‘ഒപ്പം നിന്ന് പൊരുതിയ 100 സഖാക്കളെ സംശയത്തിന്റെ പേരില്‍ വെട്ടിനുറുക്കിയ ചെഗുവേര’ ഉന്മാദിയായ ഈ ഒളിപോരാളിയാണ് വടക്കേ മലബാറിലെ മാര്‍ക്‌സിസ്റ്റുകാരുടെ നായകനെന്ന് ഡോ.കെ.എസ് രാധാകൃഷ്ണന്‍

വടക്കെ മലബാറിലെ ചെറുിപ്പക്കാരായ മാര്‍ക്‌സിസ്റ്റുകളുടെ ആവേശ നായകനായ ചെഘുവേര ഉന്മാദിയായ ഒളിപോരാളിയെന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ മുന്‍ ചെയര്‍മാനുമായ ഡോ. കെ.എസ് രാധാകൃഷ്ണന്‍. ചെഗുവേര അദ്ദേഹത്തിന്റെ രാജ്യത്തിന് വേണ്ടിയോ, അദ്ദേഹത്തിന് വേണ്ടിയോ അല്ല യുദ്ധം നടത്തിയത്. പുരാതന ക്വട്ടേഷന്‍ സംഘങ്ങളായ അങ്കച്ചേവകന്മാരും അങ്ങനെ തന്നെയായിരുന്നുവെന്ന് കെ.എസ് രാധാകൃഷ്ണന്‍ പറയുന്നു. മെട്രോ വാര്‍ത്ത ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ ചെഗുവേര വിരുദ്ധ കണ്ടെത്തലുകള്‍.

അങ്കച്ചേകവന്മാര്‍ പുരാതന ക്വട്ടേഷന്‍ സംഘങ്ങളായിരുന്നു. മറ്റാര്‍ക്കോ വേണ്ടി മറ്റാരോടോ പടവെട്ടി ചത്തും കൊന്നും ജീവിച്ചവരാണ് അവര്‍. ചേകവന്മാരെപ്പോലെ ചെ ഗുവേരയും ഒരു ഒറ്റയാള്‍ ക്വട്ടേഷന്‍ സംഘമായിരുന്നു. ക്യൂബയ്ക്കുവേണ്ടിയും ബൊളീവിയയ്ക്കു വേണ്ടിയും ആയുധമെടുത്ത് കൊലവിളി നടത്തിയ അര്‍ജന്റീനക്കാരനായിരുന്നു ചെ ഗുവേര. ഏണസ്റ്റോ ഗുവേര എന്ന ചെ ഗുവേര അദ്ദേഹത്തിന്റെ രാജ്യത്തിനു വേണ്ടിയോ, അദ്ദേഹത്തിനു വേണ്ടിയോ അല്ല ഗറില്ല യുദ്ധം നടത്തിയത്. -അദ്ദേഹം എഴുതുന്നു.
ചോരയുടെയും വെടിമരുന്നിന്റെയും മണം തന്നെ ഉന്മത്തനാക്കുന്നുവെന്ന് എഴുതിയ ഗുവേര 1928 ജൂണ്‍ 14ന് അര്‍ജന്റീനയിലാണ് ജനിച്ചത്. അടങ്ങാത്ത രോഷത്തോടെ അനീതിക്കെതിരെ ഉറഞ്ഞുതുള്ളുന്നവരാരോ അവരാണ് തന്റെ സഖാക്കളെന്ന് ഉദ്‌ഘോഷിച്ച വിപ്ലവനായകനും എഴുത്തുകാരനും ഒളിപ്പോരാളിയും വൈദ്യനുമാണ് ഗുവേര. ഉറഞ്ഞുതുള്ളിയ ഉന്മത്തനായ ഒളിപ്പോരാളിയായതുകൊണ്ട് യുക്തിയെക്കാള്‍ വികാരമാണ് അദ്ദേഹത്തെ നയിച്ചത്. തന്നോടൊപ്പമില്ലാത്തവരെല്ലാം തന്റെ ശത്രുക്കളാണെന്നും തന്റെ ശത്രുക്കളെല്ലാം വധിക്കപ്പെടേണ്ടവരാണെന്നും കരുതിയ ഗുവേര തന്റെ ഒപ്പം നിന്നു പൊരുതിയ സഖാക്കളെയും കൊന്നൊടുക്കി. ക്യൂബയില്‍ തന്റെ ഒപ്പം നിന്നു പൊരുതിയ 105 സഖാക്കളെ സംശയത്തിന്റെ പേരില്‍ സ്വന്തം കൈകൊണ്ട് വെടിവെച്ചു കൊന്നു. ചോരയും വെടിമരുന്നും അദ്ദേഹത്തെ ഉന്മത്തനാക്കിയിരുന്നതുകൊണ്ട് ഓരോ കൊലപാതകവും ഗുവേരയെ കൂടുതല്‍ കൂടുതല്‍ ഉന്മത്തനാക്കിയെന്നും കെ.എസ് രാധാകൃഷ്ണന്‍ തീരാപ്പകയുടെ വിഗ്രഹാരാധന എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

വടക്കേ മലബാറിലെ ചെറുപ്പക്കാരുടെ ആദര്‍ശ കഥാനായകനായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രതിഷ്ഠിക്കുന്നത് ചെ ഗുവേരയെയാണ്. ഷുഹൈബ് എന്ന യൂത്ത് കോണ്‍ഗ്രസുകാരന്‍ 37 വെട്ടേറ്റു കൊല്ലപ്പെട്ടതിന്റെ മൂന്നാം നാളാണ് ഞാന്‍ ഇരട്ടിയിലെത്തിയത്. കോഴിക്കോട്ടു നിന്നു കുഞ്ഞിപ്പള്ളി, പാനൂര്‍, കൂത്തുപ്പറമ്പ് വഴിയായിരുന്നു യാത്ര. ഇടവഴിയിലും പെരുവഴിയിലും കവലകളിലുമെല്ലാം പല പോസുകളിലുള്ള ഗുവേരയുടെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നാട്ടിയിരുന്നു. ‘ഗുവേര, ഞങ്ങള്‍ പ്രതിജ്ഞ പതുക്കുന്നു’ എന്ന തിരുവെഴുത്തും ഫ്‌ലെക്‌സിലുണ്ടായിരുന്നു. മാര്‍ക്‌സും ലെനിനും സ്റ്റാലിനും മാവോയുമെല്ലാം നാല്‍ക്കവലകളിലെ ഗ്രൂപ്പ് ഫ്‌ലെക്‌സ് ബോര്‍ഡിലൊതുങ്ങി. ഗുവേര തന്നെയാണ് വടക്കേമലബാറില്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസിലെ താരം.

ഗുവേരയെ സാക്ഷി നിര്‍ത്തി പുതുക്കുന്ന പ്രതിജ്ഞ ചോരയ്ക്കു ചോര കണ്ണിനു കണ്ണ് എന്നു തന്നെയാണ്. വര്‍ഗ ശത്രുവെന്ന് കരുതപ്പെടുന്നവനെ വികാരരഹിതമായി ഉന്മൂല നാശം വരുത്തുക എന്നതാണ് ആ പ്രതിജ്ഞയുടെ സാരാംശം. അതുകൊണ്ടാണ് സ്വന്തം സഖാവായിരുന്ന ടി.പി. ചന്ദ്രശേഖരനെ പാര്‍ട്ടി വിരുദ്ധനെന്നു സംശയം തോന്നിയപ്പോള്‍ 51 വെട്ടില്‍ വകവരുത്തിയത്. ചന്ദ്രശേഖരന്റെ കാര്യത്തില്‍ പ്രോസിക്യൂഷനും സാക്ഷിയും കോടതിയും ആരാച്ചാരും പാര്‍ട്ടി തന്നെയായിരുന്നു. ഇത് ഗുവേരയുടെ രീതി തന്നെ. ഗുവേരയ്ക്കു നൂറിലധികം പാര്‍ട്ടി വിരുദ്ധരെ സ്വന്തം കൈകൊണ്ട് വെടിവെച്ചിടാന്‍ കഴിഞ്ഞു. അത്രേം പേരെ കൊല്ലാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലല്ലോ എന്ന ദു:ഖം മാത്രമാണ് കണ്ണൂര്‍ മോഡല്‍ ബാക്കി വയ്ക്കുന്നതെന്നും അദ്ദേഹം എഴുതുന്നു. ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍-

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.