വിദേശ നിക്ഷേപത്തില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്ക് പിറകിലായ ചൈന സമ്പദ്‌വ്യവസ്ഥ കൂടുതല്‍ ഉദാരമാക്കുന്നു

ബീജിങ്: നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്ക് പിറകിലായ ചൈന സമ്പദ്‌വ്യവസ്ഥ കൂടുതല്‍ ഉദാരമാക്കുന്നു. ഇതിന്റെ ഭാഗമായി വിദേശ നിക്ഷപേം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. റെയില്‍വേ, പൊതുഗതാഗതം തുടങ്ങിയ മേഖലകളില്‍ വിദേശ നിക്ഷേപം അനുവദിക്കാനാണ് ചൈനീസ് സര്‍ക്കാരിന്റെ തീരുമാനം. നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ കുറവ് മാത്രമല്ല ഇത്തരമൊരു നടപടി എടുക്കുന്നതിലേക്ക് ചൈനീസ് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഡൊണാള്‍ഡ് ട്രംപ് അധികാരത്തലെത്തിയതോടെ ചൈനയുടെ അടഞ്ഞ സമ്പദ്‌വ്യവസ്ഥക്കെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ചൈനയുടെ നടപടി മൂലം അമേരിക്കന്‍ ജോലികള്‍ വന്‍തോതില്‍ നഷ്ടപ്പെടുന്നതായി ട്രംപ് നേരത്തെ തന്നെ ആരോപണം ഉയര്‍ത്തിയിരുന്നു.

ചൈനീസ് സമ്പദ്‌വ്യവസ്ഥയിലെ വിവിധ നടപടിമൂലം ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വന്‍തോതില്‍ വിദേശ നിക്ഷേപമെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ നെഗറ്റീവ് വളര്‍ച്ചയാണ് ചൈനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ട്രംപ് ഭരണകൂടം കൂടുതല്‍ മേഖലകളില്‍ വിദേശ നിക്ഷേപം അനുവദിക്കാന്‍ ചൈനീസ് സര്‍ക്കാരിന് മേല്‍ സമര്‍ദ്ദം ചെലുത്തിയതായും സൂചനകളുണ്ട്. വിദേശനിക്ഷേപകര്‍ക്ക് കൂടുതല്‍ മേഖലകളില്‍ നിക്ഷേപം നടത്താന്‍ തീരുമാനം സഹായകമാകും. രാജ്യത്തെ വ്യവസായവല്‍ക്കരണത്തിലേക്ക് നയിക്കുന്നതിന് തീരുമാനം ഗുണകരമാവുമെന്നും ചൈനയിലെ നാഷണല്‍ ഡെവലെപ്പ്‌മെന്റ് കമ്മീഷന്‍ പറഞ്ഞു. ഇത് ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്ക് കാരണമാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ലോകവ്യാപാര സംഘടനയുള്‍പ്പടെയുള്ള പല സംഘടനകളും സമ്പദ്‌വ്യവസ്ഥ ഉദാരമാക്കാന്‍ ചൈനക്കുമേല്‍ സമര്‍ദ്ദം ചെലുത്തിയെന്നാണ് സൂചന. ലോകത്തിലെ പല പ്രമുഖ വ്യവസായ സംഘടനകളും നടത്തിയ പഠനത്തില്‍ ചൈനയുടെ സമ്പദ് വ്യവസ്ഥ നിക്ഷേപത്തിന് അനുകൂലമല്ലെന്നും കണ്ടെത്തിയിരുന്നു.

അഭിപ്രായങ്ങള്‍

You might also like More from author