ഇന്ത്യ മഹത്തായ അവളുടെ പാരമ്പര്യം വീണ്ടെടുക്കുമ്പോള്‍.. ‘ഇസ്ലാമിന് ജയിക്കണമെങ്കില്‍ അകപ്പെട്ടിരിക്കുന്ന തടവറയില്‍ നിന്ന് പുറത്തു വരേണ്ടതുണ്ട്…’

സംഭാഷണം-രാജീവ് മല്‍ഹോത്ര       -ഭാഗം-ഒന്ന് 

(രാജീവ് മല്‍ഹോത്ര – ടിവി മോഹന്‍ദാസ് പൈ 
ബാംഗ്ലൂര്‍ സാഹിത്യോല്‍സവം 2016
18th ഡിസംബര്‍ 2016)

ചര്‍ച്ചയ്ക്കായി അടുത്ത പാനലിലെ അംഗത്തെ ഞാന്‍ ക്ഷണിക്കുന്നു; അദ്ദേഹം ഭാരതീയ സാംസ്‌കാരിക പാരമ്പര്യത്തെ പറ്റി സംസാരിക്കുന്നതാണ്. മിസ്റ്റര്‍ ടി വി മോഹന്‍ദാസാണ് ഈ സെഷന്‍ നിയന്ത്രിക്കാന്‍ പോകുന്നത്. മണിപ്പാല്‍ ഗ്രൂപ്പ് ഗ്ലോബല്‍ എജുക്കേഷന്റെ ചെയര്‍മാനും, ഇന്‍ഫോസിസിന്റെ HR& Finance വിഭാഗം തലവനുമായിരുന്നു ശ്രീ മോഹന്‍ദാസ് പൈ. സ്വാഗതം സാര്‍.
മിസ്റ്റര്‍ രാജീവ് മല്‍ഹോത്ര ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഗവേഷകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, സമകാലീന സാംസ്‌കാരിക-വൈജ്ഞാനിക മേഖലയിലും മതം ശാസ്ത്രം തുടങ്ങിയവയിലും അവഗാഹമുള്ള വിജ്ഞാനപടുവാണ് ശ്രീ രാജീവ് ജി. അന്തര്‍ദേശീയതലത്തില്‍ തന്നെ പ്രശസ്തന്‍. വിവിധ രാജ്യങ്ങളിലായി ഇരുപതോളം കമ്പനികളുടെ സംരംഭകനായിരിക്കെ, കരിയറിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍, അദ്ദേഹം കോര്‍പ്പറേറ്റ് ലോകത്തോടു വിടപറഞ്ഞു. തുടര്‍ന്നു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹികരംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രിന്‍സ്ടണ്‍ ആസ്ഥാനമായ ഇന്‍ഫിനിറ്റി ഫൗണ്ടേഷന്റെ ഡയറക്ടര്‍ ആണ് രാജീവ് ജി. ഇതുകൂടാതെ മസാച്ച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയുടെ, ഇന്ത്യാ പഠനവിഭാഗത്തിന്റെ ഗവര്‍ണേഴ്‌സ് ബോര്‍ഡിന്റെ ചെയര്‍മാനുമായിരുന്നു അദ്ദേഹം…മഹതികളെ, മാന്യന്മാരെ, ഭാരതം അവളുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തെ വീണ്ടെടുക്കാന്‍ പോവുകയാണിവിടെ. ടിവി മോഹന്‍ദാസ് പൈ- രാജീവ് മല്‍ഹോത്ര സംഭാഷണം ആരംഭിക്കുകയാണ്…

മോഹന്‍ദാസ് പൈ – അല്‍ഭുതം രാജീവ്. ബെംഗളുരുവില്‍ താങ്കള്‍ക്കു വലിയൊരു ആരാധകവൃദ്ധം ഉണ്ട്!ബെംഗളുരുവിലേക്കു വീണ്ടുമെത്തിയതിനു നന്ദി.

രാജീവ് മല്‍ഹോത്ര – എനിക്കും സന്തോഷം തന്നെയാണ്.

മോഹന്‍ – രണ്ടു വര്‍ഷം മുമ്പ് നാം നല്ലൊരു സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു; ചിലര്‍ അതിപ്പോഴും ഓര്‍ക്കുന്നുണ്ടാകുമെന്നു ഞാന്‍ കരുതുന്നു. വീണ്ടുമെത്തിയത് നന്നായി. ഒരു നീണ്ടചോദ്യത്തോടെ നമുക്ക് ഈ സംഭാഷണം ആരംഭിക്കാം. കഴിഞ്ഞ അഞ്ചു സഹസ്രാബ്ദങ്ങളിലായി, ലോകമെങ്ങും പല സംസ്‌കാരങ്ങള്‍ ഉദയം കൊള്ളുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ അവയില്‍ നാലെണ്ണം മാത്രമേ ഇന്നു നിലവിലുള്ളൂ. പടിഞ്ഞാറന്‍ സംസ്‌കാരമാണ് അതിലൊന്ന്. ഇസ്ലാമിക സംസ്‌കാരം രണ്ടാമത്. ഇന്ത്യന്‍ സംസ്‌കാരവും ചൈനീസ് സംസ്‌കാരവും മൂന്നും നാലും സ്ഥാനങ്ങളില്‍ വരുന്നു. മറ്റു സംസ്‌കാരങ്ങള്‍ നാമാവശേഷമായപ്പോഴും, ഈ നാലു സംസ്‌കാരങ്ങള്‍ അതിജീവിച്ചു നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് താങ്കള്‍ കരുതുന്നു? എന്താണ് അവയെ ഇതിനു പ്രാപ്തമാക്കിയത്?

രാജീവ് – വളരെ ശ്രദ്ധേയമായ ചോദ്യം. താങ്കള്‍ക്കു അറിയുമോ, ഈ സംസ്‌കാരങ്ങളുടേയൊക്കെ ചരിത്രവും വിജയപരാജയവുമൊക്കെ പഠിക്കേണ്ടത് വളരെ പ്രധാനമാണ്. സാംസ്‌കാരിക മാല്‍സര്യത്തിന്റെ പരിണതഫലത്തേയും, നാം എങ്ങിനെ മുന്നോട്ടു പോകണമെന്നന്നതിനെ പറ്റിയും നമുക്കപ്പോള്‍ വ്യക്തമായ ചിത്രം ലഭിക്കും. അതിനാല്‍ ഈ സംസ്‌കാരങ്ങളെ പറ്റി കുറച്ചു കാര്യങ്ങള്‍, അവയുടെ ശക്തിയും ദൗര്‍ബല്യവും, ഞാന്‍ പങ്കുവയ്ക്കാം. ഈ നാലു സംസ്‌കാരങ്ങളില്‍ രണ്ടെണ്ണം, പടിഞ്ഞാറനും ഇസ്ലാമും, അവരുടെ സ്വാധീനമേഖല ഒരിടത്തുനിന്ന് മറ്റിടങ്ങളിലേക്കു വികസിപ്പിക്കുന്നതില്‍ എക്കാലത്തും ആക്രമണോല്‍സുകമായവയായിരുന്നു. എന്നാല്‍ ചൈനയും ഭാരതവും ആ വഴി തിരഞ്ഞെടുത്തില്ല. പടിഞ്ഞാറന്‍ സംസ്‌കാരവും ഇസ്ലാമും അവരുടെ വ്യാപനം ദൈവനിയോഗമായി കണക്കാക്കി. അവര്‍ പരസ്പരവും, മറ്റുള്ളവരുമായും ഏറ്റുമുട്ടി വലിയൊരു ഭൂമിക പിടിച്ചെടുക്കുന്നതില്‍ അതിനൈപുണ്യം കാട്ടി. നിങ്ങള്‍ പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ നിര്‍വചനം തേടിയാല്‍, അത് ചെന്നെത്തുക യൂറോപ്പില്‍ ആയിരിക്കും. അതും വടക്കന്‍ യൂറോപ്പ് മാത്രം. കാരണം ഗ്രീസ് തന്നെ ഒരുകാലത്തുപൗരസ്ത്യദേശത്തിന്റെ ഒരു ഭാഗമായി പരിഗണിക്കപ്പെട്ടിരുന്നു. അവിടെ നിന്ന് അവര്‍ വളരെയധികം വ്യാപിച്ചു, അമേരിക്കയുടെ ഉയര്‍ച്ച ഇതില്‍ വളരെ പ്രധാനമായിരുന്നു. അടുത്തതായി നിങ്ങള്‍ ഇസ്ലാമിന്റെ ഉല്‍ഭവം എവിടെയാണെന്നും എവിടേക്കെല്ലാം അത് വ്യാപിച്ചെന്നും നോക്കൂ. ഭൂമിശാസ്ത്രപരമായും ജനസംഖ്യാപരമായും അവര്‍ നല്ലൊരു പങ്ക് കരസ്ഥമാക്കി കഴിഞ്ഞു. മറ്റു സംസ്‌കാരത്തെ കുറിച്ച് പരാമര്‍ശിക്കുന്നതിനു മുമ്പ് പറയട്ടെ, ഈ രണ്ടു സംസ്‌കാരങ്ങളില്‍ ഇസ്ലാമിനു, പാശ്ചാത്യരാജ്യങ്ങളില്‍ സംഭവിച്ച പോലൊരു നവോത്ഥാനത്തിന്റെ ഗുണഫലങ്ങള്‍ ലഭിച്ചില്ല. പാശ്ചാത്യരാജ്യങ്ങളും ഏറെക്കാലം മതപരമായി ഒറ്റപ്പെട്ടും, ചരിത്രകേന്ദ്രിത വിശ്വാസങ്ങളില്‍ അകപ്പെട്ടും ഇരിക്കുകയായിരുന്നു. നൂറോളം കൊല്ലത്തെ യുദ്ധ-സംഘര്‍ഷങ്ങള്‍ക്കു ശേഷം നവോത്ഥാനത്തിന്റെ ഫലമായി ശാസ്ത്രം ഉയിര്‍കൊണ്ടു. ഒപ്പം ആധുനികതയും. നിങ്ങള്‍ക്കു അറിയുമോ, അതുവരെ യൂറോപ്പിലെ ബിഷപ്പുമാര്‍ക്കു ‘ഫത്വ’ പോലുള്ള അധികാരങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ക്കു ആരേയും അറസ്റ്റ് ചെയ്യിക്കാം, അവര്‍ക്കു എന്തു സാധ്യമായിരുന്നു.

പാശ്ചാത്യനവോത്ഥാനത്തിന്റെ ദിശ ഇസ്ലാമിനു ഒരു റോള്‍ മോഡലായി തിരഞ്ഞെടുക്കാം. കാരണം ഇസ്ലാമിനു വിജയിക്കണമെങ്കില്‍, അതിനു ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന തടവറയില്‍നിന്നു പുറത്തുവരേണ്ടതുണ്ട്. ഇത് മറ്റുള്ളവരോ നിങ്ങളോ ചെയ്യേണ്ടതല്ല. ഇസ്ലാമിക സമൂഹം സ്വയം നിര്‍വഹിക്കേണ്ട കാര്യമാണ്.മറ്റുള്ളവര്‍ക്കു പുറത്തുനിന്നു ഇത് അവരില്‍ അടിച്ചേല്‍പ്പിക്കാനാകില്ല. ഏതെങ്കിലും ഒരു കാലഘട്ടത്തില്‍ അവര്‍ കൊല്ലപ്പെടുന്നതുവരെ യുദ്ധം ചെയ്‌തേക്കാം, അതല്ലെങ്കില്‍ അവര്‍ ഉള്ളില്‍നിന്നു തന്നെ ഒരു നവോത്ഥാനം ആരംഭിച്ചേക്കാം. എന്തായാലും അത്തരം നവോത്ഥാന ശ്രമങ്ങള്‍ അവരിലിപ്പോള്‍ ദൃശ്യമല്ല. എനിക്കു ലിബറല്‍ ചിന്താഗതിയുള്ള ധാരാളം മുസ്ലിം സുഹൃത്തുക്കളുണ്ട്. ഞാന്‍ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ചിലസമയങ്ങളില്‍, ദുര്‍ബലസ്വരത്തില്‍, മുല്ലമാരെ പോലുള്ള മുഴുവന്‍ ഇസ്ലാമിക സമ്പ്രദായങ്ങളേയും തോല്പിച്ച് കീഴ്‌പ്പെടുത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നു അവര്‍ സമ്മതിക്കാറുണ്ട്. ശാസ്ത്രപഠനം ഉള്‍പ്പെടുത്തി ജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നല്‍കുകയെന്നത് അവര്‍ക്കു ചെയ്യാവുന്ന വളരെ നല്ല കാര്യമാകും.

എന്നാല്‍ ഇന്നുവരെ, ആശയപരമായി, ഇസ്ലാം നവോത്ഥാന-പൂര്‍വ്വകാലത്തെ പാശ്ചാത്യരാജ്യങ്ങളുടെ നിലയിലാണ്. നേരെ മറിച്ച്, ഇസ്ലാം വളരെ അനുകൂലമായ ഭൂമിശാസ്ത്ര കിടപ്പ് അനുഭവിക്കുന്നുണ്ടെന്നു നമുക്ക് പറയാം. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവയ്ക്കിടയില്‍, മൂന്ന് നാഗരികതകള്‍ കൂടിച്ചേരുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു എന്നത് വലിയൊരു ഭൂമിശാസ്ത്ര നേട്ടമാണ്. ഇടനിലക്കാര്‍, വ്യാപാരികള്‍, നയതന്ത്രജ്ഞര്‍ എന്നീ നിലകളില്‍ അവരത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അമേരിക്കയും നല്ലപോലെ ഭൂമിശാസ്ത്ര ആനുകൂല്യംഅനുഭവിക്കുന്നുണ്ട്. ഒരുപക്ഷേ, അതിര്‍ത്തി തര്‍ക്കങ്ങള്‍ ഇല്ലാത്ത ഒരേയൊരു പ്രമുഖരാജ്യമാണ് അമേരിക്കയെന്ന കാര്യം നാം മറക്കുകയാണ്. അവിടെ ആരും സംഘര്‍ഷത്തില്‍ അല്ല. ഇരുവശത്തും രണ്ട് മഹാസമുദ്രങ്ങള്‍. കാനഡയും മെക്‌സിക്കോയും അമേരിക്കയോടു യുദ്ധം ആഗ്രഹിക്കുന്നില്ല. അതിനാല്‍ സ്വന്തം ഭൂവിഭാഗം സംരക്ഷിക്കുന്നതിനു അവര്‍ക്കു സമ്പത്ത് നീക്കിവയ്‌ക്കേണ്ടതില്ല.ഇത് വളരെ ആശ്ചര്യകരമാണ്.
മറ്റൊരു രാജ്യത്തിനും ഇങ്ങിനെ അവകാശപ്പെടാനാകില്ല…അപ്പോള്‍ അമേരിക്കയുടെ പുരോഗതിയെ നാം വീക്ഷിക്കുമ്പോള്‍, ഇതുതന്നെ ഒരു മുതല്‍കൂട്ടാണെന്ന് കാണാം. ഭൂമിശാസ്ത്രപരമായ നേട്ടവും കോട്ടവും പ്രധാനമാണ്. ഈ സംസ്‌കാരങ്ങളെല്ലാം അതിനു ഉദാഹരണമാണ്. ചൈനയും ഉദാഹരണമാണ്. ഭാരതംഒരിക്കലും ഒരുഅധിനിവേശ പദ്ധതിയുമായി ഇറങ്ങിപ്പുറപ്പെട്ടിട്ടില്ല. ചൈനക്കും ഭാരതത്തിനുമിടയില്‍ വ്യത്യാസങ്ങള്‍ ഉണ്ട്. ഭാരതം കോളനിവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ചൈന അങ്ങിനെയല്ല. അവര്‍ വളരെക്കുറച്ച് കാലത്തേക്കു മാത്രമേ കോളനിവല്‍ക്കരിക്കപ്പെട്ടിട്ടുള്ളൂ. അതാകട്ടെ ഗൗരവതരമല്ലെന്നു മാത്രമല്ല, ചൈനീസ് സംസ്‌കാരത്തിന്റെ തുടര്‍ച്ചയെ തടസ്സപ്പെടുത്താന്‍ പര്യാപ്തവുമായിരുന്നില്ല. എന്നാല്‍ ഭാരതം കോളനിവല്‍ക്കരണം മൂലം ഏറെ കഷ്ടപ്പെട്ടു. അതുകൊണ്ട്ഭാരതത്തിനും ചൈനയ്ക്കുമിടയില്‍ വ്യത്യാസങ്ങള്‍ ഏറെയാണ്.
ഏറെക്കാലംനീണ്ടുനിന്ന കോളനിവല്‍ക്കരണം, അതുമൂലമുള്ള നാശനഷ്ടങ്ങള്‍ എന്നിവയ്ക്കിടയിലും, ഭാരതീയ സംസ്‌കാരത്തില്‍ സ്വതസിദ്ധമായി അടങ്ങിയിട്ടുള്ള ചില വിശേഷഗുണങ്ങള്‍ ഭാരതത്തിനു അനുകൂലമായി വര്‍ത്തിച്ചു. ഇതൊരു ഹൈന്ദവ മൂല്യമാണ്. ഇതിനെപ്പറ്റിയാണ് ഞാന്‍ സംസാരിക്കാന്‍ പോകുന്നത്. ഭാരതീയ സംസ്‌കാരത്തില്‍ ഈ മൂല്യങ്ങള്‍ പലരീതിയില്‍ അടങ്ങിയിട്ടുണ്ട്;ഒരു വൃക്ഷത്തിലെ ഇലകളിലെല്ലാം ഒരേ ഡിഎന്‍എ ആയിരിക്കുമെന്നതു പോലെ. ഉല്‍സവങ്ങള്‍, നൃത്തകലാരൂപം, ശാസ്ത്രങ്ങള്‍, സന്യാസികള്‍, ക്ഷേത്രങ്ങള്‍, നമ്മുടെ ഭവനങ്ങള്‍., എന്നിവിടങ്ങളിലെല്ലാം ഈ സംസ്‌കാരത്തിന്റെ അടിസ്ഥാനരൂപം ഉണ്ട്. അതിനാല്‍ ഇതൊരു വാസ്തുനിര്‍മിതിയാണ്;ഒരേ ആശയങ്ങളും, പദ്ധതികളും വ്യത്യസ്ത രൂപങ്ങളില്‍.സാങ്കേതിക മേഖലയില്‍ നിങ്ങള്‍ ഇതിനെ ‘അതിസമൃദ്ധി’ (Redundancy) എന്നു പറയും; സമൃദ്ധി സ്വാഭാവികമായുള്ള ഒരു സാംസ്‌കാരിക ചട്ടക്കൂട്. ഇതൊരു തുറന്ന ചട്ടക്കൂട് കൂടിയാണ്. അതുകൊണ്ട് നൈരന്തര്യത്തിലും സ്വത്വത്തിലും മാറ്റം വരുത്താതെ തന്നെ നിങ്ങള്‍ക്കു എന്തും ഇതിലേക്കു സ്വാംശീകരിക്കാം. ഈ വിധ ഗുണമേന്മകള്‍ കൊണ്ട് ഇന്ത്യ വെല്ലുവിളികളെ അതിജീവിച്ചു. നിങ്ങള്‍ക്കുള്ള ഒരു അരയാലിന്റെ വിവിധ ഭാഗങ്ങളെ നിങ്ങള്‍ മുറിച്ചു മാറ്റിക്കൊണ്ടിരിക്കുന്നതു പോലെ ഇതിനെ ഉപമിക്കാം. വേരിന്റെ ഏതുഭാഗത്തു നിന്നും മുളപൊട്ടി അരയാല്‍ വീണ്ടും വളര്‍ന്നു വരും. അപ്പോള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അതിജീവനത്തിന്റെ പൊരുള്‍ ഇതാണ്, ഉപരിഭാഗത്തു ഭീമമായ തോതില്‍ പ്രശ്‌നങ്ങളുണ്ടായെങ്കിലും, താഴെയുള്ള അടിസ്ഥാനതലത്തില്‍വൈവിധ്യവും സമൃദ്ധവുമായ ഒരു വേരുപടലം നിലനിന്നിരുന്നു. സംസ്‌കാരസംബന്ധമായി ഇക്കാലത്തു നടക്കുന്ന പ്രശ്‌നങ്ങളുടെ രത്‌നച്ചുരുക്കം ഇതിലാണ്.

മോഹന്‍ – പക്ഷേ രാജീവ്, കഴിഞ്ഞ മുന്നൂറ് കൊല്ലം ഈ നാലു സംസ്‌കാരങ്ങള്‍ എവ്വിധമാണ് വളര്‍ന്നതെന്നു താങ്കള്‍ നോക്കൂ. അപ്പോള്‍ മനസ്സിലാക്കാം, പാശ്ചാത്യര്‍ വിജയിച്ചെന്ന്. പാശ്ചാത്യര്‍ക്കു സാങ്കേതികവിദ്യയുണ്ട്. അവര്‍ക്കു വ്യവസായികവിപ്ലവം സാധ്യമായി, കൃസ്ത്യന്‍പള്ളിയേയും ഭരണകൂടത്തേയും ഏറ്റുമുട്ടിച്ച് സ്വതന്ത്രരാകാന്‍ പറ്റി, ജനസംഖ്യാപരമായ പാരമ്പര്യം മെച്ചപ്പെടുത്താനായി, അവര്‍ വലിയ യുദ്ധങ്ങള്‍ ചെയ്തു, അവര്‍ അഭിവൃദ്ധിപ്പെട്ടു, അവര്‍ ലോകക്രമം നിയന്ത്രിക്കുന്നു,അവര്‍ സമ്പന്നരാണ്. എന്നാല്‍ ഇസ്ലാമിക സംസ്‌കാരത്തെ നോക്കൂ. മദ്ധ്യേഷ്യയിലുള്ള പ്രകൃതിവിഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അത് വളരെ പിന്നോക്കം പോയി. ഇന്ത്യ കോളനിവല്‍ക്കരിക്കപ്പെട്ടു. ഇന്ത്യക്കാര്‍ അവരുടെ ഭാവിയെപ്പറ്റി സംശയഗ്രസ്തരാണ്. ചൈനക്കാര്‍ മുന്നേറ്റം തുടങ്ങിയിട്ടേ ഉള്ളൂ. കാര്യങ്ങള്‍ ഇങ്ങിനെയായിരിക്കെ, ഈ നാലു സംസ്‌കാരങ്ങളിലുള്ള എന്ത് അന്തസത്തയാണ്, അവയില്‍ ചിലതിനെ പിന്നാക്കം വലിച്ചതും, മറ്റുള്ളവയെ അഭിവൃദ്ധിപ്പെടുത്തിയതും?

രാജീവ്: ഈ പുതിയ സഹസ്രാബ്ദം പിറക്കുന്നതിനു മുമ്പുതന്നെ ചൈനക്കാര്‍ പറഞ്ഞിരുന്നു, അവര്‍ വളരെ ശക്തരായി ലോകത്തില്‍ ഒന്നാം സ്ഥാനത്തിനായി മല്‍സരിക്കുമെന്ന്. ഇപ്പോള്‍ അതാണ് നടക്കുന്നതെന്നും ഏവര്‍ക്കുമറിയാം. ഇക്കാര്യത്തില്‍ ട്രംമ്പ് എന്തുചെയ്‌തേക്കാമെന്ന് നമുക്ക് അല്പസമയത്തിനുള്ളില്‍ ചര്‍ച്ച ചെയ്യാം. ലോകത്ത് മേധാവിത്വം പുലര്‍ത്താനുള്ള ശ്രമങ്ങളില്‍ മുഴുകിയിരിക്കുന്നത് പാശ്ചാത്യരും, ഇസ്ലാമും, ചൈനയുമാണ്. ഇന്ത്യയാകട്ടെ ലോകത്തെ വന്‍ശക്തി ആകുമെന്നൊന്നും അവകാശവാദം മുഴക്കിയിട്ടില്ല. മറ്റു മൂന്ന് വിഭാഗത്തിനും അക്കാര്യത്തില്‍ സംഭ്രമവും ഇല്ല.

മോഹന്‍: ഇന്ത്യന്‍ സംസ്‌കാരം ശക്തി കുറഞ്ഞ് ദുര്‍ബലമാണോ?

രാജീവ്: ഞാന്‍ കരുതുന്നത് ഭാരതവും, ഭാരതീയഭരണവും, ഭരണാധികാരികളായ ഉപരിവര്‍ഗ്ഗവും വളരെയേറെ കോളനിവല്‍ക്കരിക്കപ്പെട്ടിരുന്നു എന്നാണ്. ഇന്നും നാം അതില്‍നിന്നു മുക്തരല്ല. മനസ്സ് ഇപ്പോഴും വളരെയധികം കോളനിവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് നാം വളരെ പ്രതിരോധത്തില്‍, അതിജീവിക്കേണ്ടതെങ്ങിനെ എന്നു അല്‍ഭുതപ്പെട്ടു ഇരകളായി കഴിയുന്നത്. കരുത്തും ഒരു ദൗര്‍ബല്യമായേക്കാം, അതിജീവിക്കാനുള്ള സഹജവാസന ഉണ്ടെന്നതാണ് ഇന്ത്യയുടെ കരുത്ത്. പ്രകാശം അണഞ്ഞാലും എനിക്ക് അതിജീവിക്കാന്‍ ആകും. ‘ശരി. ഞാന്‍ ഒരു വിളക്കു കത്തിക്കാം. അപ്പോള്‍ എല്ലാം ശരിയാകും’ എന്നു ഞാന്‍ പറയും. പാഴ്വസ്തുക്കള്‍ അടിച്ചുമാറ്റിയിട്ടില്ലെങ്കില്‍ ഞാന്‍ തന്നെ വീട് വൃത്തിയാക്കാം. വൈദ്യുതി ലഭ്യമല്ലെങ്കില്‍ ഒരു ജനറേറ്റര്‍ വാങ്ങാം.പെട്ടെന്നുള്ള ഇത്തരം പ്രശ്‌നപരിഹാരങ്ങള്‍ക്കുമൂല്യമേറെയാണ്. കാരണം ന്യൂയോര്‍ക്കില്‍ വൈദ്യുതി തടസപ്പെട്ടാല്‍, അത് വലിയ പ്രശ്‌നമുണ്ടാക്കും. എല്ലാവിധ കാര്യങ്ങളും അവിടെ സംഭവിച്ചുപോകും.
അതിനാല്‍ പ്രശ്‌നങ്ങള്‍ക്കു ദ്രുതപരിഹാരം കാണുന്ന പ്രത്യുല്‍പ്പന്നമതിത്വത്തോടു കൂടിയഭാരതീയരീതി വളരെ നല്ലതാണ്.പക്ഷേ ഇതിന്റെ ദൗര്‍ബല്യം എന്തെന്നാല്‍, എന്റെ വസ്തുവകകള്‍ക്കുള്ള പ്രശ്‌നങ്ങള്‍ക്കു എനിക്കു തന്നെ ലളിതമാര്‍ഗങ്ങളാല്‍ സൂക്ഷ്മതലത്തില്‍ നിയന്ത്രിക്കാകുമെന്നത് കൊണ്ട്, സൂക്ഷ്മതലത്തില്‍ പരിഹാരം കാണാമെന്നതിനാല്‍, സമൂഹത്തിനു മൊത്തത്തില്‍ ഉപകാരപ്പെടുന്ന പ്രയത്‌നങ്ങളില്‍ ഞാന്‍ പങ്കെടുത്തേക്കില്ല.ചിട്ടയായ, വ്യവസ്ഥാനുസാരമായ, വിശാല ചിന്താഗതി ഇപ്പോള്‍ രൂപപ്പെട്ടുവരുന്നുണ്ട്. ഇവിടെ ഒരു മെട്രോ ഉണ്ടാക്കാം എന്നെല്ലാം ഇപ്പോള്‍ ജനങ്ങള്‍ പറയുന്നുണ്ട്. പൊതുവായ ദേശീയസംവിധാനത്തെപ്പറ്റിയുള്ള ചിന്ത വളരെ പുതിയതാണ്. അതല്ലെങ്കില്‍ ജനങ്ങളുടെ പ്രവണത വേറെയാണ് – ഞാന്‍, എന്റെ ഗ്രാമം, എന്റെ ജാതി, എന്നിങ്ങനെ ചെറിയ ശുഭപ്രതീക്ഷകള്‍. ആഗോളമായ വലിയ പ്രതീക്ഷകള്‍ ഇല്ല. അതായിരുന്നു നമ്മുടെ കരുത്ത്.
ചൈനീസ് ദര്‍ശനത്തിന്റെ അടിത്തറ കണ്‍ഫ്യൂഷസിന്റെ ആശയമാണ്. ആധുനികത പോലും അതിനുമേല്‍ പടുത്തുയര്‍ത്തിയതാണ്. ഇതിന്റെ ചിന്താഗതി കൂട്ടായ്മയുടേതാണ്. വ്യക്തി, കുടുംബം, പ്രാദേശിക സമൂഹം എന്നിങ്ങനെ വിവിധ തലങ്ങളില്‍, തന്നേക്കാള്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കു ത്യാഗം സഹിക്കാനുള്ള കഴിവ് ചൈനക്കാര്‍ക്കുണ്ട്. ഞാന്‍ ധാരാളം ചൈനക്കാരുമൊത്ത് ജോലി ചെയ്യുന്നുണ്ട്. പൊതുഉന്നമനത്തിനു വേണ്ടി വളരെ കര്‍ക്കശമായ അച്ചടക്കവും, വിഷമതകളെ ദീര്‍ഘനാള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും അവര്‍ക്കുണ്ട്. നമുക്ക് അതു ഉണ്ടായിരുന്നിട്ടില്ല.

 

…തുടരും…

അഭിപ്രായങ്ങള്‍

You might also like More from author