കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിന്റെ വിധി പറയാനായി 22ലേക്ക് മാറ്റിവെച്ചത്. കെവിന്റേത് ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ നടന്ന വാദമാണ് വിധി മാറ്റാന്‍ കാരണമായത്.
കെവിന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടയാളാണെന്ന് കേസിലെ മുഖ്യ സാക്ഷി ലിജോയോട് ഷാനു പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. അതേസമയം, കെവിന്റേത് ദുരഭിമാനക്കൊലയല്ലെന്നും ഒരുമാസത്തിനകം വിവാഹം നടത്തിക്കൊടുക്കാമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോ പറഞ്ഞിരുന്നതായും ഇരുവിഭാഗവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കേസ് ആവില്ലെന്നാണ് പ്രതിഭാഗം പറഞ്ഞത്. ഇതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് വിധി പറയാൻ മാറ്റിയത്.
ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മൂന്നു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറയാനൊരുങ്ങിയിരിക്കുന്നത്.
കോട്ടയം നട്ടാശ്ശേരി പ്ലാത്തറ ജോസഫിന്റെ മകന്‍ കെവിന്‍ ജോസഫ്(24) 2018 മേയ് 28നാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ തെന്മല സ്വദേശിനി നീനുവിനെ രജിസ്റ്റര്‍ വിവാഹം കഴിച്ചു. ഇതിലുള്ള വിരോധത്താല്‍, നീനുവിന്റെ അച്ഛനും സഹോദരനും സംഘവും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയുമടക്കം 14 പ്രതികളാണുള്ളത്. ഇതില്‍ ഒന്‍പതു പേര്‍ ജയിലിലാണ്. ബാക്കി അഞ്ചുപേര്‍ ജാമ്യത്തിലുമാണ്. ഏപ്രില്‍ 26ന് വിചാരണ തുടങ്ങിയ കേസ് 90 ദിവസം വിചാരണ നടന്നു. 113 സാക്ഷികളുണ്ട്.
Discussion about this post