വന്ദനം…കാഴ്ച്ചയുടെ തെളിച്ചത്തിന്, ആ മഹാഗുരുവിന്…

രതി കുറുപ്പ്Rathikurup                                        venal-peyth                                            
arunachal

ഉത്സവത്തലേന്ന് പോലെയായിരുന്നു ഹൊസൂര്‍ ബസ് സ്റ്റാന്റ്. വെളിച്ചത്തില്‍ കുളിച്ച് നിര്‍ത്താതെ പാടുന്ന പാട്ടുപെട്ടികളും ആളും ബഹളവുമായി ആരെയും ഉറക്കാതെ ഉത്സാഹം നിറയ്ക്കുന്നൊരിടം. സമയം പുലര്‍ച്ചെ 1.30. രണ്ട് മണിക്കെത്തുന്ന ബസും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒന്നരമണിക്കൂറായി. ബാംഗല്‍രില്‍ നിന്ന് പതിനൊന്ന് മണിക്കെടുത്ത ട്രെയിനില്‍ സമയം കിട്ടാത്തതിനാല്‍ ടിക്കറ്റില്ലാതെ പാഞ്ഞുകയറിയതാണ്. രണ്ട് മണിക്കൂറെടുത്തു ഇവിടെയെത്താന്‍. ഒറ്റയ്ക്ക് നിശ്ചയിച്ച യാത്രയില്‍ ഏറ്റവും അവസാനനിമിഷം വരുണിനെ കൂട്ടിന് കിട്ടുകയായിരുന്നു. കാളഹസ്തിക്ക് ട്രെയിന്‍ കയറാന്‍ കാത്തിരുന്നവനാണ്. പാതിരാത്രിയിലെ ഒറ്റയ്ക്ക് പോക്കില്‍ ചെറിയൊരു മടി തോന്നിയപ്പോള്‍ വിളിച്ചു കൂടെക്കൂട്ടി. രാത്രി ഒമ്പതേ മുക്കാലിന് മജസ്റ്റിക് റെയില്‍വേ സ്റ്റേഷനില്‍ കയ്യും വീശി യാത്രക്കെത്തിയവനെ കണ്ടപ്പോള്‍ മനസിലായി ഇവന്‍ കൊള്ളാം, ഏത് റോഡിലും കിടന്നുറങ്ങും.. യഥാര്‍ത്ഥ സഞ്ചാരി അങ്ങനെയാണ്, ടിക്കറ്റ് ബുക്കു ചെയത് യാത്ര ചെയ്യില്ല. തോന്നുന്ന നേരം തോന്നുംപോലെ ബസോ ട്രെയിനോ ലോറിയോ ഓട്ടോയോ പിടിക്കും, അല്ലെങ്കില്‍ കാല്‍നടയായി അലഞ്ഞുതിരിഞ്ഞ് എത്തേണ്ടിടത്തെത്തും.

രണ്ട് മണിക്കെത്തിയ ബസില്‍ സീറ്റുകിട്ടിയത് തുറന്നുകിടക്കുന്ന ഡോറിന്റെ തൊട്ടരുകില്‍. വണ്ടിയെടുത്തപ്പോള്‍ ആഞ്ഞുവീശുന്ന തണുത്ത കാറ്റില്‍ വിറച്ചുകൂനിക്കൂടി അങ്ങനെയിരുന്നു. എന്നിട്ടും ഉറക്കം വരാതെയായപ്പോള്‍ വെറുതേ ചിന്തിച്ചു എന്തിന് വേണ്ടിയാണ് ഈ യാത്ര. ആരൊക്കെയോ പറഞ്ഞുതന്ന അമ്പരപ്പിക്കുന്ന അനുഭവങ്ങളുടെ പ്രലോഭനമോ.. ഒരു പ്രദേശം മുഴുവന്‍ ധന്യമാക്കി ശരീരമുപേക്ഷിച്ചുപോയൊരു മഹാത്മാവിന്റെ മണ്ണിലേക്കാണ് യാത്ര. ആ സാന്നിധ്യമറിയാനും അനുഭവിക്കാനും മാത്രം മനസ് വളര്‍ന്നിട്ടില്ല, ബുദ്ധി വികസിച്ചിട്ടില്ല, ഭക്തിപാരവശ്യമില്ല, സ്തകര്‍മ്മങ്ങളുമില്ല, ഇതൊക്കെയുണ്ടാകണേ ദൈവമേ എന്നൊരു തൃഷ്ണയുമില്ല. പിന്നെയും എന്തിന് പുറപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരമൊന്നുമുണ്ടായിരുന്നില്ല

മൂടിപ്പുതച്ചിരുന്ന ചെറിയ ഷാളിനുള്ളില്‍ സ്വയമൊളിച്ചിരുന്ന് എപ്പോഴോ ഉറങ്ങിപ്പോയിരിക്കുന്നു. കണ്ണ് തുറന്നപ്പോള്‍ നേരം വെളുത്തുവരുന്നുണ്ട്. മുന്നില്‍ വരുണ്‍ ഇരുന്ന സീറ്റ് കാലി. ഏതോ സ്റ്റോപ്പിലിറങ്ങി അവന്‍ കടന്നു കളഞ്ഞെന്നാണ് ആദ്യം തോന്നിയത്. അടുത്തിരുന്ന തമിഴത്തിക്കുട്ടിയും ആശങ്കയോടെ ആ സീറ്റിലേക്ക് വിരല്‍ ചൂണ്ടി.. പോയെങ്കില്‍ പോകട്ടെ..ബാഗും പേഴ്സും കയ്യിലുണ്ട്, മോശമല്ലാത്തൊരു നാവ് വായിലും, ഇരുട്ടുമാറി, നേരം വെളുത്തു, ഉള്ളില്‍ ഇനിയെന്തിന് പേടിക്കണം എന്നൊരു അഹന്ത. അരുണാചലത്തിന്റെ ചെറുനിരകള്‍ കാണാന്‍ തുടങ്ങിയപ്പോള്‍ മനസിലായി തിരുവണ്ണാമലയെത്തി. മുമ്പൊരിക്കല്‍ ഈ വഴി കടന്നുപോയിട്ടുണ്ട്. അന്ന് രമണമഹര്‍ഷിയുടെ മലയെന്ന് ആരോ ചൂണ്ടിക്കാണിച്ചപ്പോള്‍ വെറുതേ കൗതുകത്തിന് ഒന്നെത്തി നോക്കിയതേയുള്ളൂ. ദാ.. ഇപ്പോള്‍ കൗതുകമല്ല. അടിമുടി ആശ്ചര്യമാണ്, അമ്പരപ്പാണ് അതിലുമപ്പുറം ആ കാലടി പതിഞ്ഞ മണ്ണില്‍ കാലൊന്നു കുത്താനുള്ള ത്വരയാണ്..

arunachal-1ആശ്രമത്തിലെത്തിയപ്പോള്‍ മുന്‍കൂട്ടി ബുക്കുചെയ്യാഞ്ഞതിനാല്‍ റൂമില്ല. അടുത്തുള്ള ആശ്രമങ്ങളില്‍ കയറിയിറങ്ങി. മഴ മാറിയതും മൂന്ന് ദിവസം അവധിയായതും കാരണം എല്ലാ റൂമുകളും ബുക്ക്ഡ്. പരിസരത്ത് വല്ല പുഴയോ തോടോ ഉണ്ടെങ്കില്‍ നേരേ അങ്ങോട്ട് പോകാമെന്ന് പറഞ്ഞപ്പോള്‍ വരുണിന് ചിരി.. എന്തായാലും ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് മനസ് പറയുന്നുണ്ടായിരുന്നു. അത് തന്നെ സംഭവിച്ചു. പോകാനൊരു സ്ഥലമില്ലാത്തവിധം ഇരിക്കുന്നവരെ കണ്ടിരുന്ന ഒരാള്‍ ഓഫീസില്‍ നിന്നിറങ്ങിവന്നു. അടുത്തുള്ള മറ്റൊരു ആശ്രമത്തിന്റെ പേരും വഴിയും അദ്ദേഹം പറഞ്ഞു തന്നു. അവിടെയെത്തിയപ്പോള്‍ ഉറങ്ങാന്‍ സ്ഥലം മാത്രമല്ല മൂന്ന് നേരം ഭക്ഷണവും കിട്ടുമെന്നായി.

aruna-1കുളിച്ച് നേരെ രമണാശ്രമത്തിലേക്ക് വീണ്ടും. ശാന്തമാണ് പരിസരം. വഴി വക്കില്‍ കാവി വസ്ത്രധാരികള്‍ നിരന്നിരുന്ന് ഭിക്ഷയെടുക്കുന്നു. പ്രായമായ സ്ത്രീകള്‍ പിറകേ നടന്ന് ഒരു ചായക്കുള്ള കാശ് ചോദിക്കുന്നു. ആരെന്നോ എവിടെന്നോ ചോദിക്കാതെ പരസ്പരം പുഞ്ചിരിച്ച് കടന്നു പോകുന്ന നാനാജാതി മനുഷ്യര്‍. സമാധി സ്ഥലത്ത് നീണ്ട ധ്യാനത്തില്‍ മണിക്കൂറുകളോളം നിശ്ചലരായി ആരൊക്കെയോ. പതിഞ്ഞ ശബ്ദത്തില്‍ വേദം ചൊല്ലി നമസ്‌കരിച്ച് പിന്‍മാറുന്ന കുഞ്ഞുങ്ങള്‍.. ചുവരുകളില്‍ ലോകം മുഴുവന്‍ നിറയുന്ന ഒരു വാത്സല്യഭാവത്തോടെ അദ്ദേഹമുണ്ട്, രമണമഹര്‍ഷി. പ്രത്യേകിച്ചൊന്നും തോന്നിയില്ല. എല്ലാ ആശ്രമങ്ങളിലും ഇങ്ങനെയൊക്കെ തന്നെയല്ലേ. കട്ടിക്കണ്ണട ധരിച്ച് ആവശ്യത്തിലധികം അധ്യാത്മികതയണിഞ്ഞെത്തുന്ന വേഷങ്ങളൊന്നുമില്ലെന്ന വ്യത്യാസമുണ്ട്. അകത്തുള്ളവരെയും പുറത്തുള്ളവരേയും തിരിച്ചറിയാന്‍ പാകത്തില്‍ അടയാളങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല. അല്ലെങ്കില്‍ അതൊന്നും ശ്രദ്ധിച്ചില്ല.

എല്ലാവരേയും പോലെ കുറേ നേരം അങ്ങനെതന്നെയിരുന്നു. മനസ് സ്വസ്ഥമായതിനാല്‍ ധ്യാനിക്കാനൊന്നും തോന്നിയില്ല. ഇനി അരുണചലം കയറണം. എവിടെയാണ് അങ്ങോട്ടേക്കുള്ള വഴിയെന്ന് ചോദിച്ചു കണ്ടുപിടിച്ച് നേരെ പുറപ്പെട്ടു. ചെറുതും വലുതുമായ പാറകള്‍ നിറഞ്ഞ അതിനിടയിലെല്ലാം നിറയെ മരങ്ങളുള്ള ഒരു മല. പതുക്കെ കയറിത്തുടങ്ങി. വഴിവക്കില്‍ അവിടിവിടെയായി ചെറിയ ശില്‍പ്പങ്ങളുണ്ടാക്കുന്ന കലാകാരന്‍മാര്‍, സംഭാരവും നാരങ്ങാവെള്ളവും വില്‍ക്കുന്നവര്‍.. ഇരുന്നും നടന്നും ഓടിയുമുള്ള ആ യാത്രയുടെ ഇടവേളകളിലെപ്പോഴോ അനുഭവം മാറിത്തുടങ്ങി. ഇനിയും ഇനിയും എന്ന് ആരോ ക്ഷണിക്കും പോലെ കാറ്റ് ഓടിവന്നുകൊണ്ടിരുന്നു. ഒതുക്കുകല്ലുകള്‍ ചവിട്ടിക്കയറി മുകളിലേക്ക് കടക്കുമ്പോള്‍ ആദ്യമെന്ന പോലെ കാറ്റിനെ കാറ്റായി അറിഞ്ഞു. വെയിലും നിഴലും തണലുമൊക്കെ ആദ്യക്കാഴ്ച്ചയിലെന്നപോലെ വിസ്മയിപ്പിക്കാന്‍ തുടങ്ങി.ആടിയുലയുന്ന പച്ചപ്പുകള്‍ക്കിടയില്‍ ചിതറിത്തെറിക്കുന്ന സൂര്യപ്രകാശം..മരങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ചെറിയ പാറക്കെട്ടുകള്‍.. അനിര്‍വചനീയമായ ഒരു ആനന്ദം അടിമുടി നിറയുകയായിരുന്നു. ഭൂതവും ഭാവിയുമില്ലാതെ വര്‍ത്തമാനത്തിന്റെ ആ അലൗകികതയില്‍ സ്വയം മറന്ന് അങ്ങനെ നില്‍ക്കുമ്പോള്‍ അനന്തതയിലേക്ക്, ആകാശത്തിലേക്ക് മുഖമുയര്‍ത്തി ഉറക്കെ വിളിച്ചു ചോദിക്കണമെന്ന് തോന്നി…ഞാന്‍ ആരാണ്..?

arunachal-3

ആ ചോദ്യത്തിന് ഉത്തരം തേടിയാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകള്‍ തിരുവണ്ണമലയിലെ രമണാശ്രമത്തിലെത്തുന്നത്. അതുമാത്രം ഉള്ളില്‍ ആവര്‍ത്തിച്ചാണ് അവര്‍ അരുണാചലം കയറുന്നത്. ആ ചോദ്യത്തിന് ഉത്തരം ലഭിച്ച സുമുഹൂര്‍ത്തത്തിലായിരുന്നു മധുരയ്ക്കടുത്ത തിരുചിഴി എന്ന ഗ്രാമത്തില്‍ നിന്ന് വെങ്കട്ടരമണ്‍ എന്ന പതിനാറുകാരന്‍ നേരെ ഇങ്ങോട്ടേക്ക് തന്നെ പുറപ്പെട്ടതും. ചേട്ടന്റെ കോളേജ് ഫീസടക്കാനുള്ള കാശുമായി സ്‌കൂളിലേക്കെന്നു പറഞ്ഞാണ് ഇറങ്ങിയത്. 1896 സെപ്തംബറില്‍ അരുണാചലേശ്വരന്റെ ശ്രീകോവിലിലെത്തി തിരിച്ചിറങ്ങിയ രമണന്‍ ആയിരംതൂണു മണ്ഡപത്തിലും പാതാള ലിംഗം ഗുഹയിലുമായി ധ്യാനത്തിലിരുന്നു. വിഷജീവികളും ചെറിയ പ്രാണികളും ശരീരത്തില്‍ കയറിയിറങ്ങുന്നതും അവ കടിച്ച വ്രണം പഴുത്തുവീങ്ങുന്നതും അറിയാതെ ആ ധ്യാനം തുടര്‍ന്നു. രാവും പകലും കണ്ണടച്ചിരുന്നു ധ്യാനിച്ച വിചിത്രമനുഷ്യനു നേരെ കുട്ടികള്‍ കല്ലെറിയാന്‍ തുടങ്ങിയപ്പോള്‍ ശേഷാദ്രി എന്ന സ്വാമി അദ്ദേഹത്തിന് കാവല്‍ നില്‍ക്കാന്‍ തുടങ്ങി. പിന്നെ വെങ്കട്ടരമണന്‍ ഉണര്‍ന്നത് പുതിയ നിയോഗത്തിലേക്കായിരുന്നു. ഒരു മുള്‍ച്ചെടിയുടെ തണലില്ലാത്ത അരുണാചലത്തിലേക്ക് അദ്ദേഹം നടന്നുകയറി. ചുട്ടുപൊള്ളുന്ന പാറക്കഷ്ണങ്ങളുടെ ഉഗ്രചൂട് മറികടന്ന് വിരൂപാക്ഷന്‍ തപസ് ചെയ്ത് സ്വയം എരിഞ്ഞുതീര്‍ന്ന ഗുഹയിലേക്ക് ഉള്‍വലിഞ്ഞു. കാലങ്ങളോളം ബാഹ്യസമ്പര്‍ക്കമില്ലാതെ ഓങ്കാരാകൃതിയിലുള്ള ആ ഗുഹയില്‍ തപസ് തുടര്‍ന്നു..

ramana
വിരൂപാക്ഷ ഗുഹയില്‍ ശിവലിംഗപ്രതിഷ്ടക്ക് മുന്നില്‍ ഇളക്കമില്ലാത്ത കത്തുന്ന തിരിനാളത്തിന്റെ അരണ്ട വെളിച്ചത്തില്‍ ശ്വാസം പിടിച്ചിരുന്നു. ഇവിടെയാണ് അത്മസാക്ഷാത്കാരം നേടിയ ഒരു മഹര്‍ഷി ജീവിച്ചത്..ആയിരക്കണക്കിന് ശ്വാസനിശ്വാസങ്ങള്‍ക്കപ്പുറം എവിടെയോ ആ നിശ്വാസത്തിന്റെ നേര്‍ത്ത അവശേഷിപ്പ് ഇപ്പോഴുമുണ്ടാകും. കണ്ണടച്ച് ധ്യാനിച്ച് കാലങ്ങള്‍ക്കപ്പുറത്തേക്ക് മനസിനെ ഇതാ വിട്ടുതരുന്നു..കടന്നു പോകട്ടെ കണ്ടുമറന്ന മുഖങ്ങളെല്ലാം. .ഇടിവെട്ടി പെരുമഴ പെയ്യുന്ന രാത്രികളില്‍, അരുണാചലത്തിലെ കരിമ്പാറക്കെട്ടുകളില്‍ വെയില്‍നാളങ്ങള്‍ മദിച്ചുപുളഞ്ഞ പകലുകളില്‍, താഴ്വാരത്ത് അരുണാചലേശ്വരന്റെ കോവിലില്‍ ചുറ്റുവിളക്കുകള്‍ തെളിഞ്ഞ സന്ധ്യകളില്‍ ഭഗവാനേ.. ഈ ഗുഹയില്‍ ഇതുപോലെ ഒരു തിരി ജ്വലിച്ചുനിന്നിരുന്നുവോ.. ഇതിന്റെ ഏത് മൂലയില്‍ ചാരിയിരുന്നാണ് അങ്ങ് പ്രപഞ്ചത്തെ ഇവിടേക്ക് ആനയിച്ചത്. സ്വയം വരിച്ച ഏകാന്തതയ്ക്കിടയില്‍ ആത്മഗതം പോലെ വാക്കുകള്‍ അടര്‍ന്നു വീണിട്ടുണ്ടാകില്ലേ..ആ ശബ്ദവീചികളുടെ അവസാന അനുരണനങ്ങള്‍ ചുറ്റിതിരിയുന്നുണ്ടാകും അന്തരീക്ഷത്തില്‍. കാലങ്ങള്‍ക്കപ്പുറം ഇവിടെ മുഴങ്ങിയ ഒരു ഓങ്കാരത്തിനായി ഇതാ പഞ്ചേന്ദ്രിയങ്ങളും സമര്‍പ്പിച്ച് കാത്തിരിക്കുന്നു. അതിന്റെ അലയൊലികളിലെ അവസാനത്തെ വീചികളിലൊന്നിന്റെ ചെറുസാന്നിധ്യത്തില്‍ എരിഞ്ഞൊടുങ്ങട്ടെ സകലകര്‍മങ്ങളും.

വീട് വിട്ട് സന്യാസിയായ മകനെ തിരഞ്ഞെത്തിയ അമ്മ കഴിഞ്ഞിരുന്ന വീടുണ്ട് മുകളില്‍, അമ്മക്കായി മകന്‍ തീര്‍ത്ത സ്‌കന്ദാശ്രമം. മകന്റെ ധ്യാനത്തിന് കാവലിരിക്കാനെത്തി അവസാനം അവനില്‍ നിന്ന് തന്നെ സന്യാസം സ്വീകരിച്ച ആ അമ്മയുടെ ഓര്‍മ്മകളുണ്ട് അതില്‍ നിറയെ. പ്രകൃതിയൊരുക്കിയ പാറക്കെട്ടുകളില്‍ വെറുതേ ചാഞ്ഞിരുന്ന് ചുറ്റുമൊന്നു നോക്കിയാല്‍ മതി അഹം ഒഴിഞ്ഞ മനസിന് ആനന്ദിക്കാന്‍. എത്രനേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല. മതി വരുവോളം എന്ന് പറയാനാകില്ല. മതി വരാത്ത അനുഭവമായിരുന്നു അത്. എത്രയോ മഹാക്ഷേത്രങ്ങളില്‍, കടല്‍ത്തീരങ്ങളില്‍, പുഴയോരത്ത്, കുന്നിന്‍മുകളില്‍ എവിടെയൊക്കെ ഇക്കണ്ട ജീവിതത്തിനിടയില്‍ ഓടിനടന്നിരിക്കുന്നു. എവിടെയും അനുഭവിക്കാനാകാതെപോയ ആനന്ദം അരുണാചലത്തില്‍ നിറച്ചുവച്ചുപോയതാരാണ്….ആരോടാണ് കടപ്പെടേണ്ടത്..താഴെ അമ്മയുടെ സമാധിസ്ഥലത്ത് തീര്‍ത്ത ക്ഷേത്രമാണ് പിന്നീട് ആശ്രമമായത്. സത്യാന്വേഷികള്‍ക്ക് ആശ്രയമായത്.

അരുണാചലത്തില്‍ നിന്ന് തിരിച്ചിറങ്ങുമ്പോള്‍ മൗനമായിരുന്നു, അകത്തും പുറത്തും. ഒന്നും ഓര്‍ക്കാനില്ലാതെ ആശങ്കപ്പെടാനില്ലാതെ മനസ് ചടഞ്ഞുകൂടി എവിടെയോ ഇരിക്കുന്നപോലെ. ജീവിതത്തിലെ സകല സമസ്യകള്‍ക്കും നിമിത്തവും ഉത്തരവും അതേ മനസ് തന്നെയാണെന്ന് ബോധ്യപ്പെട്ട നിമിഷങ്ങളായിരുന്നു അത്. ഇതുപോലെ നിശ്ചലമായി വര്‍ത്തമാനത്തിന്റെ അവബോധത്തില്‍ എന്നും മുങ്ങിനില്‍ക്കാന്‍ കൊതിക്കുന്നവര്‍ക്ക് അരുണാചലം കയറാതിരിക്കാനാകില്ല. അതിലേക്കുള്ള യാത്രയില്‍ എപ്പോഴെങ്കിലും അവര്‍ക്ക് സ്വയം ചോദിക്കാതിരിക്കാനുമാകില്ല..’ ആരാണ് ഞാന്‍.? ‘.അങ്ങനെയൊരു ചോദ്യം ഉള്ളില്‍ എപ്പോഴെങ്കിലും ഉയര്‍ന്നിരുന്നോ എന്നറിയില്ല. കണ്ണാടിയുടെ മുന്നില്‍ സ്വരൂപം അപരിചിതമാകുന്ന നിമിഷങ്ങളുണ്ടായിട്ടുണ്ട്. ഒരു കൗതുകത്തിനപ്പുറം അതിനെന്തെങ്കിലും അധ്യാത്മിക പരിവേഷമുള്ളതായി തോന്നിയിട്ടുമില്ല. എന്നിട്ടും രാത്രിയും പകലുമായി വണ്ടികള്‍ മാറിക്കയറി ഈ മണ്ണിലെത്തിയെങ്കില്‍ ഇതുവരെ കണ്ടതും കേട്ടതും മാത്രമല്ല ജീവിതമെന്ന് തോന്നിയെങ്കില്‍ അതിന് നിമിത്തമായ ഗുരുവിന് മുന്നില്‍ സാഷ്ടാംഗനമസ്‌കാരം

കരിങ്കല്ലുകളും കുപ്പിച്ചില്ലുകളും നിറഞ്ഞുകിടന്നിരുന്ന ജീവിതപ്പാതയില്‍ മുറിഞ്ഞുപോയ മനസുമായി കിതച്ചും വേച്ചും നടക്കുമ്പോള്‍ മുന്നോട്ട് മുന്നോട്ട് നടത്തിച്ച കൃപക്ക് നന്ദി. കാത്തുവച്ചിരുന്ന തിരിച്ചറിവുകള്‍ക്ക് മുന്നിലാണ് പിന്നിട്ട പാതകളുടെ ദൈവീകത തെളിയുന്നത്. നന്ദിയോടെ സ്മരിക്കുന്നു, സ്നേഹിച്ചും അപമാനിച്ചും അവഹേളിച്ചും നൊമ്പരപ്പെടുത്തിയ മുഖങ്ങളെ..ആഗ്രഹിക്കാതെ ജീവിതത്തിലേക്ക് കടന്നു വന്ന് അപമാനത്തിന്റെയും അവഹേളനയുടേയും കണ്ണുനീരിന്റേയും വഴിയില്‍ ഉപേക്ഷിച്ചെറിഞ്ഞുപോയവരോടും സ്നേഹം..നിങ്ങളാണ് ഇവളെ ഇവിടെയെത്തിച്ചത്. ഒന്നുമില്ലായ്മയുടെ ആനന്ദം കാണിച്ചുതന്നത്. ഭൂതകാലങ്ങളിലെ കര്‍മ്മബന്ധങ്ങളില്‍ പരസ്പരം കെട്ടപ്പെട്ടവര്‍ എങ്ങനെയാണ് നിന്ദ്യരാകുന്നത്. ആത്മസാക്ഷാത്ക്കാരത്തിന്റെ മോക്ഷഭൂമിയില്‍ നിന്ന് നൈമിഷകമായെങ്കിലും അതിന്റെ ധന്യത നുകരുമ്പോള്‍ ആശംസിക്കാതിരിക്കാനാകില്ല, പ്രിയപ്പെട്ടവരേ ഹൃദയം തുറന്നേറ്റുവാങ്ങുക ഈ സ്നേഹദീക്ഷ…

പുറപ്പെട്ടുവന്ന രാത്രിയില്‍ മനസില്‍ വീണ്ടും ഉദിച്ച ആ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമുണ്ട്..വീണ്ടും വരാനായി തിരിച്ചിറങ്ങുന്നു, അണ്ണാനും മയിലും കുരങ്ങും കാക്കയും കിളികളും നായകളും തലതാഴ്ത്തി ധ്യാനിച്ചു നടക്കുന്ന രമണാശ്രമത്തിന്റെ മുറ്റത്ത് നിന്ന്. വന്ദനം…. ഒരു പ്രദേശത്ത് മുഴുവന്‍ ധ്യാനാത്മഞകമായ ചൈതന്യം കാത്തുസൂക്ഷിക്കുന്ന മഹാകാരുണ്യത്തിന്. പുറത്തല്ല അകത്താണ് യഥാര്‍ത്ഥ കാഴ്ച്ചയുടെ തെളിച്ചമെന്ന് തെളിയിച്ച മഹാ ഋഷിക്ക്..

 

 

അഭിപ്രായങ്ങള്‍

You might also like More from author