പൂര്‍ണമനസ്സോടെ രംഗത്തിറങ്ങുമ്പോഴും മുമ്പ് കൊച്ചിയിലെ യൂണിയനുകളില്‍ നിന്നേറ്റ എതിര്‍പ്പുകള്‍ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ വേണമെന്ന് ഓരോ ഘട്ടത്തിലും അദ്ദേഹം ആവശ്യപ്പെട്ടു കൊണ്ടിരുന്നത്.

കേരളത്തിലെ യൂണിയനുകളുടെ പൊതുസമീപനം എന്നും ഇ ശ്രീധരനും ഡിഎംആര്‍സിയ്ക്കും എതിരായിരുന്നു. കേരളത്തിലെ ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പുകള്‍ മൂലമാണ് മെട്രോ വൈകുന്നത് എന്ന് തുറന്ന് പറയേണ്ട സാഹചര്യം പോലും അദ്ദേഹത്തിനുണ്ടായി. തദ്ദേശീയരായ തൊഴിലാളികളെ പണിക്കെടുക്കണമെന്നും അവര്‍ക്ക് മറ്റ് തൊഴിലാളികളേക്കാള്‍ ഇരട്ടി ശമ്പളം നല്‍കണമെന്നും ഉള്ള യൂണിയനുകളുടെ നിലപാടിന് ശ്രീധരന്‍ എതിരായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ വേറിട്ട് കാണുന്നത് അദ്ദേഹത്തെ വേദനിപ്പിച്ചു. എന്നാല്‍ സമരം മൂലം പണികള്‍ മുടങ്ങുന്ന അവസ്ഥയായതോടെ യൂണിയനുകളുടെ ദുശാഠ്യങ്ങള്‍ അനുവദിച്ചു കൊടുക്കേണ്ട സാഹചര്യം ഉണ്ടായി. ഹര്‍ത്താലുകളും പൊതുപണിമുടക്കുകളും മെട്രോ നിര്‍മ്മാണത്തെ പലതവണ തടസ്സപ്പെടുത്തി. ഇതരസംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യാന്‍ അനുവദിക്കില്ല എന്ന കടുത്ത നിലപാടുമായി യൂണിയനുകള്‍ പലതവണ രംഗത്തെത്തി. ഇത്തരം പ്രതിസന്ധികള്‍ ഏറെ തവണ നേരിടേണ്ടി വന്നു ഡിഎംആര്‍സിയ്ക്കും കരാറുകാര്‍ക്കും.

ഇതനിടയില്‍ കോഴിക്കോട്- തിരുവനന്തപുരം മോണോ റെയില്‍ കണ്‍സള്‍ട്ടന്‍സി ഡിഎംആര്‍സിയ്ക്ക് നല്‍കാനുള്ള തീരുമാനം സിപിമ്മിന്റ പ്രതിഷേധത്തിനിടയാക്കി. തിരുവനന്തപുരത്ത് ചേര്‍ന്ന സെമിനാറില്‍ വളരെ മോശം രീതിയിലാണ് ശിവന്‍കുട്ടി എംഎല്‍എ ശ്രീധരനെ വിശേഷിപ്പിച്ചത്. കരാറില്‍ ക്രമക്കേടുണ്ടെന്നും, ഒരു വ്യക്തിയോ സ്ഥാപനമോ മാത്രമല്ല ഇവിടെ ഉള്ളത് എന്നിങ്ങനെയായിരുന്നു ശിവന്‍കുട്ടിയുടെ ഇ ശ്രീധരനെ സാക്ഷിയാക്കിയുള്ള വിമര്‍ശനം. അദ്ദേഹത്തിന് പറയാനുള്ളത് കേള്‍ക്കാന്‍ പോലും തയ്യാറാകാതെ ശിവന്‍കുട്ടിയും, ഇടത് സംഘവും സ്ഥലം വിട്ടു. മറുപടി കേട്ടിട്ട് പോകാന്‍ പറഞ്ഞ കോണ്‍ഗ്രസ് അംഗങ്ങളോട് എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിച്ചോളാം എന്നായിരുന്നു ശിവന്‍കുട്ടിയുടെ ധാര്‍ഷ്ട്യത്തോടെയുള്ള മറുപടി.

താന്‍ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണ് എന്നായിരുന്നു ഇ ശ്രീധരന്റെ മറുപടി. വിവിധ പദ്ധതികള്‍ക്ക് കരാര്‍ നല്‍കുക വഴി കോടികളുടെ കമ്മീഷന്‍ അടിക്കാനുള്ള പാര്‍ട്ടി നേതാക്കളുടെ നീക്കത്തിനെതിരെ കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ശ്രീധരന്‍ പദ്ധതിയില്‍ നിന്ന് പിന്മറരുത് എന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നു. നടന്‍ മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ ഇ ശ്രീധരന്‍ കേരളം വിട്ട് പോകരുത് എന്ന അപേക്ഷയുമായി രംഗത്തെത്തി. 

രാഷ്ട്രീയരംഗത്തെ പലര്‍ക്കും ശ്രീധരന്‍ കണ്ണിലെ കരടായിരുന്നെങ്കിലും കേരളത്തിന് പ്രിയങ്കരനായിരുന്നു അദ്ദേഹം. കരാര്‍ തുകയേക്കാള്‍ കുറഞ്ഞ് ചിലവില്‍ മേല്‍പ്പാലങ്ങള്‍ പണിത് നല്‍കി ഡിഎംആര്‍സി എല്ലാവരുടെയും കയ്യടി വീണ്ടും വാങ്ങികൊണ്ടിരുന്നു. ഡിഎംആര്‍സി ഇല്ലായിരുന്നെങ്കില്‍ കൊച്ചി മെട്രോ ഇപ്പോഴൊന്നും യാഥാര്‍ത്ഥ്യമാകുമായിരുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും അത് സമ്മതിച്ചുതരാത്ത പലരും ഉണ്ട്.

കൊച്ചി മെട്രോ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ ഇശ്രീധരനും, ഡിഎംആര്‍സിയും വഹിച്ച പങ്കില്‍ ആര്‍ക്കും സംശയമൊന്നുമില്ല. പക്ഷേ രണ്ടാം ഘട്ടത്തില്‍ താനുണ്ടാവില്ല എന്ന് ഇ ശ്രീധരന്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും ഒരു ഞെട്ടലും ഉണ്ടായില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. കെഎംആര്‍എല്‍ തുടര്‍ പദ്ധതി ഏറ്റെടുക്കാന്‍ പര്യാപ്തമാണ് എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്താല്‍ തന്നെയും, അദ്ദേഹത്തിന്റെ സാന്നിധ്യത്തോളം വരുമോ അത് എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്. തുടക്കത്തില്‍ തന്നെ കെഎംആര്‍എല്ലിനെതിരെ ഉയര്‍ന്ന അഴിമതിയാപണവും, ഡിഎംആര്‍സിയെ അകറ്റി നിര്‍ത്താനുള്ള ഉദ്യോഗസ്ഥതല ഗൂഢാലോചനയും കേരളം കണ്ടതാണ്. എന്നിട്ടും ഇ ശ്രീധരന പോലെ ഇന്ത്യയിലെ ഏറ്റവും മികച്ച എഞ്ചിനീയറുടെ സഹകരണം തുടര്‍ന്നും അഭ്യര്‍ത്ഥിക്കാന്‍ കേരള സര്‍ക്കാരിലെ ആരും ഇതുവരെയും തയ്യാറായിട്ടില്ല. ഇത്രയും ചെയ്ത് തന്നതില്‍ സന്തോഷം, ബാക്കി ഞങ്ങള്‍ നോക്കികോളാം എന്നാണ് ഭരണാധികാരികളുടെ മനസ്സിലിരുപ്പ്. ഇ ശ്രീധരന്റെ സാന്നിധ്യമില്ലായിരുന്നെങ്കില്‍ വെട്ടിക്കാവുന്ന തുകയുടെ കണക്കുകള്‍ ചിലരുടെയെങ്കിലും ഉറക്കം കെടുത്തിയിരിക്കാം എന്ന് കരുതുന്നതില്‍ തെറ്റില്ല. 

കേരളത്തിലിപ്പോള്‍ കൊച്ചി മെട്രോയുടെ ക്രെഡിറ്റ് എടുക്കാന്‍ അടിയാണ്. യുഡിഎഫും, എല്‍ഡിഎഫും, എന്‍ഡിഎയും അക്കാര്യത്തില്‍ മത്സരിക്കട്ടെ പക്ഷേ ഇ ശ്രീധരന് മുഴുവന്‍ ക്രെഡിറ്റും നല്‍കാന്‍ തയ്യാറാണ് കേരളത്തിന്റെ നല്ല മനസ്സുകള്‍. പാമ്പന്‍ പാലവും, കൊങ്കണ്‍ റെയില്‍വെയും കൊല്‍ക്കത്ത, ഡല്‍ഹി മെട്രോകളും, കൊച്ചി മെട്രോയും എന്നും നിലനില്‍ക്കുക അതിന്റെ ശില്‍പിയുടെ ഓര്‍മ്മകളിലൂടെ ആയിരിക്കും. അതുകൊണ്ട് ഇ ശ്രീധരന്റെ പേര് നമ്മള്‍ മെട്രോ പദ്ധതിയുടെ ഏതെങ്കിലും ഒരു തൂണില്‍ എഴുതിവെക്കണമെന്നില്ല, കൊച്ചി മെട്രോ തന്നെ എന്നും അദ്ദേഹത്തിന്റെ പേരിലാണ്….

 

അഭിപ്രായങ്ങള്‍

You might also like More from author