റായ്ബറേലിയിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക്. സോണിയക്കും രാഹുലിനും വന്‍ തിരിച്ചടി

യു.പിയിലെ റായ് ബറേലി മണ്ഡലത്തിലെ സഹോദരങ്ങളായ ദിനേശ് പ്രതാപ് സിംഗും അവധേശ് സിംഗും കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക്. റായ് ബറേലിയിലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് ദിനേശ് പ്രതാപ് സിംഗ്. അവധേശ് സിംഗ് ജില്ലാ പഞ്ചായത്ത് ചെയര്‍മാനും. ഏപ്രില്‍ 21ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും യു.പിയിലെ ബി.ജെ.പി പ്രസിഡന്റിന്റെയും മുഖ്യമന്ത്രി യോഗിയ ആദിത്യനാഥിന്റെയും സാന്നിദ്ധ്യത്തില്‍ വെച്ച് അവധേശും ദിനേശും ബി.ജെ.പിയില്‍ ചേരുമെന്ന് ദിനേശ് വ്യക്തമാക്കി. ഇതുകൂടാതെ ഇവര്‍ രണ്ട് പേരുടെയും സഹോദരനായ രാകേഷ് സിംഗ് ബി.ജെ.പിയില്‍ ചേരുന്നില്ലെങ്കിലും താന്‍ കോണ്‍ഗ്രസിന്റെ ഭാഗമല്ലായെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയാണ് ഇവരെ കോണ്‍ഗ്രസില്‍ നിന്നും മാറാന്‍ പ്രേരിപ്പിച്ചതെന്നും മൂവരും പറയുന്നു. ദിനേശ് പ്രതാപ് സിംഗ് യു.പിയിലെ നിയമസഭയില്‍ രണ്ട് തവണ അടുപ്പിച്ച് വിജയിച്ചതായിരുന്നു. ദിനേശിന്റെ മണ്ഡലത്തില്‍ റായ് ബറേലിയിലെയും അമേഥിയിലെയും 18 ബ്ലോക്കുകള്‍ ഉള്‍പ്പെടും.

സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മണ്ഡലങ്ങളായ റായ് ബറേലിയിലെയും അമേഥിയിലെയും സത്യങ്ങള്‍ പുറത്ത് കൊണ്ടുവരുമെന്നാണ് ദിനേശ് പറയുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ചെന്ന് ജനങ്ങളോട് ഈ രണ്ട് മണ്ഡലങ്ങളിലെ കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ച് പാര്‍ട്ടിക്ക് അന്തസ്സ് കൊണ്ടുവന്നിട്ടും സോണിയാ ഗാന്ധിയുടെ ആള്‍ക്കാര്‍ തന്നെ അധിക്ഷേപിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

ന്യൂനത വിരുദ്ധ നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് രാകേഷ് സിംഗ് ബി.ജെ.പിയില്‍ ചേരാത്തത്. മറ്റ് രണ്ട് പേരും ബി.ജെ.പിയില്‍ ചേരുന്നതോടെ യു.പിയില്‍ ഒരു ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ പോലും കോണ്‍ഗ്രസിനുണ്ടാവില്ല. കൂടാതെ നിയമസഭയിലും കോണ്‍ഗ്രസിന്റെ അംഗബലം കാര്യമായി കുറയും.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.