ബിറ്റ്‌കോയിന്‍ നിക്ഷേപം, മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി വീണ്ടും ധനകാര്യമന്ത്രാലയം. ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ ഇടപാടിനെതുടര്‍ന്ന് വ്യാഴാഴ്ച ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ എട്ട് ശതമാനത്തോളം ഇടിവുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ 14,000 ഡോളറിനടുത്താണ് ബിറ്റ്‌കോയിന്റെ മൂല്യം. മികച്ച ആദായം വാഗ്ദാനം ചെയ്ത് നിക്ഷേപകനെ പറ്റിക്കുന്ന പദ്ധതികളുമായാണ് ക്രിപ്‌റ്റോകറന്‍സി നിക്ഷേപത്തെ മന്ത്രാലയം താരതമ്യം ചെയ്തത്.

അടുത്തകാലത്തായി ഇന്ത്യയിലും ആഗോള വ്യാപകമായും ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള വ്യര്‍ച്വല്‍ കറന്‍സികളുടെ ഇടപാടില്‍ കാര്യമായ വര്‍ധന ഉണ്ടായത് ധനമന്ത്രാലയം നിക്ഷേപകരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്.

ഏതെങ്കിലും ആസ്തികളെയോ മറ്റൊ മുന്‍നിര്‍ത്തിയല്ല ബിറ്റ്‌കോയിന്റെ മൂല്യം നിശ്ചയിക്കുന്നത്. ഊഹോപോഹങ്ങളാണ് ഇത്തരം വ്യര്‍ച്വല്‍ കറന്‍സികളുടെ മൂല്യം ഉയര്‍ത്തുന്നതും താഴ്ത്തുന്നതും. അതിനാല്‍തന്നെ നിക്ഷേപകര്‍ അതീവ നഷ്ടസാധ്യതയുള്ള ഇത്തരം പദ്ധതികളില്‍നിന്ന് മാറിനില്‍ക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡിജിറ്റല്‍ ഫോര്‍മാറ്റിലാണ് വ്യര്‍ച്വല്‍ കറന്‍സികള്‍ സൂക്ഷിക്കുന്നത്. ഹാക്കിങ്, പാസ് വേഡ് നഷ്ടപ്പെടല്‍, മാല്‍വെയര്‍ ആക്രമണം എന്നിവമൂലം പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കള്ളക്കടത്ത്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, മയക്കുമരുന്നുകടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം കറന്‍സികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളില്‍നിന്ന് മാറിനില്‍ക്കണമെന്നും സര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.