ഇന്ത്യ-ജപ്പാന്‍ അച്ചുതണ്ട്..ചൈന പേടിക്കുന്നു പുതിയ ഇന്ത്യയെ

ബിന്ദു ടി

വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി ചര്‍ച്ചയായ ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നത് പല രാഷ്ട്രങ്ങളെയും ഞെട്ടിച്ചിരുന്നു. ഇന്ത്യന്‍ തീരുമാനം ഏറെ ആശങ്കയിലാക്കിയത് ചൈനയെ ആണ്. ചൈനയ്‌ക്കെതിരായ ഇന്ത്യന്‍ നീക്കങ്ങളില്‍ പരസ്യമായ പ്രഖ്യാപനം എന്ന നിലയിലാണ് ഇന്ത്യന്‍ വിട്ടു നില്‍ക്കലിനെ കാണേണ്ടതും വിലയിരുത്തേണ്ടതും.
ഇന്ത്യയുടെ ഉച്ചകോടിയില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി മോദി സര്‍ക്കാര്‍ നടത്തുന്ന നയതന്ത്രനീക്കങ്ങളുടെ തുടര്‍ച്ചയാണ്. പാക്കിസ്ഥാനെ തങ്ങളുടെ കോളനിരാജ്യം എന്ന നിലയില്‍ കൈകാര്യം ചെയ്ത് ഇന്ത്യയെ നേരിടുന്ന ചൈനയ്ക്ക് വ്യക്തമായ സന്ദേശം ഇന്ത്യ മുമ്പും നല്‍കിയിരുന്നു. വാണിജ്യ രംഗത്തും അധികാരശക്തി എന്ന നിലയിലും ലോകത്തെ തന്നെ പ്രധാന ശക്തി എന്ന നിലയില്‍ തുടരാന്‍ ചൈനയ്ക്ക് പൊരുതേണ്ട അവസ്ഥ വന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. സാമ്പത്തിക വളര്‍ച്ചയിലും ചൈന പ്രതിസന്ധിയിലാണ്. യുഎസ് പ്രസിഡണ്ടായി ഡോണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് തുടര്‍ന്നുള്ള ആശങ്കയും ചൈനയുടെ നയതന്ത്ര നീക്കങ്ങളെ ദുര്‍ബലമാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ മുതലെടുക്കുന്ന തന്ത്രമാണ് ഇന്ത്യ പയറ്റുന്നത്. ചൈനയ്‌ക്കെതിരായി ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ വികാരം സൃഷ്ടിക്കുന്നതിനും, മറ്റ് രാജ്യങ്ങളെ കൂടെ നിര്‍ത്തുന്നതിനും മോദി അധികാരത്തില്‍ വന്ന ശേഷം ഇന്ത്യ ശ്രമിച്ചു. സിങ്കപ്പൂര്‍, വിയറ്റ്‌നാം പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മോദി നടത്തിയ സന്ദര്‍ശനങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. ചൈനയെ കയ്യയച്ച് പിന്തുണച്ചിരുന്ന ശ്രീലങ്ക കഴിഞ്ഞ ദിവസങ്ങളില്‍ നിലപാട് മാറ്റിയിരുന്നു.
മോദിയുടെ ലങ്ക സന്ദര്‍ശനത്തിന്റെ ഭാഗമായി ചൈനിസ് അന്തര്‍വാഹിനിയോട് കൊളംബോ തീരം വിടാന്‍ ആ രാജ്യം നല്‍കിയ നിര്‍ദ്ദേശം ചൈനയ്ക്ക് നാണക്കേടായി. ഇതി്‌ന് പിറകെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് വിഷയത്തില്‍ ശ്രീലങ്ക ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ചതും ശ്രദ്ധിക്കുക.
വിഷയത്തില്‍ ഏതാണ്ട് തുറന്ന പോര് പരോക്ഷമായി പ്രഖ്യാപിച്ച ഇന്ത്യ ചൈനയ്‌ക്കെതിരെ ശക്തമായ നീക്കം നടത്താനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നരേന്ദ്രമോദി വന്നതിന് ശേഷം ഇന്ത്യ നിലപാടുകള്‍ കര്‍ശനമാക്കിയതിനെതിരെ ചൈനിസ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു.
ചൈനയെ എതിരിടാനുള്ള ഇന്ത്യന്‍ പദ്ധതി
അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഉള്‍പ്പടെയുള്ള രംഗങ്ങളിലെ ചൈനിസ് കുത്തക തകര്‍ക്കുകയാണ് ഇന്ത്യന്‍ ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി ജപ്പാനുമായി കൂട്ടുപിടിച്ച് മുന്നേറാനാണ് നീക്കം. ആഫ്രിക്ക, ഇറാന്‍, ശ്രീലങ്ക, ദക്ഷിണ കിഴക്കന്‍ ഏഷ്യ തുടങ്ങിയ മേഖലകളെ ബന്ധിപ്പിച്ച് ഇന്ത്യയും ജപ്പാനും വന്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ഒരുങ്ങുകയാണ്. ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്ക് മറുപടി എന്ന നിലയിലാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്്.

ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ് വന്‍കിട നിക്ഷേപ പദ്ധതിയായ ചൈന- പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി. ഈ പദ്ധതി ചൈന നടപ്പാക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പാക്കേജിന്റെ ഭാഗമാണ്. പദ്ധതിയ്‌ക്കെതിരെ പാക് അധീന കശ്മീരില്‍ നിന്ന് വരെ പാക്കിസ്ഥാന്‍ ശക്തമായ എതിര്‍പ്പ് നേരിടുന്നുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്.

ജപ്പാനുമായി ചേര്‍ന്ന് ചൈനയെ പ്രതിരോധിക്കുക എന്ന സങ്കല്‍പത്തിന് സാക്ഷാത്ക്കാരം നല്‍കുക വഴി ചൈനയ്ക്ക് കനത്ത വെല്ലവിളി ഉയര്‍ത്താനാകുമെന്ന് ഇന്ത്യ കണക്കുകൂട്ടുന്നു. ഇന്ത്യയുടെ എക്കാലത്തേയും ഏറ്റവും വലിയ ശത്രുരാജ്യമാണ് ചൈന. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വലിയ വെല്ലുവിളിയായതും ചൈനയുടെ ഇടപെടലുകളാണ്. ഇന്ത്യ ഭരിച്ച മുന്‍സര്‍ക്കാരുകള്‍ ചൈനയുടെ അപ്രമാധിത്വം അംഗീകരിച്ചു കൊണ്ട് നടത്തിയ വിട്ടുവീഴ്ചകള്‍ ഇനി തുടരേണ്ടതില്ല എന്നാണ് എന്‍ഡിഎ സര്‍ക്കാരിന്റെ നിലപാട്. ഇന്ത്യക്കെതിരെ പാക്കിസ്ഥാനെ ഇളക്കി വിട്ടുള്ള ചൈനയുടെ മറഞ്ഞിരുന്നുള്ള കലി ഇനി വേണ്ടെന്നും ഇന്ത്യ കണക്ക് കൂട്ടുന്നു. ഐക്യരാഷ്ട്രസഭയിലെ സ്ഥിരം അംഗത്വം ഉള്‍പ്പടെ ഇന്ത്യയ്ക്ക് ലഭിക്കേണ്ടിയിരുന്ന പദവികള്‍ ചൈന സ്വന്തമാക്കിയത് ഇന്ത്യന്‍ ഭരണ നേതൃത്വങ്ങളുടെ അനാസ്ഥമൂലമാണെന്നതാണ് യാഥാര്‍ത്ഥ്യം. എന്നിട്ടും ഇന്ത്യാ-ചൈന ഭായി ഭായി മുദ്രാവാക്യം ഉയര്‍ത്തി ഇന്ത്യയെ അവരുടെ മാര്‍ക്കറ്റാക്കി തുടരുകയായിരുന്നു ചൈന.

മെയ്ക് ഇന്‍ ഇന്ത്യ വഴി ചൈനയുടെ ഇന്ത്യന്‍ വിപണിയിലുള്ള അമിത മേധാവിത്വം അവസാനിപ്പിക്കാനായിരുന്നു മോദി സര്‍ക്കാരിന്റെ തീരുമാനം. സാമ്പത്തീക വളര്‍ച്ചയിലും ഉത്പാദന വളര്‍ച്ചയിലും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇന്ത്യ കൈവരിച്ച മുന്നേറ്റം ചൈനയെ ആശങ്കപ്പെടുത്തുന്നതാണ്. ചൈനയ്ക്ക് മുന്നില്‍ ഇന്ത്യന്‍ വിപണി കൊട്ടിയടക്കപ്പെട്ടാല്‍ വലിയ സാമ്പത്തീക തകര്‍ച്ചയാവും ആ രാജ്യം നേരിടേണ്ടി വരിക. നിലവിലെ സാഹചര്യത്തില്‍ അത് എളുപ്പമല്ലെങ്കിലും അധികം വൈകാതെ തന്നെ അത് സാധ്യമായേക്കുമെന്ന് സാമ്പത്തിക രംഗത്തുള്ളവര്‍ പറയുന്നു.

ചൈനയുടെ വൈരികളായ ജപ്പാന്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വര്‍ഷങ്ങളായുള്ള മികച്ച സുഹൃദ് രാജ്യമാണ്. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെ പുനഃസംഘടിപ്പിച്ച് നേതാജി സുഭാഷ് ചന്ദ്ര ബോസ് ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ യുദ്ധത്തിന് സഹായം നല്‍കിയത് മുതല്‍ ഇത് കാണാവുന്നതാണ്. ചൈനയെക്കാള്‍ എല്ലാ അര്‍ത്ഥത്തിലും പരിഗണന നല്‍കേണ്ടത് ജപ്പാന് തന്നെയാണെന്നതാണ് നരേന്ദ്രമോദിയുടെ നിലപാട്. വികസന കാര്യത്തിലും ജപ്പാന്‍ വലിയ മാതൃകയാണ്. ചൈനയും ജപ്പാനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ മുതലെടുത്ത് ചൈനയ്ക്കെതിരെയുള്ള ഇന്ത്യയുടെ വ്യാപാര മുന്നേറ്റത്തില്‍ ജപ്പാനെ പങ്കാലിയാക്കിയാല്‍ ഇന്ത്യയക്കത് തന്ത്രപരമായ നേട്ടമാകും. ഇറാന്‍, വിയറ്റ്‌നാം തുടങ്ങി ചൈനയെ എതിര്‍ക്കുന്ന രാജ്യങ്ങളുടെ പിന്തുണ ഇതിനകം ഇന്ത്യ നേടികഴിഞ്ഞു.

ഇറാനിലെ ചബ്ബഹാര്‍ തുറമുഖവും പ്രത്യേക സാമ്പത്തിക മേഖലയും വികസിപ്പിക്കുന്ന ഇന്ത്യയുടെ പദ്ധതിയില്‍ ജപ്പാനും പങ്കാളിയാകുമെന്നാണ് വിവരം. ശ്രീലങ്കയിലെ ട്രന്‍കൊമാലീ തുറമുഖത്തിന്റെ വികസനത്തിലും ഇന്ത്യയുടെ കൂടെ ജപ്പാനുണ്ടായേക്കും.ഏഷ്യയില്‍ നിന്നും ആഫ്രിക്ക വരെ നീളുന്ന സ്വതന്ത്ര ഇടനാഴിയാണ് ഇന്ത്യയും ജപ്പാനും പദ്ധതിയിടുന്നത്. ഇന്ത്യയില്‍ റെയില്‍വെ വികസനരംഗത്തും നരവധി ജപ്പാന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതിനുള്ള കരാറുകളില്‍ ചിലത് ഇരുരാജ്യങ്ങളും ഒപ്പുവെച്ചു കഴിഞ്ഞു.

ചൈന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്നോട്ടുവെക്കുന്ന വികസന മോഡലിന് ബദല്‍ സൃഷ്ടിക്കാന്‍ ഇന്ത്യക്കും ജപ്പാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഈയൊരു കൂട്ടുകെട്ടിനെ ചൈന ഏറ്റവും പേടിക്കുന്നതും അത് തന്നെ. ശീതസമരത്തിന് ശേഷം അമേരിക്കയുമായി സമഭാവനയോടെ നീങ്ങുന്ന റഷ്യയും, ചൈനയെ എതിര്‍ക്കുന്ന ട്രംപ് ഭരിക്കുന്ന അമേരിക്കയും, ചേരുന്ന അച്ചുതണ്ടിന്റെ ബലത്തിന് ഇന്ത്യ കൂടി കരുത്തുപരുന്നതോടെ ചൈനയുടെ അഹങ്കാരം ശമിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. ചൈന ഇന്ത്യക്ക് ഭീഷണിയല്ലാതാകുന്നതോടെ പാക്കിസ്ഥാനില്‍ നിന്ന് അസ്വസ്ഥതകളും ഇല്ലാതാകും. ഫലത്തില്‍ ഇന്ത്യ-ജപ്പാന്‍ അച്ചുതണ്ട് ഇന്ത്യക്ക് നല്‍കുന്ന മുന്നേറ്റം എല്ലാം കൊണ്ടും ഇന്ത്യയുടെ വളര്‍ച്ചയില്‍ നിര്‍ണായകമാകും. വിദേശ രാജ്യങ്ങളുമായി അടുത്ത ബന്ധം വെക്കുന്ന മോദി സര്‍ക്കാരിന് അധികം വൈകാതെ തന്നെ അത്തരമൊരു സഹകരണം യാഥാര്‍ത്ഥ്യമാക്കാനാകും എന്നാണ് പ്രതീക്ഷ.

 

അഭിപ്രായങ്ങള്‍

You might also like More from author