ഇന്ധനവില കുത്തനെ ഉയര്‍ന്നതിന്റെ ഗുണം സംസ്ഥാനത്തിന് മാത്രം, കേന്ദ്രനികുതി കൂടിയില്ല,അധിക നികുതിയെങ്കിലും കുറച്ച് കേന്ദ്രത്തെ കുറ്റം പറയു എന്ന് ധനമന്ത്രിക്ക് പരിഹാസം

പെട്രോള്‍ -സംസ്ഥാന നികുതി 19.45 രൂപ, കേന്ദ്ര നികുതി-19.48 കേന്ദ്ര-സംസ്ഥാന നികുതികളിലെ വ്യത്യാസം വെറും മൂന്ന് പൈസ

തിരുവനന്തപുരം: ഇന്ധനവില ക്രമാതീതമായി വര്‍ധിച്ചിട്ടും നികുതി കുറയ്ക്കില്ലെന്ന പിടിവാശിയില്‍ കേരളം നില്‍ക്കുന്നത് ഒഴിഞ്ഞ ഖജനാവ് നിറക്കാന്‍ വില വര്‍ദ്ധനവ് വഴിയൊരുക്കുന്നു എന്നതാണെന്ന് കണക്കുകള്‍ പറയുന്നു. 71 രൂപയില്‍ നിന്നു പെട്രോള്‍ വില 81 കടന്നതോടെ കേരളത്തിന് ഓരോ ലിറ്ററിലും അധികമായി ലഭിക്കുന്ന നികുതി 2.45 രൂപയാണ്. 10 രൂപയുടെ വര്‍ധന ഉണ്ടായപ്പോള്‍ സംസ്ഥാനത്തിനു ലഭിച്ച അധിക നികുതി വരുമാനം ദിവസം രണ്ടുകോടിയിലേറെ രൂപയാണ്. ഒരു ദിവസം ശരാശരി ഒരുകോടി ലിറ്റര്‍ പെട്രോളും ഡീസലുമാണ് കേരളത്തില്‍ വില്‍ക്കുന്നത്. 73.2 ശതമാനം ഡീസലും 26.8 ശതമാനം പെട്രോളും. ലിറ്ററിന് പത്തുരൂപ കൂടിയപ്പോള്‍ അധികവരുമാനമായി ഒരു മാസം ലഭിക്കുന്നത് 60 കോടി രൂപ.

പെട്രോളിന് 71 രൂപയുണ്ടായിരുന്നപ്പോള്‍,ഉല്‍പ്പന്ന വില 30.06 രൂപയായിരുന്നു. കേന്ദ്രനികുതി 19.48 രൂപയും, ഡീലര്‍ കമ്മിഷന്‍ 3.63 രൂപയും, സംസ്ഥാന നികുതി 17 രൂപയും. എന്നാല്‍ ഇപ്പോള്‍ ലിറ്ററിന് 81 രൂപ ആയപ്പോള്‍ ഉല്‍പ്പന്ന വില 37.65 രൂപായി. കേന്ദ്രനികുതി മാറ്റമില്ലാതെ 19.48 രൂപയില്‍ തുടര്‍ന്നപ്പോള്‍ സംസ്ഥാന നികുതി 19.45 രൂപയായി വര്‍ധിച്ചു. ഡീലര്‍ നികുതിയിലും മാറ്റമുണ്ടായില്ല. ചരക്കുകൂലിയും ചേര്‍ത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81.62 രൂപയാണ് ഇന്നത്തെ നിരക്ക് .

വില വര്‍ധനവിലും കേന്ദ്ര നികുതി മാറ്റമില്ലാതെ തുടരുമ്പോഴും കേരളത്തിന് കൂടുതലായി ഓരോ ലിറ്ററിനും രണ്ടു രൂപ 45 പൈസയുടെ അധികവരുമാനമാണ് ഉള്ളത്. ഉല്‍പ്പന്നവിലയും കേന്ദ്രനികുതിയും ചേര്‍ന്നുവരുന്ന വിലയിലാണ് സംസ്ഥാനത്തിന്റെ 32.02 ശതമാനം നികുതി എന്നതാണ് അധികവരുമാനത്തിന്റെ കാരണം.

പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് പെട്രോളിന് 39.78%, ഡീസലിന് 24.84%. പഞ്ചാബില്‍ യഥാക്രമം 35.35%, 16.88%. കേരളത്തില്‍ പെട്രോളിന് 32.02% (19.22 രൂപ), ഡീസലിന് 25.58% (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി.

71 രൂപയില്‍ നിന്നുയര്‍ന്നതിന് ശേഷമുള്ള അധിക നികുതി കേരളം വേണ്ടെന്നു വച്ചാല്‍ രണ്ടര രൂപയോളം പെട്രോള്‍ ലിറ്ററിന് വിലകുറയും. അതിന് കേരളം തയ്യാറാകുമോ എന്നാണ് ചോദ്യം. ഇനി വില ഉയര്‍ന്നാല്‍ അധിക നികുതി ഈടാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നെങ്കിലും പ്രാബല്യത്തില്‍ വന്നിട്ടില്ല.

സംസ്ഥാനത്തിന്റെ ഇന്ധനനികുതി വരുമാനം കഴിഞ്ഞവര്‍ഷം മാസത്തില്‍ 553 കോടി രൂപയായിരുന്നെങ്കില്‍ കഴിഞ്ഞമാസങ്ങളില്‍ അത് 650 കോടി രൂപവരെയെത്തി. ഇന്ധനവില വര്‍ധന ഓട്ടോ, ടാക്സി, ബസ് സര്‍വീസുകളെയും അവശ്യസാധനങ്ങളുടെ വിലയേയും ബാധിച്ചു തുടങ്ങിയിട്ടും സംസ്ഥാനം നികുതി കുറക്കാന്‍ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.