വിവാഹ വാര്‍ത്ത നിഷേധിച്ച് റൊണാള്‍ഡീഞ്ഞോ; താനിപ്പോള്‍ വിവാഹിതനാവുന്നില്ലെന്ന്  താരം

 

കഴിഞ്ഞ രണ്ട് ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തയാണ് മുന്‍ ബ്രീസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നത്. അതും ഒന്നല്ല, രണ്ട് പേരെയാണ് താരം ഒരുമിച്ച് വിവാഹം ചെയ്യാന്‍ പോകുന്നതെന്നായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ ഈ വാര്‍ത്തകളെയൊക്കെ നിഷേധിച്ചിരിക്കുകയാണ് റൊണാള്‍ഡീഞ്ഞോ.

റിയോ ഡി ജനീറോയിലെ തന്റെ വീട്ടില്‍, കാമുകിമാരായ പ്രിസില്ല കൊയ്ലോ, ബിയാട്രിസ് സൂസ എന്നിവരോടൊപ്പമാണ് റൊണാള്‍ഡീഞ്ഞോ താമസിക്കുന്നത്. പ്രിസില്ലയുമായി നീണ്ട നാളായി പ്രണയത്തിലായിരുന്ന താരം, 2016 മുതലാണ് ബിയാട്രിസുമായി ഇഷ്ടത്തിലാകുന്നത്. കഴിഞ്ഞ ജനുവരിയില്‍ റൊണാള്‍ഡീഞ്ഞോ ഇരുവരോടും വിവാഹാഭ്യര്‍ഥന നടത്തിയെന്നും, വിവാഹവാഗ്ദാനമായി കാമുകിമാര്‍ക്ക് മോതിരം സമ്മാനിച്ചുവെന്നുമായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍.

എന്നാല്‍ ഈ വാര്‍ത്തകളെ അപ്പാടെ നിഷേധിക്കുകയാണ് മുന്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം.

”ഇത് ഏറ്റവും വലിയ നുണയാണ്. ഞാനിപ്പോള്‍ വിവാഹം കഴിക്കുന്നില്ല,” എന്നാണ് റിയോ ഡി ജനീറയില്‍ ഒരു സംഗീത വിരുന്നിനെത്തിയ റൊണാള്‍ഡീഞ്ഞോ പറഞ്ഞത്. ഒരു ബ്രസീലിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം തന്റെ വിവാഹ വാര്‍ത്ത നിഷേധിച്ചത്.

ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ് റൊണാള്‍ഡീഞ്ഞോ. രണ്ട് തവണ ഫിഫ ലോകകപ്പിന് ബ്രസീല്‍ ടീമിനെ നയിച്ച താരം, 2002 ലോകകപ്പ് നേടിയ ബ്രസില്‍ ടീമിലംഗമായിരുന്നു. രണ്ട് തവണ ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ഇപ്പോള്‍ സ്പാനിഷ് ക്ലബ് ആയ ബാര്‍സിലോണയുടെ അംബാസിഡറാണ്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.