ഗാന്ധിവധത്തിന്റെ ഗുണഭോക്താക്കള്‍

കാ.ഭാ.സുരേന്ദ്രന്‍

കാ.ഭാ. സുരേന്ദ്രന്‍

 

രോഗം പരത്തുന്ന വിഷാണുക്കളെ വഹിക്കുന്ന കൊതുകുകള്‍ സന്ധ്യാവേളയിലാണ് ആക്രമണം ശക്തിപ്പെടുത്തുന്നത്. വെളിച്ചം മറയുന്ന തക്കം നോക്കി, ഇരുട്ടിന്റെ ആനുകൂല്യം മുതലാക്കി ആക്രമിക്കും. ഇരുട്ടുമാറി നേരം വെളുക്കുന്നതിനു മുന്നെയും ആകാവുന്നത്ര ആക്രമണങ്ങള്‍ അഴിച്ചുവിടും. നേരം വെളുക്കുകയും സൂര്യന്‍ കത്തിജ്വലിച്ചുതുടങ്ങുകയും ചെയ്താല്‍ എല്ലാ കൊതുകുകളും അപ്രത്യക്ഷമാകും.
കഴിഞ്ഞ ഏതാനും ദശകങ്ങളായി വ്യാജദൈവങ്ങളുടെ ഭരണമായിരുന്നു ഭാരതത്തില്‍. ജനാധിപത്യമെന്നാണ് പേരെങ്കിലും കുടുംബാധിപത്യമായിരുന്നു ഫലത്തില്‍. അത് നിലനിര്‍ത്തിയതാവട്ടെ ഒരു മഹാത്മാവിന്റെ മരണത്തെ മുതലാക്കിയും. മഹാത്മാഗാന്ധി കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ ജവഹര്‍ലാല്‍ നെഹ്‌റു പതിനേഴു കൊല്ലം തുടര്‍ച്ചയായി ഭാരതം ഭരിക്കുമായിരുന്നോ? ഗാന്ധിജിയുടെ മരണത്തിനു ശേഷം ഏതാനും ദിവസം കഴിഞ്ഞ് ദുഃഖിച്ചിരിക്കുന്നവരെ സരോജിനിനായിഡു ശാസിച്ചു.

”അദ്ദേഹത്തിനു ചേര്‍ന്ന മരണം ഇതു മാത്രമായിരുന്നു. അദ്ദേഹം ദഹനക്കേടുപിടിച്ച് ചാകണമെന്നായിരുന്നോ നിങ്ങളുടെ ആഗ്രഹം?” 

(നെഹ്‌റു യുഗസ്മരണകള്‍ എം.ഒ.മത്തായി – പുറം 57- ഡി.സി.ബുക്‌സ് 1978)

ഇവിടെ ദഹനക്കേട് എന്നുദ്ദേശിച്ചത് വയറിന്റെ പ്രശ്‌നമല്ല. സ്വാതന്ത്ര്യാനന്തരം ഇരുണ്ടു കൂടിയ അധികാരരാഷ്ട്രീയത്തിന്റെ വടംവലികളെപ്പറ്റിയാണ് ഉദ്ദേശിച്ചത്. സ്വാതന്ത്ര്യത്തിനു മുന്നേതന്നെ നെഹ്‌റുവും പട്ടേലും രണ്ടു തട്ടിലായിരുന്നു പല കാര്യങ്ങളിലും. മതേതരത്വം ഒരു യൂറോപ്യന്‍ മുഖത്തിനുവേണ്ടി ഉപയോഗിച്ചിരുന്നു നെഹ്‌റു. പട്ടേല്‍ അടിയുറച്ച കോണ്‍ഗ്രസ്സുകാരനും തീവ്രമായ ഗാന്ധിഭക്തിയുള്ള ആളുമായിരുന്നെങ്കിലും ദേശീയതയെ പണയപ്പെടുത്തുന്ന യാതൊരു നീക്കത്തിനും തയ്യാറല്ലായിരുന്നു. എന്തിനും ഏതിനും നെഹ്‌റുവിന്റെ അവസാന ആശ്രയം ഗാന്ധിജി ആയിരുന്നു. ഗാന്ധിക്ക് മറ്റെല്ലാത്തിനുമുപരി പുത്രനിര്‍വിശേഷമായ വാത്സല്യം നെഹ്‌റുവിനോടും ഉണ്ടായിരുന്നു. അതുതന്നെയായിരുന്നു നെഹ്‌റുവിന്റെ തുറുപ്പു ചീട്ടും.

വിഭജനാനന്തരമുണ്ടായ കൂട്ടക്കുരുതി നേരിടുന്ന കാര്യത്തിലും നാട്ടുരാജ്യ സംയോജന കാര്യത്തിലും നെഹ്‌റുവും പട്ടേലും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്ടായി. നെഹ്‌റു മതപരവും വ്യക്തിപരവുമായ താല്‍പര്യം കാണിച്ചപ്പോള്‍ ദേശീയ ഐക്യവും അഖണ്ഡതയും മാത്രമായിരുന്നു പട്ടേലിന്റെ പരിഗണന. ഈ നയ സമീപനങ്ങളുടെ വിടവ് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. അത് ഒരു സ്‌ഫോടനത്തിലേക്കു നീങ്ങുന്നതിനു തൊട്ടുമുമ്പാണ് ഗാന്ധിജിക്ക് വെടിയേറ്റത്. അല്ലായിരുന്നുവെങ്കില്‍ ആത്യന്തികമായി പട്ടേല്‍ പുറത്തുപോകുകയും രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുകയും ചെയ്യുമായിരുന്നു. ഒട്ടും ദഹിപ്പിക്കാന്‍ കഴിയാത്ത ഒന്നായി ഗാന്ധിജി ഷള്‍ഗവ്യത്തിലാകുമായിരുന്നു.

നെഹ്‌റുവും പട്ടേലും തമ്മിലുള്ള അഭിപ്രായവ്യത്യാസം ഒരു ബോംബായി ഗാന്ധിജിയുടെ മുന്നില്‍ എത്തി. 1948 ജനുവരി 6-നു നെഹ്‌റു ഗാന്ധിജിക്ക് കൊടുത്തുവിട്ട നീണ്ട കുറുപ്പില്‍ പട്ടേലുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ അക്കമിട്ടു നിരത്തി. ഓരോ കാര്യം വിശദീകരിക്കുമ്പോഴും, പ്രശ്‌നപരിഹാരമെന്ന നിലയ്ക്ക് ‘ഞാന്‍ രാജിവെയ്ക്കാന്‍ തയ്യാറാണ് എന്ന്’ നെഹ്‌റു ആവര്‍ത്തിക്കുന്നു (അതിന് ഗാന്ധിജി സമ്മതിക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ.)
നെഹ്‌റു ഗാന്ധിജിക്ക് അയച്ച കുറുപ്പിലെ 11-ാം ഖണ്ഡം ഇങ്ങനെ:

”ഇതാണ് പശ്ചാത്തലം പക്ഷേ സിദ്ധാന്തമെന്തായാലും പ്രായോഗിക വിഷമതകള്‍ തുടര്‍ച്ചയായി ഉയരുന്നു. സാധാരണ രീതിയില്‍ പറയുകയാണെങ്കില്‍, മറ്റാരിലും കവിഞ്ഞ ചുമതല ഒരാളില്‍ സമര്‍പ്പിക്കുംവിധം മന്ത്രിസഭയില്‍ പുനഃക്രമീകരണം വരുത്തുകയാണ് ഏറ്റവും നല്ല പോംവഴി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനര്‍ത്ഥം, ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ സര്‍ദാര്‍ പട്ടേല്‍ പുറത്തുപോവുക എന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം പുറത്തുപോകുവാന്‍ ഞാന്‍ വളരെ ഇഷ്ടപ്പെടുന്നു.”

ഈ പ്രശ്‌നത്തിന് ഗാന്ധിജി എന്ത് മറുപടി പറയുമായിരുന്നു എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ അതുമൂലമുണ്ടാകുന്ന പ്രതിസന്ധി അതിരൂക്ഷമാകുമായിരുന്നു. ഇതിനിടയില്‍ ഗാന്ധിജിയുടെ മരണം സംഭവിച്ചതിനാല്‍ മറ്റെല്ലാം മാറ്റിവെച്ച് (മറന്നല്ല) രണ്ടു പേര്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കേണ്ടിവന്നു. ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ സോമനാഥക്ഷേത്ര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസവും വളര്‍ന്നുവന്നിരുന്നു. (നെഹ്‌റു എതിര്‍ത്ത അതേ ക്ഷേത്രത്തില്‍ പോയി അഹിന്ദു എന്ന് രേഖപ്പെടുത്തിയിട്ടാണെങ്കിലും രാഹുലിന് തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കേണ്ടിവന്നത് കാലം കരുതിവെച്ച കാവ്യനീതി ആയിട്ടേ കണക്കാക്കാന്‍ കഴിയൂ.)


ഏറ്റവും ഗുരുതരമായ മറ്റൊരു സാഹചര്യം ഗാന്ധിവധത്തിനു മുന്നേ സംജാതമായി. 1946-ല്‍ മുസ്ലീംലീഗ് അഴിച്ചുവിട്ട കലാപം അതിഭീകരമായിരുന്നു. പാക്കിസ്ഥാന്‍ അനുവദിക്കുന്നിടംവരെ കലാപം എന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നല്ലോ Direct Action അഥവാ പ്രത്യക്ഷ നടപടി. ഏതാനും ദിവസങ്ങള്‍ കൊണ്ട് പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. (അന്ന് കോണ്‍ഗ്രസ് നേതൃത്വമായിരുന്നു രാജ്യത്തെ നയിച്ചിരുന്നത് എന്നതുകൊണ്ട് ഇന്ന് നരേന്ദ്രമോദി കേള്‍ക്കുന്നതുപോലെയുള്ള പുലയാട്ട് കേള്‍ക്കേണ്ടിവന്നില്ല.) കല്‍ക്കട്ടയിലും പഞ്ചാബിലും രക്തപ്പുഴ ഒഴുകി. നവഖാലികള്‍ സൃഷ്ടിക്കപ്പെട്ടു. കലാപത്തിന്റെ രൂക്ഷതയില്‍ നിന്ന് രക്ഷനേടാനാണ് പിന്നീട് കോണ്‍ഗ്രസ് വിഭജനത്തെ അംഗീകരിച്ചത്. ഇനിയാരും കൊല്ലപ്പെടാതിരിക്കണം. സഹോദരങ്ങളുടെ വീതംവെപ്പായി വിഭജനത്തെ കണ്ടാല്‍ മതി എന്നായിരുന്നു നെഹ്‌റുവിന്റെ സ്വാന്ത്വനിപ്പിക്കല്‍. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. ചിരങ്ങ്‌നുള്ളി സമുദ്രമാക്കി എന്ന് പറഞ്ഞതുപോലെയായി കാര്യങ്ങള്‍. കലാപം ഒഴിവാക്കാനെന്ന പേരില്‍ നടത്തിയ ഭാരതവിഭജനം ലോകം കണ്ട ഏറ്റവും വലിയ കലാപത്തിന്റെയും പലായനത്തിന്റെയും കാരണമായി മാറി, ലോകം നടുങ്ങി. കോണ്‍ഗ്രസ് നേതാക്കള്‍ വിറങ്ങലിച്ചു നിന്നു. മഹാത്മാഗാന്ധി മൗനം കൊണ്ട് ദുഃഖമാചരിച്ചു.
അതിര്‍ത്തി പ്രദേശങ്ങളില്‍ മുഴുവന്‍ അഗ്നി പടര്‍ന്നു. സ്ത്രീകളെന്നോ കുട്ടികളെന്നോ വൃദ്ധരെന്നോ നോക്കാതെ ക്രൂരമായി കൊല്ലപ്പെട്ടു. ഖിലാഫത്തു പ്രസ്ഥാനം ഏറ്റെടുത്തതു മുതല്‍ മതപരമായി മാത്രം ചിന്തിക്കാന്‍ ഭാരതീയരെ കോണ്‍ഗ്രസ് പഠിപ്പിച്ചിരുന്നു. ദേശീയതയ്ക്കു മുകളില്‍ മതസൗഹാര്‍ദ്ദത്തെ പ്രതിഷ്ഠിച്ചതിന്റെ ദുരന്തഫലമായിരുന്നു വിഭജനവും അനന്തര കലാപങ്ങളും. ഉത്തരത്തിലുള്ളതു കിട്ടിയതുമില്ല, കക്ഷത്തിലിരുന്നതു പോവുകയും ചെയ്തു. സര്‍വ്വസാധാരണ ജനങ്ങളിലുണ്ടായിരുന്ന ദേശീയ വികാരം നഷ്ടമായി. മതസൗഹാര്‍ദ്ദം നേടാനായതുമില്ല. ഫലം വിഭജനവും ആജന്മശത്രുതയും.

കലാപം വിവരണാതീതമായിരുന്നു. 1947 ആഗസ്റ്റ് 27 നും നവംബര്‍ 6-നും ഇടയില്‍ മാത്രം 673 തീവണ്ടികളിലായി 28 ലക്ഷം അഭയാര്‍ത്ഥികളാണ് പാക്കിസ്ഥാനില്‍ നിന്നും ഭാരതത്തിലേക്ക് ഒഴുകിയത്. ട്രെയിനുകളില്‍ ശവങ്ങളും അംഗഭംഗം വന്നവരും മൃതപ്രായരായവരും അഭയാര്‍ത്ഥികളും ഒരേ അവസ്ഥയിലായിരുന്നു. 30,000 മുതല്‍ 40,000 വരെയുള്ള വലിയ സംഘങ്ങളായി കയ്യില്‍കിട്ടിയതും വാരിപ്പിടിച്ച് ഓടിവന്നവര്‍ വേറെ. അങ്ങനെ വരുന്നവര്‍ വഴിക്കുവച്ച് ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. ശേഷിച്ചവര്‍ മാത്രം ഭാരതമണ്ണിലെത്തി. 1200 ഓളം പട്ടാളവണ്ടികളിലായി 4,27,000 പേര്‍ എത്തിക്കപ്പെട്ടു. ഇതുകൂടാതെ വിമാനങ്ങളിലും അല്ലാതെയുമായി വന്ന ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ ആലംബഹീനരായി അലഞ്ഞു.

ഇവിടെനിന്നും പാക്കിസ്ഥാനിലേക്ക് പോകുന്നവരെ നെഹ്‌റു സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തി. അവര്‍ക്ക് സ്വന്തം വീടുകളില്‍ പാര്‍ക്കാന്‍ പട്ടാളം കാവല്‍നിന്നു. അഭയാര്‍ത്ഥികളായി ഇവിടേക്കു വന്നവര്‍ ഇവിടെനിന്നു പോകുന്ന മുസ്ലീങ്ങളുടെ വീടുകള്‍ കയ്യേറാന്‍ ശ്രമിച്ചിരുന്നു. ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരില്‍ ആ ശ്രമം തടയപ്പെടുകയും വന്നവര്‍ അനാഥരാവുകയും ചെയ്തു. മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംരക്ഷണവും സഹായവും കിട്ടിയപ്പോള്‍ ദശലക്ഷക്കണക്കിനു ഹിന്ദുക്കള്‍ പുഴുക്കളെപ്പോലെ നുരഞ്ഞു. 10 ലക്ഷം പേരാണ് ഈ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. അനേകലക്ഷം ഇരു രാജ്യങ്ങളിലേക്കും പലായനം ചെയ്തു. കൂടുതലും പാക്കിസ്ഥാനില്‍ നിന്നും ഭാരതത്തിലേക്ക് ആയിരുന്നു.

സര്‍വ്വതും നഷ്ടപ്പെട്ട ഹിന്ദുക്കള്‍ ഡല്‍ഹിയിലും മറ്റിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അവരുടെ ദൃഷ്ടിയില്‍ മുസ്ലീം പ്രീണനം നടത്തിയ കോണ്‍ഗ്രസും നെഹ്‌റുവും ഗാന്ധിജിയുമാണ് ഈ ദുരന്തത്തിന് ഉത്തരവാദികള്‍ എന്നു വിശ്വസിച്ചു. രോഷം മുഴുവന്‍ അവരോടായിരുന്നു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും ഗാന്ധിജിക്കുമെതിരെ അഭയാര്‍ത്ഥികള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.
തെരുവില്‍ തള്ളപ്പെട്ട അഭയാര്‍ത്ഥികളെ സംരക്ഷിക്കാന്‍ ആര്‍.എസ്.എസ്. മുന്നോട്ടുവന്നു. നൂറുകണക്കിന് അഭയാര്‍ത്ഥിക്യാമ്പുകള്‍ തുറന്നു. ആഹാരം, വസ്ത്രം, മരുന്ന് തുടങ്ങിയവ സംഘടിപ്പിക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അഹോരാത്രം ഊണും ഉറക്കവും ഉപേക്ഷിച്ച് പണിയെടുത്തു. അഭയാര്‍ത്ഥി ക്യാമ്പുകള്‍ ആക്രമിക്കപ്പെടാതിരിക്കാന്‍ കാവല്‍ നിന്നു. തങ്ങളെ രക്ഷിക്കാന്‍ ആര്‍.എസ്.എസ് മാത്രമേ ഉള്ളൂ എന്ന തോന്നല്‍ സാധാരണ ഹിന്ദുക്കളില്‍ ശക്തിപ്പെട്ടു. ഇത് പ്രധാനമന്ത്രി നെഹ്‌റുവിന്റെ ശ്രദ്ധയിലും പെട്ടു. ആര്‍.എസ്.എസിനു അനുകൂലമായി വര്‍ദ്ധിച്ചുവരുന്ന ജനവികാരത്തെ തടഞ്ഞില്ലെങ്കില്‍ തന്റെ രാഷ്ട്രീയഭാവി അപകടത്തിലാവുമെന്ന തിരിച്ചറിവ് നെഹ്‌റുവിനുണ്ടായി.

ആര്‍.എസ്.എസ് അനുകൂല വളര്‍ച്ചയെ തടയാന്‍ നെഹ്‌റു കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. ‘ആര്‍.എസ്.എസ് ഭരണം പിടിക്കാന്‍ ശ്രമിക്കുന്നു, കുഴപ്പം സൃഷ്ടിക്കാന്‍ നോക്കുന്നു’ തുടങ്ങിയ ആരോപണങ്ങള്‍ യാതൊരു മടിയുമില്ലാതെ അഴിച്ചുവിട്ടു. 1947 നവംബറില്‍ തന്നെ ആര്‍.എസ്.എസിനെ നിരോധിക്കാനുള്ള ചര്‍ച്ചകള്‍ നടത്തി. ഉചിതമായ കാരണം കണ്ടുപിടിക്കാന്‍ തലപുകഞ്ഞു. അത്തരമൊരു സന്നിദ്ധഘട്ടത്തിലാണ് ഗാന്ധിജി വെടിയേറ്റു വീഴുന്നത്. തന്ത്രശാലിയായ നെഹ്‌റു ആര്‍.എസ്.എസ് ഗാന്ധിയെ കൊന്നു എന്നു പറഞ്ഞില്ല, പകരം ഒരു ഹിന്ദു വര്‍ഗ്ഗീയവാദി ഗാന്ധിജിയെ വെടിവെച്ചു എന്നു വിളംബരപ്പെടുത്തുകയും ആര്‍.എസ്.എസിനെ നിരോധിക്കുകയും ചെയ്തു. സ്വാഭാവികമായും നിരോധിക്കപ്പെട്ടവരാണ് ഗാന്ധി വധത്തിനു പിന്നില്‍ എന്ന ധാരണ ലോകത്തില്‍ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നെഹ്‌റുവിനു സാധിച്ചു. ഒരു വെടിക്കു പല പക്ഷികളെ നേടാന്‍ അദ്ദേഹത്തിനായി.

ഗാന്ധിജിയെ വെടിവെച്ചവരും ഗൂഢാലോചന നടത്തിയവരും മുഴുവന്‍ അറസ്റ്റു ചെയ്യപ്പെട്ടു. അതില്‍ നാഥുറാം വിനായക് ഗോഡ്‌സെ ആര്‍.എസ്.എസ്‌കാരനാണെന്ന കുപ്രചാരണം കോണ്‍ഗ്രസ് മനപ്പൂര്‍വ്വം പ്രചരിപ്പിച്ചു. ഗോഡ്‌സെ ആദ്യം കോണ്‍ഗ്രസ്സിലാണ് പ്രവര്‍ത്തിച്ചത്. നിസ്സഹകരണ സമരത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു രാഷ്ട്രീയ രംഗപ്രവേശം. പിന്നീട് ഏതാനും നാള്‍ ആര്‍.എസ്.എസ്. പോരെന്നു തോന്നിയപ്പോള്‍ ഹിന്ദു മഹാസഭയില്‍. ഹിന്ദു മഹാസഭ തുടങ്ങിയതും കൊണ്ടുനടന്നതും കോണ്‍ഗ്രസ്സുകാര്‍ ആയിരുന്നു. കോണ്‍ഗ്രസ്സിന്റെയും ഹിന്ദു മഹാസഭയുടെയും വാര്‍ഷിക സമ്മേളനങ്ങള്‍ ഏതാണ്ട് ഒരേ തീയതികളിലായിരുന്നു നടത്തിയിരുന്നത്. രണ്ടിലും പ്രസംഗകര്‍ മിക്കവാറും ഒരേ ആള്‍ക്കാര്‍ തന്നെയായിരുന്നു.
ഗാന്ധിജിയെ വെടിവെച്ചവരില്‍ പ്രധാനപ്പെട്ട എല്ലാവരും ഹിന്ദു മഹാസഭ പ്രവര്‍ത്തകരായിരുന്നു. അന്ന് അതിന്റെ അദ്ധ്യക്ഷന്‍ നിര്‍മ്മല്‍ചന്ദ്ര ചാറ്റര്‍ജി ആയിരുന്നു. എന്നാല്‍ നെഹ്‌റുവും കൂട്ടരും ഹിന്ദുമഹാസഭയെ നിരോധിക്കുകയോ നിര്‍മ്മല്‍ചന്ദ്രചാറ്റര്‍ജിയെ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ല. പകരം ആര്‍.എസ്.എസിനെ നിരോധിക്കുകയും വിപ്ലവകാരിയായിരുന്ന ഹിന്ദുമഹാസഭയുടെ മുന്‍പ്രസിഡന്റ് സവര്‍ക്കറെ അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്. നെഹ്‌റുവിന്റെ താല്‍പ്പര്യം എന്തെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.
സര്‍വക്കറുടെ വ്യക്തിപരമായ ഇമേജ് തകര്‍ക്കേണ്ടത് നെഹ്‌റുവിന്റെ ആവശ്യമായിരുന്നു. കാരണം സ്വാതന്ത്ര്യസമരമുഖങ്ങളില്‍ ഏറ്റവും കൂടുതല്‍ ശാരീരിക പീഡനം അനുഭവിച്ചവരില്‍ അഗ്രഗണ്യനായിരുന്നു സവര്‍ക്കര്‍.


നെഹ്‌റു ഇംഗ്ലണ്ടില്‍ നിന്നും തിരിച്ചുവന്ന് രാജകീയജീവിതം നയിച്ചുവന്ന ആളാണ്. പഠിക്കുന്ന കാലത്ത് ഇംഗ്ലണ്ടിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. 26-ാം വയസ്സില്‍ വിവാഹം കഴിക്കുമ്പോള്‍ അലഹബാദില്‍ നടത്താതെ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ നെഹ്‌റു മാര്യേജ് ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു. ഒരാഴ്ച മുഴുവന്‍ തീനും കുടിയും ആട്ടവും പാട്ടും. അങ്ങനെ എല്ലാ ആര്‍ഭാടവും ആഹ്ലാദവും അനുഭവിച്ചു കഴിഞ്ഞാണ് ദേശീയ പ്രസ്ഥാനത്തില്‍ ഉള്‍പ്പെട്ടത്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളായിരുന്നതുകൊണ്ട് നെഹ്‌റുവിനെപ്പോലെയുള്ളവര്‍ക്ക് ശാരീരിക പീഡനം ഒരിക്കലും അനുഭവിക്കേണ്ടിവന്നിട്ടില്ല.

ഇതായിരുന്നില്ല സവര്‍ക്കറുടെ ജീവിതം. പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ സഹപാഠികളെ ചേര്‍ത്ത് രാഷ്ട്രഭക്തസമൂഹം, ഹൈസ്‌കൂളിലായപ്പോള്‍ മിത്രമേള, കലാലയത്തിലെത്തിയപ്പോള്‍ അഭിനവഭാരത് – അങ്ങനെ വളരുന്നതനുസരിച്ച് രാജ്യസ്‌നേഹവും ദേശീയപ്രവര്‍ത്തനവും തന്റേതായ രീതിയില്‍ സംഘടിപ്പിച്ചയാള്‍. 12-ാം വയസ്സില്‍ തന്റെ ഗ്രാമത്തെ വര്‍ഗ്ഗീയവാദികളായ കലാപകാരികള്‍ക്ക് ആക്രമിച്ചപ്പോള്‍ മറ്റ് ബാലന്മാരെ ചേര്‍ത്ത് തങ്ങള്‍ക്കാവുന്നപോലെ ചെറുക്കുകയും ഗ്രാമത്തെ രക്ഷിക്കാന്‍ പ്രയത്‌നിക്കുകയും ചെയ്തു. അങ്ങനെയാണ് ‘വീരസവര്‍ക്കര്‍’ എന്ന പേര്‍ ഗ്രാമവാസികള്‍ നല്‍കിയത്.

ഇംഗ്ലണ്ടില്‍ വിപ്ലവപ്രവര്‍ത്തനവും വിദ്യാഭ്യാസവും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ‘ദി വാര്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡിപ്പന്റന്‍സ്‘ എന്ന പുസ്തകം തയ്യാറാക്കിയത്. പ്രസിദ്ധീകരിക്കുന്നതിന് മുമ്പുതന്നെ അത് നിരോധിച്ചു. വിപ്ലവപ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തു. കപ്പലില്‍ കൊണ്ടുവരവെ കക്കൂസ് ദ്വാരത്തിലൂടെ കടലില്‍ ചാടി. വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട സവര്‍ക്കറെ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യേണ്ടിവന്നു. ശിക്ഷയായി ഇരട്ട ജീവപര്യന്തം എന്ന പേരില്‍ അമ്പതു വര്‍ഷം ശിക്ഷ. സ്വാതന്ത്ര്യസമരത്തിലെ അപൂര്‍വ്വ ശിക്ഷ!
തുടര്‍ന്ന് കുപ്രസിദ്ധമായ ആന്റമാന്‍ ജയിലില്‍ പരസ്പരം സംസാരിക്കാന്‍ സ്വാതന്ത്ര്യമില്ലാതെ, ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമായി കത്തിടപാടിനുപോലും അവസരമില്ലാതെയുള്ള പീഡനപര്‍വ്വം. സ്വന്തം സഹോദരന്‍ ഗണേഷ് സവര്‍ക്കറും അതേ ജയിലില്‍. നിന്ന് തിരിയാന്‍ ഇടമില്ലാത്ത കുറിയ മുറിയില്‍ പത്തുവര്‍ഷം. മരം വെട്ടുകയും കന്നുകാലികളെപ്പോലെ ചക്കാട്ടുകയും ചെയ്യണം. നിസ്സാരമായ കുറ്റത്തിനും ക്രൂരമായ ശിക്ഷ. ചീഞ്ഞതും മൃഗാവശിഷ്ടങ്ങള്‍ നിറഞ്ഞതുമായ വൃത്തികെട്ട ഭക്ഷണം. ഭീതിദമായ നിശബ്ദതയില്‍ പലര്‍ക്കും ഭ്രാന്തുപിടിച്ചു. നിരവധി പേര്‍ ഭ്രാന്തെടുത്തും പീഡനം കൊണ്ടും മരിച്ചു. ഇതിനിടയിലാണ് അത്തരമൊരു ജയില്‍പ്പുള്ളിയായി പത്തു വര്‍ഷം സവര്‍ക്കര്‍ കഴിഞ്ഞത്. അതിനുശേഷം വേറൊരു മൂന്നു വര്‍ഷം സാധാരണ ജയിലിലും. പിന്നീട് ഭരണപരിഷ്‌ക്കാരത്തിന്റെ പേരില്‍ പൊതുമാപ്പ് നല്‍കപ്പെട്ടപ്പോള്‍ സ്വതന്ത്രനായി.
വിവരണാതീതമായ പീഡനത്തിന്റെ ആയിരത്തിലൊരംശംപോലും നെഹ്‌റു കണ്ടിട്ടുപോലുമുണ്ടാകില്ല. അപ്പോഴല്ലെ അനുഭവിക്കുന്നത്. ഈ പീഡനങ്ങള്‍ക്കിടയിലും കൈച്ചങ്ങലയിലെ ഇരുമ്പു തകിടുകൊണ്ട് ജയില്‍ഭിത്തിയിലെഴുതിയ അനേകം വരികള്‍!


പോര്‍ട്ട് ബ്ലയര്‍ വിമാനത്താവളത്തിന് പിന്നീട്  ‘Veer Savarkar International Airport ‘ എന്ന് പേരിട്ടു. ഇംഗ്ലണ്ടിലെ ഇന്ത്യാഹൗസില്‍ അവര്‍ ചിത്രം വയ്ക്കുകയും ഇങ്ങനെ ആലേഖനം ചെയ്യുകയും ചെയ്തു. Vinayak Damodhar Savarkar 1883-1966 Indian Patriot and Philosopher lived here. ശത്രുക്കളായിരുന്നവര്‍പോലും പിന്നീട് അംഗീകരിച്ച സവര്‍ക്കര്‍ ഒരു വലിയ ബിംബമായി ഉയര്‍ന്നു നില്‍ക്കുന്നത് തന്റെ ഇമേജിന് ഇടിവു തട്ടുമെന്ന് നെഹ്‌റു ചിന്തിച്ചു. സ്വാര്‍ത്ഥമായ വികാരം ഒന്നുകൊണ്ടുമാത്രം മഹാനായ ആ ഭാരതപുത്രനെ ഗാന്ധി വധക്കേസില്‍ നിഷ്‌ക്കരുണം പ്രതിയാക്കി. പിന്നീട് വിട്ടയച്ചെങ്കിലും നെഹ്‌റുവിന്റെ തിളക്കം മറയ്ക്കുമായിരുന്ന ആ വിപ്ലവനക്ഷത്രത്തിന്റെ ശോഭ കെടുത്താന്‍ നെഹ്‌റുവിന് കഴിഞ്ഞു.
ആര്‍.എസ്.എസിനെ നിരോധിക്കാന്‍ പ്രേരകമായ പശ്ചാത്തലം മുമ്പു പറഞ്ഞതാണ്. വിഭജനാനന്തരവേളയില്‍ ദുരിതാശ്വാസത്തിനുള്ള സംഘത്തിന്റെ പങ്കും ഹിന്ദു സമൂഹത്തില്‍ രൂപപ്പെട്ടുവന്ന വിശ്വാസവും കോണ്‍ഗ്രസിനോടും നെഹ്‌റുവിനോടും വര്‍ദ്ധിച്ചുവന്ന വിശ്വാസക്കുറവും. ഈ സാഹചര്യത്തെ അതിജീവിക്കേണ്ടത് നെഹ്‌റുവിന്റെയും കോണ്‍ഗ്രസ്സിന്റെയും രാഷ്ട്രീയഭാവിക്ക് അനിവാര്യമായിരുന്നു.

മറ്റൊരു കൂട്ടര്‍ക്കും ഭാരതത്തില്‍ വളര്‍ന്നു വരുന്ന ഹിന്ദുത്വബോധവും ദേശീയാഭിമാനവും അലോസരമുണ്ടാക്കി. അത് സോവിയറ്റ് യൂണിയനായിരുന്നു. ഭാരത്തില്‍ വേരുപിടിച്ചുവളരുന്ന കമ്മ്യൂണിസത്തിനും ആഗോള കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്ത്വത്തിനും വിലങ്ങുതടിയായിരുന്നു ആര്‍.എസ്.എസ് വളര്‍ത്തിക്കൊണ്ടിരുന്ന ദേശീയബോധം. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകള്‍ അതിനെ എപ്പോഴും ”സങ്കുചിതദേശീയത” എന്നും സംബോധന ചെയ്തു. കമ്മ്യൂണിസ്റ്റ് റഷ്യക്കും നെഹ്‌റുവിനും ഒരേപോലെ ശത്രുത ഉണ്ടായിരുന്ന ആര്‍.എസ്.എസിനെ തുരത്തേണ്ടത് രണ്ടു കൂട്ടരുടേയും പൊതു താല്‍പ്പര്യമായി വന്നു. റഷ്യന്‍ താല്‍പ്പര്യം സംരക്ഷിക്കേണ്ടത് ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകളുടെ ഉത്തരവാദിത്വവുമായിരുന്നു.

റഷ്യയുടെ ശൈലിയും പദ്ധതികളുമായിരുന്നല്ലോ പിന്നീട് നെഹ്‌റു വികസനത്തിന്റെ പേരില്‍ നടപ്പാക്കിയത്. കോണ്‍ഗ്രസ് സോവിയറ്റ് യൂണിയന്‍ ബന്ധം യു.എസ്.എസ്.ആര്‍-ന്റെ തകര്‍ച്ചവരെയും തുടര്‍ന്നതാണ് ചരിത്രം. നെഹ്‌റുവിന്റെയും ഇന്ദിരയുടെയും കാലം കഴിഞ്ഞ് റഷ്യയുടെ പിടിമുറുക്കാന്‍ രാജീവിന്റെ റഷ്യന്‍ സന്ദര്‍ശനത്തെ ഉപയോഗിച്ചു. എപ്പോഴെങ്കിലും പിടിവിട്ടുപോകാതിരിക്കാന്‍ റഷ്യന്‍ ചാരസംഘത്തെ നിയോഗിച്ചു. ശ്രീമതി സോണിയയുടെയും സഹോദരിയുടെയും അമ്മയുടെയും ജൂനിയറായിരുന്ന മകന്‍ രാഹുലിന്റെയും പേരില്‍ കോടിക്കണക്കിനു ഡോളര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചു. രണ്ടരമില്യണ്‍ ഡോളറാണ് ഒരുവേള അങ്ങനെ നിക്ഷേപിച്ചത് എന്ന് കെ.ജി.ബി തലവന്‍ പിന്നീട് വെളിപ്പെടുത്തി. ആ രേഖകളെല്ലാം യു.എസ്.എസ്.ആര്‍-ന്റെ തകര്‍ച്ചയ്ക്കുശേഷം പുറത്തുവന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് ഡോ.സുബ്രഹ്മണ്യം സ്വാമി കേസ് കൊടുത്തിരുക്കുന്നത്. (വിശദാംശങ്ങള്‍ അദ്ദേഹത്തിന്റെ വെബ് സൈറ്റില്‍ കിട്ടും)

ഈ ത്രികക്ഷി പദ്ധതിയുടെ ഭാഗമായാണ് ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷന്‍ നിര്‍മ്മല്‍ചന്ദ്ര ചാറ്റര്‍ജിയെ കേസില്‍പെടുത്താതിരുന്നതും ഹിന്ദു മഹാസഭയെ നിരോധിക്കാതിരുന്നതും. പകരം ആര്‍.എസ്.എസിനെ നിരോധിക്കുകയും സവര്‍ക്കറെ പ്രതിയാക്കുകയും ചെയ്തു. ഹിന്ദുമഹാസഭയില്‍ നിന്ന് തല്‍ക്കാലം മാറിനിന്ന നിര്‍മ്മല്‍ചന്ദ്ര ചാറ്റര്‍ജിയെ നന്ദി സൂചകമായി നെഹ്‌റു കല്‍ക്കട്ടയിലെ ജഡ്ജിയായി നിയമിക്കുകയും ചെയ്തു. അവിടെയും അവസാനിച്ചില്ല നിര്‍മ്മലിന്റെ നേട്ടങ്ങള്‍.

1952-ല്‍ ലോകസഭയിലേക്ക് ഹിന്ദുമഹാസഭയുടെ തന്നെ ടിക്കറ്റില്‍ ഹൂഗ്ലിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. (ഗാന്ധിഘാതക സംഘടനാ അദ്ധ്യക്ഷന്‍) പിന്നീട് 1963-ല്‍ ബുര്‍ദ്ധ്വാന്‍ മണ്ഡലത്തെ പ്രതിതിധീകരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ലോകസഭയില്‍ എത്തി. 1967-ല്‍ അതേമണ്ഡലത്തില്‍ നിന്നുതന്നെ സി.പി.എം-ന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വീണ്ടും എം.പി. ആയി. പിന്നീട് അദ്ദേഹത്തിനു വയ്യാതായപ്പോള്‍ മകന്‍ സോമനാഥ് ചാറ്റര്‍ജിയെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന ആവശ്യം നിഷേധിക്കാന്‍ സി.പി.എം-ന് ആയില്ല.

പിന്നീട് നാല്‍പ്പതിലധികം വര്‍ഷക്കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായി ഹിന്ദുത്വത്തിനെതിരെ ആക്രോശിച്ചുകൊണ്ടിരുന്നത് ഗാന്ധിഘാതക സംഘടനയുടെ അദ്ധ്യക്ഷന്റെ മകനായിരുന്നു. കൊലയാളി സംഘടനയുടെ അദ്ധ്യക്ഷനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി താലോലിച്ചതും തലയിലേറ്റിയതും എന്തിനായിരുന്നു? ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനായിരുന്നു റഷ്യന്‍ ചാരസംഘടനയായ കെ.ജി.ബി യും നെഹ്‌റുവും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും ഗൂഢാലോചന നടത്തിയത്? അതിനായി കൈപ്പറ്റിയ കോടിക്കണക്കിനു ഡോളര്‍ എങ്ങനെ ചെലവഴിച്ചു? എന്തിനു ചെലവഴിച്ചു?


ഗാന്ധി വധവുമായി യാതൊരുതരത്തിലും ആര്‍.എസ്.എസിനെ ബന്ധിപ്പിക്കാന്‍ നെഹ്‌റുവിനും പട്ടേലിനും ആയില്ല. പിന്നീട് 1967-ല്‍ ശ്രീമതി ഇന്ദിരാഗാന്ധി ഒരു ശ്രമം നടത്തി. ഒരു പുതിയ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ആര്‍.എസ്.എസ്. ബന്ധം സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ജസ്റ്റിസ് ജീവന്‍ലാല്‍ കപൂറിനെയാണ് കമ്മീഷ്ണറായി നിയമിച്ചത്. അതും ലക്ഷ്യം കാണാതെ മടങ്ങി. പക്ഷേ നെഹ്‌റുവിന്റെ താല്‍പ്പര്യം ഒന്നുമാത്രമായിരുന്നു. ആര്‍.എസ്.എസിനോടുള്ള ജനങ്ങളുടെ മനോഭാവത്തെ തകര്‍ക്കുക. അത് ഈ ഒരു വെടികൊണ്ട് സാധിച്ചു. പിന്നീട് ദഹനക്കേടുണ്ടാകുമായിരുന്ന പല മാരണങ്ങളും ഒറ്റവെടിക്ക് ഒഴിഞ്ഞുകിട്ടി. ഗാന്ധിജിയുടെ ജീവന്‍ സംരക്ഷിക്കല്‍ ഒരു അജണ്ട ആയിരുന്നില്ല.

അല്ലെങ്കില്‍ ഗാന്ധി വധവുമായി ബന്ധപ്പെട്ട ചില സംശയങ്ങള്‍ കോണ്‍ഗ്രസ് ദൂരീകരിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് മുമ്പു പലതവണ ഗാന്ധിജിക്കുനേരെ കൈയ്യേറ്റത്തിനു ശ്രമിച്ച ഗോഡ്‌സെയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാതിരുന്നത്? 1948 ജനുവരി 20-നു മദന്‍ലാലും കൂട്ടരും ഗാന്ധിജിക്കുനേരെ ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചിട്ടും വേണ്ടത്ര സുരക്ഷാസംവിധാനം ഒരുക്കിയില്ല. ഒരുതവണ വധശ്രമം ഉണ്ടായിട്ടും രഹസ്യപോലീസിനേയും മഫ്ടി പോലീസിനേയും വിന്യസിക്കാതിരുന്നത് എന്തുകൊണ്ട്? ഗാന്ധി വധക്കേസിലെ പ്രമുഖ സാക്ഷികളില്‍ ഒരാളും കോണ്‍ഗ്രസ്സുകാരനുമായ പ്രൊഫ.ജെ.സി. ജെയിന്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ട് ഗാന്ധി വധത്തിനു ഗൂഢാലോചന നടക്കുന്നതിനെപ്പറ്റി തനിക്കറിയാം എന്ന് പറഞ്ഞതിനെ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണ്? ഗൂഢാലോചനാവിവരം വിശദീകരിക്കാന്‍ ശ്രമിക്കവെ ബോംബെ മുഖ്യമന്ത്രി ബി.ജി.ഖേറും മൊറാര്‍ജി ദേശായിയും പ്രൊഫ.ജയിനിനെ പരിഹസിച്ച് ഇറക്കിവിട്ടത് എന്തുദ്ദേശത്തിലായിരുന്നു?
ആര്‍.എസ്.എസിന്റെ ഒരു സാധാരണ പ്രവര്‍ത്തകനെപ്പോലും ഗാന്ധിവധക്കേസില്‍ പ്രതിയാക്കാതിരുന്നത് എന്തുകൊണ്ട്? അന്വേഷണത്തിനു നേതൃത്വം നല്‍കിയ ഡി.ഐ.ജി പത്തൊന്‍പതു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും യഥാര്‍ത്ഥ വസ്തുത എന്തുകൊണ്ട് ലോകത്തോട് പറഞ്ഞില്ല? അന്വേഷണ റിപ്പോര്‍ട്ട് മുഴുവന്‍ വിലയിരുത്തിയ സര്‍ദാര്‍ പട്ടേല്‍ കേസ് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചുകൊണ്ട് 1948 ഫെബ്രുവരി 27-നു അയച്ച കത്തിലെ വിവരങ്ങള്‍ വെച്ചുകൊണ്ട് എന്തുകൊണ്ട് തീരുമാനങ്ങള്‍ കൈക്കൊണ്ടില്ല? ഈ സംഭവങ്ങളുമായി ആര്‍.എസ്.എസ്-ന് പുലബന്ധം പോലുമില്ല എന്ന പട്ടേലിന്റെ പ്രഖ്യാപനമനുസരിച്ച് ആര്‍.എസ്.എസ്-ന് എതിരായ ദുഷ്പ്രചാരണം എന്തുകൊണ്ടാണ് അവസാനിപ്പിക്കാതിരുന്നത്? എന്തിനായിരുന്നു പ്രത്യേക കാരണമൊന്നും പറയാതെ നിരോധനം ഒന്നര വര്‍ഷം നീട്ടിക്കൊണ്ടുപോയത്? ഗാന്ധി വധവുമായി ആര്‍.എസ്.എസ് നു ബന്ധമുണ്ടായിരുന്നെങ്കില്‍ ഒന്നരവര്‍ഷത്തിനു ശേഷം എന്തിനാണ് നിരോധനം നിരുപാധികം നീക്കിയത്? അത്രയും നാള്‍ കഴിഞ്ഞാല്‍ ഗാന്ധിവധം അപ്രസക്തമാകുമോ? 1949 ഒക്‌ടോബര്‍ 10നു നടന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി ആര്‍.എസ്.എസ്-കാര്‍ മുഴുവന്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് എന്തുകൊണ്ടാണ് ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയത്? ഗാന്ധി ഘാതകരെ സഹിക്കാന്‍ കോണ്‍ഗ്രസിനാകുമോ? (പിന്നീട് നെഹ്‌റു ഇടപെട്ട് പ്രമേയം റദ്ദു ചെയ്യിച്ചു.)

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ആവശ്യം വിഭജനാനന്തരം തനിക്കും കോണ്‍ഗ്രസിനും നേരെയുള്ള ജനരോക്ഷം വഴിതിരിച്ചുവിടുക എന്നുള്ളതായിരുന്നു. അതിന് അന്ന് നല്ല ബന്ധത്തിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാരെയും സോവിയറ്റ് യൂണിയനെയും കൂട്ടുപിടിച്ചു എന്നുമാത്രം. ആര്‍.എസ്.എസിനു കിട്ടിക്കൊണ്ടിരുന്ന വമ്പിച്ച സ്വീകാര്യത തകര്‍ത്താലല്ലാതെ കോണ്‍ഗ്രസിനു രാഷ്ട്രീയ ഭാവി ഉണ്ടാകുമായിരുന്നില്ല. അത് ഈ ഒന്നരക്കൊല്ലം കൊണ്ട് ഉറപ്പിച്ചു.

ഗാന്ധിവധം നടന്നിട്ട് ഏഴു പതിറ്റാണ്ടായിട്ടും ഇന്നും കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഗാന്ധിവധവും ഗാന്ധിജിയുടെ പേരും വിറ്റാലല്ലാതെ നിലനില്‍ക്കാന്‍ കഴിയില്ല എന്നത് എത്രമാത്രം ഗതികേടാണ് അവര്‍ അനുഭവിക്കുന്നത് എന്നതിന്റെ തെളിവാണ്. മറ്റൊന്നും പറഞ്ഞ് ജനങ്ങളെ സമീപിക്കാനോ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാനോ അവര്‍ക്ക് കഴിയുന്നില്ല. ഗാന്ധിവധം ഒരു ഉപജീവനമാര്‍ഗ്ഗമാണ്. ഗാന്ധിവധത്തിന്റെ ഗുണഭോക്താക്കള്‍ തന്നെയാണ് അതിന് അവസരമൊരുക്കിയതും.

ഭാരതമണ്ണില്‍ വര്‍ഗ്ഗീയതയുടെയും ജാതീയതയുടെയും വിഷാണുക്കളെ പടര്‍ത്തുന്ന കൊതുകുകളാണ് കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സും. അവരുടെ ക്വട്ടേഷന്‍ സംഘങ്ങളായി ചില സാഹിത്യകാരന്മാരും ഭീകരവാദസംഘടനകളും ഈ വിഷാണു പ്രചാരത്തെ ഏറ്റുവാങ്ങുന്നു. അവര്‍ സൃഷ്ടിച്ച ഇരുട്ട് മാറിത്തുടങ്ങുന്നു എന്ന് അവര്‍ തിരിച്ചറിയുന്നു. അതിന്റെ അസഹ്യതയാണ് കൂട്ടായ അക്രമണത്തിന്റെ പ്രേരണ. പക്ഷേ സത്യത്തിന്റെ സൂര്യന്‍ ഉച്ചസ്ഥായിലെത്തുമ്പോള്‍ ഈ കൊതകുകളെല്ലാം കരിഞ്ഞു വീഴും. അതുവരെ അവരുടെ കടി സഹിക്കേണ്ടി വരും.

-ശുഭം-

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.