‘ഐ’ രണ്ടാം വട്ടം കാണുമ്പോള്‍ -സിനി മാനിയാക്-

ആദ്യകാഴ്ചയില്‍ വിക്രം ആരാധകനെ കൊണ്ട് മാത്രമല്ല.എല്ലാ സിനിമ പ്രേമികളെ കൊണ്ടും കിടിലന്‍ എന്ന് പറയിക്കും ശങ്കര്‍ ചിത്രം ഐ..നിറഞ്ഞ തിയറ്റുകളില്‍ ഒരു രണ്ടാം കാഴ്ചയ്ക്ക് കൂടി തയ്യാറാവുകയാണെങ്കില്‍ ഐ സംവദിക്കുന്നത് പക്ഷേ അങ്ങനെയല്ല.
ഐ ആദ്യ തവണ കാണുമ്പോള്‍ ഏത് പ്രേക്ഷകനും അമിത പ്രതീക്ഷകളുണ്ടായിരുന്നു. ഷങ്കറിന്റെ ദൃശ്യവിസ്മയം എന്ന പ്രതീക്ഷയില്‍ തിയറ്ററുകളിലെത്തിയ കാണികളെ രസിപ്പിച്ചു ചിത്രമെന്ന് നിസംശയം പറയാം. അമിത പ്രതീക്ഷ പക്ഷേ ചിത്രത്തിന്റെ ആസ്വാദനനിലവാരത്തെ പിന്നോട്ടടിച്ചുവോ എന്ന ആശങ്ക മനസ്സിലുണ്ടായിരുന്നു. ഈ ആശങ്കയ്ക്ക് കൂടിയാണ് രണ്ടാംവട്ടക്കാഴ്ച മറുപടി പറഞ്ഞത്.

സമൂഹത്തില്‍ പ്രശസ്തിയുള്ള നായിക.. പ്രണയിതാവായ നായകനെ തന്റെ ഫീല്‍ഡില്‍ തന്നെ ഒന്നാമതെത്തിക്കുന്ന നായികയുടെ പ്രയ്തനങ്ങള്‍. ഒടുവില്‍ ഈഗോ മൂലമോ മറ്റ് ചിലര്‍ ജനിപ്പിക്കുന്ന സംശയം മൂലമോ തെറ്റിപ്പിരിയുന്ന കാമുകി കാമുകന്മാര്‍..അവസാനം സത്യം തിരിച്ചറിഞ്ഞുള്ള ഒന്നാവല്‍..ഇതിനിടയില്‍ തെറ്റിപിരിച്ചവരോട് കാണികളുടെ മനസ്സിനെ തൃപ്തമാക്കാന്‍ നടത്തുന്ന ചെറിയ ചെറിയ പ്രതികാരങ്ങള്‍…ഒടുവില്‍ എല്ലാം ശുഭം..നായികനായകന്മാരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി പ്രതിഷ്ഠിക്കാം…1984ല്‍ പുറത്തിറങ്ങിയ തമിഴ്മലയാളം ചലച്ചിത്രങ്ങളിലെ സ്ഥിരം പ്രമേയമായിരുന്നു അത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രങ്ങള്‍ റീമേക്ക് ചെയ്യാന്‍ പുതിയ തലമുറയില്‍ പെട്ട സംവിധായകനെ ഏല്‍പിച്ചാല്‍ എന്ത് സംഭവിക്കും…നിര്‍മ്മാണത്തിനായി കോടികള്‍ മുടക്കാനാളുണ്ടെങ്കില്‍ ചിത്രം എത്രത്തോളം ഗംഭീരമാകും…..

ഐ ഇതിന് കൂടിയുള്ള ഉത്തരം പറഞ്ഞ് തരുന്നുണ്ട്.
I-Movie-New-Stills-4ചിത്രത്തിന്റെ ആദ്യപകുതി സാങ്കേതികവിദ്യയുടെ ആഘോഷവും, വര്‍ണങ്ങളും ഒഴിവാക്കി ബ്ലാക് ആന്റ് വൈറ്റില്‍ കണ്ടാല്‍ ഐയുടെ ഇതിവൃത്ത ഘടന വീണ്ടും പിറകിലേക്ക് സഞ്ചരിക്കും.

പൈങ്കിളിയെന്ന് മുദ്രകുത്തി സിനിമാ ആസ്വാദകലോകം പിറകിലേക്ക് മാറ്റി നിര്‍ത്തിയ ചിത്രങ്ങളിലെ ചേരുവകള്‍ മസാലകൂട്ടി ഷങ്കര്‍ വിളമ്പുന്നു എന്ന് മാത്രം. വിക്രം എന്ന രൂചിക്കൂട്ടാണ് ഇതില്‍ പ്രധാനം. കഴിക്കും തോറും രുചികൂടുന്ന വിഭവം പോലെ ഓരോ തവണയും വിക്രം എന്ന അഭിനയ പ്രതിഭ കാണികളെ വിസ്മയിപ്പിക്കും. മോഹിപ്പിക്കുന്ന ഛായാഗ്രഹണവും, എ.ആര്‍ റഹ്മാന്റെ സംഗീതവുമാണ് മറ്റ് ഇന്‍ക്രീഡിയന്റ്‌സ്. വില്ലന്‍വേഷങ്ങളിലെത്തുന്ന നാല് കഥാപാത്രങ്ങളില്‍ ഗേ വേഷത്തിലെത്തുന്ന നടന്‍ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. സുരേഷ്‌ഗോപിയുടെ നല്ല വേഷങ്ങള്‍ കണ്ട മലയാളിയ്ക്ക് ഐയിലെ ഡോക്ടര്‍ അത്രയൊന്നും അത്ഭുതം സൃഷ്ടിക്കില്ലെന്ന് ഉറപ്പ്. എന്നാല്‍ ഈ വേഷം സുരേഷ്‌ഗോപി നന്നായി കൈകാര്യം ചെയ്തിരിക്കുന്നു എന്ന് പറയാതെ വയ്യ.

കഥയുടെ സസ്‌പെന്‍സ് തുടക്കം മുതല്‍ നിലനിര്‍ത്താന്‍ ഷങ്കറിന് കഴിഞ്ഞിരുന്നില്ല എന്ന പോരായ്മ ആദ്യകാഴ്ചയില്‍ തന്നെ വ്യക്തമായിരുന്നു. ഇവരൊക്കെ വില്ലന്മാര്‍ എന്ന തിറന്ന് കാട്ടി ഒളിപ്പിച്ച് വച്ച മറ്റൊരു സസ്‌പെന്‍സ് പക്ഷേ ചില പ്രേക്ഷകരെല്ലാം ഊഹിച്ചെടുക്കുന്നതിനാല്‍ പൊളിഞ്ഞ് വീഴുന്നുണ്ട്. രണ്ടാം കാഴ്ചയില്‍ പക്ഷേ അതിന് പ്രസക്തിയില്ലെങ്കിലും, അല്‍പമെങ്കിലും ഉണ്ടായിരുന്ന ഉള്ള പുതുമ പൂര്‍ണമായും ഇല്ലാതെ പോകുന്നുവെന്ന് പറയാതെ വയ്യ..ആദ്യ കാഴ്ചയ്ക്ക് ശേഷമുള്ള വിലയിരുത്തലില്‍ തന്നെ മാര്‍ക്ക് കുറഞ്ഞ് പോയ പുതിയ ഷങ്കര്‍ ചിത്രം രണ്ടാമത്തെ കാഴ്ചയില്‍ നിറം മങ്ങുന്നുവെന്ന് പറയാതെ വയ്യ. പ്രമേയത്തിന്റെ പുതുമയോ, യുക്തിയോ, ആവര്‍ത്തനമോ കാണാതെ ഉത്സവം കണ്ടിറങ്ങിപോയവര്‍ രണ്ടാം വട്ടത്തില്‍ ഉറക്കച്ചവടോടെ തിയറ്റര്‍ വിടേണ്ടി വരും.

ഐ ഷങ്കറിന്റെ നല്ല ചിത്രങ്ങളുടെ നിലവാരത്തിനൊത്ത ഉയരാത്ത സിനിമയാണ്. ഷങ്കര്‍ ചിത്രങ്ങളുടെ ചേരുവകള്‍ ഐയിലും പുതിയ കുപ്പിയില്‍ രുചിക്കാം. അന്യനും, മുതല്‍വനും, ഇന്ത്യനും പോലെ നായകകഥാപാത്രത്തില്‍ കേന്ദ്രീകൃതമായ ചിത്രമാണ് ഐയും. ..മറ്റ് ചിത്രങ്ങളിലേത് പോലെ നായകന് മുന്നില്‍ അപ്രസക്തമാകുന്ന നായിക. സാമൂഹ്യ നന്മക്കായി പൊരുതുന്ന നായകന്റെ പ്രതികാരം എന്നതില്‍ നിന്ന് തന്നെ നശിപ്പിച്ചവരോടുള്ള പ്രതികാരം എന്ന നിലയിലേക്കുള്ള മാറ്റം കാണാം ഐയില്‍ എന്ന് മാത്രം.
ലോകോത്തര നിലവാരമുള്ള സാങ്കേതിക വിദഗ്ധരുമായി കൈകോര്‍ത്ത് ഷങ്കര്‍ വിളമ്പുന്ന പുതിയ സദ്യയില്‍ എല്ലാം ഗംഭീരം..പക്ഷേ കഴിക്കും തോറും രുചി തോന്നാവുന്ന,വീണ്ടും കഴിക്കാന്‍ തോന്നിക്കുന്ന ഘടകം ഒന്ന് മാത്രമാണ്.. വിക്രം. കൂനനുള്‍പ്പടെ ചിത്രത്തിലെ എല്ലാ ഗെറ്റപ്പുകളും മനോഹരമായി ചെയ്തു വിക്രം. വീണ്ടും വീണ്ടും കാണാവുന്ന ചിത്രത്തിലെ ഏകകാഴ്ചയും വിക്രമിന്റെ അഭിനയം തന്നെ…നായിക എമി ജാക്‌സന്‍ കുഴപ്പമില്ലാ എന്ന പറയിക്കുന്നത് തന്റെ ആകാരസൗന്ദര്യം കൊണ്ട് കൂടിയാണ്. പലപ്പോഴും നായിക താന്‍ അഭിനയിക്കുന്നുണ്ടെന്ന് പറയാതെ പറയുന്നുണ്ട്.
ഒരു കഥ പറയാന്‍ ഇത്രയൊക്കെ സമയം വേണോ എന്ന ചോദിച്ച് തിയറ്റര്‍ വിട്ട പ്രേക്ഷകര്‍ നീളം കുറച്ചിരുന്നെങ്കില്‍ എന്ന ആത്മഗതവുമായാണ് രണ്ടാം വട്ടം മടങ്ങുക.

അഭിപ്രായങ്ങള്‍

You might also like More from author