രാകേഷുമാര്‍ എങ്ങനെ നേതാക്കന്മാരാകുന്നു..?..ബിജെപിയോട് അണികള്‍ ചോദിക്കുന്നത്…

ബിന്ദു ടി

അഴിമതിക്കാരും, സ്വയം പൊക്കികളും, ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തുവെന്ന് വരുത്തി തീര്‍ത്ത് പ്രമുഖ നേതാക്കള്‍ക്കൊപ്പം നിന്നുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡയകളില്‍ പോസ്റ്റ് ചെയ്ത് ലൈക്കുകള്‍ പണം കൊടുത്ത് വാങ്ങുന്നവരും, കള്ളപ്പണക്കാരും, ഇടനിലക്കാരും, പലിശക്കാരും പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ കടന്നുകൂടുന്നത് അവരുടെ ബിസിനസ് താല്പര്യങ്ങള്‍ക്കായാണ്.

സിപിഎം നേതാക്കള്‍ക്കെതിരെ ആരും ഇത്ര ട്രോളിയില്ലല്ലോ.. ഇപ്പോഴിത് അപൂര്‍വ്വമായി കിട്ടുന്ന സംഭവമായത് കൊണ്ടല്ലേ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ആഘോഷിക്കുന്നത്..? തൃശ്ശൂരില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിനെ കള്ളനോട്ട് അടിച്ചുവെന്ന പരാതിയില്‍ പിടികൂടി എന്ന വാര്‍ത്തയെ സിപിഎം സൈബര്‍ കേന്ദ്രങ്ങള്‍ ട്രോളിലൂടെയും മറ്റും ആഘോഷമാക്കിയപ്പോള്‍, അതിന് ബിജെപി അനുകൂല സൈബര്‍ വിംഗുകാര്‍ നല്‍കിയ മറുപടിയുടെ പൊതു സ്വഭാവമാണിത്..തെറ്റു ചെയ്യുന്നവര്‍ പാര്ട്ടിയിലുണ്ടാക്കില്ല, ഇവന്മാരെയൊക്കെ കയ്യോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്ന് യാഥാര്‍ത്ഥ്യ ബോധമുള്ള പ്രതികരണങ്ങളും സജീവം.

കോണ്‍ഗ്രസ്, സിപിഎം നേതാക്കന്മാരെ കള്ളനോട്ടു കേസുകളിലും, പീഢനകേസുകളിലും പിടികൂടിയതും, അത് മാധ്യമങ്ങള്‍ മറച്ചു വച്ചതും അടക്കം സ്ഥിതി വിവരണക്കണക്കുകളുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പറയുന്നതെല്ലാം ശരിയാണ് പക്ഷേ ബാക്കിയാകുന്ന ഒരു ചോദ്യമുണ്ട്..അഴിമതി മുക്ത ഭാരതത്തിനായി ഒറ്റമനസോടെ പ്രവര്‍ത്തിക്കുന്ന മോദി സര്‍ക്കാരിനും, ബിജെപിയ്ക്കും അപമാനമായി എങ്ങനെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുവെന്ന്. പരസ്പരം പഴിചാരി പിടിച്ചു നില്‍ക്കുന്ന ഇടത് വലത് സ്വഭാവം മടുത്താണ് കേരളം പുതിയ രാഷ്ട്രീയ സംസ്‌കാരത്തെ സ്വീകരിക്കാന്‍ തുടങ്ങുന്നത്. അതിനാല്‍ ഇത്തരം ന്യായീകരണങ്ങള്‍ മതിയാവില്ല ബിജെപിയ്ക്ക്.. നേതൃത്വത്തില്‍ എങ്ങനെ ഇത്തരം ആളുകള്‍ കടന്നുകൂടുന്നു എന്ന് പരിശോധിക്കുകയും, ഇത്തരം പ്രവണതകളെ മുളയില്ലേ നുള്ളുകയും വേണം. എങ്കിലെ പ്രതീക്ഷയുടെ ആകാശത്ത് പുതിയ കൊടികള്‍ ഉയരുകയും പാറുകയും ഉള്ളു.

അഴിമതി, സ്വജനപക്ഷ പാതം, സ്വയം പുകഴ്ത്തിലെ ദൃശ്യവത്ക്കരിക്കുന്ന ഫ്‌ലെക്‌സ് സംസ്‌കാരം..ആദര്‍ശമില്ലായ്മ ഇതൊക്കെയാണ് കേരളത്തിലെ ഇടത് വലത് മുന്നണികളുടെ പൊതുസ്വഭാവം. ഇതില്‍ നിന്ന് മാറി നടക്കാന്‍ ബിജെപി പാര്‍ട്ടി നേതൃത്വത്തിന് എത്രത്തോളം കഴിയുന്നുവെന്നത് പുതിയ തലമുറയുടെ സ്വീകാര്യതയില്‍ മുന്നോട്ട് പോകുന്ന ഒരു പ്രസ്ഥാനത്തിന് ഏറെ നിര്‍ണായകമാണ്.

തൃശ്ശൂരില്‍ മോര്‍ച്ചാ നേതാവിന കള്ളനോട്ട് കേസില്‍ പിടിച്ച സംഭവം ഒന്ന് പരിശോധിക്കാം. കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് വരെ ഇടതുപക്ഷ യുവജനസംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു അറസ്റ്റിലായ രകേഷ് ഏരാശ്ശേരി. ഇയാളുടെ ജീവിത രീതി തന്നെ ദുരൂഹമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിദേശത്ത് ചില തട്ടിപ്പുകേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നുവെന്നും, നാട്ടില്‍ പണം പലിശയ്ക്ക് നല്‍കല്‍ പോലുള്ള ഇടപാടുകള്‍ ഇയാള്‍ക്കുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എവിടെ നിന്നാണ് ഇയാള്‍ക്ക് ഇത്രയും പണം ലഭിക്കുന്നത് എന്ന ചോദ്യത്തിനും മറുപടിയില്ല. ഇതെല്ലാം ഇപ്പോള്‍ പുറത്ത് വരുന്ന ആരോപണങ്ങളാണ്. മുമ്പ് പലരും പുറത്ത് പറയാന്‍ മടിച്ചിരുന്ന കാര്യങ്ങള്‍ പുറത്ത് വരുന്നു എന്നര്‍ത്ഥം. ഇയാള്‍ പിന്നോക്ക മോര്‍ച്ച പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രാദേശിക നേതൃത്വ സ്ഥാനത്ത് എങ്ങനെ എത്തി എന്ന ചോദ്യം പ്രസക്തമാണ്. സംഘടന നേതൃസ്ഥാനങ്ങളില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നും മറ്റും വരുന്നവരെ അവരോധിക്കുമ്പോള്‍ നേതൃത്വം ഇടപെട്ട് എന്ത് പരിശോധനയാണ് നടത്തുന്നത് എന്നാണ് സാധാരണ അണികളുടെ ചോദ്യം. എന്താണ് പാര്‍ട്ടി നേതൃസ്ഥാനത്ത് എത്താനുള്ള യോഗ്യത എന്ന ചോദ്യം നേരിട്ട് അണികള്‍ ചോദിക്കും മുമ്പ് ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും ബിജപിയ്ക്കകത്ത് തന്നെ അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. നേതൃ സ്ഥാനത്ത് ഈയിടെ എത്തിയ പലരുടെയും മുന്‍കാല ചെയ്തികളും, അവര്‍ ചെയ്യുന്ന തൊഴിലും എന്താണെന്ന് നേതൃത്വം പരിശോധിക്കണം എന്ന ആവശ്യം സാധാരണക്കാര്‍ക്കിടയില്‍ ഉയര്‍ന്നു കഴിഞ്ഞു.

നേതാവാകാനും, നേതാവായാല്‍ കൂടുതല്‍ വളരാനും ശ്രമിക്കുന്ന മറ്റ് പാര്‍ട്ടി നേതാക്കന്മാരെ മാതൃകയാക്കാന്‍ ശ്രമിക്കുന്നവര്‍ ബിജെപിയിലും സജീവമാകുന്നു എന്ന സൂചനയാണ് ഇതെല്ലാം. മറ്റൊരു സംഭവം കൂടി നോക്കാം
.
കൊച്ചി മെട്രോ ഉദ്ഘാടനചടങ്ങിന് മുമ്പ് മെട്രോയുടെ അവകാശവാദം ഏറ്റെടുത്തുകൊണ്ട് ബിജെപി പ്രാദേശിക നേതൃത്വങ്ങള്‍ വച്ച ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ചര്‍ച്ചയായിരുന്നു. സമാനമായ ബോര്‍ഡുകള്‍ കേരളത്തിലെ നിരത്തുകളില്‍ മറ്റ് മുന്നണികള്‍ വച്ച് ധാരാളം കണ്ടിട്ടുണ്ടാവാമെങ്കിലും ബിജെപി അത് ചെയ്തപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചയായി. മെട്രോ നടപ്പാക്കിയവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുള്ള ഫ്‌ലക്‌സില്‍ നരേന്ദ്രമോദി മുതല്‍ പ്രാദേശിക ബിജെപി നേതക്കളുടെ വര ഫോട്ടോകള്‍ കയറിപറ്റി. ജില്ല നേതൃത്വത്തിന്റെ പേരില്‍ വന്ന ബോര്‍ഡുകള്‍ പദ്ധതിയുടെ ഭാഗഭാഗക്കായി മോദി സര്‍ക്കാരിനെ അപമാനിക്കുന്ന തരത്തിലായി എന്നായിരുന്നു സോഷ്യല്‍ മീഡിയ പരിഹാസങ്ങള്‍. മെട്രോ മാന്‍ ഇ ശ്രീധരന്റെ ഫോട്ടോയെങ്കിലും ഉള്‍പ്പെടുത്താമായിരുന്നു എന്ന ദയനീയമായ ചില അപേക്ഷകളും കണ്ടു. ഫ്‌ലക്‌സില്‍ മുഖം നിറച്ച് നേതാവാകാനുള്ള പ്രാദേശിക നേതാക്കളുടെ ചെയ്തി നേതൃത്വത്തിനുണ്ടാക്കിയ നാണക്കേട് ഒരു മുന്നറിയിപ്പാണ്. കോണ്‍ഗ്രസിന്റത് പോലുള്ള ഫ്‌ലക്‌സ സംസ്‌കാരം ബിജെപിയില്‍ രൂപപ്പെടുന്നുവെന്നതിന്റെ കൃത്യമായ സൂചന. തുടക്കത്തിലെ മരുന്ന് ചെയതില്ലെങ്കില്‍ വിള നശിപ്പിക്കാവുന്ന കീടങ്ങളാണ് ഇവയെല്ലാമെന്നാണ് വിലയിരുത്തല്‍

”അഴിമതിക്കാരും, സ്വയം പൊക്കികളും, ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തുവെന്ന് വരുത്തി തീര്‍ത്ത് പ്രമുഖ നേതാക്കള്‍ക്കൊപ്പം നിന്നുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡയകളില്‍ പോസ്റ്റ് ചെയ്ത് ലൈക്കുകള്‍ പണം കൊടുത്ത് വാങ്ങുന്നവരും, കള്ളപ്പണക്കാരും, ഇടനിലക്കാരും, പലിശക്കാരും പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ കടന്നുകൂടുന്നത് അവരുടെ ബിസിനസ് താല്പര്യങ്ങള്‍ക്കായാണ്. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മറ്റ് പാര്ട്ടികളില്‍ നിന്നും വിവിധ മേഖലകളില്‍ നിന്നുമായി നിരവധി പേര്‍ ബിജെപിയില്‍ ചേരുന്നുണ്ട്. വളര്‍ച്ചയുടെ സ്വഭാവികമായ പരിണിതിയില്‍ ഒഴുക്കിനൊപ്പം മാലിന്യങ്ങളും അതില്‍ അടിഞ്ഞേക്കാം. പക്ഷേ മാലിന്യങ്ങളെ തുടക്കത്തില്‍ തന്നെ നീക്കം ചെയ്യുകയോ ശുദ്ധീകരിക്കാതിരിക്കുകയോ ചെയ്താല്‍ സകലതും മലിനമാകും. വിമര്‍ശനങ്ങളില്‍ തലങ്ങും വിലങ്ങും പ്രതികരിച്ച് തളരാതെ ഇത്തരം സൂചനകള്‍ക്കെതിരെ ശക്തമായ നടപടികളാണ് ആവശ്യം”- ഒരു ബിജെപി നേതാവ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മാത്രം പ്രതികരിക്കുന്നവരെ നേതാവാക്കുന്ന പ്രവണതയും പലരും നേതൃ സ്ഥാനത്തേക്കുള്ള കുറുക്ക് വഴിയായി കാണുന്നു. ഫേസ്ബുക്ക് നേതാവില്‍ നിന്ന് സംഘടനയുടെ തലപ്പത്ത് എത്തുന്നവരുടെ അടിസ്ഥാന യോഗ്യത വെറും വാചകമടിയും.’തള്ളലും’ മാത്രമാണെന്ന് അന്വേഷിച്ചാല്‍ വ്യക്തമാകുന്നു. അഴിമതിയുടെ കറുത്ത കരം ഒളിപ്പിച്ചുവെക്കാന്‍ ഫേസ്ബുക്ക് സംഘടന പ്രവര്‍ത്തനം കൊണ്ട് എളുപ്പവുമാണല്ലോ? ജി്ല്ല നേതാക്കളുടെ പ്രീതി പിടിച്ചുപറ്റിയാല്‍ താഴെ തട്ടുകളിലോ പോഷക സംഘടനകളിലോ പ്രവര്‍ത്തന പാരമ്പര്യം ഇല്ലെങ്കിലും നേതൃത്വത്തിലെത്താം എന്ന അവസ്ഥയും ചിലയിടത്തെങ്കിലും ഉണ്ട്.

ഭാവി നേതാക്കള്‍ ആരെന്ന് നിശ്ചയിക്കുന്നതില്‍ നിതാന്ത ജാഗ്രത അത്യവശ്യമാണ്.ഇല്ലെങ്കില്‍ മുന്നണികളിലെ രാഷ്ട്രീയ കക്ഷികളെ പോലെ ബിജെപിയും മറ്റൊരു പാര്‍ട്ടി എന്ന ലേബലില്‍ ഒതുങ്ങും. രതീശന്മാരെ പോലെ അപൂര്‍വ്വം ചിലരുണ്ടായേക്കാം ഇത്തരം രാകേശന്മാരെ ഒട്ടും ന്യായീകരിക്കാതെ തള്ളി പറയുന്ന നേതൃത്വം അതിന്റെ ശരിയായ നിലപാട് മുന്നോട്ട് വച്ചു കഴിഞ്ഞുവെന്നും നേതാക്കള്‍ പറയുന്നു.

എന്നാല്‍ ഇതു മാത്രം മതിയാകില്ല ശുദ്ധീകരണം പൂര്‍ത്തിയാകാന്‍. പ്രാദേശിക തലം മുതല്‍ നേതാക്കന്മാരുടെ ജീവിതവും പശ്ചാത്തലവും, ഭൂതകാലവും പാര്‍ട്ടി തലത്തില്‍ തന്നെ സൂഷ്മപരിശോധനയ്ക്ക് വിധേയമാക്കണം. സംശുദ്ധിയില്ലാത്ത ഒരാള്‍ പോലും ചെറിയ ഘടകങ്ങളില്‍ പോലും നേതാക്കന്മാരായുണ്ടോ എന്ന് കൃത്യമായി വിലയിരുത്തപ്പെടണം. ഏതവനും കേറി നേതാവാകാം എന്ന ധാരണ മാറണം. കറപുരണ്ടവരെ നേതൃസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയണം. എങ്കിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ആദര്‍ശത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയു എന്നിങ്ങനെയാണ് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ വിലയിരുത്തുന്നത്.

അഭിപ്രായങ്ങള്‍

You might also like More from author