പ്രമേഹത്തെ ചെറുക്കാന്‍ കാട്ടുജീരകം

wild-cumin-seed

ആരണ്യജീരകം, സോമരാജ എന്ന് സംസ്‌കൃതത്തിലും, നെയ്ച്ചിട്ടി, അടവിചീരകം, എന്ന് തമിഴിലും അറിയപ്പെടുന്ന ഔഷധമാണ് കാട്ടു ജീരകം. ഇത് അനേക ആയൂര്‍വ്വേദ ഔഷധങ്ങളില്‍ ചേരുവയും, ഒറ്റമൂലികാ പ്രയോഗങ്ങളിലൂടെ വ്യാധി നാശം വരുത്തുന്ന ശ്രേഷ്ഠ ഔഷധ സസ്യവുമാണ്. ദക്ഷിണേന്ത്യയില്‍ വഴിയോരങ്ങളിലും, തരിശുഭൂമിയിലും ധാരാളമായി കണ്ടുവന്നിരുന്ന ചെറുകുറ്റിച്ചെടിയായി വളരുന്ന കള സസ്യത്തെ, നട്ടുവളര്‍ത്തുന്ന രീതിയില്‍ അല്ലാതെ കാണുന്നത് ഇന്ന് അപൂര്‍വ്വ കാഴ്ചയായി മാറിയിരിക്കുന്നു.

കാട്ടുജീരകം പൊടിച്ച് തേന്‍ ചേര്‍ത്ത് സേവിക്കുന്നത് പ്രമേഹരോഗികളുടെ ക്ഷീണമകറ്റുവാനും, കഠിനമായ ചുമ മാറുവാനും പ്രമേഹ രോഗ ശമനത്തിനും വിശേഷം. തേന്‍ ശുദ്ധമായത് ആകണമെന്ന് മാത്രം. കാട്ടു ജീരകവും, കൊരണ്ടി വേരും, കഷായമാക്കി വേങ്ങാക്കാതല്‍ നാഴി പോലെ കൊത്തിയുണ്ടാക്കിയതില്‍ ചൂടോടെ നിറച്ച്, ഒരു രാതി വെച്ചിരുന്ന് കാലത്ത് വെറും വയറ്റില്‍ തേന്‍ മേമ്പൊടി ചേര്‍ത്ത് സേവിക്കുന്നത് പ്രമേഹത്തെ ക്രമപ്പെടുത്തുകയും, പ്രമേഹ കുരുക്കള്‍, മരവിപ്പ്, മൂത്രാശയ, നാഡീ രോഗങ്ങളില്‍ നിന്നും പ്രമേഹരോഗികള്‍ക്ക് ആശ്വാസമേകുന്നതുമാണ്.

കാട്ടുജീരകവും, തഴുതാമവേരും, നീര്‍മരുതിന്‍ തോലും, വയല്‍ച്ചുള്ളിവേരും, തേറ്റാം പരലും കഷായമാക്കിയതില്‍ ശര്‍ക്കരയും, ഇന്തുപ്പും, മേമ്പൊടി ചേര്‍ത്ത് സേവിക്കുന്നതു കൊണ്ട് സര്‍വ്വാംഗനീരുകള്‍ക്ക് ശമനമുണ്ടാകും. കാട്ടുജീരകവും, അയമോദകവും, കായവും, സമത്തൂക്കത്തില്‍ പൊടിച്ചത് ഇന്തുപ്പും, മഞ്ഞളും ചേര്‍ത്ത് മോരില്‍ കാച്ചി കുടിക്കുന്നത് ഉദരവ്യാധികള്‍ ശമിക്കുവാനും, വായു ക്ഷോഭം അകറ്റുവാനും നന്ന്.

കാട്ടുജീരകവും, സുന്നാമുക്കിയും, തൃകോല്‍പ്പ കൊന്നയും, വീഴാലരിയും, തുമ്പ വേരും സമത്തുക്കത്തില്‍ പൊടിച്ച്, ശര്‍ക്കര ചേര്‍ത്തിടിച്ച് സേവിക്കുന്നത് കൃമി രോഗങ്ങളെ അകറ്റുവാനും, സുഖശോധനയ്ക്കും വിശേഷമെങ്കിലും, വൈദ്യ നിര്‍ദ്ദേശ പ്രകാരം അളവ് ക്രമപ്പെടുത്തേണ്ടതാണ്. നെല്ലിക്കാത്തോടും, കരിങ്ങാലിക്കാതലും, മുത്തങ്ങയും, കഷായമാക്കിയതില്‍ കാട്ടുജീരകം പൊടിച്ചത് ചേര്‍ത്ത് കഴിക്കുന്നത് ത്വക് രോഗങ്ങളെ അകറ്റുവാനും ഉത്തമമാണ്.

അഭിപ്രായങ്ങള്‍

You might also like More from author