സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തു: പോസ്റ്റ് പോള്‍ സഖ്യത്തെ മുഖവിലക്കെടുത്തില്ല: സുപ്രിം കോടതി നിലപാട് ബിജെപിയ്ക്ക് വന്‍ തിരിച്ചടി എന്ന വാദം പൊളിച്ച് നിയമരംഗത്തുള്ളവര്‍


കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ റദ്ദാക്കണമെന്ന കോണ്‍ഗ്രസ്-ജെഡിഎസ് ആവശ്യം മുഖവിലക്കെടുക്കാതിരുന്ന സുപ്രിം കോടതി നിലപാട് ബിജെപിയുടെ വിജയമാണെന്ന് നിയമ രാഷ്ട്രീയ രംഗത്തുള്ളവര്‍ പറയുന്നു. സഭയ്ക്കകത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയ്ക്ക്് അവസരം ലഭിച്ചത് സര്‍ക്കാരിയ കമ്മീഷന്‍ നിര്‍ദ്ദേശം ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട രേഖകള്‍ സുപ്രിം കോടതി പരിശോധിച്ച ശേഷമാണ് എന്ന് വിധിപ്രസ്താവം വ്യക്തമാക്കുന്നു. സര്‍ക്കാരിയ കമ്മീഷനെ കുറിച്ച് രണ്ടംഗം ബഞ്ച് കോടതിയില്‍ പരാമര്‍ശിക്കുകയും ചെയ്തു.
സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തിലെടുക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. ജനങ്ങള്‍ അറിഞ്ഞുള്ള പ്രീ പോള്‍ സഖ്യം അംഗീകരിക്കുന്നത് പോലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം ജനങ്ങള്‍ അറിഞ്ഞു കൊണ്ടുള്ള തീരുമാനമാണ് എന്ന് പറയാനാവില്ല എന്നാണ് സര്‍ക്കാരിയ റിപ്പോര്‍ട്ടിലുള്ളത്. ഭൂരിപക്ഷം ലഭിച്ച കക്ഷിയുടെ നേതാവിനെ മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് നിലനില്‍ക്കുന്നതാണ് എന്ന വാദം മുഖവിലക്കെടുത്താണ് പിന്നീട് വിശദമായ വാദത്തിന് ശേഷം ഇക്കാര്യം തീരുമാനിക്കാമെന്ന് സുപ്രിം കോടതി പറഞ്ഞതെന്ന് നിയമരംഗത്തുള്ളവര്‍ പറയുന്നു.
ജനങ്ങളുടെ പിന്തുണയില്ലാത്ത ഇലക്ഷന് ശേഷമുള്ള സഖ്യങ്ങള്‍ സംബന്ധിച്ച വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സുപ്രിം കോടതി കേസിന്റെ ഇനിയുള്ള ഘട്ടങ്ങളില്‍ പുറപ്പെടുവിച്ചേക്കുമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജനാഭിലാഷം പ്രതിഫലിക്കാത്ത രാഷ്ട്രീയ സഖ്യങ്ങള്‍ ഭരണത്തിലെത്തുന്നത് തടയണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിയ കമ്മീഷന്‍ മുന്നോട്ടുവച്ചിരുന്നുവെങ്കിലും അത് ഇനിയും നിയമമായിട്ടില്ല.
രാഷ്ട്രീയമായും സുപ്രിം കോടതി വിധി ബിജെപിക്ക് അനുകൂലമാണെന്ന് രാഷ്ട്രീയ രംഗത്തുള്ളവര്‍ പറയുന്നു. സത്യപ്രതിജ്ഞ ചെയ്തത് റദ്ദാക്കിയിരുന്നെങ്കില്‍ അത് തിരിച്ചടിയാകുമായിരുന്നു. അതുണ്ടായില്ല. ഒരാഴ്ചത്തെ സമയം ലഭിച്ചാല്‍ നല്ലത് എന്ന നിലപാട് യെദ്യൂരപ്പ ഗവര്‍ണര്‍ക്കുള്ള കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും നാളെ വൈകിട്ട് വരെ സമയം ലഭിച്ചത് അവര്‍ക്ക് വലിയ ആശ്വാസമാണ്.
നിലവില്‍ പല കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരും ബിജെപിയില്‍ ചേരാന്‍ സജ്ജരാണെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷത്തെ ചില എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ അറിയിച്ച് തന്നെ വിളിച്ചിരുന്നുവെന്നാണ് സുപ്രിം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകര്‍ മുകുള്‍ റോത്തഗി വ്യക്തമാക്കിയത്. സാധാരണ മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രിം കോടതിയില്‍ വസ്തവത്തിന് നിരക്കാത്ത വാദഗതികള്‍ മുന്നോട്ടുവെക്കാറില്ല. അവരുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയമായതിനാല്‍ വാദങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നവരാണ് റോത്തഗിയെ പോലുള്ള പ്രമുഖ അഭിഭാഷകര്‍.
ഇതിനിടെ 14 ഓളം പ്രതിപക്ഷ എംഎല്‍എമാരുമായി തെരഞ്ഞെടുപ്പിന് മുമ്പേ ബിജെപിയുമായി ധാരണയിലെത്തിയിരുന്നുവെന്നാണ് വിവരം. ബിജെപി ഇത്രയധികം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് ഇതു കൊണ്ടാണെന്നും ചില കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.
120 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് സംസ്ഥാനത്തെ ഒരു പ്രമുഖ ബിജെപി നേതാവ് പ്രതികരിച്ചത്. നാളെ ഭൂരിപക്ഷം തെളിയിക്കുമെന്ന് ബിജെപി സംസ്ഥാന ഘടകവും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.