‘രോഹിത് വെമൂലയുടെ സംഘടന വട്ടപ്പൂജ്യം, വെമൂല എതിര്‍ത്ത എസ്എഫ്‌ഐ സഖ്യത്തിന് വന്‍വിജയം’ ഹൈദരാബാദ് സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠങ്ങള്‍

ധ്യേയാ ചിപ്പു (നിലപാട്)

ഹൈദരാബാദ്: ജെഎന്‍യുവിന് ശേഷം രാജ്യം ശ്രദ്ധിച്ചിരുന്ന ഒരു കേന്ദ്രസര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം കൂടി പുറത്ത് വന്നു. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം. ജെഎന്‍യുവില്‍ സമര നേതാവ് കനയ്യ കുമാറിന്റെ വിദ്യാര്‍ത്ഥി സംഘടന തെരഞ്ഞെടുപ്പില്‍ മത്സരിക്കുക രോലും ചെയ്യാതെ വിട്ടു നിന്നിരുന്നു. ഈ സാഹചര്യത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ എന്ത് നടക്കുന്നു അഥവാ രാജ്യമമ്പാടും ചര്‍ച്ച ചെയ്യപ്പെട്ട രോഹിത് വെമൂല പ്രതിനിധാനം ചെയ്യുന്ന ദളിത് വിദ്യാര്‍ത്ഥി യൂണിയന് നേട്ടമുണ്ടാക്കാനാകുമോ എന്ന ചോദ്യം പലരിലും ഉയര്‍ന്നിരുന്നു. ആ ഒറു ആകാംഷ കൂടിയാണ് അവിടുത്തെ തെരഞ്ഞെടുപ്പ് ഫലത്തെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്.

sfi

എന്നാല്‍ റിസല്‍റ്റ് വന്നപ്പോള്‍ അതില്‍ ദളിത് സംഘടനകള്‍ക്ക് പ്രത്യേകിച്ചും വെമൂല അംഗമായിരുന്ന എഎസ്എ എന്ന പ്രസ്ഥാനത്തിന് ആശ്വസിക്കാന്‍ ഒന്നുമുണ്ടായില്ല എന്നതാണ് വാസ്തവം. ഫലം വന്നപ്പോള്‍ രോഹിത് വെമൂല പ്രതിനിധീകരിച്ചിരുന്ന വിദ്യാര്‍ത്ഥി സംഘടന വട്ടപൂജ്യമായി. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തതാകട്ടെ വെമൂലയുടെ ആത്മഹത്യ വിഷയമാക്കി രാജ്യവ്യാപകമായി പ്രചരണം നടത്തിയ രോഹിത് വെമൂല രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മൂലം കയ്യൊഴിഞ്ഞ എസ്എഫ്‌ഐ ഉള്‍പ്പടെയുള്ള സംഘടനകളും.
രോഹിത് വെമൂലയുടെ ആത്മഹത്യ ദളിത് വിദ്യാര്‍ത്ഥി മുന്നേറ്റത്തിന് വഴിവെക്കും എന്ന് പ്രതീക്ഷിച്ചിരുന്ന അബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്(എഎസ്എ) മുന്നേറ്റം ഉണ്ടാക്കാനായില്ല. എബിവിപിയെ തറപറ്റിക്കാന്‍ മറ്റ് ഇടത് പക്ഷ തീവ്ര സംഘടനകളും മറ്റും എസ്എഫ്‌ഐയ്‌ക്കൊപ്പം യുണൈറ്റഡ് ഫ്രണ്ട് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന പേരില്‍ മുന്നണി ഉണ്ടാക്കിയാണ് മത്സരിച്ചത്. ഈ സഖ്യം തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടി.

എസ്എഫ്‌ഐയ്ക്ക് പുറമെ ടിഎസ്എഫ്(ട്രൈബല്‍ സ്റ്റുഡന്റ്‌സ് ഫോറം), ദളിത് സ്റ്റുഡന്റ്‌സ് യൂണിയന്‍(ഡിഎസ്യു), തെലങ്കാന വിദ്യാര്‍ഥിവേദിക(ടിവിവി), ബഹുജന്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍(ബിഎസ്എഫ്) എന്നീ സംഘടനകളാണ് യുണൈറ്റഡ് ഫ്രണ്ടായി മത്സരിച്ചത്.

സാമ്പത്തികശാസ്ത്രത്തില്‍ ഗവേഷണവിദ്യാര്‍ഥിയായ കുല്‍ദീപ് സിങ് നാഗി(എസ്എഫ്‌ഐ)യാണ് പ്രസിഡന്റ്. രാഷ്ട്രതന്ത്രത്തില്‍ ഗവേഷണവിദ്യാര്‍ഥിയായ സുമന്‍ ദമേര(ഡിഎസ്യു) ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ബുക്യ സുന്ദര്‍(ടിഎസ്എഫ്), ജോയിന്റ് സെക്രട്ടറിയായി വിജയ്കുമാര്‍ (എസ്എഫ്‌ഐ), സ്‌പോര്‍ട്‌സ് സെക്രട്ടറിയായി ഉഷ്‌നിഷ് ദാസ്(എസ്എഫ്‌ഐ), കള്‍ച്ചറല്‍ സെക്രട്ടറിയായി നഖ്രായി ദബേര്‍മ(ബിഎസ്എഫ്) എന്നിവര്‍ വിജയിച്ചു. ജന്‍ഡര്‍ ജസ്റ്റീസ് കമ്മിറ്റിയിലേക്ക് എം തുഷാര(ടിവിവി)യെ തെരഞ്ഞെടുത്തു.

rohith-vemula-protest
രോഹിത് വെമൂലയുടെ ആത്മഹത്യ ദളിത് സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്കെതിരായ മുന്നറിയിപ്പാവണം എന്ന ദളിത് സംഘടനകളുടെ നിലപാട് എസ്എഫ്‌ഐ പോലുള്ള പ്രസ്ഥാനങ്ങള്‍ നേരത്തെ തന്നെ അട്ടിമറിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സമരത്തിന്റെ മുന്‍നിരയിലേക്ക് എസ്എഫ്‌ഐ നേതാക്കളെ ഉയര്‍ത്തിക്കാട്ടി മാധ്യമങ്ങളും എസ്എഫ്‌ഐയുടെ രാഷ്ട്രീയ തന്ത്രനീക്കങ്ങള്‍ക്ക് പിന്തുണ നല്‍കി.മലയാളം മാധ്യമങ്ങളാണ് ഇക്കാര്യത്തില്‍ മുന്നില്‍ നിന്നിരുന്നത്. രോഹിതിന്റെ ആത്മഹത്യയും തുടര്‍ന്ന നടന്ന സംഭവ വികാസങ്ങളും ദേശീയ മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടാണ് മലയാള ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ മലയാളി ദളിത് വിദ്യാര്‍ത്ഥികള്‍ വിമര്‍ശിച്ചിരുന്നു. എ.എസ്.ഐ യിലെ അംഗങ്ങള്‍ക്ക് പകരം ആദ്യഘട്ടത്തില്‍ അവര്‍ തുടര്‍ച്ചയായി സമീപിച്ചത് ഒരു എസ്. എഫ്. ഐക്കാരിയെയിരുന്നു. നിരാഹാര സമരം നടത്തിയ മലയാളി ദളിത് മുഖങ്ങളെയും അവര്‍ അവഗണിച്ചു. ജാതി വിവേചനം ചര്‍ച്ച ചെയ്യുന്ന വേദികള്‍ തന്നെ ജാതി വിവേചനത്തിന്റെ വേദികള്‍ ആയി മാറിയെന്ന ആരോപണമാണ് ദളിത് സംഘടനകള്‍ ഉയര്‍ത്തിയിരുന്നത്. ഇത് ശരിവെക്കുകയാണ് ഹൈദരാബാദ് സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലവും.

abedസിപിഎം അനുഭാവിയായിരുന്ന രോഹിത് വെമൂല ആ പാര്‍ട്ടിയുടെ സവര്‍ണ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടയാളാണ്. എസ്എഫ്‌ഐയില്‍ നിന്നും രാജിവച്ച് അംബേദകര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനില്‍ പ്രവര്‍ത്തിക്കാനുള്ള തീരുമാനം ഇതിന്റെ തുടര്‍ച്ചയായിരുന്നു. സീതാറാം യെച്ചൂരി പോലുള്ള സിപിഎം സവര്‍ണ നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് വെമൂല സോഷ്യല്‍ മീഡിയകളിലും പാര്‍ട്ടി വേദികളിലും ഉയര്‍ത്തിയിരുന്നത്. എന്നിട്ടും രോഹിത് വെമൂലയുടെ ആത്മഹത്യ രാഷ്ട്രീയ വിഷയമാക്കി മാറ്റി ഏറ്റെടുക്കുന്നതില്‍ എസ്എഫ്‌ഐ വിജയിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്. ദളിത് മുന്നേറ്റങ്ങളെ തടയാന്‍ ഇടത്പക്ഷ രാഷ്ട്രീയ മുഖങ്ങളെ സവര്‍ണത ഫലപ്രദമായ ഉപയോഗിക്കുന്നു എന്ന തരത്തിലാണ് ഇത്തരം ഫലങ്ങളെ വിലയിരുത്തേണ്ടത്. ഫാസിസ്റ്റ് വിരുദ്ധര്‍ തങ്ങളാണെന്ന പ്രചരണം വഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങളം അതിജീവിക്കാന്‍ ദളിത് പ്രസ്ഥാനങ്ങള്‍ ഇനിയും കരുത്ത് ആര്‍ജ്ജിച്ചിട്ടില്ല എന്ന് വ്യക്തമാണെന്നും ദളിത് നേതാക്കള്‍ വിലയിരുത്തുന്നു.

‘ നിലപാട് ‘- എന്ന കോളത്തില്‍ വായനക്കാരുടെ നിലപാടുകള്‍ വ്യക്തമാക്കുന്ന ലേഖനങ്ങളാണ് ഉള്‍പ്പെടുത്തുന്നത്. ബ്രേവ് ഇന്ത്യ ന്യൂസിന്റെ എഡിറ്റോറിയല്‍ നിലപാടുകളുമായി ഇതിന് ബന്ധമില്ല. നിങ്ങള്‍ക്കും നിലപാടില്‍ നിങ്ങളുടെ ലേഖനം ഉള്‍പ്പെടുത്താം. യൂണികോഡില്‍ ടൈപ്പ് ചെയ്ത ലേഖനം braveindianews@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക

അഭിപ്രായങ്ങള്‍

You might also like More from author