സ്വന്തം മുന്നണിയ്ക്കെതിരെ 916 സഖാക്കളുടെ പോരാട്ടം

പെന്‍ഡ്രൈവ് 

എന്തൊക്കെപ്പറഞ്ഞാലും അഭിപ്രായസ്വാതന്ത്ര്യം, പ്രവർത്തനസ്വാതന്ത്യ്രം എന്നിവയ്ക്കെതിരെ നാട്ടിൽ നടക്കുന്ന ഒരു കടന്നുകയറ്റവും സി.പി.ഐ പൊറുക്കില്ല. അതിപ്പോൾ മോദി ഭരിച്ചാലും പിണറായി ഭരിച്ചാലും ഒരേപോലെയാണ്. പണ്ട് അച്യുതമേനോൻ എന്നൊരു സഖാവ് കേരളത്തിൽ മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളത് കൊണ്ട് പ്രസ്തുത നിലപാടിന് മുൻകാലപ്രാബല്യം ഏർപ്പെടുത്താൻ ഉദ്ദേശമില്ല. ഇതുവരെയുള്ളതൊക്കെ അങ്ങനെ തന്നെയിരിക്കട്ടെ; ഇനിയങ്ങോട്ട് ഇതാണ് പാർട്ടി നയം. മാവോയുടെയായാലും ചാമിയുടെയായാലും കസബിന്റെയായാലും പ്രവർത്തനസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും സംരക്ഷിക്കുക എന്നത് പാർട്ടിയുടെ പ്രഖ്യാപിതനയങ്ങളിൽ പെടുത്തിയിട്ടുണ്ട്.

ആരും പരിഹസിക്കാൻ വരണ്ടാ. മേൽപ്പറഞ്ഞ സ്വാതന്ത്ര്യങ്ങളെപ്പറ്റി ഇത്രയും ആധികാരികമായ നിലപാടെടുക്കാൻ ഇന്ന് കഴിവും പ്രസക്തിയുമുള്ള വേറെ ഒരു പ്രസ്ഥാനവുമില്ല. ഈ സ്വാതന്ത്ര്യങ്ങൾക്ക് വേണ്ടി സമൂഹത്തിലും സ്വന്തം മുന്നണിയിലും ഒരുപോലെ പൊരുതുന്ന വേറെ ഏതു പ്രസ്ഥാനമുണ്ട് ഹേ..?? സി.പി.ഐയുടെ റവന്യൂ മന്ത്രിയ്ക്ക് ഇപ്പോഴത്തെ മന്ത്രി മണിയാശാൻ അന്ന് കൊടുത്ത ഒരു ബഹുമതി, സത്യത്തിൽ സി.പി.ഐയുടെ പ്രവർത്തനസ്വാതന്ത്ര്യത്തിനുള്ള അംഗീകാരമായിരുന്നു. തിരിച്ചങ്ങോട്ട് പാർട്ടി ജിഹ്വയിലൂടെ മണിയാശാന് ആറാട്ടുമുണ്ടൻ പട്ടം കൊടുത്തതും ഇതേ സ്വാതന്ത്ര്യത്തിൻറെ ഭാഗം തന്നെ. ഇന്നലെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി വാരിക്കുന്തമെടുത്ത കാനം സഖാവിനു തന്നെ കുറച്ചു മാസങ്ങൾക്ക് മുൻപ് ഡി.വൈ.എഫ്.ഐ നേതാവ് അഭിപ്രായ-പ്രവർത്തനസ്വാതന്ത്ര്യത്തിനുള്ള ബഹുമതി പത്രമാർഗ്ഗം കൊടുത്തിരുന്നു.കേന്ദ്രസർക്കാരിന്റെ നോട്ടുപിൻവലിക്കൽ തീരുമാനത്തിനെതിരെയുള്ള രാപ്പകൽ സമരം എറണാകുളം ജില്ലയിൽ സ്വന്തം നിലയ്ക്ക് നടത്താനുള്ള പ്രവർത്തനസ്വാതന്ത്ര്യവും പൊരുതി നേടിയ പ്രസ്ഥാനമാണ് ഈ സി.പി.ഐ. മാത്രമല്ല, ഒരു വർഷത്തിൽ പ്രസ്ഥാനം ആഘോഷിക്കുന്ന രക്തസാക്ഷിദിനങ്ങളിൽ ബഹുഭൂരിപക്ഷവും സംഭാവനചെയ്ത വല്യേട്ടനൊപ്പംതന്നെ നിന്ന് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നേടിയെടുത്തതും ഇതേ കക്ഷിയാണ്. ഇതേ ആവശ്യം ഉന്നയിച്ചു കേരളത്തിൽ സ്വന്തം മുന്നണിയ്ക്കകത്ത് പാർട്ടി നടത്തുന്ന പോരാട്ടത്തിന് വർഷങ്ങളുടെ പാരമ്പര്യമുണ്ട്.. ഇനി പറയൂ, മറ്റാർക്കാണ് പ്രവർത്തന-അഭിപ്രായസ്വാതന്ത്ര്യ നിഷേധത്തിന്റെ വേദനയെപ്പറ്റി പറയാനുള്ള ധാർമിക അവകാശം ഉള്ളത്..?? ഇനിയും ഇത് ബോധ്യമാകാത്തവർ “കൂടെക്കിടക്കുന്നവനേ രാപ്പനി അറിയൂ” എന്ന മുദ്രാവാക്യം ആഞ്ഞു വിളിച്ചാൽ കാര്യം ബോധ്യപ്പെടും..

സമൂഹത്തിൻറെ മുഖ്യധാര ഏതു മാർഗത്തിൽ നീങ്ങുന്നുവോ, അതിനെതിരായ നിലപാട് സ്വീകരിക്കുക എന്നതാണ് ഇന്ത്യൻ ഇടതുപക്ഷ ചിന്തയുടെ ആണിക്കല്ല് എന്നറിയാത്തവരില്ല. സർക്കാർ നോട്ടു നിരോധിച്ചാൽ കള്ളപ്പണക്കാർക്കു വേണ്ടി സംസാരിക്കുക, തീവ്രവാദിയെ തൂക്കിക്കൊന്നാൽ അവൻറെ മനുഷ്യാവകാശത്തിന് വേണ്ടി നിലവിളിക്കുക, ഇന്ത്യ പാകിസ്ഥാനെതിരെ യുദ്ധം ചെയ്‌താൽ നിഷ്പക്ഷത പാലിക്കുക, നീക്കം ചൈനയ്‌ക്കെതിരെയെന്ന് തോന്നിയാൽ അവശേഷിക്കുന്ന പല്ലും നഖവും ഉപയോഗിച്ച് എതിർക്കുക എന്നിങ്ങനെ അതിനു ഒത്തിരി മാനങ്ങളുണ്ട്. എന്നാൽ ഈ സി.പി.ഐ ഇപ്പോൾ അതിനെയും കവച്ചു വയ്ക്കുന്നു. അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിൽ സ്വന്തം മുന്നണിയ്‌ക്കെതിരെ സമരം ചെയ്യാനും മടിയില്ലാത്ത 916 ധീരസഖാക്കളായി മാറാനാണ് കേരളദേശീയപാർട്ടി രണ്ടാമൻറെ നീക്കം. നിലമ്പൂർ കാട്ടിൽ നടന്ന മാവോ ഓപ്പറേഷൻറെ വിശ്വാസ്യതയിൽ സംശയം ഉണ്ടത്രേ. സംസ്ഥാന ആഭ്യന്തരവകുപ്പ് ആരുടെ കയ്യിലാണ് എന്ന ബോധ്യമുള്ളതിനാലാവാം, ഓപ്പറേഷൻറെ വീഡിയോ ഒന്നും ആരും ആവശ്യപ്പെട്ടു കേട്ടില്ല. ഏതായാലും അവിടെനിന്ന് ഒരു കനത്ത നോട്ടം വരുംവരെ കേരളത്തിൽ അഭിപ്രായ-പ്രവർത്തനസ്വാതന്ത്ര്യങ്ങൾക്ക് വേണ്ടി മുന്നണിയ്ക്കുള്ളിൽ നടത്തുന്ന പോരാട്ടം പുറത്തേയ്ക്കും വ്യാപിപ്പിക്കാനാണ് പാർട്ടി തീരുമാനം. സർക്കാരിന് വേണമെങ്കിൽ ഒരു നിലപാടെടുക്കാം. മാവോയിസ്റ്റ് വേട്ടയ്ക്കുള്ള ടീമിൻറെ ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ സ്ഥാനങ്ങൾ കാനത്തിനും ആഞ്ചലോസിനും ഒക്കെ നൽകുക. വലതു റെഡ് വളണ്ടിയർമാരെയും ഉൾപ്പെടുത്തുക. അടുത്ത മാവോവേട്ടയ്ക്ക് അവർ പോകട്ടെ. അവരാകുമ്പോൾ മാവോയിസ്റ്റുകളുടെ അഭിപ്രായപ്രവർത്തന സ്വാതന്ത്ര്യത്തെ മാനിക്കുന്നവരായതിനാൽ അക്രമമാർഗം സ്വീകരിക്കില്ല. അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാകുമല്ലോ ഉണ്ടാകുക. അങ്ങനെ വന്നാൽ നാട്ടിലെ മാവോയിസ്റ്റ് ഭീഷണിയ്ക്ക് ശാശ്വതപരിഹാരമാകും. ഇനിയിപ്പോൾ പദ്ധതി പാളിയാലും കുഴപ്പമില്ല. ഇപ്പോഴുള്ള രക്തസാക്ഷി ദിനങ്ങളുടെ കൂടെ മൂന്നാലെണ്ണത്തിനു കൂടി പന്തൽ കെട്ടണം എന്നല്ലേയുള്ളൂ..??!! വിപ്ലവത്തീയിൽ കുരുത്തവർക്ക് ഇതൊക്കെ നിസ്സാരം..!! അല്ലാതെ എന്തിനാ വെറുതെ നമ്മുടെ പാവം പൊലീസുകാരെ ശമ്പളവും അലവൻസും നൽകി മാവോയിസ്റ്റുകൾക്കെതിരെ പോരടിപ്പിച്ച് ഒടുവിൽ കൊലപാതകികൾ എന്ന പേര് വാങ്ങികൊടുക്കുന്നത്..?? വിപ്ലവം തോക്കിൻകുഴലിലൂടെ വരണം എന്നല്ലേയുള്ളൂ..?? ആ തോക്ക് മാവോയിസ്റ്റുകളുടേതായാലും കുഴപ്പമില്ലല്ലോ…??!!! 

അഭിപ്രായങ്ങള്‍

You might also like More from author