സമ്പാദ്യത്തിന്റെ 90 ശതമാനവും പാവങ്ങള്‍ക്ക്, ആത്മഹത്യ ചെയ്ത കര്‍ഷക കുടുംബങ്ങള്‍ക്ക് താങ്ങ്, നാനാ പടേക്കര്‍ വെള്ളിത്തിരയിലല്ല ജീവിതത്തിലാണ് സൂപ്പര്‍ സ്റ്റാര്‍

തന്റേതായ രീതിയില്‍ ആക്ഷന്‍ റോളുകള്‍ കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ ആരാധനാപാത്രമായ ബോളിവുഡ് സൂപ്പര്‍സ്റ്റാറാണ് നാനാ പടേകര്‍. എന്നാല്‍ വെള്ളിത്തിരയില്‍ മാത്രമല്ല, ജീവിതത്തിലും ഇദ്ദേഹം ഒരു സൂപ്പര്‍സ്റ്റാറാണെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ്.

ഒരു ആഡംബര ജീവിതം നയിക്കാന്‍ കെല്‍പ്പുള്ളയാളാണ് നാനാ പടേകറെങ്കിലും വളരെയധികം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആളാണ് ഇദ്ദേഹം. കഴിഞ്ഞ 30 കൊല്ലം കൊണ്ടുണ്ടാക്കിയ തന്റെ സമ്പാദ്യത്തിന്റെ 90 ശതമാനവും അദ്ദേഹം തന്റെ എന്‍.ജി.ഓ ആയ ‘നാം ഫൗണ്ടേഷനി’ലൂടെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും നല്‍കി വരികയാണ്. 22 കോടിയോളം രൂപ അദ്ദേഹം ഇതുവഴി കര്‍ഷകര്‍ക്ക് കൊടുത്തു കഴിഞ്ഞു. മഹാരാഷ്ട്രയിലെ മരത്ത്‌വാടിയില്‍ ആത്മഹത്യ ചെയ്ത 62ഓളം കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം 15,000 രൂപ വെച്ച് ദാനം ചെയ്തു. മരിച്ചവരുടെ മക്കളുടെ പഠനകാര്യങ്ങള്‍ നോക്കുന്നതും പടേകര്‍ ആണ്. പല ഗ്രാമങ്ങളും അദ്ദേഹം ഏറ്റെടുത്ത് മാതൃകാ ഗ്രാമങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്.

എളിമയേറിയ തുടക്കങ്ങളുള്ളതുകൊണ്ടാണ് നാനാ പടേകറിന് ഇത്രയധികം കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതെന്ന് വ്യക്തമാണ്. തന്റെ 13ാം വയസ്സില്‍ ചെറിയ രീതിയില്‍ ബിസിനസ് ചെയ്തുകൊണ്ടിരുന്ന തന്റെ അച്ഛന് വലിയ സാമ്പത്തിക നഷ്ടം വന്ന് എല്ലാം നഷ്ടപ്പെട്ടു പോയിരുന്നു. അതേ പ്രായത്തില്‍ നാനാ പടേകര്‍ തന്റെ കുടുംബത്തെ പിന്തുണക്കാന്‍ വേണ്ടി സിനിമാ പോസ്റ്ററുകള്‍ പെയിന്റ് ചെയ്തു തുടങ്ങിയിരുന്നു. 35 രൂപയായിരുന്നു അന്ന് അദ്ദേഹത്തിന് പ്രതിമാസം കിട്ടിയിരുന്നത്. പിന്നീട് നാടകങ്ങള്‍ വഴിയായിരുന്നു അദ്ദേഹം ചലച്ചിത്ര ലോകത്തെത്തിയത്.

ചലച്ചിത്ര മേഖലയിലെ സൂപ്പര്‍സ്റ്റാറുകള്‍ ആഡംബര ബംഗ്ലാവുകളില്‍ താമസിക്കുമ്പോള്‍ നാനാ പടേകര്‍ തന്റെ അമ്മയോടൊപ്പം മുംബൈയില്‍ 750 ചതുരശ്ര അടി വലിപ്പമുള്ള ഒറ്റ ബെഡ്‌റൂം ഫ്‌ളാറ്റിലാണ് താമസം. പടേകറിന്റെ ആദ്യ മകന്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം അന്തരിച്ചിരുന്നു. ജീവിക്കാനുള്ള തന്റെ ഒരു കാരണമാണ് താന്‍ തുടങ്ങിയ എന്‍.ജി.ഓ എന്ന് നാനാ പടേകര്‍ അഭിപ്രായപ്പെട്ടു.

ഏതോരു വിഷയത്തിലും തന്റെ ആഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന ഇദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ അവസരങ്ങള്‍ വന്നപ്പോഴും അദ്ദേഹം നിരസിക്കുകയായിരുന്നു ഉണ്ടായത്. ഒരു കലാകാരന്‍ എപ്പോഴും വികാരത്തിന് മുന്‍ഗണന കൊടുക്കുന്നയാളാണെന്നും രാഷ്ട്രീയത്തില്‍ വികാരങ്ങള്‍ക്ക് സ്ഥാനമില്ലായെന്നുമാണ് പടേകറിന്റെ അഭിപ്രായം. മരണത്തെ തനിക്ക് ഭയമില്ലായെന്നും പടേകര്‍ പറയുന്നുണ്ട്. 1994ല്‍ ഇദ്ദേഹത്തിന് ‘ക്രാന്തിവീര്‍’ എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ തലത്തില്‍ എറ്റവും നല്ല നടനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ വരാനിരിക്കുന്ന സിനിമയായ ‘കാല’യില്‍ നാനാ പടേകര്‍ വില്ലനായി വരുന്നുണ്ട്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.