സോഷ്യല്‍ മീഡിയ ഉപജാപവും, രാഷ്ട്രീയ കുതന്ത്രവും: കത്വവ ആളിപടര്‍ത്തിയതിന് പിന്നിലെ സാന്നിധ്യങ്ങള്‍

ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലികൊല്ലുക..എന്നതൊരു സാമൂഹ്യ രാഷ്ട്രീയതന്ത്രമാണിന്ന്
. പഞ്ചതന്ത്രം കഥയില്‍ ആടിനെ പട്ടിയാണെന്ന് പല ആളുകളെ കൊണ്ട് പറയിച്ച് ഉടമസ്ഥനെ ഭയപ്പെടുത്തി അതിനെ മോഷ്ടിക്കുന്ന കഥ അധുനിക കാലത്ത് സോഷ്യല്‍ മീഡിയ വഴി എളുപ്പം സാധിക്കുമെന്ന് കാം ബ്രിഡ്ജ് അനലിറ്റക്കയൊന്നും പറഞ്ഞു തരേണ്ട കാര്യമില്ല. എളുപ്പത്തില്‍ ഏതൊരു സോഷ്യല്‍ മീഡിയ ഗ്രൂപ്പിനും അതിന് കഴിയും. അത്തരമൊരു ചിത്രീകരണവും വേട്ടയാടല്‍ ശ്രമവുമാണ് കത്വ സംഭവം കത്തിച്ചവര്‍ യാഥാര്‍ത്ഥ്യമാക്കിയത്.

വളരെ ചെറിയ സംഭവങ്ങള്‍ പോലും രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്യുന്ന വിഷയമാക്കാനും, എന്തിന് കലാപം വരെയാക്കാനും എളുപ്പത്തില്‍ കഴിയുമെന്ന് ഇങ്ങ് കേരളത്തിലിരിക്കുന്ന നമുക്ക് ഇപ്പോഴറിയാം. ആരൊക്കെയോ സോഷ്യല്‍ മീഡിയിയല്‍ ഒരവധി ദിന തമാശ പോലെ കത്വ വിഷയത്തിലെന്തേ ഹര്‍ത്താല്‍ വേണ്ട എന്ന് ചോദിച്ചപ്പോള്‍ അത് പതിവ് സോഷ്യല്‍ മീഡിയ ഡയലോഗ് എന്ന് പുച്ഛിച്ചു തള്ളിയവരാണ് മലയാളികളില്‍ ഭൂരിപക്ഷവും. എന്നാല്‍ നിര്‍ദോഷമായി പോകുമായിരുന്ന ആഹ്വാനം മതഗ്രൂപ്പുകള്‍ തെരുവില്‍ അഗ്നി പടര്‍ത്തുന്ന വിധത്തില്‍ നടപ്പാക്കിയപ്പോള്‍ കേരളം നടുങ്ങി. ജിഹാദ് ആഹ്വാനം മുതല്‍ നോട്ടിസ് ഒട്ടിക്കല്‍ വരെ നടന്നു. സംഘപരിവാറിനെതിരെ എന്ന പേരില്‍ തുടങ്ങിയ ആക്രമണം ഹിന്ദുമത ബിംബങ്ങളെ പരസ്യമായി അക്രമിക്കുന്ന നിലയിലെത്തി. ഹിന്ദുക്കള്‍ മുഴുവന്‍ സംഘപരിവാറാണോ എന്ന് ഓരോ ഹിന്ദുവിന്റെയും മനസ്സില്‍ തോന്നിക്കാവുന്ന വിധത്തില്‍ കാര്യങ്ങള്‍ വഷളായി.
കേരളം മനസ് കൊണ്ട് വിഭജിക്കപ്പെട്ടു. ഇന്ത്യയൊട്ടാകെ ചില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചത് കേരളത്തില്‍ അരങ്ങേറി. കത്വ സംഭവം കത്തിക്കാനിറങ്ങിയ സോഷ്യല്‍ മീഡിയ ബുദ്ധിജീവികളുടെ വിജയം പക്ഷേ മതതീവ്രവാദഗ്രൂപ്പുകളുടെ ആയുധമായി ഒടുങ്ങി.
ജനുവരിയില്‍ നടന്ന അതി ദാരുണമായ കത്വയിലെ കൊലപാതകികള്‍ ശിക്ഷക്കപ്പെടണമെന്നും, അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത് എന്നുമുള്ള കാര്യത്തില്‍ എതിരഭിപ്രായമുള്ള ഒരാളും രാജ്യത്ത് ഉണ്ടാവില്ല. എന്നാല്‍ ഇത് മുസ്ലീങ്ങള്‍ക്കെതിരായ അക്രമമെന്ന് പര്‍വ്വതീകരിച്ച് ചിത്രീകരിക്കാനും, സംഘപരിവാറാണ് പിന്നിലെന്ന രീതിയില്‍ ചിത്രീകരിച്ച് ഭരണകൂടത്തിനെതിരെ കലാപം ഉണ്ടാക്കാനുമുള്ള ചിലരുടെ ചെയ്തികള്‍ സാധാരണക്കാര്‍ക്കിടയില്‍ ഉണ്ടാക്കിയ മുറിവുകള്‍ വളരെ വലുതാണ്.

കത്വ സംഭവം എങ്ങനെ സര്‍ക്കാരിനെതിരായ ആയുധം എന്ന രീതിയില്‍ ഉപയോഗിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്ന പല വിലയിരുത്തലുകളും ഇതിനകം പുറത്തു വന്നു. കത്വ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയ സംഘടനയുടെ തലപ്പത്ത് കോണ്‍ഗ്രസ് നേതാക്കളാണെന്നും, കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാനെത്തിയത് കോണ്‍ഗ്രസ് നേതാവിന്റെ കീഴിലുള്ള അഭിഭാഷകനാണെന്നും വ്യക്തമാകും മുമ്പ് വൈകാരികമായി വിഷയം ചിലര്‍ ആളിക്കത്തിച്ചിരുന്നു. ആടിനെ പട്ടിയാക്കി, പേപ്പട്ടിയാക്കി മുന്നില്‍ നിര്‍ത്താനുള്ള ആ ശ്രമങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വഴി വഴികാട്ടിയത് ചില മോദി വിരുദ്ധത മുഖമുദ്രയാക്കിയ മാധ്യമപ്രമുഖരും, ബുദ്ധി ജീവികളുമായിരുന്നുവെന്ന് വ്യക്തമായി.

@WrongDoc എന്ന ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിക്കുന്നയാളും ചില ബ്ലോഗര്‍മാരും ഇക്കാര്യത്തില്‍ ചില വിലയിരുത്തലുകള്‍ നടത്തിയത് ശ്രദ്ധിക്കപ്പെട്ടു.

 

കത്വാ സംഭവം നടന്നത് ജനുവരിയിലാണെങ്കിലും ഏപ്രില്‍ 9നായിരുന്നു ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയത്. ഇതിനായി #Kathua എന്ന ഹാഷ്ടാഗിന്റെ ട്രെന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് കീയ്ഹോള്‍ എന്ന സൈറ്റിലൂടെ ചിലര്‍ പരിശോധിച്ചു.
ഏപ്രില്‍ 9നായിരുന്നു രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ സംഘടിപ്പിച്ച് ഉപവാസ സമരത്തെ പലരും സമൂഹ മാധ്യമങ്ങളില്‍ പരിഹസിച്ചത്. ഉപവാസ സമരത്തിന് തൊട്ട് മുമ്പ് 4 കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കുന്ന ഫോട്ടോ കാണിച്ചാണ് പലരും അതിനെ കളിയാക്കിയത്.

ഏപ്രില്‍ 9ന് മുമ്പുള്ള മൂന്ന മാസക്കാലം വരെ കത്വാ സംഭവത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. സംഭവത്തെപ്പറ്റിയുള്ള ആദ്യ ട്വീറ്റ് ഇട്ടത് സന്യാ ധിംഗ്രാ എന്ന മാധ്യമ പ്രവര്‍ത്തകയാണ്. പ്രിന്റ് ഇന്ത്യ എന്ന മാധ്യമ സൈറ്റിന് വേണ്ടിയാണ് അവര്‍ എഴുതുന്നത്. ഇവര്‍ ഉന്നാവോയിലെ കാര്യത്തെപ്പറ്റിയും ട്വീറ്റില്‍ പരാമര്‍ശിച്ചിരുന്നു.

ഇതിന് ശേഷം ബര്‍ഖാ ദത്ത് എന്ന മാധ്യമ പ്രവര്‍ത്തകയാണ് കത്വാ സംഭവത്തെപ്പറ്റി ട്വീറ്റ് ചെയ്തത്. ഇതില്‍ അവര്‍ പറഞ്ഞത് ചില അഭിഭാഷകര്‍ കോടതിയിലേക്കുള്ള വഴി തടഞ്ഞുവെന്നാണ്.റേപ്പിസ്റ്റുകളെ ഹിന്ദുക്കളായ നാട്ടുകാര്‍ സംരക്ഷിക്കുന്നുവെന്നായിരുന്നു പ്രചരണം. എന്നാല്‍ ഇത് വാസ്തവത്തിന് ഏറെ അകലെയായിരുന്നു. കൃത്യമായി കാര്യങ്ങള്‍ പറയാതെ പകുതി പറഞ്ഞ് സര്‍ക്കാര്‍ വിരുദ്ധവികാരം ആളിപടര്‍ത്തുകയായിരുന്നു ചിലരുടെ ലക്ഷ്യം.മാധ്യമപ്രവര്‍ത്തകരായ ശേഖര്‍ കപൂറും ബര്‍ക്കാ ദത്തും ശക്തിപകര്‍ന്ന പ്രചരണം രാജ്യത്തെ ഇടതുപക്ഷ ബുജികളും, ചില മതതീവ്രവാദ ഗ്രൂപ്പുകളും വേഗത്തില്‍ ഏറ്റെടുത്തു.

 

തുടര്‍ന്ന് ഏപ്രല്‍ 12നും 13നും ഉച്ചയ്ക്ക് 02:30യ്ക്ക് വീണ്ടും ഇതേപ്പറ്റി ട്വീറ്റുകള്‍ ഉണ്ടായി. ഏപ്രില്‍ 13ാം തീയ്യതിയോടെ ജനങ്ങളും ഇതേപ്പറ്റി ട്വീറ്റുകളും പോസ്റ്റുകളും സമൂഹ മാധ്യമങ്ങളില്‍ ഇടാന്‍ തുടങ്ങിയിരുന്നു. അമേരിക്ക, റഷ്യ, ആസ്‌ത്രേലിയ പാക്കിസ്ഥാന്‍, അറബ് രാജ്യങ്ങള്‍, മോദി സന്ദര്‍ശിക്കാനിരുന്ന ലണ്ടന്‍
തുടങ്ങിയ ഇടങ്ങളില്‍ വരെ കത്വ സംഭവത്തെപ്പറ്റിയുള്ള പോസ്റ്റുകളുടെ പ്രഭാവം എത്തിച്ചേര്‍ന്നു എന്നുള്ളത് മറ്റൊരു വസ്തുതയാണ്.

കാംബ്രിഡ്ജ് അനലിറ്റികയും ഫേസ്ബുക്കും ചേര്‍ന്ന് ഏത് രീതിയിലാണോ ജനങ്ങളെ സ്വാധീനിക്കുന്നത് അതേ രീതിയിലാണ് സമൂഹ മാധ്യമം വഴി കത്വാ സംഭവവും ഒരു വലിയ ചലനമാക്കി മാറ്റിയത് എന്നും ഇത്തരം വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയെ കത്തിക്കാന്‍ നവമാധ്യമങ്ങളെ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ചെറു പരീക്ഷണം കൂടിയായി ഇന്ത്യയെ ലക്ഷ്യമിടുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് എന്നതും ഗൗരവമേറിയ വസ്തുതയാണ്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.