കൊയ്ത്തുപ്പാടത്തുണരുന്ന യുവ പ്രൊഫഷണലുകളുടെ ‘ന്യൂജെന്‍’ സന്ദേശം

ദീപക് പിള്ള

ranju 1‘ഈ ഞായറാഴ്ച ചിറ്റൂര്‍ മാഞ്ചിറപ്പാടത്തെ പതിനേഴ് ഏക്കറില്‍ കൊയ്ത്തുത്സവമാണ് പങ്കെടുക്കുക’
മൊബൈല്‍ സന്ദേശങ്ങളില്‍ ചികയുമ്പോള്‍ രഞ്ജുവിന്റെ കുറിപ്പ് മനസ്സില്‍ കിടന്നു..അവിചാരിതമായി ചിറ്റൂരിലേക്ക് യാത്ര ചെയ്യുമ്പോള്‍ മാഞ്ചിറപാടത്ത് വിളഞ്ഞ് നില്‍ക്കുന്ന നെല്‍കതിരുകളായിരുന്നില്ല, നൂറ് മേനി വിളവ് കണ്ട അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ കൂട്ടായ്മയുടെ കതിരിടലായിരുന്നു മനസ്സില്‍.
മാഞ്ചിറപ്പാടത്ത് ഈ ചെറുപ്പക്കാര്‍ വിളയിച്ചത് നല്ല നാളേയ്ക്ക് വേണ്ടിയുള്ള നല്ല വാര്‍ത്തകള്‍ കൂടിയായിരുന്നുവെന്ന് മനസ്സിലായി ഇവരെ കണ്ടപ്പോള്‍…
വിളവ് എങ്ങനെയുണ്ട് എന്ന കര്‍ഷകരോടുള്ള പതിവ് ചോദ്യങ്ങളില്‍ നിന്ന് മാറി എന്ത് കൊണ്ട് കൃഷി തെരഞ്ഞെടുത്തു എന്ന ചോദ്യമാണ് മനസ്സിലുയര്‍ന്നത്. പുതിയ പരീക്ഷണം എന്ന നിലയില്ല,,കണക്ക് കൂട്ടി തെരഞ്ഞെടുത്ത പ്രൊഫഷനായിരുന്നു ഇതെന്ന മറുപടിയോടെയാണ് ഇവര്‍ ഈ മേഖലയിലെത്തിയ അനുഭവം പങ്കുവെയ്ക്കുക.

ranju 3പുതിയ തലമുറയും പഴയ തലമുറയും കൃഷിയൊക്കെ നഷ്ടമെന്ന് പയ്യാരവും പറഞ്ഞ് പുഞ്ചപ്പാടം വിടുന്ന കാലത്താണ് അഭ്യസ്ത വിദ്യരായ ഈ മൂന്ന് ചെറുപ്പക്കാര്‍ നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘വിവരക്കേടിന്’ കൃഷിയിറക്കിയത്.
ബിരുദാനന്തര ബിരുദധാരികളായ രഞ്ജു,വൈശാഖ്, കൊമേഴ്‌സ ബിരുദധാരിയായ ബിനീഷ് എന്നിവരുടെ മനസ്സില്‍ പുതിയ തലമുറ നടന്നു തീര്‍ക്കുന്ന തൊഴിലിടങ്ങള്‍ ഉണ്ടായിരുന്നില്ല.  വൈറ്റര്‍ കോളര്‍ ജോലി വേണ്ട എന്ന് തീരുമാനിച്ച മൂന്ന് ചെറുപ്പക്കാരുടെയും മനസ്സ് നിറയെ കൃഷിയായിരുന്നു. എംഎസ്സി കണക്ക് പഠിച്ച രഞ്ജുവും, ഫിസിക്‌സില്‍ ബിരുദാനന്തരബിരുദം നേടിയ വൈശാഖും, ബിനീഷും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു കൃഷിക്കാരാവുക എന്നത്. നാടിനോടും മണ്ണിനോടുമുള്ള സ്‌നേഹം കൂടിയായപ്പോള്‍ കളങ്കമില്ലാത്ത കൃഷിരീതിയിലേക്കുള്ള മടക്കം കൂടിയായി ഇത്.

കാര്‍ഷിക മണ്ണായ പാലക്കാട് തന്നെ കൃഷിയിറക്കാനായിരുന്നു ഇവരുടെ തീരുമാനം. ചിറ്റൂരില്‍ പതിനെട്ട് ഏക്കറില്‍ നെല്‍കൃഷി തുടങ്ങി. നാടന്‍ വിത്തിനങ്ങളും, ജൈവവളവും ഉപയോഗിച്ചായിരുന്നു കൃഷി. ഒരു തവണ കൃഷിയിറക്കാന്‍ ആവശ്യമായി വന്നത് ആറ് മുതല്‍ എട്ട് ലക്ഷം രൂപ വരെ. സ്വന്തമായുള്ള ഭൂമിയില്‍ കൃഷിയിറക്കിയാലോ സാമ്പത്തിക ആനുകൂല്യം ലഭിക്കു എന്ന കാരണം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കൈകഴുകിയതൊന്നും ഇവരെ നിരാശരാക്കിയില്ല. പല സുഹൃത്തുക്കളില്‍ നിന്നും സഹായം തേടി കയ്യിലുള്ള പൈസയെല്ലാം എടുത്ത് കൃഷിയിലിറക്കി. കഠിനാദ്ധ്വാനവും, വിജയപ്രതീക്ഷയും മാത്രമായിരുന്നു പ്രധാന നിക്ഷേപം. മണ്ണ് ചതിക്കില്ലെന്ന കര്‍ഷകരുടെ ചൊല്ല് മനസ്സിലിട്ട് നടത്തിയ പോരാട്ടത്തിന് അവസാനം വിളവെടുപ്പ് കിട്ടി നൂറ് മേനി.

youthപതിനെട്ട് ഏക്കറില്‍ തുടങ്ങിയ കൃഷി ഇപ്പോള്‍ ഇരുപത്തഞ്ച് ഏക്കറായി. സംഘത്തില്‍ 25 ഓളം യുവാക്കളും പങ്കാളിയായതോടെ അത് വലിയ കൂട്ടായ്മയായി മാറുകയായിരുന്നു.

പൂര്‍ണമായും ജൈവരീതി അവംലബിച്ച് ഉണ്ടാക്കിയ ഉത്പന്നത്തിന് ആവശ്യക്കാരേറെയുണ്ടെങ്കിലും മാര്‍ക്കറ്റിംഗായിരുന്നു പ്രശ്‌നം. കൃഷി തിരക്കുകള്‍ക്കിടയില്‍ ഈ ദൗത്യവും ഇവര്‍ തന്നെ ഏറ്റെടുത്തു. കിലോമീറ്ററുകളോളം യാത്ര ചെയ്ത് എറണാകുളത്തും മറ്റും ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്തി. ജൈവ ഉത്പന്നങ്ങള്‍ക്ക് വലിയ ആവശ്യക്കാരുണ്ടെന്നത് കൃഷിയ്ക്ക് ആവേശം പകര്‍ന്നുവെന്ന് ഈ യുവാക്കള്‍ പറയുന്നു.
നെല്‍കൃഷിയില്‍ നിന്ന് പച്ചക്കറി മാത്രം ലക്ഷ്യമിട്ട് മറ്റൊരു സംരഭകത്വത്തിന് തയ്യാറെടുക്കുകയാണ് രഞ്ജുവും കൂട്ടുകാരും. സ്വന്തമായി വിളയിച്ചെടുക്കുന്ന പച്ചക്കറി ആവശ്യക്കാര്‍ക്ക് നേരിട്ടു നല്‍കുകയാണ് ഉദ്ദേശം.. അവിയലിനും സാമ്പാറിനുമുള്ളവ നുറുക്കി പാക്കറ്റിലാക്കി ആവശ്യക്കാര്‍ക്കെത്തിക്കുകയാണ് ഒരു പദ്ധതി. ഇരുപത്തിയഞ്ചേക്കറിലെ നെല്ല് മുഴുവന്‍ അരിയാക്കാതെ മറ്റുത്പന്നങ്ങള്‍ നിര്‍മ്മിക്കാനായി ഒരു ഫുഡ് പ്രോസസിംഗ് യൂണിറ്റും ഇവരുടെ പദ്ധതിയിലുണ്ട്.
കൃഷി വിജയമായതോടെ തുടക്കത്തില്‍ മുഖം ചുളിച്ച എല്ലാവരും ആവേശത്തോടെ സഹകരിക്കുന്നുണ്ടെന്ന് ഈ യുവ കര്‍ഷകര്‍ പറയുന്നു.
വിഷുവിന് ഇത്തവണ വിഷമില്ലാത്ത അരിയുണ്ണനൊരു വിഷു കൈനീട്ടവും ചിറ്റൂര്‍ നാട്ടുകൃഷി കൂട്ടായ്മ ഒരുക്കിയിരുന്നു.നാലായിരം രൂപ മുന്‍കൂറായി അടച്ച് കൊയ്ത്തുത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 50 കിലൊ അരി നല്‍കുമെന്നായിരുന്നു ഓഫര്‍. രാസവളങ്ങളുടെ വിഷനീലിമയില്ലാത്ത പൊന്നാര്യനും കട്ടമുണ്ടനും 30 ശതമാനം വിലകുറവില്‍ നല്‍കുന്ന ഈ സംരംഭത്തിനും മികച്ച പിന്തുണയാണ് ലഭിച്ചത്. 20 ലധികം പേര്‍ ഇത്തരത്തില്‍ ഈ കൂട്ടായ്മയുടെ ഭാഗമായി.

ranju4ഞായറാഴ്ച ചിറ്റൂര്‍ മാഞ്ചിറ പാടത്ത് രണ്ടാമത്തെ വിളവെടുപ്പിന് ആരവമുയരുമ്പോള്‍ പുതിയ തലമുറയുടെ മനസ്സില്‍ കൂടി ഒരു കൊയ്ത്തുപാട്ടുണര്‍ത്തുകയാണ് ഈ യുവസംഘത്തിന്റെ ലക്ഷ്യം. കൃഷി ലാഭകരമല്ല എന്ന അടികുറിപ്പോടെ ഈ നാടിന്റെ ജൈവസാന്നിധ്യത്തെ കെവിട്ടു കളയുന്നവരോട് ഇങ്ങനെയും ആകാം എന്ന് ഓര്‍മ്മിപ്പിക്കകയാണ് ഈ യുവാക്കള്‍..അതുവഴി വലിയൊരു സാമൂഹ്യ സേവനത്തില്‍ കൂടി പങ്കാളിയാകുന്നു എന്ന ഇവരുടെ ഉറച്ച വാക്കുകള്‍ കുടിയായപ്പോള്‍ നിറകണി കണ്ടതുപോലെ മനസ്സ് നിറഞ്ഞു. മാഞ്ചിറപ്പാടത്ത് വിരിയുന്നത് പൊന്നാര്യനും കട്ടമുണ്ടനും മാത്രമല്ല, നല്ല നാളേയ്ക്കുള്ള ഞാറ്റ്വേല പാട്ടുപോലെയുള്ള നന്മ കൂടിയാണ്.

അഭിപ്രായങ്ങള്‍

Comments are closed.