ചെങ്ങന്നൂരില്‍ സിപിഎമ്മിന് പനിക്കോള്, അവസാന റൗണ്ടില്‍ കുതിച്ചെത്തി ബിജെപി, മാണി തുണക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് പോര് അതിന്റെ അവസാന ഘട്ടത്തില്‍ തീപാറുന്ന അവസ്ഥയിലാണ്. ശക്തമായ ത്രികോണ മത്സരം. സീറ്റ് നിലനിര്‍ത്താന്‍ എല്‍ഡിഎഫും, വീണ്ടെടുക്കാന്‍ കോണ്‍ഗ്രസും വിയര്‍പ്പൊഴുക്കുമ്പോള്‍ ബിജെപി നിയമസഭയില്‍ തങ്ങളുടെ രണ്ടാമത്തെ അംഗത്തെ എത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.
പ്രചരണത്തില്‍ ഭരണത്തിന്റെ എല്ലാ പിന്തുണയും ഉറപ്പിച്ച് സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാനാണ് ആഘോഷത്തോടെയുള്ള പ്രചാരണത്തില്‍ മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം ഘട്ടമെത്തിയതോടെ കഥ മാറി. ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ള താഴെ തട്ടുമുതല്‍ മേല്‍തട്ടുവരെയുള്ള പ്രവര്‍ത്തകരെയപം നേതാക്കളെയും അണി നിരത്തി മുന്നിലെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയതും മുതല്‍ പതുക്കെ തുടങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഒരു ഘട്ടത്തിലും പ്രചരണത്തില്‍ തിളങ്ങിയില്ല. രമേശ് ചെന്നിത്തല പോലുള്ള നേതാക്കള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കണമെന്ന ആഗ്രഹമില്ല എന്ന പ്രചരണവും ശക്തമായി.
സമദൂരം പ്രഖ്യാപിച്ച എന്‍എസ്എസ് നിലപാട് തങ്ങള്‍ക്ക് ഗുണമാകുമെന്ന കണക്കു കൂട്ടല്‍ സിപിഎമ്മിനുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ യുഡിഎഫിന് പോയ എന്‍എസ്എസ് വോട്ടുകള്‍ ഇത്തവണ തങ്ങള്‍ക്കൊപ്പമാകും എന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്. എല്‍ഡിഎഫിനെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പുകഴ്ത്തി എങ്കിലും , ഒരു പാര്‍ട്ടിക്കും തങ്ങള്‍ എതിരല്ല എന്ന് അടിവരയിട്ട് വ്യക്തമാക്കിയിരുന്നു. എന്‍എസ്എസ് അണികളുടെ വോട്ടില്‍ ഒരു പരിധിക്കപ്പുറം സ്വാധീനമൊന്നും എന്‍എസ്എസിനില്ല എന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. മണ്ഡലത്തിലെ നായര്‍ വോട്ടുകള്‍ ഇത്തവണ ബിജെപിയ്‌ക്കൊപ്പം നില്‍ക്കുമെന്നാണ് വിലയിരുത്തല്‍. എന്‍എസ്എസ് പിന്തുണ ഉറപ്പാക്കുന്നതിലും യുഡിഎഫ് പിന്നോക്കം പോയി.

കെ. എം മാണി ഇത്തവണ മനസാക്ഷി വോട്ട് പ്രഖ്യാപിക്കുമെന്നായിരുന്നു സിപിഎം കേന്ദ്രങ്ങളുടെ കണക്കു കൂട്ടല്‍. മുന്നണി പ്രവേശം എന്ന വാക്കില്‍ മാണിയെ കൊതിപ്പിക്കാം എന്നും അവര്‍ കരുതി. എന്നാല്‍ സിപിഎം കേന്ദ്ര കമ്മറ്റിയംഗം എവി ഗോവിന്ദനും, അവസാന നിമിഷം എല്‍ഡിഎഫ് കളത്തിലിറക്കിയ വി.എസ് അച്യുതാനന്ദനും ഈ പ്രതീക്ഷ തല്ലികെടുത്തി. മാണിയുടെ വോട്ടുവേണ്ടെന്നായിരുന്നു ഇരു നേതാക്കളും നിലപാട് എടുത്തത്. ചാനല്‍ ചര്‍ച്ചകളില്‍ കെ.എം മാണിയുണ്ടായിട്ടല്ലല്ലോ കഴിഞ്ഞ തവണ ജയിച്ചത് എന്ന പ്രയോഗവും ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തി. മാണി വോട്ടു വേണ്ട എന്ന് സിപിഎം നേതാവ് പറഞ്ഞതിനെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാലും മാണിയുടെ വാക്കുകളില്‍ എല്‍ഡിഎഫ് അനുഭാവം വ്യക്തമായിരുന്നു. അവസാന ഘട്ട പ്രചരണത്തിനിറങ്ങിയ വിഎസും മാണിയെ തള്ളി പറഞ്ഞതോടെ മാണി പ്രതീക്ഷ കൈവിട്ടു. പി. െജോ ജോസഫ് സിപിഎമ്മിനെ പിന്തുണക്കുന്നതിനെ എതിര്‍ത്തതും മാണിയെ നിസ്സഹായനാക്കി. കോണ്‍ഗ്രസിനെ പിന്തുണക്കാനാണ് മാണിയുടെ ആലോചന. മാണിയുടെ പിന്തുണ നഷ്ടപ്പെടാത്തത് യുഡിഎഫിന് ശ്വാസം നല്‍കി. എന്നാല്‍ ഭരണ പരാജയങ്ങള്‍ ചര്‍ച്ചയായതോടെ പിന്നോട്ട് പോയ എല്‍ഡിഎഫിന് മാണിയുടെ വോട്ട് നിലപാട് തിരിച്ചടിയായി. ബിജെപിയെ സംബന്ധിച്ച് മാണി വിഭാഗത്തില്‍ നിന്നുള്ള നിഷ്പക്ഷ വോട്ടുകളില്‍ പ്രതീക്ഷ വെക്കാനുമായി.
ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാര്‍ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന ഭരണ പരിഷ്‌ക്കാര ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗവും സിപിഎമ്മിനെ അസ്വസ്ഥമാക്കി. കസ്റ്റഡി മരണം, ബാലിക പീഡനം, പനി മരണങ്ങള്‍ എന്നിങ്ങനെ വലിയ ഭരണവിരുദ്ദ വിഷയങ്ങള്‍ ചെങ്ങന്നൂരില്‍ അലയടിക്കുന്നുണ്ട്. ഇതിനിടയിലാണ് ബിജെപിയെ പ്രതിരോധിക്കുന്ന തരത്തില്‍ മുന്നോട്ടു പോകുന്ന സിപിഎം തന്ത്രം പൊളിച്ച വിഎസിന്റെ വാക്കുകള്‍.

എല്‍ഡിഎഫിന്റെ ഭരണ പരാജയവും, കര്‍ണാടക തെരഞ്ഞെടുപ്പിലെ വിജയവും, സിപിഎം-കോണ്‍ഗ്രസ് സഖ്യവും ചര്‍ച്ചയാക്കിയ ബിജെപിയ്ക്ക് വോട്ടര്‍മാരോട് പറയാന്‍ ഏറെ കാര്യങ്ങളുണ്ടായി. നേരത്തെ പിണങ്ങി നിന്ന് ബിഡിജെഎസ് പിന്തുണ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയതോടെ ആ ആശങ്കയും തീര്‍ന്നു. എസ്എന്‍ഡിപി വോട്ടുകള്‍ മറ്റ് മുന്നണിയിലേക്ക് പോകില്ല എന്ന തികഞ്ഞ ആത്മവിശ്വാസം അവര്‍ക്കുണ്ട്. പിഎസ് ശ്രീധരന്‍ പിള്ളയുടെ വ്യക്തിബന്ധങ്ങള്‍ ഇത്തവണയും തുണയാകും. സഭ നേതാക്കളുമായി ഇത്തവണയും നല്ല ബന്ധമാണ് ബിജെപിക്കുള്ളത്. ക്രൈസ്തവ ന്യൂനപക്ഷത്തെ സ്വാധീനിക്കാനുള്ള സിപിഎം ശ്രമങ്ങള്‍ ചെങ്ങന്നൂരില്‍ ഫലപ്രദമായില്ല. കര്‍ണാടക ഉപതെരഞ്ഞെടുപ്പിന് ശേഷം ദേശീയ നേതാക്കള്‍ ചെങ്ങന്നൂരില്‍ എത്തുന്നതോടെ ബിജെപി പ്രചരണം അതിന്റെ ആവേശത്തിലെത്തും. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് തുടങ്ങിയ ബിജെപിയുടെ താരപ്രമുഖരും ചെങ്ങന്നൂരില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഉണ്ടാകും. താഴെ തട്ടു മുതല്‍ ചിട്ടയായ പ്രചരണമാണ് ബിജെപി നടത്തുന്നത്. സിപിഎമ്മിന്റെയും, കോണ്‍ഗ്രസിന്റെയും ശക്തി കേന്ദ്രങ്ങളില്‍ നിന്ന് പരമാവധി വോട്ടു ചോര്‍ത്താനുള്ള പദ്ധതിയും താഴെ തട്ടില്‍ നടപ്പാക്കിയിരുന്നു.


ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരില്‍ എല്ലാ മുന്നണികളും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെങ്കിലും ആശങ്ക എല്ലാവരുടെയും മുഖത്ത് പ്രകടമാണ്. എല്ലാ വിധ പ്രവചനങ്ങളെയും അട്ടിമറിക്കാവുന്ന വികാരം ചെങ്ങന്നൂര്‍ മനസ്സിലൊളിപ്പിച്ചുവെച്ചിട്ടുണ്ടോ എന്ന ആശങ്ക അവസാനിക്കാന്‍ ഇനി വിരലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.