കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം സുപ്രീംകോടതിയില്‍ അര്‍ധരാത്രി നടത്തിയ പോരാട്ടത്തിലും തിരിച്ചടിയേറ്റു കോണ്‍ഗ്രസ്

ഡല്‍ഹി: കര്‍ണ്ണാടക സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അത്യന്തം നാടകീയമായ രംഗങ്ങള്‍ക്കാണ് ഡല്‍ഹിയും ഇന്നലെ സാക്ഷ്യം വഹിച്ചത്. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപവത്ക്കരിക്കുന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ അര്‍ധരാത്രി സുപ്രീംകോടതിയിലെത്തിയത്. മുഖ്യമന്ത്രിയായുള്ള ബി.എസ് യദ്യൂരപ്പയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ജെ.ഡി.എസും സംയുക്ത ഹര്‍ജിയുമായായാണ് സുപ്രീം കോടതിയിലെത്തിയത്.

ഹര്‍ജിയിലെ ആവശ്യം വിശദമായി മനസ്സിലാക്കിയ ശേഷം സുപ്രീംകോടതി രജിസ്ട്രാര്‍ ഹര്‍ജിയുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഔദ്യോഗിക വസതിയിലെത്തിയത് . തുടര്‍ന്ന് അര്‍ദ്ധരാത്രി 1.45 ന് കോടതി ചേരാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അസാധാരണമായ ഉത്തരവിടുകയായിരുന്നു. 2.08-ന് വാദങ്ങള്‍ ആരംഭിച്ചപ്പോള്‍തന്നെ യെദിയൂരപ്പ ഗവര്‍ണര്‍ക്കു നല്‍കിയ കത്ത് എവിടെയെന്ന് കോടതി കോണ്‍ഗ്രസ്-ജെഡിഎസ് അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയോടു ചോദിച്ചപ്പോള്‍ അത് ഹാജരാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പ്രധാനപ്പെട്ട തെളിവ് ഇല്ലാതെ കോടതി എങ്ങനെ തീരുമാനമെടുക്കുമെന്ന് ഈ അവസരത്തില്‍ ഹര്‍ജിക്കാരോടു കോടതി ചോദിച്ചു.

ഈ സമയങ്ങളിലെല്ലാം സിംഗ്വി യെദിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. രണ്ടു ബിജെപി എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരാകുന്നുവെന്നു കോടതിയില്‍ പറഞ്ഞ, മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും കെ.കെ.വേണുഗോപാലും ഈ ആവശ്യത്തെ നിശിതമായി എതിര്‍ത്തു. ഭരണഘടനാ സ്ഥാപനമായ ഗവര്‍ണറുടെ വിവേചനാധികാരത്തെ കോടതിക്കു ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ഇവരുടെ വാദം.

ഇത് പരിഗണിച്ച കോടതി, സത്യപ്രതിജ്ഞ സ്റ്റേ ചെയ്യില്ലെന്നു വാക്കാല്‍ നിരീക്ഷിച്ചു. ഇതോടെ കോണ്‍ഗ്രസിനു വന്‍ തിരിച്ചടിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു. കോടതിയുടെ ഈ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയ സിംഗ്വി, സത്യപ്രതിജ്ഞ നീട്ടിവയ്ക്കണമെന്ന വാദമുന്നയിച്ചു. ഇതും കോടതി തള്ളി. എന്നിരുന്നാലും മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്താല്‍, ഇതില്‍ ഇടപെടാന്‍ കോടതിക്കു കഴിയുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇത് വിധിയില്‍ രേഖപ്പെടുത്തണമെന്ന് സിംഗ്വി ആവശ്യപ്പെടുകയും കോടതി ഈ ആവശ്യം സ്വീകരിക്കുകയും ചെയ്തു.

ഇതിനുശേഷമാണ് നിര്‍ണായകമായ കത്തില്‍ കോടതി വിധി പുറപ്പെടുവിക്കുന്നത്. ഭൂരിപക്ഷം അവകാശപ്പെട്ട് യെദിയൂരപ്പ ഗവര്‍ണര്‍ക്കു നല്‍കിയ കത്ത് വെള്ളിയാഴ്ച പത്തരയ്ക്കു മുന്പ് ഹാജരാക്കാനാണു കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഈ കത്ത് ഹാജരാക്കാന്‍ കഴിയാതിരിക്കുകയോ, ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍ കടുത്ത നടപടികളിലേക്കു കടക്കുമെന്നുതന്നെയാണ് കോടതി വ്യക്തമാക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ യെദിയൂരപ്പ സര്‍ക്കാരിനു 15 ദിവസം നല്‍കിയ ഗവര്‍ണറുടെ നടപടിയെയും കോടതി ചോദ്യം ചെയ്തു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.