കൈലാസ്-മാനസസരോവര്‍ യാത്ര: മാര്‍ച്ച് 23 വരെ രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍

 


കൈലാസ്-മാനസസരോവര്‍ യാത്രയ്ക്ക് അടുത്ത മാസം 23 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍. ചൊവ്വാഴ്ചയാണ് രജിസ്ട്രേഷന്‍ തുടങ്ങിയത്. ജൂണ്‍ എട്ടുമുതല്‍ സെപ്റ്റംബര്‍ എട്ടുവരെ രണ്ടു വഴികളിലൂടെയാണ് യാത്ര. അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികരും ഇന്ത്യന്‍ സൈനികരും ദോക ലായില്‍ മുഖാമുഖം നിന്നതിനെത്തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തിനു പിന്നാലെ കഴിഞ്ഞവര്‍ഷം അടച്ചിട്ട നാഥു ലാ ചുരത്തിലൂടെയുള്ള കൈലാസയാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്കിയിരുന്നു. ജൂണ്‍ എട്ടിനാണു തീര്‍ഥയാത്ര ആരംഭിക്കുക.

2018 ജനുവരി ഒന്നിന് 18 വയസും 70 വയസും തികയുന്നവര്‍ക്ക് അപേക്ഷിക്കാം. ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരത്തിലൂടെയുള്ളതാണു മറ്റൊരു വഴി. ട്രക്കിംഗ് ഉള്‍പ്പെടുന്ന ലിപുലേഖ് വഴിയുള്ള യാത്രയ്ക്ക് 1.6 ലക്ഷം രൂപയും നാഥു ല ചുരം വഴിയുള്ള യാത്രയ്ക്കു രണ്ടു ലക്ഷം രൂപയുമാണു ചെലവ്.

സിക്കിമിലെ നാഥു ല ചുരം വഴി മുതിര്‍ന്ന പൗരന്മാര്‍ക്കു സുഗമമായി യാത്രചെയ്യാം. ജൂണ്‍ 16നാണ് ഇന്ത്യ-ചൈന സൈനികര്‍ ഡോക ലായില്‍ മുഖാമുഖം നിന്നത്. ഭൂട്ടാന്റെ പ്രദേശത്തുകൂടി റോഡ് പണിയാനുള്ള ചൈനയുടെ ശ്രമമാണ് ഇന്ത്യ ഇതുവഴി തടസപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഇന്ത്യ-ചൈന ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു.

https://kmy.gov.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വിവരങ്ങള്‍ക്ക് ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടുക: 011-24300655.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.