‘അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ എന്നതായിരിക്കും കോടിയേരിയെ നിലനിര്‍ത്തുന്ന നീതി ശാസ്ത്രം’ഇന്‍ ഫേസ്ബുക്ക്

കെ സുരേന്ദ്രന്‍-in facebook

ഒരു രാഷ്ട്രീയപാര്‍ട്ടി സമ്മേളനം നടത്തുന്നതും അതിന്റെ ഭാരവാഹികളെ തീരുമാനിക്കുന്നതും തികച്ചും അവരുടെ ആഭ്യന്തരകാര്യം തന്നെയാണ്. എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സമ്മേളനവും അതിന്റെ നേതൃത്വത്തിലുണ്ടാവുന്ന ചലനവുമൊക്കെ ആവുമ്പോള്‍ ജനങ്ങള്‍ക്കും താല്‍പ്പര്യമുണ്ടാവുക സ്വാഭാവികം. കേരളം നേരിടുന്ന മൂര്‍ത്തമായ രാഷ്ട്രീയപ്രശ്‌നങ്ങളില്‍ പാര്‍ട്ടി എന്തുനിലപാടെടുക്കുന്നു എന്നുള്ളത് പരിശോധനിക്കുക മററുള്ളവര്‍ക്ക് നിഷിദ്ധമായ കാര്യമല്ല. പാര്‍ട്ടി പാവങ്ങളില്‍ നിന്നകലുന്നു എന്നു വിലയിരുത്തിയതായി മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടു. ആ വിലയിരുത്തലിനോട് അല്പമെങ്കിലും ആത്മാര്‍ത്ഥത പാര്‍ട്ടിക്കുണ്ടായിരുന്നെങ്കില്‍ നിലവിലുള്ള നേതൃത്വത്തെ ഒരിക്കലും പാര്‍ട്ടി വീണ്ടും അവരോധിക്കുമായിരുന്നില്ല. കഴിഞ്ഞ രണ്ടുപതിററാണ്ടിലധികമായി സി. പി. എം രാഷ്ട്രീയത്തില്‍ നടന്ന വിവാദങ്ങളില്‍ കോടിയേരിയും കുടുംബവും വഹിച്ച പങ്ക് ചില്ലറയല്ല. അതിസമ്പന്നരുമായുള്ള ചങ്ങാത്തം, മക്കളും ബന്ധുക്കളും നടത്തിയ സാമ്പത്തിക ഇടപാടുകള്‍, കോവളം കൊട്ടാരം മുതല്‍ കൂപ്പര്‍ കാര്‍ വരെയുള്ള വിവാദങ്ങളും സേവിമനോമാത്യു മുതല്‍ അറബിക്കഥ വരെയുള്ള സംഭവങ്ങളും പാര്‍ട്ടി പരിഗണിക്കുന്നില്ല എന്നുവേണം കണക്കാക്കാന്‍. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നതായിരിക്കണം കോടിയേരിയെ നിലനിര്‍ത്തുന്ന നീതിശാസ്ത്രം. ജനങ്ങളുടെയാകെ പ്രതിഷേധത്തിനു കാരണമായ അറുകൊല രാഷ്ട്രീയത്തെക്കുറിച്ചും സമ്മേളനം ഒരു നിലപാടുമെടുത്തില്ല എന്നുള്ളത് ആ പാര്‍ട്ടിയെ മനസ്സിലാക്കിയവര്‍ക്കാര്‍ക്കും അത്ഭുതമുളവാക്കുന്നില്ല. അഴിമതിയോട് സന്ധിചെയ്യുന്ന ഭരണത്തോട് പാര്‍ട്ടിക്കൊന്നും പറയാനുണ്ടായിരുന്നില്ലേ? കെ. എം മാണിയെ കൂടെക്കൂട്ടാനുള്ള കുറുക്കുവഴി തേടുകയാണ് സമ്മേളനം സത്യത്തില്‍ തേടിയത്. അരക്കിലോ അരിക്കുവേണ്ടി ആദിവാസി യുവാവ് രക്തസാക്ഷിത്വം വഹിക്കേണ്ടി വന്ന സന്ദര്‍ഭത്തില്‍ നടന്ന സമ്മേളനമായിട്ടുപോലും ഒന്നിനും കൊള്ളാത്ത മന്ത്രിമാരെയാരേയും മാററുന്നില്ല എന്നു തീരുമാനിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞു എന്നുള്ളത് ആ പാര്‍ട്ടി എത്രമാത്രം ജനങ്ങളില്‍ നിന്ന് അകന്നു എന്നുള്ളതിന്റെ സൂചനയാണ്. പാര്‍ട്ടി ഒന്നാകെ ഏകഛത്രാധിപത്യത്തിന്‍ കീഴിലായി എന്നുള്ളതും ഇനി പ്രതിഷേധത്തിന്റെ ഒരു ഞരക്കം പോലും തങ്ങള്‍ക്കെതിരെ ഉയരാന്‍ പോകുന്നില്ല എന്ന് പിണറായിക്കും കോടിയേരിക്കും ആശ്വസിക്കാം എന്നതാണ് ഈ സമ്മേളനം നല്‍കുന്ന യഥാര്‍ത്ഥ സന്ദേശം. യെച്ചൂരി വലിയ കളി കളിച്ചാല്‍ ഒരു കേരളാ കമ്യൂണിസ്റ്റ് പാര്‍ട്ടിയായി തങ്ങള്‍ തുടരുമെന്ന രഹസ്യമുന്നറിയിപ്പും ഈ സമ്മേളനം നല്‍കുന്നുണ്ട്. മസ്തിഷ്‌കപ്രക്ഷാളനത്തിനു വിധേയമായ വിവരദോഷികളായ കുറെ അനുയായികളും ഒരു കോര്‍പ്പറേററ് കമ്പനിയെ വെല്ലുന്ന മൂലധനശക്തിയും ആയിരക്കണക്കിനു സഹകരണസ്ഥാപനങ്ങളും പതിനായിരക്കണക്കിന് പെയ്ഡ് വര്‍ക്കേഴ്‌സുമുള്ളതുകൊണ്ട് ആ പാര്‍ട്ടി ചുരുങ്ങിയകാലം കൂടി കേരളത്തില്‍ നിലനില്‍ക്കും. രണ്ടായിരം വീട് വെച്ചുകൊടുക്കുക എന്നുള്ളതൊക്കെ സി. പി. എമ്മിനെ സംബന്ധിച്ചിടത്തോളം ആനവായില്‍ അമ്പഴങ്ങ പോലെയാണ്. ഇനിയെത്ര സമ്മേളനം നടത്താന്‍ ഇങ്ങനെയൊരു പാര്‍ട്ടി കേരളത്തിലുണ്ടാവുമെന്ന ഒററചോദ്യം മാത്രമേ ഈ സമ്മേളനം ബാക്കിവെക്കുന്നുള്ളൂ. ബംഗാളിന്റേയും ത്രിപുരയുടേയും വഴിയിലേക്ക് ലാല്‍സലാം സഖാക്കളേ….

ഒരു രാഷ്ട്രീയപാർട്ടി സമ്മേളനം നടത്തുന്നതും അതിൻറെ ഭാരവാഹികളെ തീരുമാനിക്കുന്നതും തികച്ചും അവരുടെ ആഭ്യന്തരകാര്യം തന്നെയാണ്…

Posted by K Surendran on Sunday, February 25, 2018

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.