ചെറിയ വാക്കിലൊരു തമാശ പറയട്ടെ,’ കമ്യൂണിസം’ :സിപിഎമ്മിന്റെ ചൈനാ സ്തുതിയെ പറ്റി

കാളിയമ്പി അമ്പി എഴുതുന്നു

അമേരിയ്ക്ക കാണാന്‍ പോയ സോവിയറ്റ് യൂണിയന്‍ പ്രതിനിധികളേപ്പറ്റി ഒരു തമാശയുണ്ട്.

‘ആരുടെ ഫാക്ടറിയാണിത്?’ അവര്‍ അമേരിയ്ക്കക്കാരോട് ചോദിച്ചു,
‘ഫോര്‍ഡിന്റെ ഫാക്ടറിയാണിത്’ അവര്‍ മറുപടി പറഞ്ഞു.
‘ആരുടെ കാറുകളാണ് വെളിയില്‍ പാര്‍ക്ക് ചെയ്തിരിയ്ക്കുന്നത്?’
‘തൊഴിലാളികളുടെ കാറുകള്‍’

കുറേ നാള്‍ കഴിഞ്ഞ് സോവിയറ്റ് യൂണിയന്‍ കാണാന്‍ അമേരിയ്ക്കന്‍ പ്രതിനിധികളും ചെന്നു
‘ആരുടെ ഫാക്ടറിയാണിത്?’ അവര്‍ ചോദിച്ചു
‘ഇത് തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഫാക്ടറിയാണ്’ അവര്‍ അഭിമാനത്തോടെ മറുപടി പറഞ്ഞു.
ആരുടെ കാറുകളാണ് വെളിയില്‍ പാര്‍ക്ക് ചെയ്തിരിയ്ക്കുന്നത്?’
‘അത്… കമ്മിസാറന്മാരുടെ കാറുകള്‍’

അമേരിയ്ക്കക്കാരുണ്ടാക്കിയ സോവിയറ്റ് കളിയാക്കലാണെങ്കിലും കമ്യൂണിസത്തെ ഏതാണ്ട് കൃത്യമായി വിശദീകരിച്ചിരിയ്ക്കുന്ന ഒരു തമാശയാണിത്. ഇത് കേരളത്തിലെ കമ്മിസാറന്മാരുടെ മാത്രം കാര്യമല്ല. ലോകം മുഴുവനും ഉള്ളവന്മാരുടെ കാര്യമാണിത്. സോവിയറ്റ് മുതല്‍ ക്യൂബ വരെ.

ഇന്നലെ മുഖ്യമന്ത്രി പിണറായി പുകഴ്ത്തിയ ചൈനയില്‍ സംഭവം ഇതിലും തമാശയാണ്.

കമ്യൂണിസം എന്നത് അധ്വാനോപകരണങ്ങള്‍ മുഴുവന്‍ സമൂഹത്തിന്റെ സ്വത്താവുകയും, ഓരോ മനുഷ്യനും അധ്വാനോപകരണങ്ങളുപ്പയോഗിച്ച് അധ്വാനിയ്ക്കുകയും മിച്ചമൂല്യം പൊതുവേ സമൂഹത്തിലേയ്ക്ക് തന്നെ കണ്ടുകെട്ടുകയും അവനവനു ആവശ്യമുള്ളത് അതില്‍ നിന്ന് എടുക്കുകയും ചെയ്യുക എന്ന സ്ഥിതിയാണെന്ന് അതിലളിതമായി പറയാം. അതിന്റെ മുകളില്‍ ലോകത്തില്ലാത്ത സിദ്ധാന്തങ്ങളും ബഹളങ്ങളും കെട്ടിപ്പൊക്കിയിട്ടുണ്ടെങ്കിലും സാമാന്യധാരണ എന്ന അര്‍ത്ഥത്തില്‍ നമുക്ക് ഈ നിര്‍വചനത്തെ തല്‍ക്കാലം സ്വീകരിയ്ക്കാം.

എന്താണ് ചൈനയിലെ കമ്യൂണിസം?

ചൈനയില്‍ ഇപ്പറയുന്ന അധ്വാനോപകരണങ്ങള്‍ സമൂഹത്തിന്റെ സ്വത്താക്കലും ആവലും എന്ന ഏര്‍പ്പാടൊന്നുമില്ല. നല്ല ഒന്നാന്തരം സ്വകാര്യസ്വത്തവകാശമാണ് അവിടെയുള്ളത്. എന്ന് മാത്രമല്ല ലോകത്തെല്ലാം ഉള്ളപോലെ ധനികനും ദരിദ്രനും തമ്മിലുള്ള വിടവ് അതിഭീകരമാണ്. ധനികരായ ഒരു ശതമാനം ആള്‍ക്കാരുടെ കയ്യിലാണ് ചൈനയുടെ മൂന്നിലൊന്നു സമ്പത്തും കുന്നുകൂടിയിരിയ്ക്കുന്നത്. യൂറോപ്പിലേയും എന്തിന് അമേരിയ്ക്കയിലേയും സമ്പത്ത് ഇതിലും തുല്യമായാണ് വിതരണം ചെയ്യപ്പെട്ടിരിയ്ക്കുന്നത്.

ഫിന്‍ലന്‍ടും ഫ്രാന്‍സും പോലെയുള്ള രാഷ്ട്രങ്ങള്‍ അവരുടെ സമ്പത്തിന്റെ (ജിഡീപീയുടെ) അമ്പത്തഞ്ച് ശതമാനത്തില്‍ക്കൂടുതല്‍ ഗവണ്മെന്റിനായി ചിലവാക്കുന്നു. ക്യൂബയുടെ ജീഡീപീയുടെ 62 ശതമാനം ഗവണ്മെന്റു ചിലവുകളാണ്. (എന്ന് വച്ചാല്‍ ഗവണ്മെന്റ് ചിലവാക്കല്‍, പ്രതിരോധം ആരോഗ്യം ഗതാഗതം വിദ്യാഭ്യാസം പെന്‍ഷന്‍, ക്ഷേമനിധികള്‍ തുടങ്ങി ഗവണ്മെന്റ് ചിലവാക്കുന്ന തുക ) ഇത്തരത്തില്‍ ജീഡീപീയുടെ എത്ര ശതമാനം ചിലവാക്കുന്നോ അത്രത്തോളം ഗവണ്മെന്റ് ജനങ്ങളുടെ ദൈനം ദിനജീവിതത്തില്‍ ഇടപെടുന്നുണ്ടെന്ന് പൊതുവായി അനുമാനിയ്ക്കാം. കാപ്പിറ്റലിസ്റ്റ് നയങ്ങള്‍ പിന്‍ പറ്റുന്ന ഗവണ്മെന്റ് അങ്ങനെ ചിലവുകള്‍ നടത്തേണ്ടതില്ലല്ലോ. എന്നാല്‍ ചൈനയുടെ ഗവണ്മെന്റ് എക്‌സ്‌പെന്റിച്ചര്‍ വെറും 24 ശതമാനമാണ്. എന്നാല്‍ നികുതിഭാരം ജിഡീപീയുടെ ഏതാണ്ട് 19ശതമാനം വരും. അതേ സമയം നികുതിഭാരം ജീഡീപീയുടെ വെറും ഏഴ് ശതമാനം മാത്രമുള്ള ഭാരതത്തില്‍ 27 ശതമാനമാണ് ഗവണ്മെന്റ് ചിലവുകള്‍.

സോവിയറ്റ് യൂണിയന്റെ ചുവപ്പ് കൊടിയും പാര്‍ട്ടിയും അരിവാള്‍ച്ചുറ്റിക ചിഹ്നങ്ങളും സ്വീകരിച്ച് മാവോസേതുങ്ങിന്റെ സമയത്ത് കമ്യൂണിസം നടപ്പിലാക്കാന്‍ ശ്രമിച്ചിട്ട് ഏതാണ്ട് അറുപത് ലക്ഷം മനുഷ്യര്‍ പലരീതിയില്‍ മരിച്ചുവീണപ്പോഴാണ് പിന്നീട് വന്ന ദെങ് സാവോ പെങ്ങ് കമ്യൂണിസം മടക്കി നാലായി അട്ടത്ത് വച്ചത്. പക്ഷേ കൊടിയും ചിഹ്നങ്ങളുമൊന്നും മാറ്റിയില്ലെന്ന് മാത്രം. സിംഗപ്പൂര്‍ മാതൃകയില്‍ നല്ല ഒന്നാന്തരം കാപ്പിറ്റലിസമാണ് പിന്നെയവിടെ നടന്നത്. ഫോറിന്‍ ഡെവലപ്പ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് അതായത് വിദേശനിക്ഷേപം പരമാവധി സ്വീകരിച്ചു, സ്വകാര്യസ്വത്ത് അനുവദിച്ചു. കച്ചവടവും വ്യവസായങ്ങളും സ്വകാര്യമേഖലയില്‍ നിയന്ത്രമമില്ലാതെ അനുവദിച്ചു. ഇന്ന് ഇവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകാന്‍ പാടില്ല എന്ന് കൂക്കിവിളിയ്ക്കുന്ന വിദേശനിക്ഷേപം സ്വീകരിച്ചാണ് ചൈന ഇത്രയും വളര്‍ന്നത്.

അതേ സമയം കമ്യൂണിസത്തിന്റെ ഭാഗമായ ഏകാധിപത്യവും മര്‍ദ്ദകഭരണകൂടവും അതേപോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് പേരുള്ള പാര്‍ട്ടിയാണ് ഗവണ്മെന്റ്. മാദ്ധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ല. എന്ത് പഠിയ്ക്കണം എന്നത് മുതല്‍ എത്ര കുട്ടികളുണ്ടാകണം എന്നത് വരെ പാര്‍ട്ടി ഗവണ്മെന്റ് തീരുമാനിയ്ക്കും. ആരാധനാ സ്വാതന്ത്ര്യം ഒട്ടുമില്ല. എന്തിനു ചില സ്ഥലങ്ങളില്‍ മുസ്ലിം മതക്കാര്‍ക്ക് മുഹമ്മദ് ഉള്‍പ്പെടെയുള്ള പേരുകള്‍ കുട്ടികള്‍ക്ക് ഇടാന്‍ പോലും അനുവാദമില്ല.

ഈയിടെയാണ് ചാങ്‌സി പ്രൊവിന്‍സില്‍ രണ്ട് കൃസ്ത്യന്‍ പള്ളികള്‍ പൊളിച്ചത്. ഒരു വര്‍ഷം കുറഞ്ഞത് രണ്ടായിരത്തിലധികം ആള്‍ക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. അവയവക്കച്ചവടത്തിന്റെ കേന്ദ്രമാണ് ചൈന. മരണശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്നവരുടെ അവയവങ്ങളെല്ലാം എടുത്ത് വില്‍പ്പന ചെയ്യുന്നു. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ആവശ്യക്കാര്‍ വരുന്നതനുസ്സരിച്ച് തടവിലാക്കപ്പെടുന്നവരെ കൊന്ന് അവയവങ്ങള്‍ കച്ചവടം ചെയ്യുന്നു എന്നാണ്.ഫാലുന്‍ ഗോങ് (Falun Gong ) എന്ന് പറയുന്ന ഒരു പ്രത്യേക ധ്യാനരീതി പരിശീലിയ്ക്കുന്ന ആളുകളെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയാണ് എന്ന് പറഞ്ഞ് പിടിച്ച് തടവിലിട്ട് ഇതുപോലെ വധശിക്ഷയ്ക്ക് വിധേയമാക്കിയതിന്റെ കഥകള്‍ പുറത്തുവന്നത് വായിച്ചാല്‍ രക്തം മരവിച്ചുപോകും. ടിയാനന്മെന്‍ ചത്വരത്തില്‍ പ്രതിഷേധം നടത്തിയെന്ന് പറഞ്ഞ് ഏതാണ്ട് പതിനായിരം പേരെയാണ് ടാ!ാങ്കുകള്‍ വിട്ട് അരച്ചുകൊന്നത്. ആരും ഒരു ചുക്കും ചോദിച്ചില്ല.

ഇനി ലോകമെല്ലാം ഉള്ള കമ്യൂണിസ്റ്റു പാര്‍ട്ടികളെ അവര്‍ സ്വന്തമായിക്കരുതുന്നോ എന്നതാണ് അടുത്ത ചോദ്യം. ഒരിയ്ക്കലുമില്ല. ചൈനീസ് ദേശീയതയാണ് അവരുടെ ഏറ്റവും വലിയ ആദര്‍ശം. അതിനുവേണ്ടി എന്ത് മോശം കാര്യങ്ങള്‍ ചെയ്യാനും അവര്‍ മടിയ്ക്കില്ല. ആഫ്രിക്കയുടെ വലിയൊരു ഭാഗം ചൈനീസ് സാമ്രാജ്യമാണ്. ആഫ്രിക്കന്‍ ഖനികളില്‍ അവിടത്തെ തൊഴിലാളികളെക്കൊണ്ട് അടിമപ്പണിയ്ക്ക് തുല്യമായ രീതിയില്‍ പണിയെടുപ്പിച്ചിട്ടാണ് ചൈന ലോകം മുഴുവന്‍ കൊണ്ട് തള്ളാനുള്ള ജങ്ക് സാധനങ്ങള്‍ ഉണ്ടാക്കുന്നത്. വികസനത്തിനെന്നും പറഞ്ഞ് ആഫ്രിക്കയില്‍ അവര്‍ക്ക് താങ്ങാനാവാത്ത വന്‍ നിക്ഷേപങ്ങള്‍ നടത്തിയും അവരിലെ അഴിമതിക്കാരായ ഗവണ്മെന്റുകളെ പണം നല്‍കി കയ്യിലെടുത്തും ആഫ്രിക്കയിലെ പല രാജ്യങ്ങളുടെയും പ്രകൃതിസമ്പത്തിന്റെ മുഴുവന്‍ നിയന്ത്രണം ചൈനയുടെ കയ്യിലാണ്.

എന്ന് മാത്രമല്ല, അവിടെ അവര്‍ നിക്ഷേപം നടത്തുമ്പോള്‍ തദ്ദേശീയരായ തൊഴിലാളികളെ കൊണ്ടല്ല പകരം ചൈനയില്‍ നിന്ന് ചൈനാക്കാരെ കൊണ്ടുവന്നാണ് പണിയെടുപ്പിയ്ക്കുക. അതുവഴി തദ്ദേശീയര്‍ക്ക് ലഭിയ്ക്കാവുന്ന സാങ്കേതികജ്ഞാനത്തിന്റെ കൈമാറലും ജീവിതനിലവാരമുയരലും ഒന്നും നടക്കില്ല. (പണ്ട് ഗോദാവരീതടത്തില്‍ ഒരു ഗാസ്‌പൈപ്പ് പ്രൊജക്ടിനു വന്ന ചൈനീസ് കമ്പനി ആയിരം ചൈനീസ് എഞ്ചിനീയര്‍മാരെ വിസ നല്‍കി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതും, ഭാരതത്തില്‍ എഞ്ചിനീയര്‍മാര്‍ തൊഴിലില്ലാതെ നില്‍ക്കുമ്പോള്‍ അത് നടക്കില്ല എന്ന് സര്‍ക്കാര്‍ പറഞ്ഞതും അന്ന് ഭരണമുന്നണിയിലായിരുന്ന യെച്ചൂരി ബഹളം വച്ച് അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതും ഒരു ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ഒരിയ്ക്കല്‍ എഴുതിയിട്ടുണ്ട്) അതായത് ആഫ്രിക്കയില്‍ ഒരു പുതു കൊളോണിയലിസം തന്നെയാണ് ചൈന നടത്തുന്നത്.

നൂറ്റാണ്ടുകള്‍ മുന്‍പേ യൂറോപ്യര്‍ എന്താണോ ചെയ്തത് അതിന്റെ ഈച്ചക്കോപ്പി. മാത്രവുമല്ല, നമ്മുടെ പരുത്തി കൊണ്ടുപോയി മാഞ്ചസ്റ്ററിലെ മില്ലുകളില്‍ വച്ച് തുണിയാക്കി ആ തുണി നമ്മുടെ നാട്ടില്‍ വന്‍ വിലയ്ക്ക് കൊണ്ടുവന്ന് തള്ളുന്ന പഴയ ബ്രിട്ടീഷ് തന്ത്രം പോലും ചൈന അതുമാതിരി പകര്‍ത്തുന്നുണ്ട്. ആഫ്രിക്കന്‍ മാര്‍ക്കറ്റുകളില്‍ വിലകുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിറച്ചിരിയ്ക്കുകയാണ്. ചൈനയിലെപ്പോലെ ഇത്രയും വ്യവസായവല്‍ക്കരിച്ചിട്ടില്ലാത്തതുകൊണ്ട് വിലയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ആ രാജ്യങ്ങളിലെ തദ്ദേശീയവ്യവസായങ്ങള്‍ എല്ലാം പൂട്ടിക്കഴിഞ്ഞു. ചൈനാക്കാരുടെ അടിമകളായി പണിയെടുക്കുക അവരുടെ ജങ്ക് സാധനങ്ങള്‍ വാങ്ങിയ്ക്കുക എന്ന ജോലി മാത്രമാണിന്ന് പല ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കുമുള്ളത്. മാത്രമോ പല ആഫ്രിക്കന്‍ രാജ്യങ്ങളിലും സുരക്ഷിതമായി ഉപയോഗിയ്ക്കാന്‍ വ്യവസ്ഥ ചെയ്ത തീയതി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുത്തള്ളാന്‍ ചൈനീസ് കമ്പനികള്‍ ശ്രമിയ്ക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതായത് ഇവരുടെ കമ്യൂണിസവും തൊഴിലാളി സ്‌നേഹവുമൊക്കെ വെറും പുറംകളര്‍ മാത്രമാണ്. തൊഴിലാളികളേ അടിമകളേപ്പോലെയാണ് ചൈനയ്ക്കകത്തായാലും പുറത്തായാലും ചൈനീസ് ഗവണ്മെന്റ് കണക്കാക്കുന്നത്.

ഇനി അമേരിയ്ക്കയ്‌ക്കെതിരേ നില്‍ക്കുന്നുവെന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുഖ്യമന്ത്രിയുടെ വേറൊരു ഗീര്‍വാണം. ഇവര്‍ നമ്മുടെ നാട്ടില്‍ ഫോറിന്‍ ഡെവലപ്പ്‌മെന്റ് ഇന്വെസ്റ്റ്‌മെന്റ് കൊണ്ടുവരാന്‍ സമ്മതിയ്ക്കാതെ ഗാട്ടും കാണാ!ച്ചരടുകളും, ആഗോളവല്‍ക്കരണം എന്ന ഭീകരന്‍, എന്നൊക്കെപ്പറഞ്ഞ് ഉമ്മാക്കി കാട്ടിയിരുന്നത് ഓര്‍മ്മയുണ്ടോ? തോണ്ണൂറുകളുടെ പകുതി മുതല്‍ ഇടതുപക്ഷവും മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റുകളും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ പേരിലുണ്ടാക്കിയ ബഹളം ചില്ലറയല്ല.

ഉറുഗ്വേ വട്ട ചര്‍ച്ചകള്‍ക്ക് ശേഷമുള്ള സമയത്ത് ഇതേ യാങ്കി ഭീകരനെന്ന് ഇവര്‍ വിളിയ്ക്കുന്ന അമേരിയ്ക്ക ചൈനയില്‍ നടത്തിയ നിക്ഷേപം കണ്ടാല്‍ കണ്ണുതള്ളിപ്പോകും. 1995 മുതല്‍ ഇന്നുവരെയുള്ള കണക്ക് നോക്കിയാല്‍ അമേരിയ്ക്ക ചൈനയില്‍ ഏതാണ്ട് 300 ബില്യന്‍ അമേരിയ്ക്കന്‍ ഡോളര്‍ നിക്ഷേപം ചെയ്തിട്ടുണ്ട്. അതിന്റെ പകുതിയോളം തുക ചൈന അമേരിയ്ക്കയിലും നിക്ഷേപിച്ചിട്ടുണ്ട്. അതായത് ഈ രണ്ട് രാഷ്ട്രങ്ങളും പരസ്പരം മറ്റൊരിടത്തും ഇല്ലാത്ത നിലയില്‍ സാമ്പത്തികസഹകരണത്തിലാണ്. അതായത് അമേരിയ്ക്കയ്ക്ക് നിക്ഷേപം നടത്തുവാന്‍ തങ്ങളുടെ വാതിലുകള്‍ മലക്കെ തുറന്നിട്ടുകൊടുക്കുകയും അതിലുണ്ടാകുന്ന ലാഭം തിരികെ അമേരിയ്ക്കയില്‍ തന്നെ നിക്ഷേപിയ്ക്കുകയുമാണ് ചൈന ചെയ്യുന്നത്.

എന്തര്‍ത്ഥത്തിലാണ് പിണറായി വിജയന്‍ അമേരിയ്ക്കയേയും ചൈനയുടെയും കാര്യം പറയുന്നത്?

പിണറായി വിജയന്‍ പറയുന്നത് ഒന്നുകൂടി വിശദമായി നോക്കണം.

‘ലോകത്തിലെ വലിയ ശക്തിയായി ചൈന വളരുകയാണ്. ചൈനയ്‌ക്കെതിരെ വിശാല സൈനികസഖ്യം രൂപീകരിക്കാനുള്ള ഇടപെടലാണ് അമേരിക്ക നടത്തുന്നത്. അമേരിക്കയുടെ തന്ത്രപരമായ സഖ്യകക്ഷിയായി ഇന്ത്യ മാറി. ഇനി ലോകയുദ്ധമുണ്ടായാല്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളും അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് ഇന്ത്യയിലെ തുറമുഖങ്ങളും ഉപയോഗിക്കാനാകും. അമേരിക്കയുടെ താല്‍പര്യമനുസരിച്ച് താല്‍പര്യമനുസരിച്ചുള്ള വിദേശനയമാണ് ചൈനയുടെ കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കുന്നത്. ഇന്ത്യ-അമേരിക്ക-ഇസ്രയേല്‍ അച്ചുതണ്ട് വേണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്’

ഒരു മുഖ്യമന്ത്രി എഴുന്നള്ളിച്ച കാര്യങ്ങളാണിത്. ഈ മുഖ്യമന്ത്രിയെ ജനിപ്പിച്ചത് മുതല്‍ സൗജന്യമായി പഠിപ്പിച്ചതും അസുഖം വന്നപ്പോള്‍ സര്‍ക്കാരാശുപത്രിയില്‍ ചികിത്സിച്ചതും വാക്‌സിനേഷനുകള്‍ നല്‍കിയതും ബ്രണ്ണന്‍ കോളേജ് ഇതുമാതിരി നിലനിര്‍ത്തുന്നതും എമ്മെല്ലേ മുതല്‍ മുഖ്യമന്ത്രി വരെയായപ്പോല്‍ വേണ്ടതെല്ലാം ശമ്പളമായും പെന്‍ഷനായും കണ്ണാടി മുതല്‍ അണ്ടര്‍വയര്‍ വരെ വാങ്ങാന്‍ കാശുകൊടുത്തതും ചൈനയിലെ സാറന്മാരല്ല. ഈ ഭാരതജനതയാണ്. ചൈനക്കാര്‍ സമ്മേളനം കൂടിയപ്പോള്‍ പരസ്യമായും അല്ലാത്തപ്പോള്‍ രഹസ്യമായും കിമ്പളം എത്തിച്ചുകൊടുത്തിട്ടുണ്ടാവാം.

പാര്‍ട്ടി സെക്രട്രറിയുടെ മകന്‍ പാകിസ്ഥാനിലെ ബാങ്കായ ഹബീബ് ബാങ്കില്‍ ഉള്ള അക്കൗണ്ടു വഴിയാണ് കോടികളൊഴുകിയതെന്ന് നമ്മള്‍ ഈയിടെ കേട്ടു. ആ പാകിസ്ഥാന്‍ ബാങ്കിലൂടെ ഒഴുകുന്നത് എവിടെനിന്നുള്ള പണമാണെന്ന് ഒന്നുകൂടി ആലോചിയ്‌ക്കേണ്ടതുണ്ട്. കാരണം പാകിസ്ഥാനെന്നത് രായ്ക്ക് രാമാനം ഒരു ന്യൂക്‌ളിയര്‍ ബോംബ് ഒപ്പിച്ചുകൊടുക്കാനും വിധം പ്രീയപ്പെട്ട രാഷ്ട്രമാണ് സഖാക്കന്മാരുടെ ചൈനയ്ക്ക്. ഇത്രയും ചൈനാസ്‌നേഹം കാട്ടുമ്പോള്‍ അതിനു തക്ക എന്തോ കിട്ടുന്നുണ്ടാവണമല്ലോ.

ഇയാള്‍ ലോകയുദ്ധം കാത്തിരിയ്ക്കുകയാണെന്ന് തോന്നും കപ്പലുകള്‍ അടുക്കുന്നതിന്റേയും പ്‌ളെയിനുകള്‍ പറക്കുന്നതിന്റേയും കഥ പറയുന്നത് കേട്ടാല്‍. ഒരു കാര്യം കൂടി പകല്‍ പോലെ വ്യക്തമായി. എന്തുകൊണ്ടാണ് വിഴിഞ്ഞത്തൊരു വലിയ തുറമുഖമുണ്ടാവുന്നതിനെ ഇയാളുടെ പാര്‍ട്ടി സകല പാരയും വച്ചതെന്ന്. ആ തുറമുഖത്തെപ്പറ്റിയും അവിടെ അടുക്കാന്‍ പോകുന്ന കപ്പലുകളേപ്പറ്റിയും സഖാവിനു നല്ല നിശ്ചയമുണ്ട്. എന്തായാലും ആ നിശ്ചയം പിണറായി വിജയനു ആരും പറഞ്ഞുകൊടുക്കാതെ ഉണ്ടായതാവാന്‍ ഒരു വഴിയുമില്ല.

കൂടുതല്‍ പറയുന്നില്ല. ജനം ശ്രദ്ധിയ്ക്കുക. ഇത്രയും വലിയ രാജ്യദ്രോഹമൊക്കെ ഈ നാട്ടുകാര്‍ കേള്‍ക്കേണ്ടിവരുമെന്ന് ഒരിയ്ക്കലും കരുതിയതല്ല. പച്ചയ്ക്കാണ് ഒരു മുഖ്യമന്ത്രി നമ്മുടെ അതിര്‍ത്തി ചുരണ്ടുന്ന ഒരു രാജ്യത്തിന്റെ ചേരിയില്‍ നില്‍ക്കുന്നതായി പറയുന്നത്. ഇപ്പോള്‍ എന്തൊക്കെപ്പറഞ്ഞാലും അതിനപ്പുറം ഇനി എന്താ പറയുക എന്ന് സംശയം തോന്നത്തക്കവിധം മരവിച്ച പോലെയായി.

ഇനിയും നാലു കൊല്ലമുണ്ട് ഈ ഭരണം. ഈ രാഷ്ട്രത്തിന്റെ ഒരു ഭാഗം ചൈനയ്ക്കും പാകിസ്ഥാനും എഴുതിക്കൊടുത്തുകളയുമോ എന്ന് പോലും പേടി തോന്നേണ്ടിയിരിയ്ക്കുന്നു ഇവരെപ്പോലുള്ളവര്‍ പരമോന്നത അധികാരസ്ഥാനത്തിരിയ്ക്കുന്ന സമയത്ത്.

ഒരു തമാശ പറഞ്ഞുതന്നെ നിര്‍ത്താം:

‘ഏറ്റവും ചെറിയവാക്കിലൊരു തമാശ പറയൂ…
ഉത്തരം: കമ്യൂണിസം.’

 

അധികവായനയ്ക്ക്

https://www.ft.com/content/3c521faabaa611e5a7cc280dfe875e28
http://www.bbc.co.uk/news/business13945072
https://data.oecd.org/gga/generalgovernmentspending.htm
https://www.theguardian.com/world/2017/apr/25/chinabansreligiousnamesformuslimsbabiesinxinjiang
https://www.ft.com/content/dea20996298611e79ec8168383da43b7
http://harvardpolitics.com/world/chinasinvestmentinafricathenewcolonialism/
http://www.bbc.co.uk/news/worldasia18901656
http://www.slate.com/articles/news_and_politics/explainer/2010/07/how_communist_is_china.html
https://www.hrw.org/news/2011/11/21/chinazambiaേൃീubledownmines
http://rhg.com/interactive/chinainvestmentmonitor
https://www.economist.com/blogs/freeexchange/2013/09/economichistory1
https://data.worldbank.org/indicator/BX.KLT.DINV.CD.WD?locations=CNUS
http://fortune.com/2017/03/15/േൃൗmpchinaforeigninvestment/
http://rhg.com/wpcontent/uploads/2016/04/RHG_NewNeighbors_2016Update_FullReport.pdf

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.