‘പിണറായിയുടെ കയ്യില്‍ ആകെയുള്ളത് ലാത്തി മാത്രം, അത് പ്രയോഗിക്കുമ്പോള്‍ ആരും പരാതി പറയരുത്…’ അഡ്വ.ജയശങ്കര്‍ എഴുതുന്നു

 

ലോക്കപ്പ് മരണം, ഏറ്റുമുട്ടല്‍ കൊലപാതകം, ദേശീയഗാനം പാടാത്തതുകൊണ്ട് ദേശദ്രോഹ കുറ്റം, ഉറക്കെ തുമ്മിയാല്‍ യു.എ.പി.എ….. കരുണാകരന്റെ കാലത്തുപോലും കേള്‍ക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പിണറായി ഭരണത്തിന്‍കീഴില്‍ നടക്കുന്നത്.
കേരളാ പോലീസിന്റെ പ്രവര്‍ത്തനമികവിനെയും കൃതകൃത്യതയെയും വിമര്‍ശിക്കുന്നവരില്‍ കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരും ലീഗുകാരും മാത്രമല്ല മാര്‍ക്‌സിസ്റ്റുപാര്‍ട്ടി കേന്ദ്രനേതാക്കള്‍വരെയുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ഭരണം ഇതിലും എത്രയോ ഭേദമായിരുന്നു എന്ന് ജനം പറയാന്‍ തുടങ്ങിയിട്ടുണ്ട്.
റേഷന്‍ കടയില്‍ അരി തീര്‍ന്നതിനുപിന്നാലെ കെ.എസ്.ആര്‍.ടി. സി. മിനിമം ചാര്‍ജ്ജ് ഏഴുരൂപയാക്കി (നേര് നേരത്തെ അറിയിക്കുന്ന നമ്മുടെ പാര്‍ട്ടിപത്രത്തിന്റെ ഭാഷയില്‍, കെ.എസ്.ആര്‍.ടി.സിയുടെയും സ്വകാര്യ ബസുകളുടെയും നിരക്ക് ഏകീകരിച്ചു.)

ലോകവിപണിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലകുത്തനെകുറഞ്ഞതുകൊണ്ടാണ് 2016 ഫെബ്രുവരിയില്‍ അന്നത്തെ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെ.എസ്.ആര്‍.ടി.സി.യുടെ മിനിമം നിരക്ക് ഏഴില്‍ നിന്ന് ആറാക്കി കുറച്ചത്. സ്വകാര്യ ബസുകാര്‍ക്ക് നഷ്ടം വന്നാലോ എന്നുപേടിച്ചു അവരുടെ നിരക്ക് കൂട്ടിയില്ല. അപ്പോഴേക്കും തിരഞ്ഞെടുപ്പ് വന്നു, ഉമ്മന്‍ മന്ത്രിസഭ ചരിത്രത്തിന്റെ ഭാഗമായി.
ഇടതുസര്‍ക്കാര്‍ വന്നപ്പോള്‍ എല്ലാം ശരിയാവും, സ്വകാര്യ ബസിന്റെ മിനിമം ചാര്‍ജ്ജ് ആറുരൂപയാക്കി കുറക്കും എന്ന് ശുദ്ധാത്മാക്കളെങ്കിലും വ്യാമോഹിച്ചു. ആറുമാസം ഇലവുകാത്തകിളിപോലെ കാത്തിരുന്നു ഒടുവില്‍ ഇപ്പോള്‍ നിരക്ക് ഏകീകരിച്ചു – സ്വകാര്യ ബസിന്റെ മിനിമം കുറച്ചുകൊണ്ടല്ല, ആനവണ്ടിയുടേത് കൂട്ടിക്കൊണ്ട്.
കെ.എസ്.ആര്‍.ടി.സി.യെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ വെറെ മാര്‍ഗ്ഗമൊന്നുമില്ല, യാത്രക്കാര്‍ അല്‍പ്പം നഷ്ടം സഹിക്കണം. സര്‍ക്കാരിന്റെ കൈയില്‍ മാന്ത്രികവടി ഒന്നുമില്ല എന്ന് പിണറായി സഖാവ് തുറന്നുപറഞ്ഞു. അദ്ദേഹത്തിന്റെ കയ്യില്‍ ആകെയുള്ളത് പോലീസിന്റെ ലാത്തി മാത്രമാണ്. അതുപയോഗിക്കുമ്പോള്‍ ആരും പരിഭവിക്കരുത്, പരാതി പറയരുത്.

അഭിപ്രായങ്ങള്‍

You might also like More from author