ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തി നിര്‍ണയ കരാറിലെ ഹീറോ ഇനി ദേശീയ സുരക്ഷ ഡെപ്യൂട്ടി ഉപദേഷ്ടാവ് : അജിത് ഡോവലിന്റെ സംഘത്തില്‍ പങ്കജ് സരണിന് പുതിയ ദൗത്യം

റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ പങ്കജ് സരണിനെ ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. രണ്ടു വര്‍ഷമാണ് കാലാവധി. 2015 നവംബറിലാണ് പങ്കജ് സരണ്‍ റഷ്യയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിക്കപ്പെട്ടത്.

1982 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സരണ്‍ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ പദവി വഹിച്ചിട്ടുണ്ട്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍ നിര്‍ണയ കരാര്‍ പ്രാബല്യത്തില്‍ വരുത്തുന്നതില്‍ പങ്കജ് സരണ്‍ വഹിച്ച പങ്ക് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 1965 മുതല്‍ ഇരു രാജ്യങ്ങള്‍ക്കും തലവേദനയായി തുടര്‍ന്നിരുന്ന അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുക എളുപ്പമായിരുന്നില്ല. ഏതാണ്ട് അപ്രാപ്യം എന്ന് കരുതിയിരുന്നത് ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടത് മോദി സര്‍ക്കാരിന്റെ നിര്‍ണായക നേട്ടമായി വിലയിരുത്തപ്പെടുന്നു. ചില പ്രദേശങ്ങള്‍ ബംഗ്ലാദേശിന് വിട്ടുകൊടുത്തും പകരം സ്ഥലങ്ങള്‍ ഇന്ത്യയോടൊപ്പം ചേര്‍ത്തും അസ്വാരസ്യങ്ങളോ അതൃപ്തികളോ ഇല്ലാതെയാണ് കരാര്‍ യാഥാര്‍ത്ഥ്യമായത്. ബംഗ്ലാദേശ് ഹൈകമ്മീഷണര്‍ എന്ന നിലയില്‍ എല്ലാ നീക്കങ്ങള്‍ക്കും പങ്കജ് സരണിന്റെ മേല്‍നോട്ടമുണ്ടായിരുന്നു.
ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഇടപെട്ടു. നയതന്ത്രതലത്തില്‍ ഇരവരും ചേര്‍ന്നുള്ള നീക്കങ്ങള്‍ ഫലം കാണുകയായിരുന്നു.
ഇതോടെ പങ്കജ് സരണിന്റെ പ്രവര്‍ത്തന മികവ് അജിത് ഡോവലിനും അടുത്തറിയാന്‍ കഴിഞ്ഞു. ഇതാണ് ഇപ്പോല്‍ പുതിയ ചുമതല പങ്കജ് സരണിനെ തേടിയെത്താന്‍ ഇടയാക്കിയത്. 2015 ജൂണ്‍ ആറിനാണ് നിര്‍ണായകമായ കരാറില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചത്.
തുടര്‍ന്ന് റഷ്യ അംബസിഡറായി സരണ്‍ നിയമിതനായി.
നിലവില്‍ രണ്ട് ഡപ്യൂട്ടിമാരാണ് നിലവിലെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് കീഴിലുള്ളത്. മുന്‍ റോ മേധാവി രജീന്ദര്‍ ഖന്നയാണ് സരണിനെ കൂടാതെയുള്ള ഡെപ്യൂട്ടി ഉപദേഷ്ടാവ്. മുന്‍ ഇന്റലിജന്‍സ് മേധാവിയായ അജിത് ഡോവലിനും റോ മേധാവി ഖന്നയ്ക്കും ഒപ്പം ഐഎഫ്എസുകാരനായ സരണ്‍ കൂടി ചേരുന്നുവെന്നത് സംഘത്തിന് ശക്തിപകരും. നയതന്ത്രബന്ധത്തില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തുന്ന അജിത് ഡോവലിന് കരുത്തു പകരുകയും, സ്വന്തമായ മുന്നേറുകയും ചെയ്യുക എന്നതായിരിക്കും നയതന്ത്രജ്ഞനായ പങ്കജ് സരണിന്റെ ദൗത്യം. ഏറെ ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് എന്നാണ് പങ്കജ് സരണിന്റെ നിയമനത്തെ വിശേഷിപ്പിക്കപ്പെടുന്നത്. ബംഗ്ലാദേശും, മോസ്‌കോയുമായും ഇന്ത്യന്‍ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ സരണ്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ആഭ്യന്തര വിദേശകാര്യമന്ത്രാലയവുമായി പ്രധാനമന്ത്രിയുടെ ഓഫിസിനുള്ള ഇടപെടല്‍ മികവുറ്റതാക്കാനും പങ്കജ് സരണിന്റെ നിയമനം കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷ
ഐഎഫ്എസ് 1982 ബാച്ചിലെ ഉദ്യോഗസ്ഥനാണ് പങ്കജ് സരണ്‍. 2007 മുതല്‍ 2012 വരെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.