മാറ്റിവയ്ക്കാനുണ്ടോ അല്‍പ്പം സമയം ഒരു കായലിനായി

രതി കുറുപ്പ്   

 

 

 

 


നാമെന്താണ് ഒരിക്കലും ഒരു പുഴയെ കുറിച്ചോ കിളിയെക്കുറിച്ചോ പൂവിനെക്കുറിച്ചോ ഓര്‍ത്ത് ഉറങ്ങാന്‍ കിടക്കാത്തത്.
ഉണരുമ്പോള്‍ പുലരിയെ നോക്കിയൊന്ന് പുഞ്ചിരിക്കാത്തത്..

 

 

പുഴയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്, പുഴക്കരയിലെ നിലാവും പുലരിയുമൊക്കെ സിനിമകളില്‍ കണ്ടിട്ടുമുണ്ട്. പക്ഷേ ഒരിക്കലും ഒഴുകി നീങ്ങുന്ന ഒരു പുഴയോ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന കായലോ അടുത്ത് കണ്ടിട്ടില്ല. വല്ലപ്പോഴും യാത്രകളില്‍ അഞ്ചോ പത്തോ മിനിട്ട് അടുത്തെത്തിയിട്ടുണ്ട്. പക്ഷേ ആ കാഴ്ച്ചക്ക് എന്തനുഭവം നല്‍കാനാകും. ഇപ്പോള്‍ മുന്നിലൊരു കായലുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുകയാണ്. അതേ ഇപ്പോഴാണ് ശരിക്കുമൊരു കായല്‍ കാണുന്നത്. എന്നും ഒരേ ഭാവം നിസംഗത. തീരെ മെല്ലെയാണ് ഒഴുക്ക്..ചെറിയ പായല്‍ക്കൂട്ടവുമായി ചിലപ്പോള്‍ പടിഞ്ഞാട്ടൊഴുകും..മറ്റ് ചിലപ്പോള്‍ കിഴക്കോട്ട്..ആദ്യം കണ്ടപ്പോള്‍ ആശയക്കുഴപ്പമായി. പുഴയും കായലുമൊക്കെ തിരിച്ചൊഴുകുമോ..അതോ തോന്നുന്നതോ…
ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ കാണുന്നത് റബ്ബര്‍ കാടുകളാണ്. കുന്നും മലയും വലിയ പാറക്കെട്ടുകളും നല്ല പരിചയമുണ്ട്. മുരുപ്പേക്കുന്നേല്‍ കാട്ടുചെടികള്‍ക്കിടയില്‍ നിന്ന് ചുവന്നുതുടുത്ത തെച്ചിപ്പഴം തിരഞ്ഞുപിടിച്ച് സ്വാദോടെ എത്രയോ കഴിച്ചിരിക്കുന്നു. ആ കുന്നിന്റെ നെറുകയില്‍ നിന്നാണ് അങ്ങുദൂരെ കൊടുമണ്‍ എസ്റ്റേറ്റില്‍ ഹെലികോപ്ടര്‍ തുരിശടിച്ച് (റബ്ബറിനുള്ള മരുന്ന്) പറക്കുന്നത് കാണാറുള്ളത്. വലിയ കരിംപാറകെട്ടുകളില്‍ വലിഞ്ഞുകയറി മുകളിലെത്തി ജയിച്ചേ എന്നുറക്കെ വിളിച്ചുകൂവിയിട്ടുണ്ട്. മഴ കനക്കുന്ന ഇടവമാസത്തില്‍ സ്‌കൂളിന് സമീപമുള്ള തോട് കവിഞ്ഞൊഴുകുന്നതും കണ്ടിട്ടുണ്ട്. പക്ഷേ ആ കാഴ്ച്ച അടുത്തുകാണാന്‍ കഴിഞ്ഞിട്ടില്ല. കുട്ടികള്‍ക്ക് വിലക്കുണ്ട് മഴക്കാലത്ത് തോട്ടില്‍ പോകാന്‍. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് കുട്ടികള്‍ പാത്രം കഴുകുന്നത് അവിടെയായിരുന്നു. എത്ര ചോറ്റുപാത്രം തെക്കേത്തോട്ടിലെ ഒഴുക്കെടുത്തുപോയിട്ടുണ്ട്. പാത്രമോ അടപ്പോ ഒഴുക്കില്‍പ്പെടുമ്പോള്‍ ആണ്‍കുട്ടികള്‍ കരയിലൂടെ കൂടെയോടി അവ വീണ്ടെടുക്കാറുമുണ്ട്. ഒഴുക്കുകൂടിയാല്‍ ഒരു ദയയുമില്ലാതെ പാവം കുട്ടികളുടെ പാത്രവും കവര്‍ന്ന് കള്ളിത്തോട് ഒരൊറ്റപ്പോക്ക് പോകും.

ഫാദര്‍ മാത്യൂ കോട്ടൂപറമ്പിലുണ്ടായിരുന്നു അടുത്ത മുറിയില്‍. കായല്‍ കണ്ട് മതിവരാത്ത ആളാണ് അച്ചനും. അച്ചനാണ് പറഞ്ഞു തന്നത് , ഇപ്പോള്‍ ഇങ്ങോട്ട് വരേണ്ടെന്നറിയിച്ച് കടല്‍ കായലിനെ തിരികെ പറഞ്ഞയക്കുമെന്ന്…ആദ്യക്കാഴ്ച്ച..ആദ്യഅറിവ്..

ഈ കരയിലെ കാറ്റിനെപ്പോലൊരാളും ഇന്നുവരെ സ്പര്‍ശിച്ചിട്ടില്ല. ഞണ്ടുകള്‍, മീനുകള്‍. കൊറ്റികള്‍, ചെറിയ കിളികള്‍, കാക്ക അങ്ങനെ ഒരുപാടുപേരെ ഇത്ര അടുത്ത് കാണുന്നതും ഇതാദ്യം. പായല്‍ക്കെട്ടുകളില്‍ പറന്നിരുന്ന് കൊറ്റികള്‍ ഒഴുക്കിന്റെ ശാന്തത ആവാഹിച്ച് ടിക്കറ്റില്ലാതെ യാത്ര ചെയ്യാറുണ്ട്. എവിടെ വരെയെന്ന് നിശ്ചയമില്ല. വെറുതേ അങ്ങനെ പോകുന്നു..മുകളില്‍ ആകാശത്ത് വട്ടമിട്ടുപറക്കുന്ന പരുന്തുകള്‍ താഴേക്ക് കുതിക്കുന്നത് കണ്ടിട്ടില്ല, പക്ഷേ അത്രയും ഉയരക്കാഴ്ച്ചയില്‍ ഇരയെ അവ കണ്ടെത്തുമെന്നും അച്ചന്‍ പറഞ്ഞു. അക്കരെ മരങ്ങളുണ്ട് വീടുകളുണ്ട് മനുഷ്യരുണ്ട്.. അവര്‍ ആരാണെന്നോ എന്താണെന്നോ പക്ഷേ ഒരുപിടിയുമില്ല.

ഒരു ഇടവഴി ചാടിക്കടക്കുന്ന ലാഘവത്തോടെ ചിലപ്പോള്‍ ചില മനുഷ്യര്‍ കൊതുമ്പുവള്ളത്തില്‍ ആഞ്ഞു തുഴഞ്ഞ് ഇക്കരെക്ക് വരാറുണ്ട്..ഒട്ടും ധൃതിയില്ലാതെ ചിലര്‍ വള്ളത്തെ ഒഴുകാന്‍ വിടുന്നു. മീന്‍പിടിക്കാന്‍ പോകുകയും മീനുമായി വരികയും ചെയ്യുന്ന ബോട്ടുകള്‍ ദൂരത്തുകാണാം. ഇതൊക്കെ ഒരുപാട് വായിച്ചിട്ടുണ്ട്, സിനിമകളില്‍ കണ്ടിട്ടുണ്ട്. പക്ഷേ നേരനുഭവം എന്ന വാക്കിന്റെ വിശാലതയില്‍ മനസ് തുള്ളിത്തെറിക്കുന്നു..ആകാശത്തിന്റെ വിസ്തൃതിയും അസ്തമയത്തിന്റെ ചാരുതയും ഇത്ര അടുത്ത് ഒരിക്കലും തൊട്ടറിഞ്ഞിട്ടില്ല. ഈ കായല്‍ക്കരയിലെ പ്രഭാതവും സായാഹ്നവും നിരന്തരം ഓര്‍മ്മിപ്പിക്കുന്നുണ്ട്, ജീവിതം അത്രമേല്‍ സുന്ദരമാണെന്ന്, അര്‍ത്ഥവത്താണെന്ന്..

ഈ ഭൂമിയില്‍ എത്രയോ കാലങ്ങളായി എത്രയോ മനുഷ്യരെ കാണുന്നു, അവരെക്കുറിച്ച് നാം പിന്നെയും പിന്നെയും സംസാരിക്കുന്നു. അവരുടെ ജീവിതം കഥയും കവിതയും നാടകവും സിനിമയുമാക്കി ആസ്വദിക്കുന്നു. ആര്‍ത്തിയാണ് മനുഷ്യനെപ്പോഴും, മറ്റുള്ളവരുടെ ജീവിതം കേള്‍ക്കാനും കാണാനും. അതുംപോരാഞ്ഞ് ഓരോരുത്തരും മറ്റൊരാളിലേക്ക് സ്വന്തം ലോകം തന്നെ ചുരുക്കികളയുന്നു. അര്‍ത്ഥമില്ലാത്ത ആശങ്കകളില്‍ ആകുലതകളില്‍ ഭ്രമങ്ങളില്‍ ബാധ്യതകളില്‍ ജീവിതം ഉരുക്കികളയുന്നു, പക്ഷേ അപ്പോഴുമുണ്ടായിരുന്നു ഈ മലകള്‍, കുന്നുകള്‍, പുഴ, കായല്‍, കടല്‍..കിളികള്‍, പൂമ്പാറ്റകള്‍, ആകാശം. അതിശയം പെരുകുന്നു, എന്നിട്ടും എന്തിനാണ് ഞങ്ങള്‍ മനുഷ്യര്‍ ഇങ്ങനെ സ്വയംചുരുങ്ങിപ്പോയത്. ഒരിക്കലും ഒരു പുഴയെ കുറിച്ചോ കിളിയെക്കുറിച്ചോ പൂവിനെക്കുറിച്ചോ ഓര്‍ത്ത് ഉറങ്ങാന്‍ കിടക്കാത്തത്. ഉണരുമ്പോള്‍ പുലരിയെ നോക്കിയൊന്ന് പുഞ്ചിരിക്കാത്തത്…ഒരു മഴയോ കാറ്റോ പൂവോ മരമോ പുഴയോ നിറഞ്ഞുതരുന്ന സ്നേഹത്തിന്റെ കണികപോലും മുളയ്ക്കാന്‍ മനസിലൊരിറ്റ് സ്ഥലം ബാക്കി നല്‍കാത്തത്…

അഭിപ്രായങ്ങള്‍

You might also like More from author