മോദി വിരുദ്ധത+ ഇടത് വീക്ഷണം + വലത് സമരസം= മലയാള ന്യൂസ് ചാനല്‍, എന്ന സമവാക്യം പൊളിച്ചെഴുതുമ്പോള്‍; ന്യൂസ് 18 ഉം ഏഷ്യാനെറ്റ് ന്യൂസും കൊണ്ടുവരുന്ന പുതിയ വിപ്ലവങ്ങള്‍

മനു എറണാകുളം 
മുന്‍ എസ്എഫ്‌ഐക്കാരും നരേന്ദ്രമോദി വിരുദ്ധരും അവരുടെ താവളങ്ങള്‍ വിട്ട് റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ലേക്ക് ചേക്കേറുകയാണ്. മലയാള മനോരമ, ഏഷ്യാനെറ്റ്, തുടങ്ങി ജമാ അത്ത് ഇസ്ലാമിയുടെ മീഡിയ വണ്ണില്‍ നിന്ന് വരെയുള്ള മോദി വിരുദ്ധ സോഷ്യല്‍ മീഡിയ അവതരണങ്ങളിലൂടെയും മറ്റും ശ്രദ്ധേയരായ നിരവധി പേരുണ്ട് ഇക്കൂട്ടത്തില്‍. കൈരളി-പീപ്പിള്‍ എന്ന സിപിഎം ജിഹ്വയില്‍ നിന്ന് എത്തുന്നവരും കൂടി ഈ പടയില്‍ നിരക്കുമ്പോള്‍ റിലയന്‍സിന്റെ ഈ ചാനല്‍ മലയാളത്തിലെ പതിവ് ചാനല്‍ രീതി പോലെ മോദി വിരുദ്ധമാകുമോ അതോ മോദി നല്ലത് ചെയ്താല്‍ നല്ലത് എന്ന നിഷപക്ഷ നിലപാടിലായിരിക്കുമോ എന്ന ചോദ്യം പ്രസക്തമാണ്.

ഏഷ്യാനെറ്റില്‍ നിന്ന് ചിത്രം വിചിത്രം അവതാരകരായ ലല്ലുവും ഗോപികൃഷ്ണനും, മീഡിയാ വണ്ണില്‍ നിന്ന് ഇ സനീഷും ന്യൂസ് 18ലേക്ക് ചുവടുമാറുന്നു എന്നാണ് പുതിയ വാര്‍ത്ത. മൂന്ന് പേരും രാജിക്കത്ത് നല്‍കി കഴിഞ്ഞു. വാര്‍ത്ത അവതാരകനും ഒരു കാലത്ത് കൈരളി ന്യൂസിലൂടെ തിളങ്ങിയ ശരത് ചന്ദ്രനും രാജികത്ത് നല്‍കിയവരില്‍ ഉള്‍പ്പെടും. മനോരമ ന്യൂസില്‍ നിന്ന് രാജീവ് ദേവരാജിനെ പോലുള്ള പല പ്രമുഖരും നേരത്തെ ന്യൂസ് 18ല്‍ ചേക്കേറിയിരുന്നു. മോദിയ്‌ക്കെതിരെ ശക്തമായ ചലിക്കുന്ന സോഷ്യല്‍ മീഡിയ തൂലികയും, നയങ്ങളുമുള്ള ആളാണ് രാജീവ് ദേവരാജ്. ഇവരെല്ലാം ഏഷ്യാനെറ്റ് ന്യൂസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായി തിളങ്ങിയ ജയ്ദീപിന് കീഴേ ഒരുമിക്കുമ്പോള്‍ ന്യൂസ് 18ന്റെ ന്യൂസ് പോളിസി എന്താകും എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ന്യൂസ് 18ന്റെ തലപ്പത്ത് മാസങ്ങള്‍ക്ക് മുമ്പേ അവരോധിതനായ ജയ്ദീപ് ഏഷ്യാനെറ്റ് ഉള്‍പ്പടെയുള്ള ചാനലുകളില്‍ നിന്ന് പ്രമുഖ ജേണലിസ്റ്റുകളെ ന്യൂസ് 18ല്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.
ന്യൂസ് 18 കേരളം ചാനലിന്റെ തുടക്കത്തില്‍ പ്രമോദ് രാഘവനായിരുന്നു ചുമതല. എന്നാല്‍ ജയ്ദീപ്, രാജീവ് ദേവരാജ്, ശ്രീലാല്‍, ബി ദിലീപ്കുമാര്‍ എന്നിവരെത്തിയതോടെ വാര്‍ത്താചുമതലയില്‍ നിന്നും പ്രമോദ് രാഘവനെ മാറ്റിയിരുന്നു. ഇപ്രമുഖരെ കൂടി ചാനലിലേക്ക് എത്തിക്കുന്നതോടെ ചാനല്‍ അടുത്ത മാസം വീണ്ടും റീലോഞ്ച് ചെയ്തേക്കുമെന്നാണ് വിവരം. കേരളത്തിലെ വാര്‍ത്താ സംസ്‌ക്കാരത്തില്‍ വലിയ മാറ്റം കൊണ്ടുവരും ന്യൂസ് 18 എന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. ഇത് നിലവിലുള്ള കേരള മാധ്യമങ്ങളുടെ ഇടതു-വലത് പക്ഷ അനുഭാവ നിലപാടുകള്‍ അതേപടി തുടര്‍ന്നു കൊണ്ടാവുമോ എന്ന ചോദ്യം ഏറെ പ്രസക്തമാണ് പ്രത്യേകിച്ചും ന്യൂസ് 18 എന്ന ചാനല്‍ മറ്റ് സംസ്ഥാനങ്ങളിലും മറ്റും പുലര്‍ത്തുന്ന പോളിസിയുമായി താരതമ്യപ്പെടുത്തുമ്പോള്‍. വിവിധ ഭാഷകളിലായു സംപ്രേഷണം നടത്തുന്ന ചാനല്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാടാണ് പൊതുവെ സ്വീകരിക്കുന്നത് എന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. ചാനല്‍ ചര്‍ച്ചകളിലും പ്രോഗ്രാമുകളിലും ന്യൂസ് 18 ഇംഗ്ലീഷ് ചാനലിലും മറ്റും ഇത് പ്രകടമാണ്. ഈയൊരു പോളിസി കേരളത്തിലും സ്വീകരിക്കുമോ എന്നതാണ് ശ്രദ്ധേയമായ വിഷയം. ജയ്ദീപ് ഉള്‍പ്പടെയുള്ള മാധ്യമസമൂഹത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കാനുള്ള സാധ്യത റിലയന്‍സിന്റെ ഇതുവരെയുള്ള ചാനല്‍ മാനേജ്‌മെന്റ് സമീപനം വച്ച് ഉണ്ടാകാന്‍ ഇടയില്ല എന്ന വിലയിരുത്തലിനാണ് ബലം കൂടുതല്‍. അങ്ങനെ എങ്കില്‍ സനീഷും ശരത് ചന്ദ്രനും ഉള്‍പ്പടെയുള്ള വാര്‍ത്താ അവതാരകര്‍ ചര്‍ച്ചകളില്‍ പുതിയ സമീപനം സ്വീകരിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് വാര്‍ത്ത ആസ്വാദക ലോകം.

ന്യൂസ് 18, മോദിയെ എതിര്‍ക്കുന്ന ചാനലുകളുടെ പൊതു സമീപനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ കേരളത്തിലെ ബിജെപിയ്ക്കും മോദി ആരാധകര്‍ക്കും അത് വലിയ കരുത്താകും. കേരളത്തിലെ ശക്തമായ മാധ്യമങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന എന്ന പതിവ് പരാതിയ്ക്ക് ഇത് പരിഹാരമാകും. ഇന്ത്യയില്‍ തന്നെ സംഘപരിവാര്‍ അനുകൂല വാര്‍ത്തകളും കേന്ദ്രസര്‍ക്കാര്‍ അനുകൂല വാര്‍ത്തകളും ജനങ്ങളിലെത്തിക്കാന്‍ ജനം എന്ന പേരില്‍ ആര്‍എസ്എസ് മുന്‍കൈ എടുത്ത് ചാനല്‍ തുടങ്ങിയ സംസ്ഥാനമാണ് കേരളം.

ന്യൂസ്് 18 ചാനല്‍ എത്തുന്നതിന് പുറമെ ഏഷ്യാനെറ്റ് ന്യൂസ് പോളിസിയില്‍ മാറ്റം വരുത്തുന്നു എന്ന വാര്‍ത്തയും സംഘ കേന്ദ്രങ്ങളും, വിമര്‍ശകരും ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്. രാജ്യസ്‌നേഹമുള്ളവരെ മാത്രം ഏഷ്യാനെറ്റില്‍ നിയമിച്ചാല്‍ മതിയെന്ന ചാനല്‍ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇ മെയില്‍ പുറത്ത് വന്നിരുന്നു. ഇതിന് ശേഷം ഏഷ്യാനെറ്റിന്റെ വാര്‍ത്താ സമീപനത്തില്‍ ചില മാറ്റങ്ങള്‍ വന്നു തുടങ്ങി എന്നാണ് സിപിഎം കേന്ദ്രങ്ങള്‍ ഉള്‍പ്പടെ ഉള്ളവര്‍ പറയുന്നത്. നിങ്ങളുടെ മാറിയ പോളിസിയുടെ ഭാഗമാണോ ഈ ചോദ്യം എന്ന നിലയില്‍ ന്യൂസ് അവറില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ചോദിച്ച് തുടങ്ങിയ അവസ്ഥയിലെത്തി കാര്യങ്ങള്‍. എംപിയും എന്‍ഡിഎ കേരള ഘടകം വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന പൊതുധാരണ ഏഷ്യാനെറ്റ് ജീവനക്കാര്‍ക്കും ഉണ്ട്. വേറെ താവളങ്ങള്‍ തേടാന്‍ പലരും മുന്നിട്ടിറങ്ങുന്നത് ഇതിന്റെ തുടര്‍ച്ചയായി വേണം കരുതാന്‍.

കന്നഡ ചാനലായ സുവര്‍ണ്ണയിലേയും ന്യൂസബിള്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലേയും സംഘ്പരിവാര്‍ ചായ്വുള്ള വാര്‍ത്തകളും ചിത്രങ്ങളും കേരളത്തിലെ നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഭാവിയില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താ നിലപാടുകളിലും മാറ്റം വരുമോ എന്ന ആശങ്ക ജീവനക്കാര്‍ക്കുണ്ട്. എന്നാല്‍ കേരളത്തിലെ പ്രമുഖ ചാനലുകളുടെ പോളിസിയില്‍ മാറ്റം വരുന്നത് ഏറ്റവും ആശങ്കപ്പെടുത്തുന്നത് സിപിഎം കേന്ദ്രങ്ങളെ ആണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനും പ്രത്യേകിച്ച് പിണറായി വിജയനും ഏഷ്യാനെറ്റ് പോലുള്ള ന്യൂസ് ചാനലുകള്‍ നല്‍കിയ പ്രമോഷന്‍ വളരെ ഗുണകരമായിരുന്നു. ബീഫ് വിഷയം രോഹിത് വെമൂലയുടെ മരണം, ഉത്തരേന്ത്യയിലെ ദളിത് പീഢനങ്ങള്‍ എന്നിവ കേന്ദ്രസര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന തരത്തില്‍ അവതരപ്പിക്കാന്‍ കഴിഞ്ഞത് ചാനലുകളുടെ അകമഴിഞ്ഞ സഹായം കൊണ്ട് കൂടിയായിരുന്നു. ഏഷ്യാനെറ്റ് ചാനലിനെ ബിജെപി നേതാക്കള്‍ പരസ്യമായി ബഹിഷക്കരിക്കുന്ന സാഹര്യം വരെ ഉണ്ടായിട്ടും ചാനല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല.

ന്യൂസ് 18ന് പിന്നാലെ ഏഷ്യാനെറ്റും അവരുട പോളിസിയില്‍ മാറ്റം വരുത്തുമ്പോള്‍ ഒരു പക്ഷേ മാറുക മലയാളിയുടെ വാര്‍ത്താ സംസ്‌കാരം തന്നെയാണ്. കേന്ദ്രസര്‍ക്കാര്‍ അല്ലെങ്കില്‍ മോദി വിരുദ്ധത, ഇടത് ആഭിമുഖ്യം, വലത് പാര്‍ട്ടി സമരസം എന്നിങ്ങനെ മലയാളികളുടെ വാര്‍ത്താബോധത്തില്‍ ചാനലുകള്‍ അരച്ചു ചേര്‍ത്ത സമവാക്യം ഇനിയുള്ള ദിവസങ്ങളില്‍ മാറാന്‍ പോകുന്നുവെന്ന സൂചനയാണ് ഇവര്‍ നല്‍കുന്നത്. ഇത് കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ മാധ്യമസഹായത്തോടെ വെട്ടിനിരത്തലും, വെട്ടിപിടിക്കലും നടത്തിയിരുന്നവരുടെ ഭാവിയില്‍ കൂടി കരിനിഴല്‍ വീഴ്ത്തിയേക്കും.

അഭിപ്രായങ്ങള്‍

You might also like More from author