ലോകസഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ . പാക്കിസ്ഥാനുമായിട്ടുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കുമെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉന്നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനത്തോട് അറോറ അതൃപ്തി രേഖപ്പെടുത്തി . വോട്ടിംഗ് മെഷീനുകള്‍ ഫുട്ബോള്‍ പോലെയായി മാറിയെന്നും . ഫലത്തിന് അനുസരിച്ച് വോട്ടിംഗ് മെഷീനെ സംബന്ധിച്ച ആരോപണങ്ങള്‍ ഉയരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി . ഇതിനുള്ള ഉദാഹരണമായി 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പും അതിന് തൊട്ടുപിന്നാലെ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
മെയ്മാസത്തോടെ 16മത് ലോകസഭയുടെ കാലാവധി അവസാനിക്കും . ഇതിന് മുന്‍പായി തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് നേരത്തെയുണ്ടായിരുന്ന വിലയിരുത്തല്‍ .
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ രാജ്യത്തിന് അകത്തെ സ്വത്തുക്കള്‍ക്ക് പുറമേ വിദേശത്തുള്ള വസ്തുവകകളുടെയും വിവരങ്ങളും പുറത്ത് വിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു . പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി .
Discussion about this post