‘അട്ടപ്പാടിയിലെ പത്ത് രൂപാ ഡോക്ടര്‍’ ആദിവാസി ക്ഷേമ പദ്ധതികള്‍ സ്വന്തം ക്ഷേമത്തിനാക്കി മാറ്റുന്നവര്‍ അറിയണം ഡോ. എം നാരായണന്റെ സേവനവഴിയെ കുറിച്ച്

രതി കുറുപ്പ്

 

ഗോത്രസംസ്‌കാരത്തിന്റെ തെളിമയില്‍ സ്വച്ഛമായിരുന്നു അട്ടപ്പാടിയിലെ ആദിവാസിജീവിതം. 80 ശതമാനത്തിലേറെ വരുന്ന വനമേഖലയില്‍ ഭൂരിപക്ഷവും ആദിവാസികള്‍. കുന്നും മലകളും കയറിയിറങ്ങി ഔഷധഗുണമുള്ള ഇലയും കായും വേരും സംഭരിച്ച് അവര്‍ ജീവിച്ചു. ഭവാനിപ്പുഴപോലെ ശാന്തമായി ഒട്ടും ധൃതിയില്ലാതെ ഒഴുകിനീങ്ങിയ ഒരു ജനവിഭാഗം. ഇതിനിടയില്‍ ഭീമമായ ചില കീഴ്മേല്‍ മറിച്ചിലുകള്‍..നോക്കിനില്‍ക്കെ കാടുകളൊക്കെ നാടായി. കാട് നിറഞ്ഞു നിന്നിരുന്ന ആദിവാസികള്‍ കാട്ടിലും നാട്ടിലുമല്ലാതെ ചിതറിത്തെറിക്കപ്പെട്ടു. സാംസ്‌കാരികമായ അടയാളപ്പെടുത്തലുകളില്‍ നിന്നും പ്രകൃതിക്കിണങ്ങിയ ജീവിത ശൈലിയില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ അന്ധാളിച്ചു പോയ ഒരു ജനത. പട്ടിണിയും രോഗങ്ങളും ദുരിതം നിറച്ച ജീവിതം . ഒട്ടും പരിചിതമല്ലാത്ത ആധുനിക ചികിത്സാരീതികളില്‍ നിന്നും മരുന്നുകളില്‍ നിന്നും അവര്‍ അകലം പാലിച്ചു. ആ ലോകത്തിലേക്കാണ് ഡോ. വി. നാരായണന്‍ കടന്നു ചെല്ലുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ്. അവിടെ നിന്ന് തന്നെ പീഡിയാട്രിക്സില്‍ എംഡി. മോഹിപ്പിക്കുന്ന ശമ്പളത്തില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ അവസരം ഉറപ്പായിരുന്നു ഡോ. നാരായണന്. പക്ഷേ ആ ഡോക്ടര്‍ തെരഞ്ഞെടുത്തത് വ്യത്യസ്തമായ മറ്റൊരു വഴിയായിരുന്നു. നാരായണന്‍ ജനിച്ചതും വളര്‍ന്നതും നഗരത്തിളക്കത്തിന്റെ മോടിക്കൊരു കുറവുമില്ലാത്ത അനന്തപുരിയില്‍. എല്‍ഐസിയില്‍ ഉയന്ന ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍, അമ്മ എജീസ് ഓഫീസില്‍ ഉദ്യോഗസ്ഥ. സഹോദരിഐഎസ് ആര്‍ഒയില്‍ എന്‍ജിനീയര്‍. പീഡിയാട്രിക്സില്‍ ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം നാരായണന് പേരെടുത്ത ആശുപത്രിയിലെ പേരെടുത്ത ഡോക്ടറാകാന്‍ ഒരു വിഷമവുമില്ലായിരുന്നു. പക്ഷേ അശരണരരായ മനുഷ്യരുടെ സഹനജീവിതത്തെക്കുറിച്ച് വായിച്ചും കേട്ടും അറിഞ്ഞിരുന്നു ചെറുപ്പത്തില്‍ തന്നെ അദ്ദേഹം. സ്വാമി വിവേകാനന്ദനായിരുന്നു എക്കാലത്തേയും ആദര്‍ശപുരുഷന്‍. ഡോക്ടര്‍ പഠനം കഴിഞ്ഞപ്പോള്‍ എവിടെ ജോലി ചെയ്യണമെന്ന് ഡോ നാരായണന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. വേദമന്ത്രങ്ങളും ഭഗവദ് കീര്‍ത്തനങ്ങളും നിറഞ്ഞു നിന്ന കരമനയിലെ പട്ടത്തെരുവില്‍ നിന്ന് ഡോ. നാരായണന്‍ വണ്ടി കയറി. നിശബ്ദ താഴ്വരയുടെ ശാന്തതയ്ക്കപ്പുറം കുന്നുകള്‍ക്കും മലകള്‍ക്കും അപ്പുറമുള്ള ചൂഷണത്തിന്റെയും രോഗങ്ങളുടെയും ഒരു നാട്ടിലേക്കായിരുന്നു ആ യാത്ര.

രോഗം വന്നാല്‍ അത് രോഗമാണെന്ന് തിരിച്ചറിവ് പോലുമില്ലാത്ത ഒരു വിഭാഗത്തിന്റെ ഇടയിലേക്കാണ് ഡോ. നാരായണന്‍ കടന്നു ചെല്ലുന്നത്. പൂജയും മന്ത്രവാദവുമല്ല മരുന്നാണ് അസുഖം മാറാന്‍ വേണ്ടതെന്ന് ആദിവാസികളെ ബോധ്യപ്പെടുത്തുകയായിരുന്നു ഡോക്ടറുടെ ആദ്യദൗത്യം. എങ്ങനെ അട്ടപ്പാടിയുടെ ഡോക്ടറാകാമെന്ന സ്വയം പരിശീലനമായിരുന്നു തുടക്കത്തില്‍. ആദിവാസികളെ അടുത്തറിയണം. അവരുടെ ആകുലതകളും ആശങ്കകളും കേള്‍ക്കണം. അട്ടപ്പാടിയുടെ മുക്കും മൂലയുമറിയാനായി മാസങ്ങള്‍ ചെലവഴിച്ചു. പിന്നീട് മെഡിക്കല്‍ ക്യാമ്പുകളിലേക്ക് കടന്നു. അട്ടപ്പാടിയിലും സര്‍ക്കാര്‍ ആശുപത്രികളുണ്ടായിരുന്നു, എങ്കിലും അത് വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ ഉതകുന്ന സാമൂഹിക വ്യവസ്ഥയായിരുന്നില്ല അവിടെ. രോഗം ഗുരുതരമാകുമ്പോഴാണ് ആദിവാസികള്‍ ആശുപത്രിയിലെത്തുന്നത്. മരുന്ന് കൃത്യമായി കഴിക്കാനോ തുടര്‍ ചികിത്സക്കോ തയ്യാറാകുന്നവര്‍ അപൂര്‍വ്വം. എന്ത് രോഗമാണെന്ന് അറിയാതെ വര്‍ഷങ്ങളോളം ദുരിതം തിന്ന് പലരും മരിച്ചു. .

ഡോ.നാരായണന്റെ ക്ലിനിക്കിലേക്ക് പതിയെ ആദിവാസികളെത്താന്‍ തുടങ്ങി. ഡോക്ടറെ കാണാനുള്ള ഫീസ് വെറും പത്തുരൂപ മാത്രം. അങ്ങനെ ഡോ. നാരായണന്‍ അട്ടപ്പാടിയുടെ പത്ത് രൂപ ഡോക്ടറായി. പത്തുരൂപ ഡോക്ടറുടെ കരുതലും സ്നേഹവും അവഗണിക്കാനാകുമായിരുന്നില്ല അട്ടപ്പാടിക്ക്്. രോഗികളുടെ വിശ്വാസവും സ്നേഹവും പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞപ്പോള്‍ രോഗികളുടെ എണ്ണവും കൂടി. അങ്ങനെ ഡോ നാരായണന്റെ നേതൃത്വത്തില്‍ അഗളിയിലെ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയും വളര്‍ന്നു. സ്വകാര്യ ആശുപത്രി എന്ന നിലയില്‍ രോഗികളെ പിഴിഞ്ഞ് ലാഭം കൊയ്യുക എന്നതല്ല, ആദിവാസികളുടെ ആരോഗ്യം ഉറപ്പാക്കുക എന്നതായിരുന്നു വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ലക്ഷ്യം. സര്‍ക്കാര്‍ സംവിധാനത്തോട് സഹകരിച്ചാണ് പ്രവര്‍ത്തനം. ക്ഷയരോഗം പോലുള്ളവ ബാധിച്ചവരെ കണ്ടെത്തുന്നതിനും ബോധവ്തകരണം നടത്തുന്നതിനും സര്‍ക്കാരിനൊപ്പം നില്‍ക്കുന്നുണ്ട് വിവേകാനന്ദ മെഡിക്കല്‍ മിഷന്‍.

ദിവസവും നൂറിലേറെ രോഗികളാണ് ഡോ നാരായണനെ കാണാനെത്തുന്നത്. പകുതിയിലേറെയും ആദിവാസികള്‍തന്നെ. 92 മുതല്‍ വിവേകാനന്ദ ആശുപത്രി അഗളിയിലുണ്ട്. ഇടയ്ക്ക് ചില ഡോക്ടര്‍മാര്‍ വന്നു പോയെങ്കിലും സ്ഥിരമായ ചികിത്സാസംവിധാനങ്ങളോ ഡോക്ടര്‍മാരോ ഉണ്ടായിരുന്നില്ല. ഡോകടര്‍ നാരായണന്റെ വരവോടെ അത് മാറി. ഡോക്ടര്‍ വന്ന് മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ പത്ത് കിടക്കകളും ലാബും ഫാര്‍മസിയും ഇസിജി സൗകര്യങ്ങളുമായി ആശുപത്രി വളര്‍ന്നു. ഓപ്പറേഷന്‍ തീയേറ്ററും 50 കിടക്കകളുമായി ഇപ്പോള്‍ വീണ്ടും ഈ ആതുരസേവനകേന്ദ്രം വളരുന്നു. എല്ലാ മാസവും സ്‌കിന്‍ ഡോക്ടറുടെയും ഗൈനക്കോളജിസറ്റിന്റെയും സേവനം ലഭ്യമാക്കാന്‍ ഡോ നാരായണന്‍ ശ്രദ്ധിക്കുന്നു. ആഴ്ച്ചയിലൊരിക്കല്‍ രോഗികള്‍ക്ക് സൗജന്യഭക്ഷണവും നല്‍കി വരുന്നു

തിരുവനന്തപുരത്ത് നിന്ന് കാട് കയറി അട്ടപ്പാടിയിലെത്തിയിട്ട് പതിറ്റാണ്ടായി. സേവനമേറ്റെടുത്തിട്ട് 12 വര്‍ഷം കഴിഞ്ഞു. ഇതിനിടയില്‍ കുടുംബമായി. ഭാര്യ ഡോക്ടര്‍ ലളിതയും രണ്ട് മക്കളും കോയമ്പത്തൂരാണ്. എല്ലാ ദിവസവും കോയമ്പത്തൂരില്‍ നിന്ന് കിലോമീറ്ററുകള്‍ താണ്ടി ഡോ നാരായണന്റെ കാര്‍ അഗളിയിലെത്തുന്നു. അവസാനത്തെ രോഗിക്കും മരുന്ന് നല്‍കി ആശ്വസിപ്പിച്ച് കിടപ്പുരോഗികളുടെ ആരോഗ്യം ഉറപ്പാക്കി വൈകുന്നേരം തിരികെ പോകുന്നു.

ഡോക്ടര്‍ എന്ന നിലയില്‍ അട്ടപ്പാടിയിലെ പോഷാകാഹാരക്കുറവും ശിശുമരണവും മാറാരോഗങ്ങളും ആകുലപ്പെടുത്തുന്നുണ്ട് ഡോകര്‍ നാരായണനെ. അതിലുപരി ഗോത്രജനതയുടെ സാംസ്‌കാരിക ജീവിതത്തിനുണ്ടായ അപചയം ആശങ്കാജനകമാണെന്ന് അദ്ദേഹം പറയുന്നു. മദ്യാസക്തിയും മാനസിക പ്രശ്നങ്ങളും പാവപ്പെട്ട ഒരു ജനതയുടെ ജീവിതം നരക തുല്യമാക്കുന്നു. ലഹരിയുടെ പിടിയില്‍ കഞ്ചാവ് ഭൂമാഫിയകളുടെ ആയുധങ്ങളാണ് ഊരുകളിലെ പുരുഷന്‍മാര്‍. മദ്യാസക്തിയില്‍ നിന്ന് ആദിവാസികളെ മോചിപ്പിക്കാനായി ഓട്ടേറെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് ഡോ. നാരായണനും കൂട്ടരും. മാനസിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കായി കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നു. അട്ടപ്പാടിയില്‍ 500 ലധികം മാനസിക രോഗലക്ഷണങ്ങള്‍ ഉളളവരുണ്ട്. ഇതില്‍ 350 പേരും കടുത്ത മാനസിക വിഭ്രാന്തിയുളളവരാണെന്നും ആരോഗ്യസര്‍വ്വേകള്‍ പറയുന്നു

ദീര്‍ഘ വീക്ഷണത്തോടെ അട്ടപ്പാടിയുടെ ആരോഗ്യപ്രശ്ങ്ങള്‍ നേരിടാനായി ഒരു കര്‍മ്മപദ്ധതിയുണ്ട് വിവേകാനന്ദ മെഡിക്കല്‍ മിഷന് ഇതിന്റെ ഭാഗമായി തൃശൂര്‍ മെഡിക്കല്‍ കോളേജുമായി സഹകരിച്ച് 2009 മുതല്‍ സാമൂഹിക മാനസികാരോഗ്യ പദ്ധതി നടപ്പാക്കി വരുന്നു. ഇരുനൂറോളം രോഗികളാണ് ഈ സംവിധാനത്തിന്റെ ഭാഗമായി ചികിത്സ തേടുന്നത്. അരിവാള്‍ രോഗ നിയന്ത്രണത്തിലും ശ്രദ്ധിക്കുന്നുണ്ട് ഡോ. നാരായണന്‍. ആദിവാസികള്‍ക്കിടയില്‍ നിന്ന് തന്നെ ആരോഗ്യപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുക എന്ന ശ്രമകരമായ ദൗത്യവും ഡോ നാരായണന്‍ ഏറ്റെടുത്ത് നടപ്പിലാക്കി.
ഇനിയമുണ്ട് ഒരുപാട് സ്വപ്നങ്ങള്‍ ഡോ നാരായണന്. തീവ്രപരിചരണവിഭാഗം വേണം ആശുപത്രിക്ക്, നല്ലൊരു മാതൃ ശിശു സംരക്ഷണ കേന്ദ്രമായി ആശുപത്രിയെ ഉയര്‍ത്തണം. രോഗികളേയും കാത്തിരിക്കുന്ന ഡോക്ടറാകാതെ രോഗങ്ങളില്‍ നിന്ന ഒരുജനതയെ അകറ്റാന്‍ കൂട്ടുനില്‍ക്കണം.തീവ്രവും സങ്കീര്‍ണ്ണവുമായ ജീവിതാനുഭവളില്‍ നിന്ന് അവരെ പുറത്തു കൊണ്ടുവരണം. ആഗ്രഹിക്കാതെ നഷ്ടമായ തനത് സംസ്‌കാരത്തിലേക്ക് പുനരാനയിക്കണം. തരിശ് കിടക്കുന്ന ഭൂമിയിലൊക്കെ പഴയ കാര്‍ഷിക സമൃദ്ധി നിറയക്കണം. സാംസ്‌കാരിക തനിമയും പാരമ്പര്യവും വീണ്ടെടുത്ത ഒരു ഗോത്രജനതയായി ഈ അരികു ജീവിതങ്ങളെ പുനസ്ഥാപിക്കണം. സ്വപ്നങ്ങളൊന്നും വിഫലമാകില്ലെന്ന് ബോധ്യമുണ്ട് ഈ ചെറുപ്പക്കാരന്. അതറിയുന്നതു കൊണ്ട് മാത്രമാണ് തിരിച്ചിറങ്ങി നഗരജീവിതപ്പാച്ചിലിന്റെ ഭാഗമാകാത്തതും.

ആരും നിര്‍ബന്ധിച്ചിട്ടോ ഏതെങ്കിലും ക്വാട്ടയിലോ അല്ല ഡോക്ടര്‍ നാരായണന്‍ എംബിബിഎസിന് ചേര്‍ന്നത്. ഡോക്ടറാകാനായി ഡോക്ടറായി. തന്റേ സേവനം ആര്‍ക്കായിരിക്കണമെന്നും ജീവിതം എങ്ങനെയായിരിക്കണമെന്നും ഉറച്ച തീരുമാനമുണ്ടായിരുന്നു . ആ തീരുമാനത്തില്‍ നിന്ന് നാളിതുവരെ മാറി ചിന്തിച്ചിട്ടില്ല. അട്ടപ്പാടിയുടെ പത്തുരൂപ ഡോക്ടര്‍ ഇനിയും അവിടെയുണ്ടാകും. രോഗം നോക്കി മരുന്ന് നല്‍കാന്‍ മാത്രമല്ല, എങ്ങനെ ജീവിക്കണമെന്ന് ആദിവാസികളെ പറഞ്ഞു മനസിലാക്കാനും…

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.