‘ സച്ചിൻ ഐ ലവ് യു’ (143) ഷാർജയെ ഞെട്ടിച്ച മണല്‍ക്കാറ്റിന് വർഷം ഇരുപത് തികയുന്നു

ഇന്ത്യൻ യുവത്വത്തിന്റെ ഇന്നത്തെ താരമായ വിരാട് കോലിക്ക് അന്ന് പത്ത് വയസ് തികഞ്ഞിട്ടില്ല. ഷാർജ കൊക്കക്കോള കപ്പിലെ ആറാമത് മത്സരമായിരുന്നു അത്.. ഇന്ത്യ ആസ്ട്രേലിയയെ നേരിടുന്നു ഒരു പക്ഷേ സെമി ഫൈനൽ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന മത്സരം.

ഫൈനൽ ബർത്ത് ഉറപ്പിച്ച ആസ്ട്രേ ലിയയോട് കിരീടത്തിനായി ഏറ്റുമുട്ടണമെങ്കിൽ ഇന്ത്യക്ക് ഒന്നുകിൽ ജയിക്കണം ,അല്ലെങ്കിൽ മികച്ച റൺ റേറ്റ് ഉണ്ടാകണം.. ബാറ്റ്‌സ്മാൻമാരും ബൗളർമാരും അവസരത്തിനൊത്തുയർന്നില്ലെങ്കിൽ ഫൈനൽ കളിക്കുക ന്യൂസിലൻഡ് ആയിരിക്കും.. കളി തുടങ്ങി… ടോസ് നേടി ആസ്ട്രേലിയ ബാറ്റിംഗ് ആരംഭിച്ചു.

ഓസീസിനെ പരമാവധി ചെറിയ സ്കോറിലൊതുക്കിയില്ലെങ്കിൽ ഇന്ത്യൻ സ്വപ്നം പൊലിഞ്ഞതു തന്നെ. മാർക്ക് വോയുടെ മികച്ച ഇന്നിംഗ്സ് , മൈക്കൽ ബെവന്റെ അവസരോചിത ബാറ്റിംഗ്.. ആസ്ട്രേലിയൻ സ്കോർ മുന്നൂറിലേക്ക് നീങ്ങി. കുംബ്ലെയുടെ പിശുക്കൻ ബൗളിoഗ് പക്ഷേ ആസ്ട്രേലിയയെ 284 റൺസിൽ ഒതുക്കി. ഡാമിയൻ ഫ്ലെമിംഗും കാസ്പറോവിച്ചുമടങ്ങുന്ന പേസ് ആക്രമണം.. സ്റ്റീവ് വോയുടേയും ടോം മൂഡിയുടേയും മീഡിയം പേസ് ലെംഗ് ത് ബൗളിംഗ്.. ഒപ്പം ലോകോത്തര സ്പിന്നർ ഷെയ്ൻ വോണും.. നേരിടുന്നത് ലോക ഒന്നാം നമ്പർ ടീമിനെ..

ബാറ്റിൽ നിന്നും സിക്സറുകൾ പറക്കുന്ന ഐ പി എൽ കാലമല്ല അതെന്ന് ഓർക്കണം.. ഷാർജയിൽ രണ്ടാമത് ബാറ്റ് ചെയ്ത് 285 റൺസ് എടുക്കുക അതും ഓസ്ട്രേ ലിയക്കെതിരെ .. അസാദ്ധ്യമല്ലെങ്കിലും ഒട്ടും എളുപ്പമല്ല.. നെറ്റ് റൺറേറ്റ് ഉയർത്തണമെങ്കിൽ 50 ഓവറിൽ വേണ്ടത് 254 റൺസ്. 41 ഡിഗ്രീ വരെയെത്തുന്ന കൊടും ചൂട്.. ഇന്ത്യ ബാറ്റിംഗിനിറങ്ങുന്നതിന് മുൻപ് നടന്ന ചെറിയ മീറ്റിംഗിൽ കോച്ച് അൻഷുമാൻ ഗെയ്ക്ക് വാദ് പറഞ്ഞത് ആരെങ്കിലുമൊരാൾ ബിഗ് ഇന്നിംഗ്സ് കളിച്ചില്ലെങ്കിൽ ഫൈനൽ അസാദ്ധ്യമാണെന്നാണ്.

ഇരുപത്തഞ്ച് വയസ് തികയാൻ രണ്ടു ദിവസം മാത്രമേ ബാക്കിയുള്ളുവെങ്കിലും കൗമാരത്തിന്റെ കുട്ടിത്തം വിട്ടുമാറാത്ത മുഖത്തേക്കായിരുന്നു എല്ലാ കണ്ണുകളും.. അത് ഞാൻ കളിക്കാം … എന്നായിരുന്നു ടെൻഡുൽക്കറുടെ മറുപടി.. ഗാംഗുലിയും സച്ചിനുമായിരുന്നു ഓപ്പണിംഗ്.. ഡാമിയൻ ഫ്ലെമിoഗിന്റെയും കാസ്പറോവിച്ചിന്റെയും തീപാറുന്ന പന്തുകൾ.. റൺസ് എടുക്കാനാകാതെ ഓപ്പണർമാർ കുഴങ്ങുന്നത് കണ്ട ആരാധകർ നിരാശരായി.. അഞ്ചാo ഓവറിലെ അഞ്ചാമത്തെ പന്ത്.. ക്രീസിനു പുറത്തേക്ക് വന്യമായ നൃത്തച്ചുവടുകളുമായി ഇറങ്ങിയ സച്ചിന്റെ ബാറ്റിൽ കാസ്പറോവിച്ചിന്റെ ഷോർട്ട് പിച്ച് പന്തു കുടുങ്ങി..

ഡീപ് മിഡ് വിക്കറ്റിലേക്ക് അൺ ഓർത്തഡോക്സ് ശൈലിയിൽ കറതീർന്ന ഒരു പുൾ ഷോട്ട് നിസഹായനായ ഫീൽഡർക്ക് പന്ത് തലക്ക് മുകളിൽ കൂടി പറക്കുന്നത് കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളൂ.. ആ ഓവറിലെ അവസാന പന്ത്.. ഓഫ് സ്റ്റമ്പിന് പുറത്ത് ഷോർട്ട് പിച്ച് ലെം ഗ്തിൽ… മിന്നൽ വേഗത്തിൽ ഒരു ഹുക്ക് ഷോട്ട്. അതും ഗ്യാലറിയിൽ പതിച്ചു.. മാച്ചിന്റെ മാത്രമല്ല ഒരു പക്ഷേ ടൂർണമെൻറിന്റെ തന്നെ ഫലം ആ രണ്ടു ഷോട്ടുകളാൽ നിശ്ചയിക്കപ്പെട്ടിരിക്കാം.. കാസ്പറോവിച്ചിന്റെ ഭാവിയും ആ രണ്ടു ഷോട്ടിൽ നിശ്ചയിക്കപ്പെട്ടിരുന്നുവെന്നും പിന്നീട് തെളിഞ്ഞു.

പിന്നീട് ലോകം കണ്ടത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഇന്നിംഗ്സുകളിലൊന്നായിരുന്നു. ഫ്ലിക്കുകൾ, സ്ക്വയർ കട്ടുകൾ, പാഡിൽ സീപ്, സ്ട്രെയിറ്റ് ഡ്രൈവുകൾ , ബൗളറുടെ തലയ്ക്കു് മീതെയുള്ള ലോഫ്റ്റഡ് ഷോട്ടുകൾ , എന്നു വേണ്ട ക്രിക്കറ്റ് ലോകത്തിന് പരിചിതമായ എല്ലാ ഷോട്ടുകളും അന്ന് സച്ചിന്റെ ബാറ്റിൽ നിന്നൊഴുകി.. സ്റ്റേഡിയത്തിൽ വീശിയടിച്ച മണൽക്കാറ്റിനെ പ്പോലും നിഷ്പ്രഭമാക്കിയ ഇന്നിംഗ്സ് അക്ഷരാർത്ഥത്തിൽ ഒരു മണൽ കൊടുങ്കാറ്റ്.. ഒടുവിൽ ഡാമിയൻ ഫ്ലെമിങ്ങിന്റെ പന്തിൽ ഗിൽക്രൈസ്റ്റിന് പിടി കൊടുത്ത് പുറത്താകുമ്പോൾ സച്ചിന്റെ അക്കൗണ്ടിൽ 143 റൺസും ഇന്ത്യയുടെ അക്കൗണ്ടിൽ ഫൈനൽ ടിക്കറ്റുമുണ്ടായിരുന്നു..

നോൺ സ്ട്രൈക്കറായിരുന്ന വിവിഎസ് ലക്ഷ്മൺ പിന്നീട് പറഞ്ഞത് ഓവറുകൾക്കിടയിൽ താൻ പറഞ്ഞതൊന്നും സച്ചിൻ കേട്ടിട്ടു കൂടിയില്ലെന്നാണ്… തനിക്ക് നേരെ വരുന്ന പന്തുകളും കയ്യിലിരിക്കുന്ന ബാറ്റും മാത്രമായിരുന്നു അന്ന് മാസ്റ്റർ ബ്ലാസ്റ്ററുടെ മനസിൽ.. ആ പോരാട്ടം രണ്ടു ദിവസം കഴിഞ്ഞ് ഇന്ത്യക്ക് കപ്പ് നേടിക്കൊടുത്തതിന് ശേഷമാണ് അവസാനിച്ചത്. ഏപ്രിൽ 24 ന് ഇരുപത്തഞ്ചാം പിറന്നാൾ കിരീട നേട്ടത്തോടെയാണ് സച്ചിൻ ആഘോഷിച്ചത്..

പാകിസ്ഥാന്റെ ഇതിഹാസ താരം ആസിഫ് ഇക്ബാൽ അന്ന് പറഞ്ഞതിങ്ങനെ. “ഷാർജയിൽ വീശിയ മണൽക്കാറ്റിനെക്കാളും ശക്തമായിരുന്നു അയാളുടെ ഇന്നിംഗ്സ്.. ഏകദിന ബാറ്റിംഗിന്റെ ഗതി തന്നെ അയാൾ മാറ്റിക്കളഞ്ഞു “. ഇരുപതു വർഷം മുൻപ് ഇതേ ദിവസം രണ്ട് കാസ്പറോവിച്ച് പന്തുകളെ ഗ്യാലറിയിലേക്ക് പറത്തിയ ബാറ്റിംഗ് അന്ന് കളികണ്ട ഒരാളും മറക്കുകയില്ലെന്നുറപ്പാണ്..

നന്ദി സച്ചിൻ … ക്രിക്കറ്റ് കമ്പക്കാരുടെ കളി ഭ്രാന്തിന് ഉപ്പും ചോറുമായതിന്… ഒപ്പം അഡ്വാൻസ് ഹാപ്പി ബർത്ത് ഡേ ടു യു….

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.