രജനികാന്ത് രാഷ്ട്രീയത്തിലേക്കെന്ന് പറയാന്‍ ഒന്നല്ല, ഒരുപാടുണ്ട് കാര്യങ്ങള്‍

ചെന്നൈ: ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരമായ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് തുടങ്ങിയോ എന്ന ചോദ്യമാണ് തമിഴകത്തിന്റെ മനസില്‍ സജീവമായ ചോദ്യം. ആണെന്ന് ഭൂരിപക്ഷവും വിശ്വസിക്കുന്നു. ഈയിടെ രജനികാന്ത് നടത്തിയ നീക്കങ്ങളും ഇയൊരു നിരീക്ഷണം ശരിവെക്കുന്നതാണ്.
ജനുവരി 14ന് ചെന്നൈയില്‍ നടന്ന തുഗ്ളക് മാസികയുടെ വാര്‍ഷികാഘോഷത്തില്‍ രജനീകാന്ത് പങ്കെടുത്തതും സംസാരിച്ചതും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ പരോക്ഷമായ പ്രഖ്യാപനമാണെന്നാണ് വിലയിരുത്തല്‍.തമിഴ് രാഷ്ട്രീയത്തില്‍ അസാധാരണമായ അരക്ഷിതാവസ്ഥയുണ്ട് എന്ന പ്രസംഗത്തിലെ വാചകമാണ് ഇതില്‍ പ്രധാനം.

സാധാരണ ഇത്തരം രാഷ്ട്രീയ കാര്യങ്ങളൊന്നും രജനി സംസാരിക്കാറില്ല. തുഗ്‌ളക് മാസികയുടെ വാര്‍ഷിക ദിനാചരണ ചടങ്ങില്‍ മുഴുനീളം രജനി പങ്കെടുത്തതാണ് മറ്റൊരു ചര്‍ച്ചാ വിഷയം. സാധാരണ ഒരു പൊതുചടങ്ങിലും ആദ്യവസാനം പങ്കെടുക്കുന്നയാളല്ല താരം. തുഗ്‌ളകിന്റെ സ്ഥാപകന്‍ ചോ രാമസ്വാമിയുമായുള്ള അടുപ്പം കൊണ്ടാണെന്ന് റയുന്നുണ്ടെങ്കിലും അത് മാത്രമാല്ല കാരണമെന്നാണ് അഭ്യൂഹം. രജനിയുടെ അടുത്ത സുഹൃത്തും വഴികാട്ടിയുമായിരുന്നു ചോ. അതുകൊണ്ടുതന്നെ തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യ സൂചന നല്‍കാന്‍ ഈ വേദി രജനി മനഃപൂര്‍വം തിരഞ്ഞെടുത്തെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കഴിഞ്ഞയാഴ്ച സ്റ്റാലിന്‍ ഡിഎംകെ അധ്യക്ഷനായി ചുമതലയേറ്റ ശേഷം അദ്ദേഹത്ത നേരില്‍ വിളിച്ച് രജനി അഭിനന്ദനം അറിയിച്ചിരുന്നു. ഇതും പതിവുള്ളതല്ല. ശശികല എഐഎഡിഎംക ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റപ്പോല്‍ രജനികാന്ത് അവര അഭിനന്ദിച്ചില്ല എന്നതും പലരും ചേര്‍്ത്ത് വായിക്കുന്നുണ്ട്.
ഇതിലും അവസാനിക്കുന്നില്ല രജനിയപടെ രാഷ്ട്രീയ പ്രവേശന നീക്കങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍. രാഷ്ട്രീയ പ്രവേശനം ഊര്‍ജിതമാക്കാന്‍ കക്ഷി രാഷ്ട്രീയ നേതാക്കളെ കാണാനും രജനി പദ്ധതിയിട്ടിട്ടുണ്ടെന്നാണ് അഭ്യൂഹം പ്രചരിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്തും എം.ജി.ആര്‍ കഴകം സ്ഥാപകനും മുന്‍ മന്ത്രിയുമായ ആര്‍.എം. വീരപ്പനെ കണ്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ രജനി തീരുമാനിച്ചതായും കിംവദന്തിയുണ്ട്. രജനി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം, ചെന്നൈയിലെ മുതിര്‍ന്ന കക്ഷിനേതാവ് കരാട്ടേ ത്യാഗരാജന്‍, നക്കീരന്‍ പത്രാധിപരായ നക്കീരന്‍ ഗോപാലന്‍ തുടങ്ങി പലരുമായും ചര്‍ച്ച നടത്തിയത് ഈ പശ്ചാത്തലത്തില്‍ വിലയിരുത്തുന്നവരുമുണ്ട്.
ജയലളിതയുടെ മരണത്തിന് ശേഷം തമിഴകത്തിന്റെ രാഷ്ട്രീയ നേതൃത്വം രജനികാന്ത് ഏറ്റെടുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ യാതൊരു പ്രതികരണവും രജനികാന്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായും ഇല്ല.
രജനിയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ ഏറ്റവും അസ്വസ്ഥമാക്കുന്നത് ശശികല നടരാജനെ ആണ്. പാര്‍ട്ടി നേതൃത്വത്തിനൊപ്പം, ഭരണത്തിലും പിടിമുറുക്കാനുള്ള ശശികലയുടേയും ഭര്‍ത്താവ് നടരാജന്റെയും നീക്കങ്ങള്‍ പാര്‍്ട്ടിയ്ക്കകത്ത് വലിയ അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടിയ്ക്കകത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത് ബിജെപിയാണ് എന്ന ആരോപണവുമായി നടരാജന്‍ രംഗത്തെത്തിയിരുന്നു. രജനികാന്ത് തമിഴക രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചാല്‍ ഏറ്റവും വലിയ തിരിച്ചടി ശശികലയ്ക്ക് തന്നെയാകും. രജനികാന്തിന്റെ നീക്കങ്ങള്‍ക്ക് ബിജെപി പിന്തുണയുണ്ട് എന്നതും അവരെ അസ്വസ്ഥരാക്കുന്നുണ്ട്. മുഖ്യമന്ത്രി പനീര്‍ശെല്‍വത്തോട് ബിജെപി അനുഭാവ നിലപാട് സ്വീകരിക്കുന്നതും ശശികലയെ ആശങ്കയിലാക്കുന്നുണ്ട്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.