എഴുത്തിനു മേലുള്ള കറുത്ത നിഴല്‍

 

വടയാര്‍ സുനില്‍vadayar sunil

ആദ്യത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലം. സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചതിന് എതിരെ ഇടതു യുവജനപ്രസ്ഥാനങ്ങളുടെ പേരില്‍ വമ്പിച്ച സമരം നിര്‍ദ്ദയം അടിച്ചമര്‍ത്തുന്ന നയമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. നിരക്ക് വര്‍ദ്ധനക്ക് എതിരെ ഉയര്‍ന്ന ജനരോക്ഷത്തെ സര്‍ക്കാര്‍ കണ്ടതായി ഭാവിച്ചില്ല. കേരളത്തിലെ തെരുവുകളില്‍ മുഴുവന്‍ അടിയേറ്റു വീഴുന്ന ചെറുപ്പക്കാരുടെ ചോരയായിരുന്നു. സമരം രക്തരൂക്ഷിതമായി കൊടുമ്പിരിക്കൊണ്ടിരിക്കവേ, ഹൈക്കോടതിയില്‍, വൈദ്യുതി നിരക്ക് വര്‍ദ്ധന റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു.

കേരളം കാതോര്‍ത്തിരുന്ന ആ ഹര്‍ജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസിന്റെ പഴയ ഹൈക്കോടതി മന്ദിരമായ റാം മോഹന്‍ പാലസിലെ ഒന്നാം നമ്പര്‍കോടതി കോടതി മുറിയില്‍ തിങ്ങിനിറഞ്ഞ പുരുഷാരമായിരുന്നു. വക്കീലന്മാരും ഗുമസ്തരും ഹര്‍ജിക്കാരുമൊക്കെ അടങ്ങുന്ന ആള്‍ക്കൂട്ടത്തില്‍ തിക്കിത്തിരക്കി മാധ്യമ പ്രവര്‍ത്തകരുമുണ്ടാകും.ഇന്നത്തെ പോലെ ജഡ്ജിയുടെ മുന്നില്‍ മൈക്രോ ഫോണൊന്നുമില്ലാത്ത കാലമാണ്. ബഞ്ചില്‍ നിന്നും പലപ്പോഴും പതിഞ്ഞ സ്വരത്തില്‍ ന്യായാധിപന്മാര്‍ പറയുന്നത് കേള്‍ക്കാന്‍ അവസരമുണ്ടാക്കിത്തരുന്ന തിനായി കൂട്ടം കൂടി കോടതി നിറഞ്ഞു നില്‍ക്കുന്ന അഭിജാത രായ അഭിഭാഷകര്‍, ഈ ലേഖകന്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരെ മുന്നിലേക്ക് ,കോര്‍ട്ട് ഓഫീസര്‍ ഇരിക്കുന്നതിന് തൊട്ടടുത്ത് വരേയ്ക്ക് സ്‌നേഹപൂര്‍വം കടത്തിവിട്ടു.(അതൊരു കാലം!)
കേസ് വാദം തുടങ്ങി മുന്നേറവേ, വൈദ്യുത ബോര്‍ഡ് വമ്പന്‍മാരില്‍ നിന്നും പിരിച്ചെടുക്കാന്‍ ഉളള ശതകോടികളുടെ പട്ടിക കോടതി മുമ്പാകെ ഹാജരാക്കി.ഒരു ദിവസം തെറ്റിയാല്‍ പാവപ്പെട്ടവന്റെ ഫ്യൂസ് ഊരുന്ന കെ.എസ്.ഇ.ബി. യുടെ അഭിഭാഷകന് ഉത്തരം മുട്ടി. ക്ഷുഭിതരായ ഡിവിഷന്‍ ബഞ്ചിലെ ന്യായാധിപന്മാര്‍, സമ്പന്നരുടെ വമ്പന്‍ കുടിശിഖകള്‍ പിരിച്ചെടുക്കാതെ വൈദ്യുത ചാര്‍ജ് കൂട്ടിയ സര്‍ക്കാര്‍ നടപടിക്ക് നീതീകരണമില്ല എന്ന് ‘ വാക്കാല്‍” അഭിപ്രായപ്പെട്ടു. പക്ഷേ, സര്‍ക്കാര്‍ നടപടി ഉടന്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിക്കാതെ വിശദമായ സത്യവാങ്ങ്മൂലം ഒരാഴ്ചക്കകം വൈദ്യുതി ബോര്‍ഡ് നല്‍കണമെന്ന ഉത്തരവോടെ കേസ് മാറ്റി.

കോടതിയുടെയും വക്കീലന്മാരുടെയും അന്നത്തെ ജോലി കഴിഞ്ഞു. പക്ഷേ, മാധ്യമ പ്രവര്‍ത്തകന്റെ പണി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.വാര്‍ത്ത എങ്ങനെ നല്‍കണം എന്ന തീരുമാനത്തില്‍ എത്തുകയാണ് ആദ്യം വേണ്ടത്. ‘ സ്റ്റേ അനുവദിച്ചില്ല. വൈദ്യുത ബോര്‍ഡ് ഒരാഴ്ചക്കകം സത്യവാങ്ങ്മൂലം നല്‍കണം” എന്നതാണ് കോടതി രേഖയിലുള്ളത്. മറിച്ച് കോടതിയുടെ ക്ഷോഭവും പ്രതികരണവുമൊക്കെ തുറന്ന കോടതിയില്‍ നടന്ന നാടകീയ സംഭവങ്ങളാണ്. രേഖയില്‍ ഇല്ലാത്തത്. കടലാസ് നോക്കി വാര്‍ത്ത നല്‍കിയാല്‍ എഴുതേണ്ടത് ഇങ്ങനെയാണ്.’വൈദ്യുതി നിരക്ക് വര്‍ദ്ധന: ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല ‘ ഫലം എന്തായിരിക്കും? സര്‍ക്കാര്‍ കൂടുതല്‍ സ്റ്റേണ്‍ ആകും. ജന വിരുദ്ധമായ നിരക്ക് വര്‍ദ്ധനയില്‍ ഉറച്ചു നില്‍ക്കും. ഡി.വൈ.എഫ്.ഐ – എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ കൂടുതല്‍ നിര്‍ദ്ദയമായി തല്ലിയൊതുക്കും.ജനം തോറ്റു പോകും.

മാധ്യമ പ്രവര്‍ത്തകന്‍ എവിടെ നില്‍ക്കണം എന്ന ചോദ്യം ഉയരുന്ന ഘട്ടമാണിത്.ഈ ലേഖകന്‍ ഉള്‍പ്പെടെ നാല് മാധ്യമ പ്രവര്‍ത്തകര്‍ ജനപക്ഷത്തുനില്‍ക്കാന്‍ തീരുമാനമെടുത്തു. കേവലം കടലാസ് മാത്രം നോക്കാതെ, കോടതിയില്‍ നടന്നത് വാര്‍ത്തയില്‍ ലീഡ് ചെയ്യാന്‍ തീരുമാനിച്ചു.വാര്‍ത്ത നല്‍കിയത് ഇങ്ങനെ.’ ശത കോടികളുടെ കുടിശിക പിരിച്ചെടുക്കാതെ വൈദ്യുതി നിരക്ക് കൂട്ടിയതിന് നീതീകരണമില്ല: ഹൈക്കോടതി’. കുടിശികക്കാരുടെ പട്ടികയും കോടതിയില്‍ നടന്ന കാര്യങ്ങളും വിശദീകരിച്ചതിനൊപ്പം പക്ഷേ, സ്റ്റേ അനുവദിച്ചില്ല എന്ന ‘രേഖ”യിലെ വിവരവും ചേര്‍ത്തു. സമ്പൂര്‍ണ്ണ വാര്‍ത്താ ചാനലുകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് മൂന്നു മലയാള പത്രങ്ങളും ഇന്ത്യന്‍ എക്‌സ്പ്രസും ഇത് പ്രധാന വാര്‍ത്തയാക്കിയതോടെ സര്‍ക്കാര്‍ ഉലഞ്ഞു. നിരക്ക് വര്‍ദ്ധന പിന്‍വലിക്കേണ്ടി വന്നു. ജയിച്ചത് ജനം.

ധനേഷ് ഇന്‍ സെബാസ്റ്റ്യന്‍ പോള്‍ ഔട്ട്!

നാടറിയുന്ന അഭിഭാഷകന്‍ കൂടിയായ സെബാസ്റ്റ്യന്‍ പോളിനെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പുറത്താക്കിയതിനു തൊട്ടുപിന്നാലെയാണ് ഈ കുറിപ്പ് എഴുതുന്നത്. എന്തിനാണ് പുറത്താക്കല്‍? കോടതികളില്‍ മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയതിനെ അനുകൂലിക്കാത്ത നിലപാട് കൈക്കൊണ്ടതിനും ‘ ജഡ്ജിമാരെ വിമര്‍ശിച്ചതിനും ‘. എങ്ങനെയാണ് മാധ്യമ വിലക്ക് തുടങ്ങിയത്. ഹൈക്കോടതിയില്‍ ഗവ. പ്ലീഡറായിരുന്ന ധനേഷ് മാത്യു മാഞ്ഞൂരാന്‍ രാത്രി വഴി നടന്നു പോയ യുവതിയുടെ മാറില്‍ പിടിച്ച സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് ! പക്ഷേ, പെണ്ണു പിടിക്കയും വ്യാജ രേഖ ഉണ്ടാക്കി കോടതിയെ കബളിപ്പിച്ച് ജാമ്യം നേടുകയും ചെയ്യുക വഴി സന്നത് പോകുന്ന തരത്തിലുള്ള പെരുമാറ്റ ദൂഷ്യം കാട്ടുകയും ചെയ്ത ധനേഷ് മാത്യു മാഞ്ഞൂരാന്‍ ഇeപ്പാഴും അസോസിയേഷന്റെ അകത്തു തന്നെല്ലേ ഉള്ളത്? പുറത്താക്കി എന്നൊരു കീറക്കടലാസു പോലും അസോസിയേഷന്റെതായി വന്നു കണ്ടിട്ടില്ല.! കാര്യം പിടികിട്ടിയില്ലേ?

കേരളത്തില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായി തുടരുന്ന പ്രശ്‌നങ്ങള്‍ അഭിമാനകരമായ ഒരു പ്രശ്‌നത്തെ അധികരിച്ചല്ലെന്നതും കേവലം ഒരു വക്കീലിന്റെ ‘വിഷയാസക്തി ‘യാണ് മൂലകാരണമെന്നതും നിഷേധിക്കാനാവാത്ത സത്യമാണ്. അന്താരാഷ്ട്ര തലത്തില്‍ വരെ ഈ വിഷയങ്ങള്‍ എത്തിപ്പെട്ടത് എത്ര അപമാനകരമാണെന്നതും പ്രബുദ്ധ പാരമ്പര്യമുള്ള കേരളത്തിലെ അഭിഭാഷക സമൂഹം ഇനിയെങ്കിലും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതുണ്ട്. സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും രാഷ്ട്രപതിയും മുഖ്യമന്ത്രിയും വരെ ഇടപെട്ടിട്ടും അപക്വമായ കാമ്പസുകളുടെ എക്‌സ് ടെന്‍ഷന്‍ സെന്ററുകളാണ് കോടതികള്‍ എന്നു കരുതുന്നവരുടെ ചെവിക്കു പിടിക്കയാണ് വിവേകമതികള്‍ (ഉണ്ടെങ്കില്‍) നേതൃത്വം നല്‍കുന്ന അഭിഭാഷക അസോസിയേഷന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടുന്നത്.ഹൈക്കോടതിയുടെ ജൂബിലി ആഘോഷങ്ങള്‍ തൊട്ടു മുന്നില്‍ വന്നു നില്‍ക്കുമ്പോഴെങ്കിലും പ്രശ്‌ന പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ നിറം കെട്ടുപോകുന്നത് നീതി പീഠത്തിന്റെ മുഖമായിരിക്കുമെന്ന തിരിച്ചറിവിലേക്ക് സംസ്ഥാനത്തെ എല്ലാ ബാര്‍ അസോസിയേഷനുകളും ഉണരാന്‍ വൈകിക്കൂടാ.ഏറ്റവും ഒടുവില്‍ നിയമ സഭാ സ്പീക്കര്‍ വരെ ഇടപെട്ട് ഏതാണ്ട് കെട്ടടങ്ങലിന്റെ പരുവത്തിലെത്തിയ പ്രശ്‌നം വീണ്ടും ചര്‍ച്ചാ വിഷയമാക്കാനും കുടുല്‍ ഭള്ളു പറയാനുമുള്ള ഒരവസരം കൂടി ഒരുക്കലായി മാറി ഹൈക്കോടതി അഭിഭാഷകരുടെ സംഘടന സെബാസ്റ്റ്യന്‍ പോളിനെതിരെ കൈക്കൊണ്ട നടപടി എന്നു പറയാതെ തരമില്ല.

കോടതിയെ വിമര്‍ശിക്കാമോ?

കോടതികളെയും ന്യായാധിപന്മാരെയും വിമര്‍ശിക്കാന്‍ സാധാരണ ആരും മുതിരില്ല. വിമര്‍ശിക്കാന്‍ പാടില്ലെന്നു നിയമമുള്ളതുകൊണ്ടൊന്നുമല്ല അത്. ഉന്നതമായ സ്വയംആദരവുകല്പിച്ചു കൊടുത്തും ചെയ്യുന്ന തൊഴിലിന്റെ സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്തും പൊതുജനം സ്വയം ഉണ്ടാക്കി എടുത്തിരിക്കുന്ന ഒരു പെരുമാറ്റച്ചട്ട മാണത്. അത് തന്റെ അലംഘനീയമായ അവകാശാധികാരമാണെന്ന് ഒരു ന്യായാധിപനും കരുതുകയുമില്ല.

സൗമ്യ വധക്കേസില്‍ സുപ്രീം കോടതി വിധിയെ നിശിതമായി വിമര്‍ശിച്ചത് റിട്ട. ജസ്റ്റിസായ മാര്‍ക്കണ്ഡേയ കട്ജുവാണ്. കോടതി വിധി തെറ്റാണന്ന ജസ്റ്റിസ് . കട്ജുവിന്റെ വിമര്‍ശനത്തെ എത്ര കണ്‍സ്ട്രക്ടീവ് ആയാണ് ബഞ്ച് കണ്ടത്. കോടതിയില്‍ എത്തി വിധിന്യായത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ബഞ്ച് പുനപരിശോധനാ ഹര്‍ജിയില്‍ നല്‍കിയ നിര്‍ദ്ദേശം പലരുടെയും നെറ്റി ചുളിപ്പിച്ചു എന്നത് വാസ്തവം.കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുനപരിശോധാനര്‍ജിയായി പരിഗണിച്ചു കൊണ്ടായിരുന്നു ജസ്റ്റിസ് .രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായുള്ള സുപ്രീം കോടതി ബഞ്ചിന്റെ നടപടി.എന്നാല്‍ ഭരണഘടനയുടെ 124 (7) അനുഛേദപ്രകാരം വിരമിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ രാജ്യത്തെ ഒരു കോടതിയിലും ഹാജരാകാന്‍ പാടില്ല. എന്തായാലും വിമര്‍ശകനായ മുന്‍ ജഡ്ജിയെ വിധി പറഞ്ഞ ജഡ്ജി വസതിയില്‍ പോയി കണ്ട ഉന്നത പാരമ്പര്യവും കഴിഞ്ഞ വാരം രാജ്യം കണ്ടു. ഇത്തരം സല്‍ പാരമ്പര്യങ്ങളാണ് നമ്മുടെ ജനാധിപത്യത്തെ ഉലയാതെ, ഉടയാതെ നില നിര്‍ത്തുന്നത്.

മാധ്യമ പ്രവര്‍ത്തകരുടെ കാര്യത്തിലും ചില സമാനതകളുണ്ട്. ഭരണഘടന പൗരന് നല്‍കിയിട്ടുള്ള മൗലികാവകാശങ്ങള്‍ മാത്രമേ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉള്ളു. മറ്റുള്ളതെല്ലാം ജനങ്ങള്‍ സ്വയം കല്പിച്ചു നല്‍കിയിട്ടുള്ള ആദരവും അംഗീകാരവുമാണ്. കോടതികളുടെ യഥാര്‍ത്ഥ ഉടമകള്‍ ജനങ്ങളാണ് എന്നതുപോലെ മാധ്യമ പ്രവര്‍ത്തകരുടെ കരുത്ത് പത്ര സ്ഥാപനങ്ങളോ സര്‍ക്കാരോ ഒന്നുമല്ല പത്രം പണം കൊടുത്തു വാങ്ങുന്ന ജനതയാണ്.വക്കീലന്മാരില്‍ ചിലര്‍ കുശുമ്പു പറയുന്നതു പോലെ, മാധ്യമ പ്രവര്‍ത്തകര്‍ എവിടെയും ഇടിച്ചു കയറി ചെല്ലുന്നത് നികുതി ദായകന്റെ അറിയാനുള്ള അവകാശത്തിനു വേണ്ടിയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് എവിടെയും കസേര കിട്ടുന്നത് അവര്‍ക്കു പിന്നിലുള്ള പൊതു സമൂഹത്തെ കണ്ടാണ്. ഉഷാ സീരിനും 30 ക്വസ്റ്റ്യനും ഉള്ളതു കൊണ്ടു മാത്രം കറുത്ത ഗൗണ്‍ അണിയാന്‍ കിട്ടിയവര്‍ക്കേ ഇത്തരം വസ്തുതകള്‍ മനസിലാകാതെ പോകയുള്ളു. നമ്മുടെ അഭിഭാഷക സമൂഹത്തിലെ മഹാഭൂരിപക്ഷവും ഉന്നത സാമൂഹ്യബോധമുള്ളവരാണെന്നത് മറക്കാനുമാവില്ല.എന്നാല്‍ അവര്‍ക്ക് നിയന്ത്രിക്കാനും പരിഹരിക്കാനും കഴിയാതെ ഒരു ഊരാക്കുടുക്കായി ഈ പ്രശ്‌നം തുടരുന്നത് എന്തുകൊണ്ട് എന്നതാണ് ആശങ്കാജനകം ധനേഷ് മാത്യു മാഞ്ഞൂരാന്റെ സ്ത്രീ പീഡന വിഷയത്തില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷനില്‍ ഭിന്നാഭിപ്രായം എന്ന വാര്‍ത്ത ഡെക്കാണ്‍ ക്രോണിക്കിളില്‍ വന്നതുമുതല്‍ തുടങ്ങിയതാണ് അടി. പത്രം വാര്‍ത്ത തിരുത്തി. പക്ഷേ, തിരുത്താത്ത വാര്‍ത്തയായിരുന്നുവോ ശരി എന്ന സംശയം ഊട്ടി ഉറപ്പിക്കുന്നുണ്ട് ഡോ.സെബാസ്റ്റ്യന്‍ പോളിന് എതിരെയുള്ള നടപടി.

അഭിഭാഷകര്‍ നായ്ക്കളല്ല, മാധ്യമ പ്രവര്‍ത്തകരും …..!

ശല്യക്കാരായ തെരുവ് നായ്ക്കളല്ല ഏതായാലും കേരളത്തിലെ അഭിഭാഷകര്‍. രാജ്യത്തിനു തന്നെ അഭിമാനാര്‍ഹമായ സംഭാവനകള്‍ നല്‍കിയ നല്‍കാന്‍ ശേഷിയുള്ള അഭിഭാഷക സമൂഹത്തിലെ ചിലരെയെങ്കിലും ,ഭീതി വിതയ്ക്കുന്ന തെരുവ് നായ്ക്കൂട്ടത്തെ പോലെ കാണേണ്ടി വരുമെന്ന് പരിണിത പ്രജ്ഞനായ അഡ്വ. സെബാസ്റ്റ്യന്‍ പോളിന് പറയേണ്ടി വന്ന സാഹചര്യം വൈകാരികത മാറ്റി വെച്ച് ചര്‍ച്ച ചെയ്യാന്‍ അഭിഭാഷക സമൂഹം തയ്യാറാകേണ്ടിയിരിക്കുന്നു.

കഴിഞ്ഞ മൂന്നു മാസത്തിലേറെയായി തുടരുന്ന അനാശാസ്യ പ്രവണതകള്‍ തുടരാതിരിക്കാനും നടപടി ആവശ്യമാണ്. കോടതികള്‍ അഭിഭാഷകരുടെ സ്വത്തല്ലന്നും നിയമം കൈയിലെടുത്താല്‍ നേരിടുമെന്നും മുഖ്യ മന്ത്രി പിണറായി വിജയനെക്കൊണ്ടു പറയിക്കേണ്ടി വന്നത് തങ്ങളുടെ പിഴച്ച തന്ത്രമായി വഞ്ചിയൂരിലെ മാത്രമല്ല എല്ലാ ബാറുകളിലെയും വക്കീലന്മാരും തിരിച്ചറിയണം. ബാറില്‍ നിന്നും വന്ന് റിട്ടയര്‍മെന്റിനു ശേഷം ബാറിലേക്ക് മടങ്ങേണ്ടവരാണ് അതിനാല്‍ അഭിഭാഷകരെ പിണക്കിക്കൂടാ എന്ന ചിന്ത ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഭരിക്കരുത്. കാരണം, ജനം അവരെ വിളിക്കുന്നത് ന്യായാധിപന്മാര്‍ എന്നാണ്!

കോടതി മുറികളെ തുറന്ന കോടതി എന്നു വിളിക്കുന്നത് നടപടികള്‍ സുതാര്യമാകാന്‍ വേണ്ടിയാണ്. ഈ സുതാര്യത ഉറപ്പാക്കാന്‍ എന്നും നിലകൊണ്ട ഉന്നത പാരമ്പര്യമാണ് കേരള ഹൈക്കോടതിയുടേത്. മീഡിയാ റൂം അനുവദിച്ചതും, ചേമ്പറുകളിലെത്തി കേസ് രേഖകള്‍ പരിശോധിക്കാന്‍ അനുവദിച്ചതും സെക്ഷനുകളില്‍ നിന്ന് വിവരം ലഭ്യമാക്കിയതുമൊക്കെ നീതിപീഠത്തിന്റെ സുതാര്യതയും ജനങ്ങളോടുള്ള പ്രതിബദ്ധതയും ഉറപ്പാക്കിയ ന്യായാധിപന്മാര്‍ തന്നെയാണ്. മീഡിയാ റൂമില്‍ പത്രക്കുറിപ്പുകളുമായി എത്തിയ മാധ്യമ മിത്രങ്ങളായ എത്രയോ പേര്‍ മഹാന്മാരായ ജഡ്ജിമാരായിട്ടുണ്ട്. ജസ്റ്റിസ് .കെ.കെ. നരേന്ദ്രനെ പോലുള്ളവര്‍ ഒരു കാലത്ത് മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ ആയിരുന്നു.

സമൂഹത്തിലെ ഏറ്റവും പ്രബലരായ രണ്ടു പ്രൊഫഷണല്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ യഥാര്‍ത്ഥ ഗുണ ഭോക്താക്കള്‍ ആരാണന്നറിയാന്‍ കഴിഞ്ഞ ആഴ്ച ജയരാജന് എതിരായ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ സംഭവങ്ങള്‍ തന്നെ ഉദാഹരണം. ജയരാജന്റെ കേസ് എടുത്തതോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേ അതിക്രമവും ഗുണ്ടായിസവും അരങ്ങേറിയത്. സ്വാഭാവികമായും സി.പി.എമ്മിനു നേരെ ആക്ഷേപം ഉയര്‍ത്താനുള്ള അവസരമായി ചിലരൊക്കെ അതുപയോഗപ്പെടുത്തി.എന്നാല്‍ അക്രമം നടത്തിയ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കാര്‍ക്കും സി.പി.എം ബന്ധങ്ങളില്ല എന്നത് അറിയപ്പെടാതെ പോയ കാര്യമാണ്. അതേ പോലെ ബലാല്‍സംഗം മുതലുള്ള ഹീന കൃത്യങ്ങള്‍ വരെ ചെയ്യുന്ന കൊടും ക്രിമിനലുകള്‍ വരെ മാധ്യമ വിലക്കിന്റെ ഗുണഭോക്താക്കളാണ്. സര്‍ക്കാരിനും പരമ സുഖം. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞതുപോലെ അപ്രിയ വിവരങ്ങള്‍ പുറത്തു വരില്ലല്ലോ. കോടതി പി.ആര്‍.ഓ. നല്‍കുന്ന ചതുര വടിവിലെ വിവരങ്ങള്‍ തര്‍ജ്ജമ ചെയ്യണ്ടുന്ന ഗുമസ്ത പണിയല്ല പത്ര പ്രവര്‍ത്തനം.ഓപ്പണ്‍ കോടതിയില്‍ പറയുന്ന കമന്റുകള്‍ ഉത്തരവാദിത്വപൂര്‍ണ്ണമാക്കുകയാണ് ജുഡീഷല്‍ ഓഫീസര്‍മാരും ചെയ്യണ്ടത്.അല്ലാതെ മാധ്യമ അടിയന്തരാവസ്ഥയല്ല അഭികാമ്യം. ഒരു ഹര്‍ജി പരിഗണിക്കുമ്പോള്‍ സ്വാഭാവികമായി ഉന്നയിക്കുന്ന സംശയങ്ങള്‍ പോലും ‘മര്‍പാപ്പ വേശ്യാലയകള്‍ അന്വേഷിച്ചു ‘ എന്ന കുപ്രസിദ്ധ വാര്‍ത്താ വളച്ചൊടിക്കല്‍ പോലെ ബ്രേക്കിംഗ് ന്യൂസുകളാക്കാതിരിക്കാന്‍ ന്യൂ ജെന്‍ മാധ്യമ കുഞ്ഞുങ്ങളും പഠിക്കണം.
സെബാസ്റ്റ്യന്‍ പോള്‍ ഒരു രക്ത സാക്ഷിയല്ല നേരു പറയലിന്റെ ആണടയാളമാണ്.ഭൂരിപക്ഷ അരാജകത്വത്തിന്റെ നുകത്തിന്‍ കീഴില്‍ ഒരു സ്വതന്ത്ര്യവാദിക്കും ഒതുങ്ങി ഒടുക്കാനാവില്ല. എതിര്‍ ശബ്ദങ്ങളെ ഗില്ലറ്റിന്‍ ചെയ്യുന്നതുമല്ല ജനാധിപത്യം.

കോടതി ജനങ്ങളുടേതാണ്
കോടതികളില്‍, പ്രത്യേകിച്ച് ഹൈക്കോടതിയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ മറ്റുള്ളവരെപോലെയല്ല അവര്‍ തങ്ങള്‍ക്ക് നിശ്ചയിക്കുന്ന ബീറ്റുകള്‍ മാത്രം നോക്കുമ്പോള്‍ നിയമകാര്യ ലേഖകരുടെ മുന്നില്‍ കോടതികളിലൂടെ എത്തുന്നത് സൂര്യനു കീഴിലുള്ള സമസ്ത വിഷയങ്ങളുമാണ്. കോടതി ഉത്തരവുകളുടെ പദാനുപദ വിവര്‍ത്തനം നടത്തി പത്രത്തില്‍ ‘ഉണക്ക ‘ വാര്‍ത്ത നല്‍കേണ്ടുന്ന ഗുമസ്തപ്പണിയുമല്ല നിയമകാര്യ ലേഖകര്‍ ചെയ്യുന്നതും ചെയ്യേണ്ടതും. ഉത്തരവുകളെ, രേഖകളെ, സത്യവാങ്ങ്മൂലങ്ങളെ എന്തിന് ഹര്‍ജികളെ പോലും വായിക്കയും വ്യാഖ്യാനിക്കയും വിശദീകരിക്കയും വേണം. നികുതിപ്പണം കൊണ്ട് കോടതികള്‍ ഉണ്ടാക്കി ആ സംവിധാനത്തെ തീറ്റിപ്പോറ്റുന്ന കൂലിപ്പണിക്കാരനിലും പട്ടിണിക്കാരനിലും ആരംഭിക്കുന്ന പൊതു ജനത്തിനു വേണ്ടിയാണത്. ഇതിനുള്ള അവസരം നിഷേധിക്കപ്പെട്ടാല്‍ അത് മാധ്യമ പ്രവര്‍ത്തകരുടെ അവകാശ നിഷേധമല്ല കോടതിയുടെയും ഉടമസ്ഥരായ പൊതുജനത്തിന്റെ അവകാശ നിഷേധമാണ്.
നമ്മുടെ രാഷട്രീയ നേതൃത്വം ഇക്കാര്യത്തില്‍ പ്രസ്താവനാ പ്രകടനങ്ങള്‍ക്കപ്പുറം ആത്മാര്‍ത്ഥമായി എന്തു ചെയ്തു എന്നതും പരിശോധിക്കേണ്ടതുണ്ട്. സി.പി.എം അഫിലിയേഷന്‍ ഉള്ള ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനാണ് ഏറ്റവും വലിയ അഭിഭാഷക സംഘടന പ്രസ്താവനകള്‍ക്കപ്പുറത്ത് ,’അരുത് ‘ എന്ന് ഐലുവിനോട് പാര്‍ട്ടിക്ക് പറഞ്ഞു കൂടെ? വി.മുരളീധരന്റെ നേതൃത്വത്തില്‍ മാധ്യമ വിലക്കിനെതിരെ ബി.ജെ.പി. കൊച്ചിയില്‍ പ്രകടനം നടത്തി. അടുത്ത ദിവസം ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞത് കൈയില്‍ രാഖി കെട്ടിയ വനിതാ നേതാവിന്റെ നേതൃത്വത്തിലാണ്. കോണ്‍ഗ്രസിനും വക്കിലന്മാരെ വിലക്കി പ്രശ്‌നം തീര്‍ക്കാനല്ല പ്രസ്താവനകള്‍ക്കാണ് താല്പര്യം.കോടതിയില്‍ നിന്ന് അപ്രിയ സത്യങ്ങള്‍ പുറത്തു വരാതിരിക്കല്‍ എല്ലാവര്‍ക്കും സുഖിക്കുന്ന കാര്യമാണ്. യഥാര്‍ത്ഥത്തില്‍ ഇവരെല്ലാം ചേര്‍ന്ന് പാവം വക്കീലന്മാരെ കരുവാക്കുകയാണോ എന്ന് വല്ല അല്പബുദ്ധികളും സംശയിച്ചു പോകാനും മതി!

സിനിമാശാലകളിലെ പോലെ ജനം കോടതിയില്‍ വന്നിടിച്ചു കയറാത്തത് ഭയം കൊണ്ടല്ല ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായി അവര്‍ കരുതുന്ന കോടതികളോടുള്ള ആദരവു കൊണ്ടാണന്ന് നിയമ പുസ്തകങ്ങളെക്കാള്‍ പഥ്യം കട്ടയും കല്ലും ബിയര്‍ കുപ്പികളുമാണന്നു തെളിയിച്ചു കൊണ്ടിരിക്കുന്ന ഒരു ചെറു ന്യൂനപക്ഷം വരുന്ന ചോര തിളപ്പന്‍ വക്കീലന്മാര്‍ തിരിച്ചറിയേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. ബ്രെഹ്തിന്റെ കവിതയില്‍ പറയുന്നതുപോലെ ജനം എല്ലാം കാണുന്നുണ്ട് ‘ ഒരു ദിവസം അവര്‍ വരും , വന്നു ചോദിയ്ക്കും …..’

അഭിപ്രായങ്ങള്‍

You might also like More from author