രണ്ട് എംഎല്‍എമാരെ കൂടി ലഭിച്ചാല്‍ യെദ്യൂരപ്പ ഭൂരിപക്ഷം നേടിയേക്കും, കര്‍ണാടകയില്‍ നിന്നുള്ള പുതിയ കണക്കുകള്‍ പറയുന്നത്


ബംഗളൂരു:222 അംഗ നിയമസഭയില്‍ 111 പേരുടെ പിന്തുണയുണ്ടെങ്കില്‍ യെദ്യൂരപ്പക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നിരിക്കെ അതിന് രണ്ട് പേരുടെ കൂടി പിന്തുണ ഇനി ബിജെപിക്ക് ലഭിച്ചാല്‍ മതിയെന്ന് അവിടെ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

104 അംഗങ്ങളുള്ള ബിജെപിയോടൊപ്പം രണ്ട് ജെഡിഎസ് എംഎല്‍എമാര്‍ കൂറു മാറി ചേര്‍ന്നുവെന്ന് ഇന്നലെ രാത്രിയില്‍ ജനതാദള്‍ എസ് നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപി ക്യാമ്പിലെത്തിയതായി കോണ്‍ഗ്രസ് കേന്ദ്രങ്ങളും പറയുന്നുണ്ട്. രണ്ട് സ്വതന്ത്രരും നിര്‍ണായകഘട്ടത്തില്‍ ബിജെപിയ്ക്ക് പിന്തുണ നല്‍കും അങ്ങനെ എങ്കില്‍ 109 അംഗങ്ങള്‍ യെദ്യൂരപ്പയെ പിന്തുണച്ചേക്കാം. രണ്ട് എംഎല്‍എമാര്‍ കൂടി ഇതിനൊപ്പം ചേര്‍ന്നാല്‍ യെദ്യൂരപ്പ ഭരണം നിലനിര്‍ത്തിയേക്കാമെന്നാണ് കണക്കു കൂട്ടല്‍.

ആനന്ദ് സിംഗ്. പ്രതര് ഗൗഡ പാട്ടില്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് വിട്ടു നില്‍ക്കുന്ന എംഎല്‍മാര്‍. എന്നാല്‍ തങ്ങളുടെ പക്ഷത്ത് നിന്ന് ആരും മറുഭാഗത്ത് എത്തിയിട്ടില്ല എന്നാണ് സിദ്ധരാമയ്യ പറയുന്നത്. വിട്ടു നില്‍ക്കുന്ന ഒരു എംഎല്‍എ കോണ്‍ഗ്രസിന് തന്നെ വോട്ടു ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.
ഇതിനിടെ ബിജെപി നിങ്ങളില്‍ എത്ര പേരെ സമീപിച്ചുവെന്ന് എനിക്ക് അറിയാം ന്നൊയിരുന്നു സിദ്ധരാമയ്യ ഇന്നലെ എംഎല്‍എമാരുടെ യോഗത്തില്‍ പറഞ്ഞത്. ബിജെപിക്കെതിരായ ഈ നിര്‍ണായക അവസരം നിങ്ങള്‍ ഉപയോഗിക്കണം എന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഇനിയും നേതൃത്വം പൂര്‍ണവിശ്വാസം അര്‍പ്പിക്കുന്നില്ല. അവസാനഘട്ടത്തില്‍ അവര്‍ക്ക് വലിയ ആത്മവിശ്വാസ കുറവുണ്ട്. ജെഡിഎസും ഇന്നലത്തെ ആത്മവിശ്വാസം ഇന്ന് പുലര്‍ത്തുന്നില്ല.

വിധാന്‍ സൗധയില്‍ ഇന്ന് താന്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് യെദ്യൂരപ്പ രാവിലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
14 എംഎല്‍എമാരെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിര്‍ത്താനുള്ള ബിജെപിയുടെ ആഗ്രഹം നടന്നേക്കില്ല. എന്നാല്‍ 111 എംഎല്‍എമാരുടെ പിന്തുണ തേടി ഭൂരിപക്ഷം തെളിയിക്കാനായിരിക്കും അവര്‍ ശ്രമിക്കുക.

യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിച്ചില്ലെങ്കില്‍ കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുമെന്നിരിക്കേ ഇന്നത്തെ നിയമസഭ സമ്മേളനം ഏറെ നിര്‍ണായകമാണ്. ഭരണം അല്ലെങ്കില്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പ് എന്നതാണ് ബിജെപി അജണ്ട. ഇത് മറികടക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ ശ്രമം വിജയിക്കുമോ എന്ന് കണ്ടറിയണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.