പാക്കിസ്ഥാനും ചൈനയും ഒന്നിച്ചെത്തിയാലും നേരിടാന്‍ സജ്ജമെന്ന് തെളിയിച്ച് ഇന്ത്യന്‍ വ്യോമസേന

 

പാക്കിസ്ഥാനും ചൈനയും ഒന്നിച്ചെത്തിയാലും നേരിടാന്‍ സജ്ജമെന്ന് തെളിയിച്ച് ഇന്ത്യന്‍ വ്യോമസേന. രാജ്യത്തിനെതിരെ എന്ത് ആക്രമണം ഏതു വഴിക്കു വന്നാലും നേരിടാന്‍ സജ്ജമാണെന്ന് വ്യോമസേന വക്താവ് പറഞ്ഞു. പാക്ക്, ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തിയ സൈനികാഭ്യാസങ്ങള്‍ ഇക്കാര്യം തെളിയിക്കുന്നതായിരുന്നു. പതിമൂന്നു ദിവസം നീണ്ടുനിന്ന സൈനികാഭ്യാസത്തിലായിരുന്നു വ്യോമസേന മികച്ച പ്രകടനം കാഴ്ചവച്ചത്.

പാക്ക്, ചൈന സേനകളുടെ ഭാഗത്തു നിന്നുള്ള ആണവ-ജൈവ-രാസായുധ ആക്രമണങ്ങള്‍ നേരിടാന്‍ ഇന്ത്യന്‍ വ്യോമസേന സജ്ജമാണ്. ഇതിനായുള്ള പോര്‍വിമാനങ്ങളും മിസൈലുകളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും പൂര്‍ണസജ്ജമാണെന്നും സൈനികാഭ്യാസം തെളിയിച്ചു.

ഏപ്രില്‍ എട്ടു മുതല്‍ 20 വരെയാണ് സൈനികാഭ്യാസം നടന്നത്. വ്യോമസേനയ്‌ക്കൊപ്പം കര, നാവിക സേനകളും പങ്കെടുത്തിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പോര്‍വിമാനങ്ങളും മിസൈലുകളും റഡാര്‍ സംവിധാനങ്ങളും പരീക്ഷിച്ചു. എല്ലാം വന്‍ വിജയമായിരുന്നുവെന്ന് വ്യോമസേന അധികൃതര്‍ അറിയിച്ചു.

അണ്വായുധങ്ങളും രാസായുധങ്ങളും നേരിടാനുള്ള ഇന്ത്യയുടെ ശക്തി തെളിയിക്കുന്നതായിരുന്നു സൈനികാഭ്യാസം. ഇന്ത്യയുടെ സ്വന്തം പോര്‍വിമാനം തേജസ്സ് പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. എട്ടു തേജസ്സ് വിമാനങ്ങളാണ് വ്യോമാഭ്യാസത്തില്‍ പങ്കെടുത്തത്. ചെറിയ സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വന്‍ വിജയമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പാക് അതിര്‍ത്തിയില്‍ വ്യോമസേനയുടെ 5,000 പ്രത്യാക്രമണങ്ങള്‍

പാക്കിസ്ഥാന്‍, ചൈന വെല്ലുവിളികളെ നേരിടുന്നതിന്റെ ഭാഗമായി വന്‍ പദ്ധതികളും സൈനികാഭ്യാസങ്ങളുമാണ് ഇന്ത്യന്‍ വ്യോമസേന നടത്തുന്നത്. പാക് അതിര്‍ത്തിയുടെ സമീപ പ്രദേശങ്ങളില്‍ 72 മണിക്കൂര്‍ അഭ്യാസപ്രകടനങ്ങളാണ് വ്യോമസേന കാഴ്ചവെച്ചത്. മൂന്നു ദിവസമായി നടന്ന വ്യോമാഭ്യാസത്തില്‍ ഏകദേശം 5,000 പ്രത്യാക്രമണങ്ങളാണ് വ്യോമസേന പരീക്ഷിച്ചത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.