കൊച്ചി: എറണാകുളത്ത് പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിപിഐഎമ്മിന്റെ കണ്ണൂര്‍ ലോബിക്ക് പങ്കെന്ന് ആരോപണം. കേസില്‍ അറസ്റ്റിലായ പ്രമുഖ പ്രതി വിപി വിജീഷ് സിപിഐഎം ഗൂണ്ടയാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി സജിലേഷിന്റെ സഹോദരനാണ് നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായ വിജേഷ്. കേസില്‍ പിടിയിലായ പ്രദീപനും കണ്ണൂര്‍ സ്വദേശിയാണ്. സിപിഎം കണ്ണൂര്‍ ലോബിയുമായി അടുത്ത് ബന്ധപ്പെടുന്നവരാണ് അറസ്റ്റിലായത് എന്നത് സിപിഎമ്മിന് സംഭവത്തിലുള്ള പങ്കാണ് തെളിയിക്കുന്നതെന്നാണ് ആരോപണം.
ക്വട്ടേഷന്‍ സംഘങ്ങളാണ് അരങ്ങില്‍ ഉണ്ടായിരുന്നതെങ്കില്‍ സംവിധാനവും തിരക്കഥയുമായി അണിയറയില്‍ ഉള്ളത് കണ്ണൂര്‍ ലോബിയും ഭരണകക്ഷിയിലെ പ്രമുഖന്മാരുമാണെന്ന ആരോപണം ബിജെപി നേതാക്കളാണ് ഉയര്‍ത്തുന്നത്. സംഭവത്തിലെ പ്രധാന പ്രതികളിലൊരാളായ വി പി വിജീഷ് തലശ്ശേരി കതിരൂര്‍ പഞ്ചായത്തിലെ ചുണ്ടങ്ങാപൊയില്‍ സ്വദേശിയാണ്. ഇദ്ദേഹം പി ജയരാജന്റെ അയല്‍വാസിയാണെന്നും അതിനാല്‍ സിപിഎമ്മുകാരനാണെന്ന് പറയേണ്ടതില്ലല്ലോയെന്നും ബിജെപി നേതാവ് എം.ടി രമേശ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ഇയാള്‍ പാര്‍ട്ടിയുടെ അംഗീകൃത ഗുണ്ടാലിസ്റ്റിലുള്ളയാളാണെന്നും രമേശ് ആരോപിക്കുന്നു. ഇയാളുടെ സഹോദരന് സജിലേഷ് കതിരൂര്‍ മനോജ് വധക്കേസിലെ ഗൂഡാലോചനാ കേസില്‍ പ്രതികൂടിയാണെന്നും, ഇയാളും പാര്‍ട്ടിക്ക് വളരെ വേണ്ടപ്പെട്ടവനാണെന്നും രമേശ് ആരോപിക്കുന്നു.
പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിവസം ചെല്ലുന്തോറും ദുരൂഹത കൂടിവരികയാണ്. ചുക്കില്ലാത്ത കഷായമില്ല എന്നതു പോലെയാണ് കേരളത്തിലെ സിപിഎമ്മിന്റെ അവസ്ഥ. നിയമവിരുദ്ധമായ എന്തു കാര്യം കേരളത്തില്‍ ഉണ്ടായാലും അതിന്റെ ഒരു വശത്ത് ഭരണകക്ഷിയില്‍ പെട്ട പ്രമുഖ പാര്‍ട്ടിയുണ്ടെന്ന അവസ്ഥ ഭയാനകമാണ്. കൊച്ചി എപ്പിസോഡിലും കഥ വ്യത്യസ്തമല്ലെന്നും രമേശ് പറയുന്നു. നാട് നീളെ വല വിരിച്ച് കാത്തിരിക്കുന്ന പൊലീസിന്റെ മൂക്കിന് കീഴെ എത്തി അഭിഭാഷകനെ കാണാനും സ്വര്‍ണ്ണം പണയം വെച്ച് പണം ശേഖരിക്കാനും പ്രതികള്‍ക്ക്് കഴിഞ്ഞത് എങ്ങനെയെന്ന് തിരക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതുണ്ടോയെന്നും രമേശ് ചോദിക്കുന്നു. മുഖ്യമന്ത്രിയെ സമാധാനമായി ഭരിക്കാന്‍ സമ്മതിക്കില്ലെന്ന് ശപഥമെടുത്തിരിക്കുന്നത് പ്രതിപക്ഷമല്ലെന്ന് പിണറായി തിരിച്ചറിഞ്ഞാല്‍ കൊള്ളാമെന്നും രമേശ് ഉപദേശിക്കുന്നു. ഗൂണ്ടകളെ ഒതുക്കുമെന്ന പിണറായിയുടെ വാഗ്ദാനം നിറവേറ്റാനുള്ള ആദ്യ പരിശ്രമം തുടങ്ങേണ്ടത് സ്വന്തം ജില്ലയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നുമാണെന്നും പറഞ്ഞുകൊണ്ടാണ് രമേശിന്റെ ഫേസ്്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
[fb_pe url=”https://www.facebook.com/mtramesh.bjp/posts/1887756784836168?pnref=story” bottom=”30″]
ബിജെപി അനുകൂലമാധ്യമങ്ങളിലും സമാനമായ വാര്‍ത്ത ഇന്ന് വന്നിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം മുന്‍പുള്ള സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് ഇയാള്‍ നിലവില്‍ പാലക്കാടാണ് താമസമെന്ന് ജന്മഭൂമി പറയുന്നു. വിജേഷും സഹോദരങ്ങളും സിപിഐഎം ക്രിമിനല്‍ സംഘാംഗങ്ങളാണെന്നും ജന്മഭൂമിയും ജനം ടിവിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന് ഇന്നലെ ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ സംഭവത്തെ കുറിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം മകനെ രക്ഷിക്കാനെന്നും എഎന്‍ രാധാകൃഷ്ണന് കല്‍പ്പറ്റയില്‍ പറഞ്ഞിരുന്നു.
ഭരണകക്ഷിയുടെ പ്രമുഖന്റെ മകനും, പ്രമുഖ സിനിമാതാരവുമാണ് ആക്രമത്തിന് പിന്നിലെന്ന് ദേശീയ മാധ്യമമായ ഡിഎന്‍എയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ എംടി രമേശും മറ്റ് ബിജെപി മാധ്യമങ്ങളും രംഗത്തെത്തിയതോടെ വിഷയം സിപിഎമ്മിനെതിരായ ആയുധമായികഴിഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെയാണ് കേരളത്തെ നടുക്കിയ സംഭവം കൊച്ചി നഗരത്തില്‍ അരങ്ങേറിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന നടിയെ പള്‍സര്‍ സുനി എന്ന ക്വട്ടേഷന്‍ സംഘത്തലവന് പിന്തുടര്ന്ന് തട്ടിക്കൊണ്ട് പോവുകയും കാറില്‍വെച്ച് ആക്രമിക്കുകയുമായിരുന്നു.
Discussion about this post