പൊതുമേഖലാ ബാങ്കുകള്‍ അടച്ചുപൂട്ടുമെന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതം, ബാങ്കുകളെ ശക്തിപ്പെടുത്താന്‍ 2.11 ലക്ഷം കോടിയുടെ പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക്


ഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ ചിലത് അടച്ചുപൂട്ടുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചരണങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ പ്രതികരണമെന്നും എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബാങ്ക് ഓഫ് ഇന്ത്യക്ക് മേല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തെത്തുടര്‍ന്നാണ് പൊതുമേഖലാ ബാങ്കുകള്‍ അടച്ചുപൂട്ടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതും അതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതും. എന്നാല്‍, പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തി ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് തികച്ചും സാങ്കേതികപരമായ കാര്യമാണെന്നും അത് പൊതുജനങ്ങളെയോ ബാങ്കിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളെയോ ബുദ്ധിമുട്ടിക്കാനല്ലെന്നുമാണ് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പ്രതികരിച്ചത്.

ഒരു ബാങ്ക് പോലും അടച്ചുപൂട്ടാന്‍ ഉദ്ദേശിക്കുന്നില്ല. പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താന്‍ 2.11 ലക്ഷം കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം അറിയിച്ചു.

ബാങ്ക് ഓഫ് ഇന്ത്യക്ക് പുറമേ ഐഡിബിഐ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്,യു.സി.ഒ ബാങ്ക് എന്നിവയെയും റിസര്‍വ് ബാങ്ക് പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.