സിപിഎം അടിയന്തിരവാസ്ഥാകാലത്തെ ഇനി കോണ്‍ഗ്രസ് ചേരിയിലിരുന്ന് വ്യാഖ്യാനിക്കും’ അടിയന്തിരാവസ്ഥ പോരാളികള്‍ക്ക് പെന്‍ഷന്‍ എന്ന ആവശ്യം പിണറായി സര്‍ക്കാര്‍ നിരാകരിക്കുന്നതിന് പിന്നില്‍

മഞ്ജു ദാസ്

 

അടിയന്തിരാവസ്ഥ സമര പോരാളികളെ രണ്ടാം സ്വാതന്ത്ര്യ സമരസേനാനികളായി കാണണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോഴത്തെ ഭരണപരിഷ്‌ക്കരണ കമ്മറ്റി ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യൂതാനന്ദന്‍ ഉള്‍പ്പടെ നിരവധി പേര്‍ ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ അടിയന്തിരാവസ്ഥ പോരാളികളെ സ്വാതന്ത്ര്യസമര സേനാനികളായി പരിഗണിച്ച് പെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യം ഇത്രയും കാലം ഭരിച്ച മുന്നണികള്‍ അവഗണിക്കുകയായിരുന്നു. അടിയന്തിരാവസ്ഥയുടെ ഉത്തരവാദികളായ കോണ്‍ഗ്രസിനും സഖ്യകകക്ഷികള്‍ക്കും ഈ ആവശ്യം തള്ളുന്നതിന് അവരുടേതായ ന്യായീകരണമുണ്ട്. എന്നാല്‍ അടിയന്തിരാവസ്ഥ അടുത്ത കാലംവരെ കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചിരുന്ന സിപിഎമ്മിന് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്?. വിഎസ് മുന്നോട്ട് വച്ച ആശയത്തില്‍ പിണറായി സര്‍ക്കാര്‍ പ്രതികരിക്കാത്തത് എന്തു കൊണ്ടാണ് എന്നി ചോദ്യങ്ങള്‍ ഇത്തവണത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപന വാര്‍ഷിക ദിനാചരണങ്ങളില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടുന്നവര്‍ ഈ ചോദ്യത്തോട് മനപൂര്‍വ്വം മൗനം പുലര്‍ത്തുകയാണ് ചെയ്തത്.
വിഎസ് നേരത്തെ പറഞ്ഞ അടിയന്തിരാവസ്ഥ പോരാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി എന്തായി..? ഒരു വര്‍ഷം പിന്നിട്ട പിണറായി ഭരണത്തോട് ഈ ചോദ്യം വീണ്ടും ഉയര്‍ത്തുകയാണ് അടിയന്തരാവസ്ഥയുടെ ഈ വാര്‍ഷികാചരണ നാളുകള്‍.
അടിയന്തിരാവസ്ഥക്കാലത്ത് പോരാട്ടത്തില്‍ പങ്കെടുത്ത് ദീര്‍ഘകാലം പീഢനം അനുഭവിച്ച ജീവിക്കുന്ന രക്തസാക്ഷികള്‍ ധാരാളം ഉള്ള നാടാണ് കേരളം. കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും ഇതിനകം അടിയന്തിരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പടെയുള്ള അംഗീകാരങ്ങള്‍ നല്‍കിയിട്ടുണ്ട്. പക്ഷേ കേരളം ഭരിച്ച ഇടത് മുന്നണിയ്ക്ക് പലവട്ടം ഇക്കാര്യം ആലോചിക്കേണ്ടി വന്നു. ഇന്നും തുടരുന്ന അവഗണനയ്ക്ക് കാരണം അറിയണമെങ്കില്‍  ഒരു തവണ കൂടി ചരിത്രം മനസിരുത്തി വായിച്ചാല്‍ മതി.

അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍ വാസമനുഷ്ഠിച്ചുവെന്നും തല്ലുകൊണ്ടെന്നും എല്ലാ അടിയന്തിരാവസ്ഥ വാര്‍ഷികങ്ങളിലും വാചാലനാകുന്ന ആളാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി . പോലീസ് സ്റ്റേഷനില്‍ നിന്ന്  കിട്ടിയ തല്ലും പിന്നീട് ആയുര്‍വേദ തൈലം പുരട്ടി ആശ്വാസം കൊണ്ടതുമെല്ലാം ഉള്‍പ്പടെ ഉള്ള കഥകള്‍ കഴിഞ്ഞ ദിവസും മുഖ്യമന്ത്രി കുട്ടികളുള്‍പ്പടെ ഉള്ള സദസ്സിനോട് പറഞ്ഞ് കേള്‍പിച്ചത് വാര്‍ത്തയായിരുന്നു. പക്ഷേ അന്ന കിട്ടിയ ആ തല്ലുകള്‍ മുഖ്യമന്ത്രിയ്ക്ക് സുഖകരമായ, പാടിനടക്കാനുള്ള വീരഗാഥകള്‍ മാത്രമാണെന്ന് ഇപ്പോഴുള്ള സമീപനങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരം പോരാട്ടങ്ങളെ പൊതുവെ അവഗണിക്കുന്ന ആള്‍ക്കാരല്ല സിപിഎം, പക്ഷേ ഇപ്പോള്‍ അത്തരമൊരു പെന്‍ഷന്‍ അനുവദിച്ചാല്‍ അത് ലഭിക്കാന്‍ പോകുന്ന സിപിഎമ്മുകാര്‍ വളരെ കുറച്ച് മാത്രമേ ഉള്ളു എന്ന യാഥാര്‍ത്ഥ്യം ആണ് അത്തരമൊരു പ്രഖ്യാപനത്തില്‍ നിന്ന് സിപിഎമ്മിനെയും പിണറായി വിജയനെയും പിന്നോട്ടടിക്കുന്നത്.

കൂത്തുപറമ്പ് പോലീസ് വെടിവെപ്പില്‍ പരിക്കേറ്റ സഖാവ് പുഷ്പന് പെന്‍ഷന്‍ നല്‍കാനുള്ള സന്നദ്ധത കാണിച്ച പിണറായി സര്‍ക്കാരാണ് ഭരണകൂട ഭീകരതയ്‌ക്കെതിരായ പോരാട്ടങ്ങളില്‍ ബലിയാടുകളായ ആളുകളെ അവഗണിക്കുന്നത് എന്നോര്‍ക്കുക. അടിയന്തിരാവസ്ഥക്കാലത്ത് ജനാധിപത്യം പുനസ്ഥാപിക്കാന്‍ വേണ്ടി നാടായ നാടെല്ലാം നടന്ന് തല്ലുകൊണ്ടവരുടെ ചരിത്രം ഇന്ന് പൊതുവേദികളില്‍ പോലും സിപിഎം പറയാറില്ല. പുന്നപ്ര-വയലാര്‍ സമരക്കാലം വലിയ വായില്‍ പുതിയ തലമുറയിലെ അണികളെ പഠിപ്പിക്കുന്ന സിപിഎം ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വംസനത്തെ അവഗണിക്കുന്നത് എന്ത് കൊണ്ടാണ് എന്ന പുതിയ തലമുറ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിനെ പ്രതികൂട്ടിലാക്കാന്‍ രാഷ്ട്രീയമായി മാത്രം ഉപയോഗിക്കാനുള്ളതാണ് അടിയന്തിരാവസ്ഥ വിരുദ്ധ പ്രസംഗമെന്ന് സിപിഎമ്മിനറിയാം. ഇനിയതും ഉണ്ടാകില്ല..ദേശീയ തലത്തില്‍ സോണിയയ്ക്കും, രാഹുലിനും കീഴെ സീതാറാം യച്ചൂരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കൊണ്ട് കെട്ടിയിടുന്ന ഇപ്പോഴത്തെ സാഹചര്യങ്ങളില്‍.
കേരളത്തില്‍ ചില കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന്റെ തുടക്കകാലഘട്ടത്തില്‍ രംഗത്തുണ്ടായിരുന്നെങ്കിലും എത്ര വലിയ ഭരണകൂട ഭീകരതയാണ് അരങ്ങേറുന്നത് എന്ന് തിരിച്ചറിയാന്‍ അവര്‍ മടിച്ചു. അടിയന്തിരാവസ്ഥ ശക്തമായി എതിര്‍ക്കാന്‍ കേരളത്തില്‍ സിപിഎമ്മിന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ആര്‍എസ്എസ് ജനസംഘം പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നതും സിപിഎമ്മിനെ പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചു. സഖാവ് ഇഎംഎസ് പോലും അടിയന്തിരാവസ്ഥയെ ശക്തമായി പ്രതിരോധിച്ചില്ല എന്നത് അദ്ദേഹത്തിന്റ അക്കാലത്തെ പ്രസംഗങ്ങള്‍ പരിശോധിച്ചാല്‍ മതി. അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയൊട്ടുക്ക് ഇന്ദിരാ വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോഴും കേരളത്തില്‍ കോണ്‍ഗ്രസിനായിരുന്നു കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. അടിയന്തിരാവസ്ഥക്കെതിരായി ശക്തമായ വികാരം ഉയര്‍ത്തുന്നതില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിയോഗികളായ സിപിഎമ്മിന് കഴിഞ്ഞില്ല എന്നത് മാത്രമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. ‘തലകുനിക്കാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴിഞ്ഞ മാധ്യമങ്ങള്‍ക്കൊപ്പം’ എന്ത് ചെയ്യേണ്ടു എന്ന ആശങ്കയില്‍ അടിയന്തിരാവസ്ഥ കാലം തള്ളിനീക്കുകയായിരുന്നു സിപിഎം ചെയ്തത്.

ഇത്തരം ചരിത്രസത്യങ്ങള്‍ ചര്‍ച്ചയാവുന്നതിനിടെ ആണ് ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസുമായി സഹകരിക്കേണ്ട രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഎം വീണ് പോകുന്നത്. ഇനി അടിയന്തിരാവസ്ഥ പറഞ്ഞ് കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത്, അടിയന്തിരാവസ്ഥയ്‌ക്കെതിരെ പോരാടിയ ആര്‍എസ്എസിനെ ശക്തപ്പെടുത്തുകയേ ഉള്ളു എന്നവര്‍ക്കറിയാം. അതുകൊണ്ട് തന്നെ കേരളത്തിലെ അടിയന്തിരാവസ്ഥ പോരാട്ടങ്ങള്‍ ചരിത്ര പുസ്തകത്തിന്റെ ഭാഗമാകാതിരിക്കാന്‍ സിപിഎം ഭരണകൂടത്തിന് ശ്രദ്ധിക്കേണ്ടി വരുന്നു. കേരള ജനത തൊട്ടുമുമ്പില്‍ നടന്ന അടിയന്തിരാവസ്ഥയിലെ ഭീകരാവസ്ഥയേക്കാള്‍ കൂടുതല്‍ യൂറോപ്പിലെയും മറ്റും ഭരണകൂട ഭീകരതയെ കുറിച്ച് പഠിക്കേണ്ട സാഹചര്യമുണ്ടായതും അതുകൊണ്ടാണ്.

അടിയന്തിരാവസ്ഥ പോരാളികളെ സ്വാതന്ത്ര്യ സമര പോരാളികളായി കണ്ട് പെന്‍ഷന്‍ അനുവദിച്ചാല്‍ അതിന്റെ ഗുണഭോക്താക്കളില്‍ ഏറെയും സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിയോഗികളായ ആര്‍എസ്എസ് അനുഭാവികളോ, നേതാക്കളോ ആണെന്ന് വരും. ഇത് സിപിഎം ഒരു വലിയ പോരാട്ടത്തെ എങ്ങനെ നിസ്സാരമായി അവഗണിച്ചുവെന്നതിന്റെ തെളിവ് കൂടിയാകും..
വിഎസ് പറഞ്ഞാലും ആര് സമരം ചെയ്താലും അടിയന്തിരാവസ്ഥ പോരാട്ടങ്ങളെ പിണറായി സര്‍ക്കാര്‍ അവഗണിക്കുന്നതിന്റെ കാരണം ഇത് മാത്രമാണ്….

 

അഭിപ്രായങ്ങള്‍

You might also like More from author