‘പിണറായി ഉടുക്കുന്നതും ജനങ്ങള്‍ അഴിക്കുന്നതും’

 

അനില്‍ കാരാമല്‍

pinarayi-vijayan new

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ ചുമതലയേറ്റ ശേഷമുള്ള തെരഞ്ഞെടുപ്പ് എന്ന നിലയിലല്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് പിണറായി വിജയന്‍ കുപ്പായം തയ്പിച്ച് വെച്ച ശേഷം നടന്ന പരീക്ഷണം എന്ന് വേണം അരുവിക്കര ഉപതെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കാന്‍. അതുകൊണ്ട് തന്നെ അരുവിക്കരയിലെ തെരഞ്ഞെടുപ്പ് തോല്‍വി ഏറെ ചിന്തിപ്പിക്കുക പിണറായി വിജയനാണ് അണിയറയിലിരുന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നത് എന്ന് പറഞ്ഞ കോടിയേരിയേക്കാള്‍ പിണറായിയെ തന്നെയാകണം. തയ്പിച്ച് തേച്ച് വച്ച മുഖ്യമന്ത്രി കുപ്പായം എടുത്തണിയാനുള്ള പിണറായിയുടെ പാര്‍ലമെന്ററി ദാഹത്തിന് മുന്നിലാണ് അരുവിക്കര തെരഞ്ഞെടുപ്പ് ഫലം കുടം കമഴ്ത്തുന്നത്.

അഞ്ച് വര്‍ഷം യുഡിഎഫ്, പിന്നെ അഞ്ച് വര്‍ഷം എല്‍ഡിഎഫ് കേരളത്തിന്റെ പതിവ് രീതി ആവര്‍ത്തിയ്ക്കപ്പെടുമെന്നത് ഒരു പക്ഷേ മലര്‍പൊടിക്കാരന്റെ സ്വപ്‌നമാകുമെന്ന് പിണറായി വിജയന് ഇപ്പോള്‍ ബോധ്യപ്പെട്ട് കാണണം. അഴിമതിയെ മൂടിവെക്കാന്‍ ഏതെങ്കിലും മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ യൂഡിഎഫ് അവതരിപ്പിച്ചാല്‍ പറന്ന് പോകുന്നതെയുള്ള മലര്‍പൊടി സ്വപ്‌നങ്ങളെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കുന്നു. ബിജെപി എന്ന ഏടാക്കൂടത്തിന്റെ വളര്‍ച്ചയും അതിനെ എതിര്‍ക്കും തോറും നഷ്ടപ്പെടുന്ന അടിത്തറയുമാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന തിരിച്ചറിവ് ഒരു പക്ഷേ ഈ തെരഞ്ഞെടുപ്പ് സിപിഎമ്മിന് സമ്മാനിച്ചേക്കാം.

എന്തായിരുന്നു അരുവിക്കയില്‍ സംഭവിച്ചത്..ഇത് തന്നെ ഏറിയും കുറഞ്ഞും കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സംഭവിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. അപ്പോള്‍ അരുവിക്കരയെ സമീപിച്ചതിലെ അപകാത പരിഹരിക്കുകയാവും ആദ്യം ചെയ്യേണ്ട കാര്യം. അടുത്തയിടെ ബിജെപിയെ എതിര്‍ക്കുന്നതിനായി പിണറായി രൂപം നല്‍കിയ ഹിന്ദ-സംഘപരിവാര്‍ സംഘടനകള്‍ക്ക് നേരെയുള്ള ആക്രമണം ഗുണമല്ല ദോഷം തന്നെയാണ് ഉണ്ടാക്കിയത് എന്നായേക്കാം വസ്തുതകളില്‍ നിന്ന് പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു പ്രധാന കാര്യം. അങ്ങനെയെങ്കില്‍ മുദു ഹിന്ദുത്വസമീപനം എന്ന പരീക്ഷണമാകും സിപിഎമ്മിന് സ്വീകരിക്കാവുന്ന ഏറ്റവും പ്രായോഗികമായ സമീപനം.

ഘര്‍വാപ്‌സി, കിസ് ഓഫ് ലൗവ്, അവസാനം അരുവിക്കരതീരത്ത് പെന്തകോസ്ത് പ്രാര്‍ത്ഥനയ്‌ക്കെതിരെ സംഘ പരിവാര്‍ നടത്തിയ ആക്രമണം ഈ വിഷയങ്ങളിലെല്ലാം ഹിന്ദുഭൂരിപക്ഷ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടായിരുന്നു പിണറായി വിജയന്‍ സ്വീകരിച്ചത്. ചന്ദനക്കുറിയേ വരെ ഹൈന്ദവവത്ക്കരിക്കുന്നുവെന്നാരോപിച്ച് പിണറായി ദേശാഭിമാനിയില്‍ എഴുതിയ ലേഖനമാണ് ഇത്തരം ആക്രമണങ്ങളില്‍ ചിലത്. ദൈവവിശ്വാസികളായ ഹൈന്ദവ ഭൂരിപക്ഷമുള്ള സിപിഎമ്മിലെ അണികള്‍ക്ക് പിണറായയിടെയും, പാര്‍ട്ടിയുടെയും ഇത്തരം സമീപനങ്ങള്‍ അസ്വാരസ്യമുണ്ടാക്കുന്നുണ്ട്. അതേസമയം മറ്റ് മതങ്ങളുടെ വിശ്വാസകാര്യങ്ങള്‍ വരുമ്പോള്‍ മതേതര സമീപനമെന്ന പേരില്‍ സിപിഎം പുലര്‍ത്തുന്ന മൗനവും പാര്‍ട്ടിയ്ക്ക് ഗുണമല്ല ദോഷമാണുണ്ടാക്കുന്നത്.

ന്യൂനപക്ഷങ്ങള്‍ എന്നും യൂഡിഎഫിനൊപ്പമെന്ന് സിപിഎം ഇടയ്ക്കിടെ പറയാറുണ്ട്. മുസ്ലിംലീഗും, കേരള കോണ്‍ഗ്രസും, കോണ്‍ഗ്രസുമായി ന്യൂനപക്ഷ വോട്ടുകള്‍ എന്തൊക്കെ സംഭവിച്ചാലും യുഡിഎഫിനൊപ്പമാണ്. ഡോക്ടര്‍ തോമസ് ഐസക്കിനെ പോലുള്ള സിപിഎം നേതാക്കള്‍ ഇക്കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ ഈയിടെ തുറന്ന് പറയുന്നുണ്ട്. അപ്പോള്‍ പിന്നെ ഭൂരിപക്ഷ സമുദായം തന്നെയാണ് സിപിഎമ്മിന്റെയും ഇടത് മുന്നണിയുടേയും ശക്തി എന്ന് പറയേണ്ടി വരും. അതു കൊണ്ട് തന്നെ ഭൂരിപക്ഷ സമൂദായങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നത് ഗുണം ചെയ്യില്ല എന്നാണ് ഇത്തരം നേതാക്കള്‍ പറയാതെ പറയുന്നത്. അരുവിക്കര ഫലം ഈ വാദത്തിന് ശക്തി പകരുന്നതുമാണ്. അതു കൊണ്ട് തന്നെ മൃദു ഹിന്ദുത്വ സമീപനം തന്നെയാവും അധികാരത്തിലെത്താനുള്ള എളുപ്പമാര്‍ഗ്ഗം എന്ന് സിപിഎം തിരിച്ചറിയേണ്ടി വരും. എസ്എന്‍ഡിപി പോലുള്ള സമുദായ സംഘടനകളെ പിണക്കുന്നത് ഈഴവ സമുദായത്തിന് ശക്തമായ മേല്‍കൈ ഉള്ള സിപിഎം പോലുള്ള ജനാധിപത്യ പ്രസ്ഥാനത്തിന് ഗുണകരമാവില്ല. ഇത്തരം തിരിച്ചറിവുകളിലേക്ക് സിപിഎം എത്തിച്ചേരാനും, മൃദു ഹിന്ദുത്വ സമീപനത്തിലേക്ക് നീങ്ങാനും സാധ്യത ഏറെയാണ്.

ഇതല്ലെങ്കില്‍ സിപിഎം ജയസാധ്യത ഉറപ്പിക്കാന്‍ ചെയ്യുന്ന നീക്കം മുസ്ലിം ലീഗുമായി സഖ്യം ഉണ്ടാക്കുക എന്നതാണ്, വിഎസിനെ പോലുള്ള നേതാക്കളെ മൗനികളാക്കിയാല്‍ ഈ വഴിയ്ക്ക് ചിന്തിക്കാനും സിപിഎം മടിക്കില്ല. ഇതോടെ പക്ഷേ സിപിഎമ്മിന്റെ മതേതരത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച ‘പുരോഗമനവാദികള്‍’ പാര്‍ട്ടി വിടും.

യഥാര്‍ത്ഥത്തില്‍ പിണറായിയെ മുഖ്യമന്ത്രി കസേരയില്‍ നിന്നകറ്റുന്നത് അവരുടെ ന്യുനപക്ഷ ഭൂരിപക്ഷ സമീപനമാണ്. മൃദുഹിന്ദുത്വ സമീപനമായാലും, മുസ്ലിംലീഗ് പോലുള്ള കക്ഷികളെ കൂടെ കൂട്ടുന്ന കാര്യമായാലും അതെല്ലാം സ്വന്തം അണികളെ അത് ബോധ്യപ്പെടുത്താനും വലിയ തോതില്‍ നടക്കുന്ന മീഡിയ ക്യാമ്പയിനിംഗിനെ നേരിടാനും സിപിഎമ്മിന് എങ്ങനെ കഴുമെന്ന ചോദ്യം ബാക്കിയാകും. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതായിരിക്കും കേരളത്തില്‍ സിപിഎമ്മിന്റെ ഭാവി നിശ്ചയിക്കുന്നതും.

അഭിപ്രായങ്ങള്‍

You might also like More from author