‘കൊലക്കേസിലെ പ്രതി മന്ത്രിയെന്നത് പുതുവത്സരത്തിലെ വലിയ തമാശ’ ബ്ലോഗില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് അപ്പുകുട്ടന്‍ വള്ളിക്കുന്ന്

ധാര്‍മ്മികതയുടെ കാര്യമിരിക്കട്ടെ. കൊലക്കേസില്‍ രണ്ടാംപ്രതിയായ ഒരാള്‍ മന്ത്രിയാകുകയും അധികാരത്തില്‍ തുടരുകയും ചെയ്താല്‍ തെളിവുകളുടെയും കേസിന്റെയും സ്ഥിതി എന്തായിരിക്കും? രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തില്ലെന്ന് ആണയിടുന്ന സി.പി.എമ്മിന്റെ നേതാവാണ് കൊലക്കേസിലെ ഈ രണ്ടാംപ്രതിയും മന്ത്രിയും എന്നുവരുമ്പോള്‍ പുതുവര്‍ഷത്തിലെ ഏറ്റവുംവലിയ തമാശയാകില്ലേ അത്!

 

 

തന്റെ ബ്ലോഗില്‍ കൊലക്കേസ് പ്രതി മന്ത്രിയാകുമ്പോള്‍ എന്ന തലക്കെട്ടില്‍ അപ്പുകുട്ടന്‍ വള്ളിക്കുന്ന എഴുതിയ ലേഖനത്തിലാണ് സര്‍ക്കാരിനും, സിപിഎമ്മിനും എതിരെ രൂക്ഷമായ വിമര്‍ശനം ഉള്ളത്. രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തില്ലെന്ന് ആണയിടുന്ന സി.പി.എമ്മിന്റെ നേതാവാണ് കൊലക്കേസിലെ ഈ രണ്ടാംപ്രതിയും മന്ത്രിയും എന്നുവരുമ്പോള്‍ പുതുവര്‍ഷത്തിലെ ഏറ്റവുംവലിയ തമാശയാകില്ലേ അത്!-എന്നിങ്ങനെയാണ് അപ്പുകുട്ടന്‍ വള്ളിക്കുന്ന എഴുതുന്നത്.
എം.എം മണിയുടെ നാക്കുപിഴച്ചതുകൊണ്ട് കേസില്‍ പ്രതിയായതല്ലെന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന എഴുതുന്നു.

‘ ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കുകയും ഇതുപോലെ രാഷ്ട്രീയ എതിരാളികളെ വെടിവെച്ചും കുത്തിയും അടിച്ചും കൊലപ്പെടുത്തുന്നത് പാര്‍ട്ടിനയമാണെന്ന് സമര്‍ത്ഥിക്കുകയായിരുന്നു എം.എം മണി. ഇടുക്കി ജില്ലയില്‍ അങ്ങനെചെയ്ത 13 കൊലപാതകങ്ങളാണ് നാടകീയമായി എണ്ണിപ്പറഞ്ഞത്. അതിന്റെ വീഡിയോചിത്രംകണ്ടു ലോകം ഞെട്ടി.’-
നേരത്തെ അവസാനിപ്പിച്ച കേസില്‍ വീണ്ടും എഫ്.ഐ.ആര്‍ രേഖപ്പെടുത്തി കേസന്വേഷണം ആരംഭിച്ചതിനെ എം.എം മണിയാണ് ഹൈക്കോടതിയില്‍ ചോദ്യംചെയ്തത്. അത് തള്ളി പ്രതിചേര്‍ത്തത് ശരിവെച്ചത് ഹൈക്കോടതിയാണ്. പിന്നീടാണ് തൊടുപുഴ സെഷന്‍സ് കോടതിയില്‍ മണിയെയും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍, മുന്‍ ജില്ലാകമ്മറ്റിയംഗം എ.കെ ദാമോദരന്‍ എന്നിവരെ പ്രതിചേര്‍ത്ത് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയത്. തൊടുപുഴ സെഷന്‍സ് കോടതിയില്‍ ജനുവരി 24-ന് വിചാരണ ആരംഭിക്കും. അതിനിടയ്ക്കാണ് തന്നെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന വിടുതല്‍ ഹര്‍ജി മന്ത്രി മണി നല്‍കിയത്. കോടതി അത് നിരാകരിച്ചു.
തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിക്കുമേല്‍ കോടതികളുണ്ട് എന്ന് വാദിക്കുമ്പോള്‍ മണിയും കോടിയേരിയുമടക്കമുള്ള സി.പി.എം നേതാക്കള്‍ അവരുടെ മറ്റൊരു നിലപാട് മറന്നുപോകുന്നു. ഇതേ പദവിയില്‍ ഹൈക്കോടതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.ഐ കോടതി വിചാരണപോലും നടത്താതെ ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത്. ആ വിധിക്കെതിരെ അപ്പീല്‍ ഹൈക്കോടതിയില്‍ വരുന്നതും ഈ ജനുവരിയിലാണ്. പിണറായി കേസിലെ വിധി സത്യം നിര്‍ണ്ണയിച്ചെങ്കില്‍ ആ മാന്യത തൊടുപുഴ കോടതിയുടെ വിധിക്കും സി.പി.എം നല്‍കേണ്ടതില്ലേ.
കേസുകളുടെ കാര്യത്തില്‍ ഭരണത്തിലിരിക്കുന്ന യു.ഡി.എഫും എല്‍.ഡി.എഫും അതത് സമയത്തെടുക്കുന്ന നിലപാടുകളെ രാഷ്ട്രീയ കണ്ണാടിയിലൂടെ കാണാതെ പ്രതികളെ വിശുദ്ധരായി പ്രഖ്യാപിക്കാതിരിക്കുന്നതാണ് അവരുടെ വിശ്വാസ്യതയ്ക്ക് നല്ലത്. നിയമം അതിന്റെ വഴിക്കുപോകുമെന്നു പറയുമ്പോള്‍ ധാര്‍മ്മികതയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച് ആരോപണത്തിന് വിധേയരായവരേയും പ്രതികളായവരേയും മന്ത്രിമാരാക്കാതെ നോക്കുക. മന്ത്രിമാര്‍ക്കെതിരാണ് ആരോപണവും കുറ്റപത്രവുമെങ്കില്‍ അവരെ ആ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി അന്തിമ കോടതിവിധിവരെ കാക്കാന്‍ നിര്‍ദ്ദേശിക്കുക.
മറിച്ചു ചെയ്യുമ്പോള്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം കേന്ദ്രകമ്മറ്റി എടുത്ത നിലപാടുപോലെ അത് ആത്മഹത്യാപരമായിത്തീരും. രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നത് പാര്‍ട്ടിനയമല്ലെന്നും കേസില്‍ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതായിരുന്നു സി.പി.എം നേതൃത്വം. ഒടുവില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധിയില്‍ കോടതി പറഞ്ഞതിങ്ങനെ: ‘ഉയര്‍ന്നവരുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവായിരുന്നു ടി.പി ചന്ദ്രശേഖരന്‍. വാടകക്കൊലയാളികള്‍ക്ക് ചന്ദ്രശേഖരനോട് യാതൊരു ശത്രുതയുമുണ്ടായിരുന്നില്ല. രാഷ്ട്രീയവൈരം നിലനിര്‍ത്തിയിരുന്ന ആളുകളുടെ കൈയിലെ കരുക്കളായി അവര്‍ കൊലനടത്തുകയായിരുന്നു. ഏറ്റവും നിന്ദ്യവും നെറികെട്ടതും പൈശാചികവുമായ ഈ കൊലപാതകം കോടതിയുടെ മനസ്സാക്ഷിയെ മാത്രമല്ല സമൂഹത്തിന്റെ മൊത്തം മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്.’
ടി.പി വധക്കേസില്‍ യഥാര്‍ത്ഥത്തില്‍ സി.പി.എമ്മിനെ പ്രതിനിധീകരിച്ചാണ് ശിക്ഷിക്കപ്പെട്ട പ്രതികള്‍ രാഷ്ട്രീയ രക്തസാക്ഷികളെന്ന മട്ടില്‍ മൂന്നുവര്‍ഷമായി ജയിലില്‍ കഴിയുന്നത്. വിട്ടയച്ചവരെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായും സംസ്ഥാനകമ്മറ്റിയംഗമായും മറ്റും ഉയര്‍ത്തി. ജയിലില്‍ കിടക്കുന്നവരെ കേന്ദ്രകമ്മറ്റിയുടെ വാക്കുലംഘിച്ച് ഇപ്പോഴും പാര്‍ട്ടിയുടെ വിശിഷ്ടാംഗങ്ങളായി നിലനിര്‍ത്തുന്നു. വിധിവന്ന് നാലുവര്‍ഷമാകുമ്പോഴും ടി.പി വധക്കേസിലെ അപ്പീല്‍ നീണ്ടുനീണ്ടുപോകുന്നു.
ഈ പൈശാചികതയെ ന്യായീകരിക്കുന്നതിനുവേണ്ടി വെളിപ്പെടുത്തിയ തെളിവുകളുടെ കുരുക്കിലാണ് എം.എം മണി കൊലക്കേസില്‍ പ്രതിയായി മാറിയത്. ഇതുപോലെ കൊലക്കേസില്‍ പ്രതികളാണ് കണ്ണൂരിലെ കാരായി ചന്ദ്രശേഖരനും കാരായി രാജനും. കേസില്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് ഹൈക്കോടതി അവരെ കണ്ണൂര്‍ ജില്ലയ്ക്കു പുറത്ത് താമസിപ്പിക്കാന്‍ ഉത്തരവിട്ടത്. എന്നിട്ടും നഗരസഭാ തെരഞ്ഞെടുപ്പില്‍ കാരായി ചന്ദ്രശേഖരനെ പാര്‍ട്ടി തലശ്ശേരിയില്‍ ത്സരിപ്പിച്ചു. നഗരസഭാ അധ്യക്ഷനുമാക്കി. എന്നാല്‍ നിയമക്കുരുക്കിന്റെ പശ്ചാത്തലത്തില്‍ സ്ഥാനം രാജിവെക്കേണ്ടിവന്നു.
ധാര്‍മ്മികതയുടെ കാര്യമിരിക്കട്ടെ. കൊലക്കേസില്‍ രണ്ടാംപ്രതിയായ ഒരാള്‍ മന്ത്രിയാകുകയും അധികാരത്തില്‍ തുടരുകയും ചെയ്താല്‍ തെളിവുകളുടെയും കേസിന്റെയും സ്ഥിതി എന്തായിരിക്കുമെന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന ചോദിക്കുന്നു.
ബ്ലോഗിന്റെ പൂര്‍ണ രൂപം-

അഭിപ്രായങ്ങള്‍

You might also like More from author