എല്ലാം ശരിയാക്കാനെത്തി പോയി പണി നോക്കാന്‍ പറയുന്ന പിണറായി. ‘പഠിക്കുന്നത് മോദിക്കല്ല, സര്‍ സിപിക്ക് തന്നെ..’

 

മനു എറണാകുളം

ഭരണത്തിലിരിക്കെ സമരക്കാരെ തെറിവിളിച്ച് എതിരിട്ട പാരമ്പര്യം ഇതുവരെ ഒരു മുഖ്യമന്ത്രിയും നിയമസഭയില്‍ ചെയ്തിട്ടില്ല. പക്ഷേ പിണറായി വ്യത്യസ്തനാണ്..കാരണം പിണറായിയെ കുറിച്ച് ജനങ്ങള്‍ക്കോ…അണികള്‍ക്കോ..എതിര്‍ുക്ഷത്തിനോ ഒരു ചുക്കും അറിയില്ല..
മോദിയ്ക്കല്ല..സര്‍ സിപിക്കാണ് പിണറായി പഠിക്കുന്നതെന്ന പരിഹാസം പ്രസക്തമാകുന്നതും ഇവിടെയാണ്.

മധുവിധു വിധിച്ചിട്ടില്ലാതെ തുടരെ തുടരെ വിവാദങ്ങളില്‍ ചെന്ന് പെട്ട പിണറായി വിജയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നിയമസഭയിലും പുറത്തും ‘സ്വാശ്രയപ്പരീക്ഷ’ എഴുതി തളരുകയാണ്. കാലങ്ങളായി ഇടത് യുവജന സംഘടനകള്‍ ഉയര്‍ത്തി കൊണ്ടു വന്നിരുന്ന, വലിയ പ്രക്ഷോഭങ്ങള്‍ നടത്തി ഗുണം നേടിയിട്ടുള്ള ‘സ്വാശ്രയ വിഷയം’ പ്രതിപക്ഷം ഏറ്റെടുത്തപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൈപൊള്ളിയെന്നതില്‍ സംശയമില്ല. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കനുകൂലമായി നിലപാടെടുക്കുന്നു എന്നാരോപിച്ചുള്ള സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നിയമസഭ പ്രസംഗമാണ് പ്രതിഷേധം ആളിക്കത്തിക്കാന്‍ ഇടയാക്കിയത്. പ്രതിപക്ഷത്തിന്റെ ഉള്‍പ്പടെയുള്ള കേരളീയരുടെ മുഖ്യമന്ത്രിയാണ് അല്ലാതെ സിപിഎം നേതാവല്ല താന്‍ എന്ന് പിണറായി ഇനിയും മനസ്സിലാക്കിയിട്ടില്ല എന്ന് വ്യക്തമാക്കി നിയമസഭയിലെ അദ്ദേഹത്തിന്റെ വാക്കുകള്‍. പാര്‍ട്ടി നേതാവില്‍ നിന്ന് മുഖ്യമന്ത്രിയിലേക്ക് ഏറെ ദൂരമുണ്ടെന്ന് പഠിക്കാന്‍ സഭയില്‍ സ്വാശ്രയ പരീക്ഷ എഴുതുകയാണ് ഇപ്പോള്‍ പിണറായി വിജയന്‍.

ഇഎംഎസിനെ പോലുള്ള മഹാന്മാര്‍ ഇരുന്ന കസേരയിലിരുന്ന് ഇത്തരം വാക്കുകള്‍ പറയരുതെന്നാണ് പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ഉപദേശം. പിണറായിയെ സര്‍ സിപിയുടെ പ്രേതം അവാഹിച്ചുവെന്നാണ് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്റെ വാക്കുകള്‍. പിണറായി അഹങ്കാരിയാണ്..ധിക്കാരിയാണ്.. അധികാരം ലഭിച്ചതിന്റെ ധാര്‍ഷ്ട്യമാണ് എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍. തന്നെ വിജയേട്ടാ എന്ന് വിളിക്കണ്ടാ എന്ന് വനിതാ മന്ത്രിയെ ശാസിച്ച, മന്ത്രിസഭാ യോഗത്തില്‍ തോമസ് ഐസകിനോട് അപമര്യാദയായി പെരുമാറിയ പിണറായി വിജയനെതിരെ ഒറ്റക്കെട്ടായി നിന്ന് വിമശകര്‍ പറയുന്നു..നിങ്ങള്‍ അഹങ്കാരിയാണ് എന്ന്.

പ്രതിപക്ഷ നേതാവ് ചെന്നിത്തല നിയമസഭയില്‍ പ്രസംഗിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ പിണറായി ഭക്തിയും ശ്രദ്ധേയമായി. ഞങ്ങളിങ്ങനെയൊക്കെയാണ് സാര്‍..വേണേല്‍ സഹിച്ചാല്‍ മതിയെന്ന് സിപിഎം ജനപ്രതിനിധികളും അണികളും ഒറ്റക്കെട്ടായി പറയുമ്പോള്‍ ചില ആശങ്കകള്‍ കേരള മനസ്സില്‍ ഉണരാതിരിക്കില്ല. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തി പോയി പണി നോക്കാന്‍ നിയമസഭയില്‍ പറയുന്ന രാഷ്ട്രീയ ചാതുരി കേരളം എങ്ങനെ കാണുമെന്ന് കാത്തിരുന്ന് കാണണം.

മുഖ്യമന്തി ഇത്രമാത്രം വിമര്‍ശിക്കാന്‍ മാത്രം വല്ലതും പറഞ്ഞോ എന്നാണ് സിപിഎം അനുഭാവികളുടെയും ഭക്തരുടേയും ചോദ്യം. സിപിഎം നേതാക്കളുടെ വാ മൊഴി വഴക്കം വച്ച് ഇതൊന്നും അത്ര വലിയ കാര്യമല്ല എന്ന് പറഞ്ഞ് നിസ്സാരവത്ക്കരിക്കാം. എന്നാലും അങ്ങനെയല്ലല്ലോ കാര്യം. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇത്രമാത്രം പ്രകോപിപ്പിക്കാന്‍ മാത്രം എന്താണ് കേരളത്തില്‍ നടന്നത് എന്ന ചോദ്യം കൂടി തിരിച്ച് വരാതിരിക്കില്ലല്ലോ… നടു റോഡില്‍ അദ്ദേഹത്തെ തടഞ്ഞ് കല്ലെറിഞ്ഞ് ആരെങ്കിലും അദ്ദേഹത്തെ പരിക്കേല്‍പിച്ചോ..? വേദിയില്‍ ചുറ്റുപാടും പോലിസിനെ നിര്‍ത്തി പ്രസംഗിക്കേണ്ട സാഹചര്യമുണ്ടായോ, കേരളത്തിലെ ഒരു പൊതുപരിപാടിയിലും പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം എതിര്‍ പാര്‍ട്ടിയെ യുവവീര്യം ഉണ്ടാക്കിയോ… ? ഇതെല്ലാം ഉണ്ടായിട്ടും നിയമസഭയില്‍ ജനപ്രതിനിധികളുടെ ആക്രോശത്തിനും, പുറത്ത് മാധ്യമങ്ങളുടെ വേട്ടയാടലിനും ഇരയായി കൊണ്ടിരിക്കേ മാന്യമായി എല്ലാത്തിനോടും പ്രതികരിച്ച ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു ഉമ്മന്‍ചാണ്ടി. ഭരണത്തിലിരിക്കെ സമരക്കാരെ തെറിവിളിച്ച് എതിരിട്ട പാരമ്പര്യം ഇതുവരെ ഒരു മുഖ്യമന്ത്രിയും നിയമസഭയില്‍ ചെയ്തിട്ടില്ല. പക്ഷേ പിണറായി വ്യത്യസ്തനാണ്..കാരണം പിണറായിയെ കുറിച്ച് ജനങ്ങള്‍ക്കോ…അണികള്‍ക്കോ..എതിര്‍ുക്ഷത്തിനോ ഒരു ചുക്കും അറിയില്ല..
മോദിയ്ക്കല്ല..സര്‍ സിപിക്കാണ് പിണറായി പഠിക്കുന്നതെന്ന പരിഹാസം പ്രസക്തമാകുന്നതും ഇവിടെയാണ്.
ഇനി പിണറായി ഇത്രമാത്രം എന്തെങ്കിലും പറഞ്ഞോ എന്നൊന്ന് പരിശോധിക്കാം. നിയമസഭയിലെ അദ്ദേഹത്തിന്റെ വാക് പ്രകടനം ഇങ്ങനെയായിരുന്നു,;

” മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത് പരാമര്‍ശിച്ചല്ലോ. അതെനിക്ക് അത്ഭുതമുണ്ടാക്കുന്ന ഒന്നാണ്. ഞാന്‍ ഉച്ചയ്ക്ക് ഓഫീസിലേക്ക് പോകുമ്പോള്‍ ചാനലുകാര്‍ നില്‍ക്കുന്നുണ്ട്. അതിനിടയില്‍നിന്ന് രണ്ടുപേര്‍ ഓടിവന്ന് കരിങ്കൊടി കാണിച്ചു. അത് യൂത്ത് കോണ്‍ഗ്രസ് കാണിച്ചതാണെന്ന് ഞാന്‍ പറയുന്നില്ല. കാരണം അത്രമാത്രം പരിഹാസ്യരായി യൂത്ത് കോണ്‍ഗ്രസ് എന്ന് ഞാന്‍ കരുതുന്നില്ല. അത് യൂത്ത് കോണ്‍ഗ്രസ് ചെയ്തതാണെന്ന് അവകാശപ്പെടാതിരിക്കുന്നതാണ് നല്ലത്.

”നിങ്ങള്‍ എത്ര പ്രകോപനമുണ്ടാക്കിയാലും ഞാന്‍ പറയേണ്ടത് പറയും. യൂത്ത് കോണ്‍ഗ്രസ് മോശമല്ലാത്ത യുവജന സംഘടനയാണ്. ആ സംഘടന രണ്ടാളുകള്‍ എന്ന നിലയിലല്ല കരിങ്കൊടി പ്രകടനത്തിന് തയ്യാറാവുക. ഞാന്‍ മനസ്സിലാക്കുന്നത് ഇത് ഏതോ ചാനലുകാര്‍ വാടകയ്‌ക്കെടുത്തവരാണ്. … അതിലൊന്നും ചൂടായിട്ട് കാര്യമില്ല. ഏതെങ്കിലും ചാനലുകാര്‍ക്ക് വേണ്ടി ചെയ്ത കാര്യമാണ് ഇത്. അത് യൂത്ത് കോണ്‍ഗ്രസ് ആണെന്ന് കരുതേണ്ട.”

”എടോ അനാവശ്യമായ കാര്യം കാണിച്ച് വെറുതെ പറഞ്ഞിട്ട് കാര്യമില്ല.”.
വാടകക്കെടുത്ത സമരക്കാര്‍ എന്ന പ്രയോഗം പിന്‍വലിക്കണമെന്നപ്രതിപക്ഷ ആവശ്യത്തോട് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: ”ഒരു പിന്‍വലിക്കലും നടക്കാന്‍ പോകുന്നില്ല, അതൊന്നും നടക്കാന്‍ പോകുന്നില്ല. പോയി വേറെ പണിനോക്കൂ.”
പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നു…
”മറുപടി പറയുന്നത് കേള്‍ക്കാന്‍ അനുയായികളെ ശീലിപ്പിക്കൂ. അത് കേള്‍ക്കേണ്ടേ, നിയമ സഭയ്ക്കകത്ത് തന്നെയാണ് ഞാന്‍ സംസാരിക്കുന്നത്.”

”സര്‍ക്കാര്‍ സ്വീകരിച്ച നടപടി തീര്‍ത്തും ജനാധിപത്യപരമായിരുന്നു. ഇന്നലെ സഭയില്‍ നല്‍കിയ ഉറപ്പ് അനുസരിച്ച് ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയതാണ്. ഇന്ന് കാണിച്ചത് എന്താണ്. ഒരുതരത്തിലും സംസാരിക്കാനും കേള്‍ക്കാനും തയ്യാറല്ല എന്നതാണ് അവസ്ഥ. അങ്ങോട്ട് പറയുന്നത് കേള്‍ക്കാനുള്ള സഹിഷ്ണുത പ്രതിപക്ഷത്തിനില്ല.”
”വിദ്യാര്‍ത്ഥികളെയും രക്ഷാകര്‍ത്താക്കളെയും കേരളത്തിന്റെ പൊതുസമൂഹത്തെയും കണ്ടുകൊണ്ട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ്. ഈ നിലപാട് നമ്മുടെ നാടിന്റെ വിദ്യാഭ്യാസ ഭാവിക്ക് ഏറ്റവും ഉതകുന്ന ഒന്നായിരിക്കും. അതുകൊണ്ടുതന്നെ ശക്തമായ നിലയില്‍ തന്നെ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കും. ഇവിടെ പ്രതിപക്ഷം ജനാധിപത്യ രീതികള്‍ പൂര്‍ണമായും വിലിച്ചെറിയുന്ന സ്ഥിതിയാണ്. സ്വയം പരിഹാസ്യരാകുന്നവര്‍ ഇവിടെ വന്ന് കൂടുതല്‍ പരിഹാസ്യരാവുകയാണ്. അതുകൊണ്ടാണ് പ്രമേയം അവതരിപ്പിച്ച ഷാഫിക്ക് മഷിക്കുപ്പിയെ കുറിച്ച് പറയേണ്ടിവന്നത്. മുഷിക്കുപ്പിയെടുത്ത് ഷര്‍ട്ടില്‍ തേച്ച് തങ്ങളെ ആക്രമിച്ചെന്ന് പറയുന്ന ലജ്ജാകരമായ നിലാപട് എടുത്തവരാണ് ഇവര്‍. ഈ സംസ്ഥാനത്ത് നിരവധി സമരത്തില്‍ ചുടുനിണമൊഴുക്കിയവരാണ് ഈ സഭയില്‍ എനിക്കൊപ്പമുള്ളവര്‍. അവരില്‍ ഒഴുകിയത് മഷിക്കുപ്പിയിലെ ചുകന്ന മഷിയായിരുന്നില്ല… ചുടുനിണമായിരുന്നു.. നാണം കെട്ട മഷിക്കുപ്പിയായിരുന്നില്ല. ഇന്ന് കാലത്ത് ഇവിടെ ബാനര്‍ പിടിച്ച് ഉയര്‍ത്തിയ സമരം.ആര്‍ക്കുവേണ്ടിയായിരുന്നു അത്. അത് ഇപ്പോള്‍ എന്താണ് ഉയര്‍ത്താത്തത്. അത് മാധ്യമങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അവര്‍ പോയപ്പോള്‍ അത് താഴെയിട്ടു. ചാനല്‍ പോയപ്പോള്‍ ബാനര്‍ ഉയര്‍ത്താനുള്ള ശേഷി പോലും അവര്‍ക്കില്ല. ഇതാണോ സമരമുറ. അതുകൊണ്ടുതന്നെ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട ഒന്നും ഇപ്പോഴില്ല.”
പ്രതിപക്ഷ നേതാവിനെ രൂക്ഷ ഭാവത്തില്‍ എടോ എന്ന വിളിച്ചത് പോകട്ടെ..പോയി പണി നോക്കാന്‍ മുഖ്യമന്ത്രി പറയുന്നതില്‍ എന്ത് മാന്യതയാണുള്ളത്. എസ്എഫ്‌ഐയും, ഡിവൈഎഫ്‌ഐയും എന്നും ശത്രുവായി കരുതിയിരുന്ന സ്വാശ്രയ മാനേജ്‌മെന്റിന് അനുകൂലമായ തീരുമാനം പിന്‍വലിക്കണം എന്നാണല്ലോ പ്രതിപക്ഷ ആവശ്യം. അങ്ങനെ പറയുമ്പോള്‍ വേറെ പണി നോക്കണം എന്ന് മുഖ്യമന്ത്രി പറയുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. ഭരണപക്ഷം ചെയ്യുന്ന ‘ശരിയാക്കലില്‍’ ഒതുങ്ങി മിണ്ടാതിരിക്കണം എന്നാണോ..ജനതാല്‍പര്യം വച്ച് ഇന്ന ഇന്ന കാര്യങ്ങള്‍ ചെയ്തു എന്ന വിശദീകരിക്കേണ്ട സ്ഥാനത്ത് പോയി പണിനോക്കു എന്ന് പറയുന്നത് സഭയോടുള്ള ധിക്കാരമല്ലാതെ മറ്റെന്താണ്…?
ഒരു കരിങ്കൊടി കണ്ടതിന് ചാനലുകളെ മൊത്തം അടച്ചാക്ഷേപിക്കാന്‍ മാത്രം ഇവിടെ സൗത്ത് കൊറിയന്‍ മോഡല്‍ ഭരണം ഒന്നും അല്ല്‌ല്ലോ നടക്കുന്നത്. മാധ്യമങ്ങളെ കാണിക്കാന്‍ സമരം നടത്തുന്നു എന്ന ആക്ഷേപം ഏത് കാലത്തും ഉയരാറുള്ളതാണ്. എന്നാല്‍ ആളുകളെ വാടകയ്ക്ക് എടുത്ത് മുഖ്യനെ കരിങ്കൊടി കാണിക്കാന്‍ മാത്രം വാര്‍ത്താ ദാരിദ്ര്യം ഉള്ളവരും പിണറായി വിരുദ്ധരും ആണോ കേരളത്തിലെ ചാനലുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഇടത് മുന്നണി നല്‍കിയ വന്‍ പരസ്യം ഏറ്റുവാങ്ങി ആ ചാനലുകള്‍ എങ്ങനെ സഹായിച്ചുവെന്നത് പാര്‍ട്ടി നേതാവ് മറന്നു പോയതാണോ…? ചാനലുകള്‍ വാടകക്കാരെ എടുത്ത് നടത്തിയ സമരം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചാല്‍ അത് രാഷ്ട്രീയം. എന്നാല്‍ നാട് ഭരിക്കുന്ന ആഭ്യന്തര മന്ത്രി അങ്ങനെ പറയുമ്പോള്‍ അതിന് തെളിവ് വേണമല്ലോ..തെളിവ് ഹാജരാക്കി നിയമസഭയില്‍ പറഞ്ഞത് ശരിയാണോ എന്ന് തെളിയിക്കാനുള്ള ആര്‍ജ്ജവം പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി കാണിക്കണം. അല്ലെങ്കില്‍ സമരത്തിന്റെ പേരില്‍ എന്ത് നെറികേട് കാണിച്ചാലും അതിനെ ന്യായീകരിച്ചിരുന്ന സിപിഎം നേതാവ് ഭരണാധിപനായപ്പോള്‍ സമരത്തെ പരിഹസിച്ചും അനാവശ്യമായി ആക്ഷേപിച്ചും മൂലക്കൊതുക്കാന്‍ നോക്കുന്നു എന്ന അധിക്ഷേപം ശരിയാണെന്ന് സമ്മതിക്കേണ്ടി വരും.
ചാനലുകള്‍ക്ക് കോടതികളില്‍ ഉള്ള വിലക്ക് നോക്കി നിന്ന് ചിരിക്കുന്ന ഏകാധിപതിയെ പോലെ പെരുമാറുന്ന നേതാവാണ് പിണറായി വിജയന്‍. ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ ഉതിര്‍ക്കുന്ന പരിഹാസത്തിനും അതേ മുഖം തന്നെയാണ്.സമരത്തിന് ആളെ കിട്ടാത്ത പാര്‍ട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് എന്ന പരോക്ഷ വിമര്‍ശനവും, മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ കൂലിക്കാരെ എടുക്കുന്നവരാണെന്ന ഉണ്ടയില്ലാ വെടിപൊട്ടിച്ച് മാധ്യമങ്ങളെയും അധിക്ഷേപിച്ചു മുഖ്യമന്ത്രി. ഇനിയുള്ള മാധ്യമ വിമര്‍ശനങ്ങളെയും, പ്രതിപക്ഷ ആരോപണങ്ങളെയും ഇങ്ങനെയാണ് നേരിടാന്‍ പോകുന്നത് എന്ന് സൂചന നല്‍കുക കൂടിയാണ് മുഖ്യമന്ത്രിയായ പിണറായി സഖാവ് ചെയ്തത്, എല്ലാം ശരിയാക്കാനല്ല..തന്നെ സ തന്റെ ഭരണത്തെ വിമര്‍ശിക്കുന്നവരോട് വേറെ പണി നോക്കാനാണ് മാന്യതയില്ലാത്ത ഭാവത്തില്‍ പിണറായി മുഖ്യന്‍ പറയുന്നത്. ജനങ്ങള്‍ ഇതേ വാചകം ഒറ്റക്കെട്ടായി തിരിച്ച് പറയുന്നത് വരെ അത് തുടരുമെന്ന് ന്യായമായും പ്രതീക്ഷിക്കുകയും ചെയ്യണം..

അഭിപ്രായങ്ങള്‍

You might also like More from author