കര്‍ണാടകയില്‍ നടന്നത് മമത ഇച്ഛിച്ചതും, കോണ്‍ഗ്രസ് ദുസ്വപ്‌നം കാണുന്നതും, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോഹവും രാഹുലിന് വ്യാമോഹമാകും, നേട്ടം കൊയ്യുക ബിജെപി

ലോകസഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ഗാന്ധി പ്രസ്താവിച്ചതും, അതിനെതിരെ മമത ബാനര്‍ജിയെ പോലുള്ള പ്രാദേശിക കക്ഷി നേതാക്കള്‍ രംഗത്തെത്തിയതും കര്‍ണാടക തെരഞ്ഞെടുപ്പിന് ഇടയായിരുന്നു.
കോണ്‍ഗ്രസ് 78 സീറ്റിലൊതുങ്ങിയതോടെ പ്രചരണ നായകനായ രാഹുല്‍ പരാജയപ്പെട്ടുവെന്നായി വിലയിരുത്തല്‍. കുമാരസ്വാമി കിംഗ് മേക്കറല്ല, കിംഗാകും ന്നെ മമത ബാനര്‍ജിയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുന്ന കാഴ്ചയും പിന്നീട് കണ്ടു.
37 സീറ്റുള്ള ജെഡിഎസിനെ 78 സീറ്റുള്ള കോണ്‍ഗ്രസ് പിന്തുണക്കുന്ന ഈ കാഴ്ച കോണ്‍ഗ്രസിന് ഇനിയൊരു പ്രധാനമന്ത്രി സ്ഥാനം അടുത്തൊന്നും സ്വപ്‌നം കാണേണ്ട എന്നതിന്റെ ദിശാസൂചികയാണെന്നാണ് വിലയിരുത്തല്‍
ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ പോലും മമതയെ പോലെ, മായാവതിയെ പോലെ ഒരു പ്രാദേശിക പാര്‍ട്ടി നേതാവിനെ പ്രധാനമന്ത്രിയാക്കേണ്ട സാഹചര്യം വരുമെന്ന് കോണ്‍ഗ്രസ് ഇതോടെ തിരിച്ചറിയുന്നുണ്ടാവണം. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ട ആവശ്യം കോണ്‍ഗ്രസിന് മാത്രമാണ് എന്നതാണ് മമതയെ പോലുള്ള നേതാക്കന്മാരുടെ തുരുപ്പ് ചീട്ട്.
ഫലത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടാമെന്ന സോണിയയുടെയും, കോണ്‍ഗ്രസിന്റെ വ്യാമോഹമാണ് കര്‍ണാടകയിലെ അധികാരത്തിന് വേണ്ടിയുള്ള കീഴടങ്ങള്‍ തകര്‍ത്തത്.
കോണ്‍ഗ്രസ് മുക്തഭാരതം ഇതാ അടുത്തെത്തി എന്ന പേടിയാണ് കര്‍ണാടകയില്‍ ചിരവൈരിയായ എച്ച് ഡി കുമാരസ്വാമിയുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. അതുവഴി കോണ്‍ഗ്രസിന് വേറെയും നഷ്ടങ്ങളുണ്ട്. സിദ്ധരാമയ്യയെ പോലുള്ള ഒരു നേതാവിനെ അവര്‍ക്ക് നഷ്ടപ്പെട്ടു. കര്‍ണാടകയില്‍ ഒരു തെരഞ്ഞെടുപ്പ് മത്സരത്തിന് പോലും വഴിയൊരുക്കിയത് സിദ്ധരാമയ്യയുടെ നേതൃപാടവമായിരുന്നു. കുമാരസ്വാമിക്ക് കീഴിലുള്ള ഭരണത്തില്‍ കോണ്‍ഗ്രസിന് ഇനി നയിക്കുക സിദ്ധരാമയ്യ ആവില്ല എന്ന് ഉറപ്പാണ്. അതോടെ സിദ്ധരാമയ്യയുടെ സ്ഥാനം ചവറ്റുകൊട്ടയിലേക്കും പിന്നീട് പുറത്തേക്കുമാകുമെന്ന് സമാനമായ ചരിത്രങ്ങള്‍ അടിവരയിടുന്നു.
അതേസമയം കര്‍ണാടകയിലെ ഇപ്പോഴത്തെ സാഹചര്യം ( ഭരണം നഷ്ടപ്പെട്ടാലും ബിജെപിക്കാണ് ഗുണം ചെയ്യുക) സംസ്ഥാനത്തിന്റെ ജനഹിതം അവര്‍ക്ക് അനുകൂലമായിരുന്നു. ജനങ്ങള്‍ തള്ളികളഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിനെ വെല്ലുവിളിച്ച് ഭരണത്തിലിരിക്കുന്നു. ഇതെല്ലാം വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം എളുപ്പമാക്കും. സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെ അസ്വാരസ്യങ്ങളില്ലാതെ മുന്നോട്ടു കൊണ്ടു പോകാന്‍ കുമാരസ്വാമിക്കും ഏറെ ബുദ്ധിമുട്ടേണ്ടി വരും. പ്രതിപക്ഷത്തിരിക്കെ കുമാരസ്വാമി ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ ഇനി ബിജെപി ഏറ്റെടുക്കും. അതില്‍ കുമാരസ്വാമി എന്ത് നിലപാട് എടുത്താലും അത് വലിയ വിമര്‍ശനത്തിന് ഇടയാക്കും.
ഇതിനെല്ലാം വെല്ലുന്ന പ്രശ്‌നമാണ് കര്‍ണാടകയിലെ ജാതി സമവാക്യങ്ങള്‍. വൊക്കലിംഗക്കാരനായ മുഖ്യമന്ത്രി കുമാരസ്വാമി, വൊക്കലിംഗക്കാരനായ ശിവകുമാര്‍ തേരാളിയായ കോണ്‍ഗ്രസ്, മന്ത്രിസഭയിലും മറ്റും ലിംഗായത്തുകള്‍ നേരിടുന്ന വിവേചനം ഇതെല്ലാം വലിയ രാഷ്ട്രീയ നേട്ടമാകും ബിജെപിക്ക്. ഭൂരിപക്ഷം കിട്ടിയ കക്ഷിയെ പുറത്താക്കി, ആര്‍ക്കെതിരായാണോ ജനങ്ങള്‍ വിധിയെഴുതിയത് അവരെ കൂട്ടുപിടിച്ചുള്ള ഭരണത്തിന് ഏറെയൊന്നും കയ്യടി നേടാനാവില്ല എന്നുറപ്പാണ്. ഫലത്തില്‍ ഭരണം പോയെങ്കിലും കര്‍ണാടകയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ബിജെപിക്കെതിരാണ്. സഖ്യമായ ലോകസഭ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് കോണ്‍ഗ്രസിനും, ജനതാദളിലും വലിയ തിരിച്ചടിയാകുമെന്ന് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലത്തിലെ വോട്ടു കണക്കുകള്‍ മനസ്സിലാക്കി തരും.
ബിജെപി ജയിച്ച ജനതാദള്‍ ശക്തമായ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും, കോണ്‍ഗ്രസ് ശക്തമായ മണ്ഡലങ്ങളില്‍ ജനതാദളും നിര്‍ണായകമല്ല. കോണ്‍ഗ്രസിന് 20 സീറ്റു നല്‍കിയ ലിംഗായത്ത് മേഖലയില്‍ ജനതാദളിന് ഒന്നും ചെയ്യാനില്ല. അതേസമയം ജനതാദള്‍ ജയിച്ച മണ്ഡലങ്ങളില്‍ ഭൂരിപക്ഷത്തിലും കോണ്‍ഗ്രസാണ് എതിരാളികള്‍. സഖ്യമുണ്ടാക്കി ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപി രാഷ്ട്രീയ നേട്ടമാക്കും. രാഷ്ട്രീയത്തിനും ഉപരി മത-ജാതി വോട്ടുകള്‍ക്ക് പ്രാധാന്യമുള്ള കന്നഡ് രാഷ്ട്രീയത്തില്‍ പുതിയ സഖ്യം കോണ്‍ഗ്രസിനും-ജെഡിഎസിനും എതിരായ മാന്‍ഡേറ്റിന് വഴിയൊരുക്കും.
ഫലത്തില്‍ അധികാരത്തില്‍ കോണ്‍ഗ്രസ് സഖ്യമാണഎങ്കിലും, ജനഹിതത്തില്‍ ബിജെപി തന്നെയാണ് കര്‍ണാടകയിലെ വിജയികള്‍.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.