”ട്രോളിയവരെ കൊണ്ടു പോലും കയ്യടിപ്പിക്കും ബിപ്ലവ് ” വൃദ്ധരാഷ്ട്രീയ നേതാക്കളെ കണ്ടു മടുത്ത ചെങ്ങന്നൂരിന് ആവേശം പകര്‍ന്ന് യുവ മുഖ്യമന്ത്രി, ബിജെപിയുടെ മറുപണിയില്‍ പിന്നിലായി മുഖ്യമന്ത്രിയുടെ പ്രചരണ തുടക്കം


ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് ത്രിപുരയില്‍ പ്രചരണത്തിനെത്തുന്നുവെന്ന് ബിജെപി പ്രഖ്യാപിച്ചപ്പോള്‍ കളിയാക്കി ചിരിച്ചവരാണ് സിപിഎം. ബിപ്ലവിനെതിരെയുയര്‍ത്തിയ ട്രോളുകള്‍ സിപിഎം അനുകൂല പേജുകളില്‍ വീണ്ടും ഉയര്‍ന്നു. വെറും കോമാളി എന്ന മട്ടിലായിരുന്നു സിപിഎം സൈബര്‍ അണികളുടെ പരിഹാസം.
എന്നാല്‍ ഇയാളെയാണോ അവരെല്ലാം കളിയാക്കിയത് എന്ന് ചോദിക്കുകയാണ് ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍. യുവാവായ മുഖ്യമന്ത്രി, വിനയം തുടിക്കുന്ന മുഖഭാവം, വളരെ പക്വമായ ആരേയും കയ്യിലെടുക്കുന്ന പ്രസംഗം. എതിരാളികളെ നിഷ്പ്രഭമാക്കുന്ന ബിപ്ലവ് മാജിക് ത്രിപുരയില്‍ എങ്ങനെയാണ് വിജയത്തിലെത്തിയത് എന്ന് ചെങ്ങന്നൂര്‍ക്കാര്‍ക്ക് മനസ്സിലാകുന്നുണ്ട്.
സിപിഎം പ്രചരിപ്പിച്ച പോലെയല്ല കാര്യങ്ങള്‍ എന്നാണ് ബിപ്ലവിനെ കേട്ട ചെങ്ങന്നൂരിലെ വോട്ടന്മാര്‍ വിലയിരുത്തുന്നത്. നടന്‍ സുരേഷ് ഗോപിയെ പ്രചരണത്തിനിറക്കി തുടങ്ങിയ ബിജെപി അവരുടെ സ്റ്റാര്‍ കാമ്പയിനറായി ബിപ്ലവ് ദേവിനെ ഇറക്കിയത് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
ത്രിപുര പിടിച്ചതു പോലെ കേരളവും ബിജെപി നേടും, ചെങ്ങന്നൂര്‍ അതിന്റെ തുടക്കമാണ്. അഹങ്കാരിയായ മുഖ്യമന്ത്രി, ധാര്‍ഷ്ട്യം കൊണ്ട് ജനങ്ങളെ പരിഹസിക്കുന്ന നേതാക്കള്‍..എല്ലാത്തിനും ജനങ്ങള്‍ മറുപടി പറയും എന്നിങ്ങനെയാണ് ബിപ്ലവിന്റെ വാക്കുകള്‍. പരിവര്‍ത്തനത്തിന്റെ തുടക്കം എന്നാണ് ഉപതെരഞ്ഞെടുപ്പിന് ബിപ്ലവ് ദേവ് വിശേഷിപ്പിച്ചത്.

നേരത്തെ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തെ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാര്‍ സന്ദര്‍ശിച്ചതിന് പിന്നില്‍ ബിജെപിയുടെ വ്യക്തമായ രാഷ്ട്രീയനീക്കം വ്യക്തമായിരുന്നു. . സ്വന്തം മുഖ്യമന്ത്രി തിരിഞ്ഞുനോക്കാത്ത വീട്ടിലേക്ക് ബിപ്ലവ് കുമാര്‍ വരുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യുമ്പോള്‍ അത് ചെങ്ങന്നൂരിലെ വോട്ടര്‍മാരെയും ചിന്തിപ്പിക്കും.
മുമ്പ് ഹരിയാനയില്‍ പോയി ജുനൈദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ തയ്യാറായ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് ശ്രീജിത്തിനെ തിരിഞ്ഞുനോക്കുന്നില്ലെന്ന ചോദ്യവും ബിപ്ലബിന്റെ സന്ദര്‍ശനത്തോടെ സജീവമായി. അന്ന് ജുനൈദിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പിണറായി കളിച്ച രാഷ്ട്രീയ കളി ഇപ്പോള്‍ ബിജെപി തിരിച്ചടിക്കുകയാണ്. നേരത്തെ ജുനൈദിന്റെ കൊലപാകം ട്രെയിനിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണെന്ന കോടതി കണ്ടെത്തല്‍ സിപിഎമ്മിന് തിരിച്ചടിയായിരുന്നു. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരും ഇങ്ങനെ ആയിരുന്നു. സ്വന്തം മണ്ഡലത്തില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ കാണാന്‍ പോലും തയ്യാറായില്ല. മുഖ്യമന്ത്രി പിണറായി വിജയന് അഹങ്കാരമാണെന്നും ത്രിപുര മുഖ്യമന്ത്രി പറഞ്ഞു.


ബിപ്ലവ് ദേബിന്റെ വരവും അതിന് പിന്നിലെ രാഷ്ട്രീയനീക്കങ്ങളും മുന്നില്‍ക്കണ്ടുകൊണ്ടാണ് തിടുക്കപ്പെട്ട് കഴിഞ്ഞ ദിവസം തന്നെ ശ്രീജിത്തിന്റെ ഭാര്യയെ ജോലിയില്‍ പ്രവേശിപ്പിച്ചത്. കുടുംബത്തിന് ധനസഹായവും സര്‍ക്കാര്‍ ജോലിയും നല്‍കിയെങ്കിലും, ഇതുവരെ മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് പ്രചരണത്തിനിറങ്ങിയ ദിവസം തന്നെയാണ് ത്രിപുര മുഖ്യമന്ത്രിയും പ്രചരണത്തിന് എത്തിയത്. ബംഗളൂരുവില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത ശേഷം പിറ്റേദിവസം ചെങ്ങന്നൂരിലെത്തി കോണ്‍ഗ്രസിനെതിരെ സംസാരിക്കുന്ന മുഖ്യമന്ത്രിയുടെ ഇരട്ടതാപ്പും ചര്‍ച്ചയായി. സിപിഎം ഒന്നുമല്ലാതായി എന്ന എ.കെ ആന്റണിയുടെ പരിഹാസത്തിന് മറുപടി പറഞ്ഞ പിണറായി വിജയന്‍ തങ്ങളുടെ കാര്യം തങ്ങള്‍ നോക്കി കോളാം എന്ന ധാര്‍ഷ്ട്യമാണ് പ്രകടമാക്കിയത്.
രാഷ്ട്രീയ വൈരാഗ്യം മറന്ന് മമത ബാനര്‍ജിയുമായി വേദി പങ്കിട്ടതും, മമത ഇന്ന് മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതും വോട്ടര്‍മാരുടെ മനസ്സിലുണ്ടാവും.

പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ കൂടി പ്രചരണത്തിനെത്തുന്നതോടെ ചെങ്ങന്നൂരില്‍ ബിജെപി ജയം സുനിശ്ചിതമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.